നോക്കൂ, അതാ ഒരു ബസ്സ്‌

നീണ്ട കാത്തിരിപ്പിന്റെ മൗനത്തിനുശേഷം, വളവിൽ ഒരു ഹോണടി. കിതച്ചുകൊണ്ട്‌ പാഞ്ഞടുക്കുമ്പോൾ റോഡിനുകുറുകെ ഒരു കൈ നീളുന്നു. കുലുക്കത്തോടെ മുന്നിലെത്തി നിൽക്കുന്നു. താളത്തിലുളള അപേക്ഷ കലർന്ന നിർദ്ദേശങ്ങൾ. ഇറങ്ങുകയും കയറുകയും ചെയ്യുന്ന കാലടികൾ. ഒരു ബെൽ ശബ്‌ദം. മുരണ്ടും, ഞരങ്ങിയും മുന്നോട്ടേയ്‌ക്കുളള പ്രയാണം. നോക്കൂ, ഇതൊരു ബസ്സാണ്‌. ദേവഗംഗയെന്നോ, വനമാലയെന്നോ, ആവാം അതിന്റെ പേര്‌. എന്തുതന്നെയായാലും മഴയെന്നോ, വെയിലെന്നോ ഇല്ലാതെ, രാത്രിയെന്നോ, പകലെന്നോ അറിയാതെ നിറയെ യാത്രക്കാരെയും വഹിച്ചുകൊണ്ട്‌ കിതച്ചും, കുലുങ്ങിയും, മുരണ്ടും, ഞരങ്ങിയും അതിങ്ങനെ പാഞ്ഞു പോകുകയാണ്‌. ഓരോ ബസ്സും ഓരോ ഭൂമികയാണ്‌. വിവിധ വേഷങ്ങളിൽ, വിവിധ സ്ഥലങ്ങളിൽ ഇറങ്ങേണ്ട യാത്രക്കാർ ജീവിതഭാരം പേറുന്ന ഓരോ ജന്മങ്ങളാണ്‌. റോഡിലെ ഗട്ടറുകളും, കയറ്റിറക്കങ്ങളും ജീവിതത്തിന്റെ താളക്രമങ്ങളാണ്‌. ഡ്രൈവറും കണ്ടക്‌ടറും, ക്ലീനറും ഭൂതവും, ഭാവിയും വർത്തമാനവും ആകുന്നു. മാറിവരുന്ന സ്‌റ്റോപ്പുകൾ ഋതുഭേദങ്ങളാണ്‌.

