‘ഞാൻ സൽപ്പേര് രാമൻകുട്ടി’ യാതൊരുവിധ ധ്വനികളുമില്ലാതെ കടന്നുപോകുന്ന കുറേ ദൃശ്യങ്ങൾ ഒരുക്കിയ പുതിയ ചിത്രമാണ്. രണ്ടരമണിക്കൂർ സിനിമയിൽ ഒരിക്കൽപോലും സ്വാഭാവികതലത്തിലേക്ക് വരാത്ത ഈ ചിത്രത്തിൽ മഷിയിട്ടു നോക്കിയാൽപോലും കാണില്ല ജീവിതം. സിനിമയുടെ ബാലപാഠങ്ങൾപോലും തിരിച്ചറിയാത്തവിധം അമ്പരപ്പിക്കുന്ന കഥാസന്ദർഭങ്ങളുടെ തുടർച്ചയാണ്, അനിൽബാബു എന്ന സംവിധായകജോഡികൾ തങ്ങളുടെ 24-ാമത്തെ ചിത്രം എന്ന് അഭിമാനത്തോടെ പറയുന്ന ഈ പുതിയ ചലച്ചിത്രസൃഷ്‌ടി. രാമൻകുട്ടി തന്റെ സൽപ്പേര് നിലനിർത്താൻ നടത്തുന്ന ശ്രമങ്ങളത്രെ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഗൗരവമേറിയ പ്രമേയവതരണത്തിനും, തമാശയ്‌ക്കുമിടയിൽ ആശയപരമായും, രൂപപരമായും ഈ ചിത്രം ഒന്നുമല്ലാതായി തീരുന്നു. കലവൂർ രവികുമാർ ദൃശ്യരചന നിർവ്വഹിച്ച ഈ ചിത്രം മലയാള സിനിമാവേദിക്ക് സമ്മാനിക്കുമ്പോൾ, മൂഷിക സ്‌ത്രീ പിന്നെയും മൂഷിക സ്‌ത്രീയായി എന്ന ചൊല്ല് അന്വർത്ഥമാകുന്നു.
കാണിയുടെ സ്വഭാവത്തിനു ചേർന്ന നിലയിലാണ് അല്ലെങ്കിൽ അവന്റെ വികാരങ്ങളെ നവീകരിക്കാൻ, ഉദ്ദീപിപ്പിക്കാനും പോന്നവയാണ് എന്ന ആധികാരികതയിൽ നിർമ്മിക്കപ്പെടുന്നവയാണ് ഇന്നത്തെ നമ്മുടെ സിനിമകൾ. അതിന് അവർ കണ്ടെത്തുന്ന, സൃഷ്‌ടിക്കുന്ന കഥാപാത്രങ്ങൾക്ക് വിചിത്ര സ്വഭാവമായിരിക്കും. അന്യഗ്രഹജീവികളുടെ ചേഷ്‌ടകൾ പ്രദർശിപ്പിച്ചുകൊണ്ട് അവർ നമ്മുടെ യുക്തിബോധത്തിനുമുകളിൽ കയറി നിരങ്ങും. അങ്ങനെ നമ്മുടെ ആസ്വാദനബോധത്തിന്റെയും ജീവിതാവബോധത്തിന്റെയും അവസാന കണികകൾവരെ ഊറ്റിയെടുക്കപ്പെടുന്നു. അതുകൊണ്ടാണ് ഒരു മുറിയിൽ ഒരുമിച്ചിരുന്ന് സംസാരിച്ചാൽ തന്റെ സൽപ്പേര് കളങ്കപ്പെടുമെന്നും, ഇത് പീഢനങ്ങളുടെ കാലമാണെന്നും ഒരു പെണ്ണിനോട് രാമൻകുട്ടി എന്ന കഥാപാത്രത്തിനെക്കൊണ്ട് തിരക്കഥാകൃത്ത് പറയിപ്പിക്കുമ്പോൾ നമ്മൾ മലയാളികൾ ചിരിച്ചു തുടുത്തുപോകുന്നത്. സൽപ്പേര് രാമൻകുട്ടി പറഞ്ഞതല്ലേ എന്തെങ്കിലും കാരണമുണ്ടാകും ചാടിക്കോ എന്ന് പറഞ്ഞ് ഏത് ആഴക്കയത്തിലേക്കും എടുത്തുചാടുന്ന കുറേ ശിങ്കിടികളുണ്ട് ചിത്രത്തിൽ. അതുപോലെയാണ് ഇന്നത്തെ പ്രേക്ഷകനും, മുന്നും പിന്നും നോക്കാതെ കലാകാരൻ എന്ന് മേനി നടിക്കുന്ന കുറേ കച്ചവടക്കാരുടെ മോഹവലയത്തിൽപ്പെട്ട് മണിക്കൂറുകൾ വിയർത്ത് നനഞ്ഞ് ശൂന്യമായ മനസ്സുമായി മടങ്ങിവരുന്നവർ.
