മെൽഗിബ്‌സൺ, ഹോളിവുഡിലെ പ്രശസ്തനായ നടൻ, സംവിധായകൻ. 1956 ജനുവരി 3-ന് ന്യൂയോർക്കിൽ ജനിച്ചു. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡ്രാമാറ്റിക്ക് ആർട്ടിൽനിന്ന് 1977-ൽ ബിരുദം നേടി. ടെലിവിഷനിൽ പയറ്റിത്തെളിഞ്ഞ ഗിബ്‌സന്റെ ആദ്യചിത്രം ‘മാഡ്‌മാക്‌സ്’ (1979), പിന്നീട് ഹാംലെറ്റ് (1990), ബ്രേവ്‌ഹാർട്‌സ് (1995), വാട്ട്‌വിമൺ വാണ്ട് (2000) തുടങ്ങിയ ചിത്രങ്ങൾ ചെയ്‌തു. 1995-ൽ ബ്രേവ് ഹാർട്ടിന് മികച്ച ചിത്രത്തിനും, സംവിധായകനുമുളള ഓസ്‌ക്കാർ അവാർഡ്. കത്തോലിക്കൻ, ഉത്തമവിശ്വാസി, യു.എസിലെ മാലിബുവിൽ സ്വന്തം പണം ചെലവിട്ട് പളളി നിർമ്മിച്ചിട്ടുണ്ട്. മൂത്തമകൾ ഹന്ന കന്യാസ്‌ത്രീ ആകാൻ ഒരുങ്ങുന്നു. ഗർഭച്ഛിദ്രം, സ്‌ത്രീവാദം, സ്വവർഗ്ഗരതി എന്നിവയെ എതിർക്കുകയും വധശിക്ഷയെ അനുകൂലിക്കുകയും ചെയ്യുന്ന വ്യക്തി. ആൽക്കഹോളിക്ക് അനോനിമസ് എന്ന കൂട്ടായ്‌മയിലൂടെ മദ്യാസക്തി മുക്തനായി ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്ന് അവകാശപ്പെടുന്നു. “എന്റെ ഈ ചിത്രം (ദ പാഷൻ ഓഫ് ക്രൈസ്‌റ്റ്) സെമറ്റിക് വിരുദ്ധമല്ല. പ്രചോദിപ്പിക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യം” ചിത്രം സമർപ്പിച്ചിരിക്കുന്നത് കന്യാസ്‌ത്രീയാകുന്ന മകൾക്കും. മെൽഗിബ്‌സന്റെ ബയോഡാറ്റയും, മേലുദ്ധരിച്ച വാചകവും കൂട്ടിവായിച്ചാൽ കിട്ടുന്നതെന്തോ അതാണ് “ദ പാഷൻ ഓഫ് ക്രൈസ്‌റ്റ്” എന്ന ചിത്രം.
ലോകസിനിമയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുളള വിവാദങ്ങളുടെ കണക്കുപുസ്‌തകത്തിൽ ഇടം പിടിച്ചുകൊണ്ടാണ് മെൽഗിബ്‌സണിന്റെ ഈ ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. യേശുക്രിസ്‌തുവിന്റെ ജീവിതത്തിലെ അവസാനത്തെ 12 മണിക്കൂറുകളുടെയും, കുരിശുമരണത്തിന്റെയും ആവിഷ്‌ക്കാരമാണ് ‘ദ പാഷൻ ഓഫ് ക്രൈസ്‌റ്റ്’. സെന്റ് ആൻ കാതറൈൻ എമ്മെറിച്ച് (1774-1824) എന്ന കന്യാസ്‌ത്രീയുടെ ഡയറിക്കുറിപ്പുകളുടെ സമാഹാരമായ ‘ദ ഡോളറസ് പാഷൻ ഓഫ് ഔർ ലോർഡ് ജീസസ്’, അഗ്രഡായിലെ വിശുദ്ധ മേരി രചിച്ച “ദ മിസ്‌റ്റിക്കൽ സിറ്റി ഓഫ് ഗോഡ്” എന്നീ കൃതികളെ പ്രധാനമായും ആശ്രയിച്ചാണ് പാഷൻ ഓഫ് ക്രൈസ്‌റ്റിന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിൽ സെന്റ് ആൻ കാതറൈൻ എമ്മെറിച്ചിന്റെ പുസ്‌തകം ജൂതരുടെ എതിർപ്പിന് പാത്രമായിട്ടുളള കൃതിയാണ്. ആദ്യമായി തിരക്കഥ എഴുതുന്ന ഗിബ്‌സണും, ബെൻഫിറ്റ്‌സ് ജെറാൾഡും ചേർന്നു രചിച്ച തിരക്കഥ അരാമിക്കിലേക്കും, ലത്തീനിലേക്കും പരിഭാഷപ്പെടുത്തിയത് ബിൽവാൽക്കോ എന്ന ജസ്യുട്ട് പുരോഹിതനായ ഭാഷാശാസ്‌ത്ര പ്രൊഫസറാണ്. 100 മില്യൻ ഡോളർ ചെലവുവരുന്ന ചിത്രം നിർമ്മിച്ചത് ന്യൂടൈം പിക്‌ചേഴ്‌സ് ആണ്. അതിൽ 30 മില്യൻ ഡോളർ (ഏകദേശം 112 കോടി) മുടക്കിയത് ഗിബ്‌സൺ തന്നെയാണ്. ലോകത്തിലെ 848 ഭാഷകളിലേക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിലോടെ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഇറ്റലിയുടെ ഉൾപ്രദേശങ്ങളിൽ ചിത്രീകരണം നടത്തിയ ഈ ചിത്രത്തിൽ യേശുക്രിസ്്തുവിന്റെ വേഷം കൈയാളുന്നത് ജയിംസ്‌കാവിസെൽ ആണ്. കന്യാമേരിയായി മായിയ മോർഗൺസ്‌റ്റിനും, മഗ്‌ദലന മറിയമായി മോണിക്കാബലൂസിയും, റോസലിൻഡ സെലന്റാനോ ചെകുത്താനായും അഭിനയിക്കുന്നു.
അമേരിക്കയിലെ ക്രൈസ്‌തവ യഹൂദ ബന്ധങ്ങളിൽ ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിലാണ് ചിത്രത്തിലെ സീനുകൾ നിർമ്മിച്ചിരിക്കുന്നത്. റോമാക്കാർ മർദ്ദിച്ച് അവശനാക്കിയ യേശുവിന്റെ മരണത്തിനായി യഹൂദ പുരോഹിതൻമാർ മുറവിളി കൂട്ടുന്നത് ആ പാഷൻ ഓഫ് ക്രൈസ്‌റ്റിൽ കാണാം. യേശുവിന്റെ കുരിശുമരണത്തിന് യഹൂദരെ ഒന്നടങ്കം കുറ്റപ്പെടുത്തുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം. ക്രിസ്‌തുവിനുണ്ടായ പീഢാനുഭവങ്ങളുടെ അതിശയോക്തി കലർന്നതും, ക്രൂരവുമായ ചിത്രീകരണവും, ജൂതൻമാരെ രക്തദാഹികളായ സാഡിസ്‌റ്റുകളായി അവതരിപ്പിക്കുന്നതും മറ്റും ലോകത്താകെയുളള ജൂതൻമാർക്കെതിരെ കലാപമായി പരിണമിക്കാൻ പോന്ന തരത്തിലുളളതാണ്. യേശു ഏറ്റുവാങ്ങുന്ന പീഢന പരമ്പരകളുടെ സീനുകൾ ചരിത്രത്തിന്റെ സത്യസന്ധതയില്ലാത്ത പുനരാവിഷ്‌കാരമാണെന്ന് മാത്രമല്ല അസഹ്യവുമാണ്. ക്രിസ്‌തുവിനെ കുരിശുമരണത്തിനു വിധിച്ച റോമൻ ന്യായധിപൻ പോണ്ടിയസ് പിലാത്തോസിനെ ജൂതൻമാരുടെ മഹാപുരോഹിതൻമാർ നിയന്ത്രിക്കുന്നതുപോലുളള ചരിത്രാബദ്ധങ്ങൾ ഏറെയുണ്ട് ചിത്രത്തിൽ. ഇസ്രായേൽ ഈ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയതും, ഗൾഫ് രാജ്യങ്ങളിൽ നിറഞ്ഞ പ്രദർശനത്തിന് ചിത്രം ഓടുന്നതും ഇതിനൊപ്പം ചേർത്ത് വായിക്കപ്പെടേണ്ടതാണ്.