രാമേട്ടൻ

സ്‌റ്റോപ്പിന്‌ അരികുചേർത്ത്‌ ബസ്സ്‌ നിർത്തി, ക്ലച്ച്‌ ചവിട്ടി ഫസ്‌റ്റ്‌ ഗിയറിലിട്ട്‌ ഹോണടിച്ച്‌ രാമേട്ടൻ പുറകിലോട്ട്‌ തിരിഞ്ഞുനോക്കി. സമയം പോകുന്നു. പുറകിൽ വരേണ്ട ബസ്സ്‌ ഏതു നിമിഷവും പാഞ്ഞെത്തും. ഇന്നലെ വൈകുന്നേരം സമയത്തിന്റെ പേരിൽ പറഞ്ഞുതെറ്റി അടിയും കച്ചറയും ആയതാണ്‌. പ്രശ്‌നം വഷളായതിനുശേഷമാണ്‌ ഓണർ ദാമുവേട്ടനെ വിളിച്ചത്‌. മൂപ്പര്‌ പറഞ്ഞതെന്താ… നിങ്ങളായിട്ട്‌ ഉണ്ടാക്കിയ പ്രശ്‌നമല്ലേ നിങ്ങളെന്യേ തീർക്കൂന്ന്‌. അന്നേരം മനസ്സിൽ കുറിച്ചിട്ടതാണ്‌. ഇനി സമയത്തിന്റെ പേരിൽ ഒരു പ്രശ്‌നത്തിനും നില്‌ക്കില്ല. ഈ ശിവനെന്താ ബെല്ലടിക്കാൻ ഇത്ര താമസം. അവൻ പുറകിൽ ഇരുന്ന്‌ ഉറങ്ങുകയാണോ. ചിലനേരം ഇങ്ങനെയാണ്‌, ഒരെത്തും പിടിയും കിട്ടില്ല അവന്റെ സ്വഭാവം. മുന്നിൽ നിറയെ ആളുകളാണ്‌. ജോണി അതിന്റെ നടുക്ക്‌ എവിടെയോ ഉണ്ട്‌. അവന്റെ ശബ്‌ദം കേൾക്കുന്നുമില്ല. അല്ലാത്തപ്പോൾ വേണ്ടിട്ടും, വേണ്ടാണ്ടും അലറിച്ച കേൾക്കാം. ഒരിക്കൽക്കൂടി, ഹോണടിച്ചു. പഴയ വണ്ടിമാറ്റി പുതിയ ‘ലയലന്റ്‌’ ഇട്ടതിനുശേഷം വല്ലാത്ത ചൊറ തന്ന്യാണന്ന്‌ രാമേട്ടൻ ഓർത്തു. അധികനേരം ക്ലച്ച്‌ ചവിട്ടി പിടിക്കാൻ കഴിയില്ല. കാലിന്റെ മസില്‌ കേറും. ഓർത്തിരിക്കെ ബെല്ലു വന്നു. പതുക്കെ മുന്നോട്ടെടുത്തുകൊണ്ട്‌ ഗിയർ മാറ്റി വണ്ടിക്ക്‌ വേഗതക്കൂട്ടി. ഇന്നൊരു വല്ലാത്ത ദിവസമാണ്‌. വണ്ടി ഓടി എത്തുന്നില്ല. വരുന്നവഴിക്ക്‌ ഒരു പൂച്ച വണ്ടിക്കടിയിൽപ്പെട്ട്‌ ചത്തു. ഉച്ചയ്‌ക്കാണെങ്കിൽ ചോറു കിട്ടിയില്ല. ഇനി അടുത്ത സ്ഥലമെത്തുമ്പോഴെക്കും മനുഷ്യന്റെ പണി കഴിയും. കുറച്ചു നാളായി മനസ്സിനൊരു