ഗ്രാമത്തിലെ സ്‌കൂളിലെ ഹെഡ്‌മാസ്‌റ്ററാണ് രാമൻകുട്ടി എന്ന ജനങ്ങൾ സ്‌നേഹം ചേർത്ത് സൽപ്പേര് കൂട്ടി വിളിക്കുന്ന സൽപ്പേര് രാമൻകുട്ടി (ജയറാം). നാട്ടിലെ ഏതുകാര്യത്തിനും രാമൻകുട്ടി ഉണ്ടാകും. രാമൻകുട്ടിക്ക് നാല് അമ്മാവൻമാർ. അവരുടെ പെൺമക്കളിൽ ഒരാളെ രാമൻകുട്ടി കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. രാമൻകുട്ടിയുടെ സൽപ്പേരിൽ എല്ലാ അമ്മാവൻമാർക്കും കണ്ണുണ്ട്. പക്ഷേ നറുക്ക് വീണത് രണ്ടാമത്തെ അമ്മാവന്റെ മകൾക്കാണ്. അതോടെ രാമൻകുട്ടിയുടെ കഷ്‌ടകാലം ആരംഭിക്കുന്നു. മറ്റ് മൂന്ന് അമ്മാവൻമാരും ചേർന്ന് രാമൻകുട്ടിയെ അപകീർത്തിപ്പെടുത്താനുളള ശ്രമങ്ങൾ തുടങ്ങുന്നു. ഒരു വേശ്യയുടെ വീട്ടിൽ അകപ്പെടുന്ന രാമൻകുട്ടിയെ നാട്ടുകാരും അമ്മാവൻമാരും ചേർന്ന് പിടിക്കുന്നു. അതോടെ അയാളുടെ സൽപ്പേര് നഷ്‌ടമാവുന്നു. സൽപ്പേര് എന്ന ഊതിവീർപ്പിച്ച ബലൂണിന്റെ പുറത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കേന്ദ്രകഥാപാത്രമായ സൽപ്പേര് രാമൻകുട്ടി അസ്ഥിത്വമോ വ്യക്തിത്വമോ അവകാശപ്പെടാനില്ലാത്ത ഒരു പമ്പരവിഡ്‌ഢിയാണ്. അയാളുടെ ഓരോ പ്രവൃത്തിയും അങ്ങനെയാണ് അടിവരയിടുന്നത്. രാമൻകുട്ടിയുടെ അമ്മാവൻമാരായി ജനാർദ്ദനൻ, ജഗതി, ലാലു അലക്‌സ്, രാജു എന്നിവർ അഭിനയിക്കുന്നു. കഴിയുന്നതും എല്ലാ സീനിലും വന്നുപോകുക എന്നതല്ലാതെ സ്വന്തമായ മേലവിലാസം ആർക്കുമില്ല. ഇവരെല്ലാം ചേർന്ന് നേർവഴിയിൽ ചിന്തിക്കാത്ത നേര് കാട്ടാത്ത കുറെ സംഭവങ്ങൾ അവതരിപ്പിക്കുകയാണ്. ഇടതുപക്ഷക്കാരനായ അമ്മാവനായി വരുന്ന ലാലു അലക്‌സ് പറയുന്ന ഒരു ഡയലോഗുണ്ട് ചിത്രത്തിൽ “പെണ്ണിന് ജോലിയുളളത് നല്ലതാണ്. ആവശ്യത്തിന് ഉപകരിക്കും. പാർട്ടിക്ക് രക്തസാക്ഷികളെപ്പോലെ” ഇതുപോലുളള സംഭാഷണങ്ങളാണ് കലവൂർ രവികുമാർ കഥാപാത്രങ്ങളുടെ വായിൽ ഫിറ്റു ചെയ്തിരിക്കുന്നത്. എല്ലാ കഥാപാത്രങ്ങളും സംസാരിച്ചു കൊണ്ടേയിരിക്കുന്നു. കഥാപാത്രങ്ങൾക്ക് അനുവദനീയമായ ചില മാന്യതകൾ ഇവിടെ ഇല്ലാതാവുന്നു.
അന്യരുടെ ജീവിതത്തിൽ ഇടപ്പെടുകയും അവരെ വേദനിപ്പിച്ച് അകന്നുനിന്ന് ആഹ്ലാദിക്കുകയും ചെയ്യുന്ന പുതിയ കാലത്തിലെ ചില മനുഷ്യരെ ഈ ചിത്രത്തിൽ കണ്ടെത്താനുളള ശ്രമവും പ്രയോജനപ്പെടുന്നില്ല. സംവിധായകനും തിരക്കഥാകൃത്തും അതൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് കഥാപാത്രങ്ങളുടെ തൊട്ടടുത്ത നിലപാടുകളിൽനിന്ന് വ്യക്തം. സാധാരണക്കാർക്കുവേണ്ടി സാധാരണ സംഭവങ്ങൾ ആവിഷ്‌ക്കരിച്ച സിനിമയിലെ ഗാനചിത്രീകരണത്തിലെ ആർഭാടം ആർക്കുവേണ്ടിയാകുന്നു? ചിത്രീകരണത്തിനിടയിൽ തന്റെ ക്യാമറകൊണ്ട് ഷാജി എന്ന ഛായാഗ്രാഹകൻ നടത്തുന്ന ഇടപ്പെടലുകൾ ഈ ചിത്രത്തിൽ എവിടെയും കണ്ടെത്താൻ കഴിയുന്നില്ല.
Generated from archived content: cinema-april5.html Author: jijesh_kallumutti
Click this button or press Ctrl+G to toggle between Malayalam and English