മഗ്‌ദലന മറിയയെ പാപവിമോചിതയാകുന്നതും, പീറ്റർ എന്ന പത്രോസിനോട് വെളുക്കുന്നതിനുമുൻപ് നീ എന്നെ മൂന്നുവട്ടം തളളിപ്പറയും എന്ന് പ്രവചിക്കുന്നതും അവസാനത്തെ അത്താഴം തുടങ്ങിയ സീനുകൾ യേശു ക്രൂശിക്കപ്പെടുന്നതിനിടയ്‌ക്ക് കാണിക്കുന്നത് കൂടാതെ, വിശ്വാസികളെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മെൽഗിബ്‌സൺ മനഃപൂർവ്വം ഉണ്ടാക്കിയെടുക്കുന്ന ചില ഉപരിപ്ലവസീനുകൾ നോക്കുക. യേശു പീഢനം സഹിക്കവയ്യാതെ, ചോരയിൽ കുളിച്ചു വീഴുമ്പോൾ മേരിയുടെ ഓർമ്മയിൽ, യേശു ചെറിയ കുട്ടിയായിരുന്നപ്പോൾ വീഴുന്നതും അവൾ ഓടിവന്ന് വാരിയെടുക്കുന്നതും, ഒരു ആശാരിപണിയുടെ ഇടയിൽ യേശുവിനോട് സംസാരിക്കുന്ന അമ്മയുടെ നേർക്ക് യേശു വെളളം തേവുന്ന രംഗവും, യേശുവിന്റെ വാർന്നുപോയ രക്തം ഒരു പ്രത്യേകമൂഡിൽ, ആംഗിളിൽ അമ്മയും മറിയയും തുടച്ചെടുക്കുന്നതും, യൂദാസ് പശ്ചാത്താപവിവശനായി ആത്മഹത്യചെയ്യുന്നതും, യേശുവിന്റെ ഒപ്പം കുരിശിൽ തറച്ച, യേശുവിനെ ഭർത്സിക്കുന്ന കുറ്റവാളിയുടെ കണ്ണ് കാക്ക കൊത്തിപ്പറിക്കുന്നതും, മറ്റേയാൾക്ക് സ്വർഗ്ഗം വാഗ്‌ദാനം ചെയ്യുന്നതും അവയിൽ ചിലതാണ്. യേശുവിന്റെ കണ്ണിൽ നിന്ന് ഒരു തുളളി പതിക്കുന്നതിന്റെ ഗ്രാഫിക്ക് ചിത്രീകരണം ഹോളിവുഡിന്റെ ക്ലീഷേകൾക്ക് ഉദാഹരണമാണ്.
