കാപട്യത്തിന്റെ വിനയൻ സ്പർശം

വിഡ്‌ഢിത്തങ്ങളുടെ വീമ്പിളക്കലുകളാണ്‌ ഓരോ വിനയൻ ചിത്രവും. സാധാരണക്കാരുടെ കഥ പറയുന്ന അസാധാരണചിത്രം എന്ന പരസ്യവാചകവുമായി പുറത്തിറങ്ങുന്ന ഈ സംവിധായകന്റെ മിക്ക ചിത്രങ്ങളും യാഥാർത്ഥ്യവുമായി പുലബന്ധംപോലും പുലർത്തുന്നില്ല എന്നതാണ്‌ സത്യം. പ്രേക്ഷകരെ ഒരു സ്വപ്നാടനത്തിലേക്ക്‌ എടുത്തെറിയുന്ന, കണ്ണീർഗ്രന്ഥികളെ കമ്പനം ചെയ്യിക്കാൻ തിരുകി കയറ്റുന്ന അതിഭാവുകത്വം കലർന്ന സഹതാപരംഗങ്ങൾ നിറഞ്ഞ വിനയന്റെ എല്ലാ ചിത്രങ്ങളും ഒരേ പാറ്റേണിൽ നിർമ്മിക്കപ്പെട്ടവയാണ്‌. അഗ്നിചിറകുളള തുമ്പി എന്ന തന്റെ ആദ്യകാല ‘എ’ സർട്ടിഫിക്കറ്റ്‌ സിനിമയുടെ ഓർമ്മ പുതുക്കാനാണെന്ന്‌ തോന്നുന്നു, വിനയന്റെ എല്ലാ ചിത്രങ്ങളിലും ഉണ്ടാവും ഒരു റേപ്പ്‌ സീൻ. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന പൈങ്കിളി പേരുളള പുതിയ ചിത്രത്തിലും ഉണ്ട്‌ മേൽപ്പറഞ്ഞ ചേരുവകളെല്ലാം തന്നെ. സംവിധായകൻ തന്നെ രചനയും, ഗാനങ്ങളും ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകരെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്‌.

അവാർഡ്‌ നിർണ്ണയത്തിന്റെ പേരിൽ ഏറെ ചർച്ചകളും, ബോധംകെടലും, വിവാദങ്ങളുമൊക്കെ ഉണ്ടായ വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന സ്വന്തം ചിത്രത്തിനെ തന്നെ ചില മിനുക്കുപ്പണികളൊക്കെ നടത്തി പുറത്തെടുത്തതാണ്‌ ഈ പുതിയ ചിത്രം. അന്ധനായ ഏട്ടന്റെയും അനിയത്തിയുടെയും കഥയാണ്‌ ആ സിനിമ പറഞ്ഞതെങ്കിൽ; അരക്കുതാഴെ തളർന്നു പോയ ഒരു പെൺകുട്ടിയുടെയും അവളെ എങ്ങനെയെങ്കിലും കല്യാണം കഴിപ്പിച്ചയക്കണം എന്ന ബാലിശമായ സ്വപ്നം ഉളളിൽ കൊണ്ടു നടക്കുന്ന ഒരു ഏട്ടന്റെയും കഥയാണ്‌ ഇത്തവണ എന്നുമാത്രം. തന്റെ ഈ കഥ പറയാൻ വിനയൻ കണ്ടെത്തുന്ന ഭൂമിക ഇഷ്‌ടികചൂളയും, തൊഴിലാളികളുമൊക്കെയുളള ഒരു ഗ്രാമമാണ്‌. സാധാരണക്കാരന്റെ അസാധാരണക്കഥ പറയാൻ ഗ്രാമം തന്നെ പറ്റിയ സ്ഥലം എന്ന്‌ സംവിധായകൻ ധരിച്ചതിൽ തെറ്റില്ല. പക്ഷേ, ആൽത്തറയിലെ ചീട്ടുകളിയും, ചായക്കടയും, ഇഷ്‌ടികചൂളയും എന്തിന്‌ ഗ്രാമവീഥികൾവരെ മുഴച്ചു നിൽക്കുന്ന ഏച്ചുകൂട്ടലുകളായാണ്‌ അനുഭവപ്പെടുക. (പാട്ടുസീനിൽ അൽപ്പം സമയം തങ്ങിനിൽക്കുന്ന അഴകപ്പന്റെ ക്യാമറ കാണിച്ചുതരുന്ന നാട്ടിൻപുറക്കാഴ്‌ചകൾ വിസ്‌മരിക്കുന്നില്ല.) ഗ്രാമപശ്ചാത്തലത്തിൽ കഥ പറയുമ്പോൾ അതിനോട്‌ നീതി പുലർത്തുന്ന തരത്തിലുളള ചലനങ്ങളെങ്കിലും കാണിക്കാൻ കഴിയില്ലെങ്കിൽ എന്തിന്‌ ഇത്തരം സാഹസത്തിന്‌ മുതിരണം. ഇഷ്‌ടികചൂളയിലെ തൊഴിലാളികളെകൊണ്ട്‌ സിനിമാറ്റിക്ക്‌ ഡാൻസ്‌ കളിപ്പിക്കുന്നത്‌ മാത്രം കണ്ടാൽ മതി സംവിധായകന്റെ ക്രിയേറ്റിവിറ്റിയുടെ ആഴം അളക്കാൻ. ഗ്രാമീണരായ മനുഷ്യരും അവരുടെ വൈചിത്ര്യമാർന്ന നിത്യജീവിത സന്ദർഭങ്ങളും ഉൾക്കാഴ്‌ചയോടെ ആവിഷ്‌ക്കരിച്ച പെരുവഴിയമ്പലം, ഒരിടത്തൊരു ഫയൽവാൻ തുടങ്ങിയ പത്മരാജൻ സിനിമകൾ വിനയൻ ഒരിക്കല്ലെങ്കിലും കാണുന്നത്‌ നല്ലതാണ്‌.