സ്വസ്ഥതയില്ല. വീടുപണി എവിടെയും എത്താതെ നിൽക്കുന്നു. മഴ തുടങ്ങുന്നതിനുമുമ്പ്‌ ചെറിയ മട്ടിൽ വാർക്കണമെന്നുണ്ട്‌. അമ്മയുടെ വലിയ ആഗ്രഹമാണ്‌ അടച്ചൊറപ്പുളള ഒരു വീട്‌. മക്കളെല്ലാം വലുതായി വരികയാണ്‌. ഇനിയെങ്കിലും സ്വന്തം കാര്യം നോക്കണം. കഴിഞ്ഞ ആഴ്‌ച പൈസയ്‌ക്ക്‌ ആവശ്യം വന്നപ്പോൾ ദാമുവേട്ടനെ കാണാൻ ചെന്നു. ബസ്സ്‌ സർവ്വീസ്‌ മുന്നോട്ടു കൊണ്ടു പോവേണ്ട കഷ്‌ടപ്പാടിനെക്കുറിച്ചുളള പ്രസംഗമായിരുന്നു മറുപടി. മൂന്നു ബസ്സുളളത്‌ മൂന്നും നല്ല വരുമാനമാണെന്ന്‌ ആർക്കാണറിയാത്തത്‌.. ഒൻപത്‌ കൊല്ലമായി അയാൾക്കുവേണ്ടി കഷ്‌ടപ്പെടുന്നു. എന്നിട്ട്‌ തനിക്കൊരാവശ്യം വന്നപ്പോൾ… എല്ലാ മുതലാളിമാരും ഇങ്ങനെയാണെന്ന്‌ രാമേട്ടൻ ഓർത്തു. മറ്റ്‌ വണ്ടിക്കാരന്റെ സമയമെടുത്തും, അടിപിടികൂടിയും ഉണ്ടാക്കികൊടുത്തിട്ട്‌ എന്തുഫലം. വണ്ടിപ്പണിക്കാരന്‌ കറിവേപ്പിലയുടെ വില. യൂണിയൻക്കാരുടെ ബാങ്കിൽ ലോണിന്‌ അപേക്ഷിച്ചിട്ടുണ്ട്‌. അതൊന്ന്‌ പെട്ടെന്ന്‌ കിട്ടിയാൽ മതിയാർന്നു. അങ്ങനൊന്ന്‌ ഉളളതുതന്നെ വലിയ സമാധാനം. പുറകിൽ ഒരു ഹോണടിയും തുരുതുരാന്നുളള ശിവന്റെ ബെല്ലടിയും കേട്ടു. അയാൾ സൈഡ്‌ ഗ്ലാസ്സിൽ നോക്കി. ചിന്തിക്കാനുളള സമയം കിട്ടുംമുൻപ്‌ പുറകിലുളള ബസ്സ്‌ കടന്നുപോയി. പൊടുന്നനെ അയാളിൽ ഒരു മാൽസര്യമുണർന്നു. അതേ സമയംതന്നെ ഒരു വിചിന്തനത്തിൽപ്പെട്ട്‌ അതിൽനിന്ന്‌ പിൻതിരിയുകയും ചെയ്‌തു. മുന്നിൽ കയറിയ ബസ്സ്‌ വളവിൽ അപ്രത്യക്ഷമായി. പുറകിൽ ശിവന്റെ ബെല്ലടി വീണ്ടും കേട്ടു. അത്‌ അവഗണിച്ചുകൊണ്ട്‌ സ്‌റ്റോപ്പിൽ നിന്ന്‌ കൈ നീട്ടിയ ഒരു വിദ്യാർത്ഥിയുടെ മുന്നിലേക്ക്‌ വണ്ടി കൊണ്ടുപോയി നിർത്തി.