ചലച്ചിത്രകാരൻമാരുടെ ഭൂതകാലത്തിലേക്കുളള പ്രയാണം, ഭൂതകാലത്തെ മഹത്വവത്‌ക്കരിക്കാനോ, മുൻഗാമികൾ ചെയ്‌തുപോയ ചരിത്രപരമായ തെറ്റുകളെ ഉയർത്തിക്കാട്ടി വർത്തമാനത്തിൽ കലാപങ്ങൾ സൃഷ്‌ടിക്കാനോ വേണ്ടിയാകരുത്. പുതിയ ആവിഷ്‌ക്കാരങ്ങളിൽ കലാകാരന്റെ കൈയൊപ്പു പതിയുന്നത് ഭൂതകാലത്തെ ഇന്നിന്റെ വിഹ്വലതകളുമായി കൂട്ടിവായിക്കപ്പെടുമ്പോഴാണ്. അതിന് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നിരത്താൻ കഴിയും. നിക്കോളാസ് കസൻദ് സാക്കിസിന്റെ ‘ദി ടൈംറ്റേഷൻ ഓഫ് ക്രൈസ്‌റ്റിന്, മാർട്ടിൻ സ്‌ക്കോഴ്‌സസെ നൽകുന്ന അതിതീഷ്‌ണമായ ദൃശ്യഭാഷ, യേശുക്രിസ്‌തുവിന് മനുഷ്യന്റെ വികാരവിചാരങ്ങൾ ചാർത്തിക്കൊടുത്തുകൊണ്ട്, പൊരുതുന്ന ഏതൊരു മനുഷ്യനും ഓർമ്മിക്കപ്പെടുന്ന തരത്തിൽ വേദന, പ്രലോഭനം, മരണം ഇവയെ കീഴടക്കാമെന്ന് കാണിക്കുന്ന, പുതിയ വായനയും, വ്യാഖ്യാനം മറ്റൊരു അനുഭവതലത്തിലേക്ക് വലിച്ചണയ്‌ക്കുന്ന ആഖ്യാനമുളള ആ ചിത്രത്തിനെതിരെ 1988-ൽ യേശുവിനെ കേവല മനുഷ്യനായി ചിത്രീകരിക്കുന്നത് ദൈവനിന്ദയാണെന്ന് പോപ്പിന്റെ ആക്ഷേപമുയർന്നിരുന്നു. പ്രത്യേകിച്ച്, വ്യക്തമായ ഇതിവൃത്തഘടനയോ, ആദിമാന്ത്യപൊരുത്തമോ, കഥാപാത്രവികസനമോ അവകാശപ്പെടാനില്ലാത്ത, ഹോളിവുഡിന്റെ എല്ലാ അതിഭാവുകത്വങ്ങളും സമന്വയിപ്പിച്ച്, മുപ്പതു വെളളികാശിനുവേണ്ടിയുളള മെൽഗിബ്‌സൻ നടത്തുന്ന ചോരയൂറ്റുന്ന ഈ സാഹസം പരിമിതമായ ജാലകക്കാഴ്‌ചകൾ മാത്രമുളള മതബോധത്തെ ഊട്ടിയുറപ്പിക്കാൻ മാത്രമേ ഉപകരിക്കുന്നുളളു. അമേരിക്കയിലെ മിക്ക പളളികളിലും ഒരു വർഷത്തേക്ക് ഈ ചിത്രം ബുക്കു ചെയ്‌തതും, കൊന്തയും കുരിശുമാലയുമായി തിയറ്ററുകളിൽ ആളുകൾ എത്തുന്നതും അതിന്റെ സൂചനകളാണ്. മെൽഗിബ്‌സന്റെ പ്രചോദിപ്പിക്കുക എന്ന വാക്ക് ഇവിടെ അന്വർത്ഥമാകുന്നു.
പിൻകുറിപ്പ്‌ഃ യേശുവിന്റെ രക്തം ലിറ്ററുകണക്കിന് വിറ്റ് കാശാക്കുന്നു, മതവിശ്വാസങ്ങളെ പ്രചോദിപ്പിക്കുന്ന ഈ ചിത്രം കാണാൻ, കേരളത്തിൽ ആന്റണി സർക്കാർ വിശ്വാസികൾക്ക് വിനോദനികുതിയിൽ ഇളവു നൽകിയിരിക്കുന്നു.
Generated from archived content: cinema-july15.html Author: jijesh_kallumutti