മുത്തു (പൃഥ്വിരാജ്‌) എന്ന കഠിനാദ്ധ്വാനിയായ ചെറുപ്പക്കാരൻ തന്റെ വികലാംഗയായ സഹോദരി മീരയെ (അമ്പിളിദേവി) ചികിത്സിച്ച്‌ സുഖമാക്കാനും വിവാഹം കഴിച്ചയക്കാനും ആഗ്രഹിക്കുന്നു. ഇഷ്‌ടകക്കളത്തിലെ സുഹൃത്ത്‌ ചന്ദ്രനും (ഇന്ദ്രൻസ്‌), ബ്രോക്കർ കണാരനും (മച്ചാൻ വർഗ്ഗീസ്‌), ദിവാകരൻ മുതലാളിയും (കൊച്ചിൻ ഹനീഫ) ഒക്കെ അവന്റെ നന്മ തിരിച്ചറിഞ്ഞ്‌ അവനോടൊപ്പം നിൽക്കുന്നവരാണ്‌. ദിവാകരൻ മുതലാളിയുടെ മകൾ അശ്വതിയുമായുളള (രേണുകാമേനോൻ) പ്രണയത്തിനുപോലും അവൻ രണ്ടാം സ്ഥാനമാണ്‌ നൽകുന്നത്‌. നഗരത്തിൽ നിന്ന്‌ ക്രൗര്യത്തിന്റെ പ്രതിരൂപമായെത്തിയ സിദ്ധൻ തന്റെ സഹോദരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവൻ അതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട്‌ ജയിലിൽ പോകാൻ തയ്യാറാകുന്നു. അവന്റെ അസാന്നിദ്ധ്യത്തിൽ കുടിലചിന്തയ്‌ക്ക്‌ ഉടമയായ അമ്മാവൻ സുശീലൻ (ജഗതി) സഹോദരിയെകൊണ്ട്‌ പാട്ടുപാടിച്ച്‌ ഭിക്ഷാടനം നടത്തിക്കുന്നു. ഒടുവിൽ എല്ലാവരിൽനിന്നും അവഗണനയും, അവജ്ഞയും ഏറ്റുവാങ്ങിയ അവൾ ഏട്ടന്റെ ഇഷ്‌ടിക കളത്തിൽ തന്നെ ഒടുങ്ങുന്നു. ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ഏതാണ്ട്‌ എല്ലാ കഥാപാത്രങ്ങളും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌ മീര എന്ന നായികയുടെ ദുഃഖത്തിന്‌ ആക്കം കൂട്ടുവാൻ വേണ്ടി മാത്രമാണ്‌. മീര പ്രകടിപ്പിക്കുന്ന ദുഃഖം അത്‌ ഒരിറ്റുപോലും ചോർന്നു പോകാതെ പ്രേക്ഷകരിലേയ്‌ക്ക്‌ സംക്രമിക്കണം എന്ന്‌ സംവിധായകന്‌ നിർബന്ധമുണ്ട്‌. ജി.മുരളി കൂട്ടിയോജിപ്പിച്ച ഈ സിനിമയിലെ ഓരോ സീനും ഈ നിർബന്ധബുദ്ധിയിൽനിന്ന്‌ ഉടലെടുത്തതാണ്‌. ഇഷ്‌ടിക ചൂളയിലേക്ക്‌ നിരങ്ങി കയറി മീര ആത്മഹത്യ ചെയ്യുന്ന രംഗം ഒരുക്കാൻ സംവിധായകൻ ബുദ്ധിമുട്ടുന്നതു കാണുമ്പോൾ സഹതപിക്കാതെ തരമില്ല. ഇമ്പമാർന്ന സ്വരത്തിൽ പാട്ടുപാടുന്ന മീരയുടെ, സംവിധായകൻ തന്നെ കൽപ്പിച്ചു കൊടുത്ത ആ ജന്മസിദ്ധമായ കഴിവിനെ, വികലാംഗയായ അവളുടെ പോരായ്‌മയെ മറികടക്കുന്ന തരത്തിൽ കൂട്ടിവായിച്ച്‌ കഥാപാത്രത്തിന്‌ വ്യക്തിത്വം ചാർത്തി കൊടുക്കാനൊന്നും വിനയന്‌ താൽപര്യമില്ല. മറിച്ച്‌ മീരയുടെ ദുഃഖം പൊലിപ്പിച്ച്‌ കാട്ടാനുളള മരുന്നാണ്‌ അവളുടെ പാട്ടുപാടാനുളള കഴിവ്‌. ശ്രൃകൃഷ്‌ണന്റെ മുന്നിൽ കൈകൂപ്പി പാടുന്നതും (മീര എന്ന പേരുളളവളാകുമ്പോൾ ശ്രീകൃഷ്‌ണന്റെ മുന്നിൽ പാടിയേ മതിയാകൂ), അമ്മാവൻ പാട്ടുപാടിച്ച്‌ അവളെ കൊണ്ട്‌ ഭിക്ഷാടനം നടത്തുന്നതും മറ്റും ചിത്രീകരിക്കുമ്പോൾ പ്രേക്ഷകരുടെ അവസാന കണ്ണുനീർ തുളളിയും വീഴണം എന്നാവാം സംവിധായകന്റെ ചിന്ത.

ചിത്രത്തിന്റെ കഥയിലെ സ്വാഭാവികതയ്‌ക്ക്‌ അപ്പുറത്ത്‌ സംവിധായകന്റെ കൈകടത്തലുകൾ നിരവധിയുണ്ട്‌. ദുഷ്‌ടനായ അമ്മാവനെ ചെറിയൊരു വീഴ്‌ചയിലൂടെ ഭ്രാന്തനാക്കുന്നതും, മീര ആത്മഹത്യചെയ്യാൻ ചൂളയ്‌ക്കുളളിൽ കയറിയപ്പോൾ ശ്രീകൃഷ്‌ണപ്രതിമയിൽ കേന്ദ്രീകരിച്ച്‌ തെറിച്ചു നീങ്ങുന്ന ക്യാമറ കണ്ണുകൾ ആകാശത്ത്‌ വെളളിടിവെട്ടി തകർത്തു പെയ്യുന്ന മഴയിലേക്ക്‌ നീങ്ങുന്ന ക്ലൈമാക്‌സ്‌ രംഗം തുടങ്ങിയവ ഉദാഹരണം. ഈ ചിത്രത്തിൽ ഒരേ ഒരു പ്രകടനം മാത്രം മികച്ചു നിൽക്കുന്നു. കുടുംബത്തിന്‌ ബാധ്യതയും, തലവേദനയും ഭാരവുമാകുന്ന സുശീലൻ എന്ന നെഗറ്റീവ്‌ കഥാപാത്രത്തെ ജഗതി തികഞ്ഞ സ്വാഭാവികതയോടെ അവതരിപ്പിക്കുന്നു. അഭിനയത്തിന്റെ പുതിയ പരിസരങ്ങൾ ഒരുക്കാൻ പൃഥ്വിരാജിനോ, അമ്പിളിദേവിക്കോ അവസരങ്ങളില്ല. മാത്രമല്ല അതിവൈകാരികതയിൽ അവരിലെ സ്വാഭാവികത ചോർന്നു പോകുന്നു. വിനയനും, യൂസഫലി കേച്ചേരിയും രചിക്കുകയും മോഹൻ സിത്താര ഈണം നൽകുകയും ചെയ്‌ത ഗാനങ്ങൾ ആവർത്തനവിരസമാണെന്ന്‌ പറയാതെ വയ്യ.

യാഥാർത്ഥ്യത്തിനുനേരെ കണ്ണടച്ച്‌ അതിവൈകാരികതയിൽ ഊന്നിയ നാടകീയ മുഹൂർത്തങ്ങൾ ചിത്രീകരിച്ച്‌ പ്രേക്ഷകരിലെ അവസാന കണ്ണുനീർ തുളളിയും വീഴ്‌ത്തി, സാമ്പത്തിക വിജയം കൊയ്യുന്നതൊന്നും ആവരുത്‌ ഒരു നല്ല സംവിധായകന്റെ, കലാകാരന്റെ ധർമ്മം എന്ന്‌ വിനയൻ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Generated from archived content: aug20_cinema.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English