ജോണി

ചീട്ടുകളി, നഞ്ചുകലക്കൽ, നായാട്ട്‌ ഇവയ്‌ക്ക്‌ പോകുമ്പോൾ യാതൊന്നും പ്രതീക്ഷിക്കരുത്‌ എന്നു പറയുന്നത്‌ തീർത്തും ശരിയാണെന്ന്‌ ടിക്കറ്റു കൊടുക്കലിന്റെ തിരക്കുകൾക്കിടയിലും ജോണി നിരൂപിച്ചു. ഇന്നലെ വലിയ പൈസയുടെ കളിയാണ്‌ നടന്നത്‌. രാമേട്ടന്റെ പരിഭവം പറച്ചിൽ കേട്ടുകൊണ്ടാണ്‌ പോയത്‌. കിട്ടിയാൽ രാമേട്ടന്‌ കടമായി കുറച്ച്‌ പൈസകൊടുക്കണം, പിന്നെ നാട്ടിൽ അല്ലറചില്ലറ കടങ്ങൾ… അങ്ങനെ ഒത്തിരി കണക്കുകൂട്ടലുകൾ. എന്നിട്ട്‌ സംഭവിച്ചതോ… പത്തുദിവസം പണിയെടുത്ത ബത്തയും, ദാമുവേട്ടൻ ഓണേർസ്സിൽ കൊടുക്കാൻ ഏൽപ്പിച്ച രണ്ടായിരം ഉറുപ്യയും പോയി. ഇനി കുറച്ചു നാളത്തേക്ക്‌ ആ ഭാഗത്തില്ല. പക്ഷേ, പോകും എന്നിട്ട്‌ നഷ്‌ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കും. ഒരിക്കൽ ഒരു വലിയ ചീട്ടുകളിസഭ ജോണി അടിച്ചുവാരി പൂട്ടും. അയാൾ മനസ്സിൽ നിഗൂഢമായി ചിരിച്ചു. ടിക്കറ്റു കൊടുക്കലുകൾക്കിടയിലെ ഇത്തരം ചിന്തകൾ തന്റെ പണിയെ ഒരിക്കലും ബാധിക്കാറില്ലെന്ന്‌ ജോണി ഓർത്തു. നിത്യ പരിചയംകൊണ്ട്‌ പണി യാന്ത്രികമായി നടക്കും. ചിലപ്പോൾ ഒരു പാട്ടാവും തോന്നുക.. അതിങ്ങനെ മനസ്സിൽ പാടികൊണ്ടായിരിക്കും ടിക്കറ്റ്‌ കൊടുക്കുക. ചിലപ്പോൾ രാമേട്ടൻ ചോദിക്കും, ജോണി നിന്റെ ശബ്‌ദം കേൾക്കുന്നില്ലല്ലോന്ന്‌. അപ്പോൾ മാത്രം രാമേട്ടൻ കേൾക്കാൻ വേണ്ടി, ആളെറങ്ങിക്കോ, പെട്ടെന്ന്‌ നോക്ക്‌‘ എന്നോ മറ്റോ വിളിച്ചു പറഞ്ഞെന്നിരിക്കും. രാമേട്ടനാണ്‌ ഡ്രൈവറെങ്കിൽ തനിക്കൊന്നും നോക്കേണ്ട എല്ലാം അങ്ങേരായി കൊളളും. ഇന്ന്‌ സ്‌റ്റോപ്പിൽ ഇത്ര സമയത്ത്‌ എല്ലാം മനഃപാഠമാണ്‌ രാമേട്ടന്‌. ശിവനും, രാമേട്ടനും, താനും ഒരുമിച്ചു കയറി കഴിഞ്ഞാൽ ഞങ്ങളെ അറിയുന്നവർ പറയും. ഇനി മുന്നിലും പിറകിലുമുളള ബസ്സുകൾക്ക്‌ സമാധാനം കൊടുക്കില്ലല്ലോന്ന്‌…. ചില ദിവസമുണ്ട്‌ ഈ പണ്ടാരപ്പണി നമുക്ക്‌ ശരിയാവില്ലാന്ന്‌ തോന്നുന്ന ദിവസം. ഇന്നലെ അങ്ങനൊരു ദിവസമായിരുന്നു. രാവിലെ തന്നെ ഒരു ചെക്കനുമായി ഉടക്കി. പാസു ചോദിച്ചപ്പോൾ ചെക്കൻ പറയ്യ. നിങ്ങൾക്ക്‌ ലൈസൻസ്സ്‌ ഉണ്ടെന്ന്‌ എഴുതി തന്നാൽ പാസ്‌ കാണിക്കാന്ന്‌. ഈ ജാതി സാധനങ്ങളോട്‌ എന്താ പറയ്യാ… ഉച്ചയ്‌ക്ക്‌ രണ്ടു ടയർ ഒരുമിച്ച്‌ പഞ്ചർ. മാറ്റിപിടിച്ച്‌ സ്‌റ്റാൻഡിൽ എത്തുമ്പോഴെക്കും പുറകിൽ വരുന്ന ബസ്സ്‌ ആളെ കയറ്റി വച്ചിരിക്കുന്നു. അവരുമായി അടിവരെ നടന്നു. അവസാനം പ്രശ്‌നം ഒത്തുതീർക്കാൻ യൂണിയൻ ഇടപ്പെടേണ്ടിവന്നു. മിനിമം ചാർജ്ജിന്‌ 100 രൂപ എടുത്തുതന്ന ഒരാളെ, മനസ്സിൽ ഒരു പച്ചത്തെറി വിളിച്ച്‌, ചിരിച്ചുകൊണ്ട്‌ ജോണി ബാക്കി പൈസക്കായി ബാഗിൽ കൈയ്യിട്ടു.

ശിവൻ

നീട്ടിയൊരു കോട്ടുവാ ഇട്ടുകൊണ്ട്‌ ശിവൻ ബെല്ലുകൊടുത്തു. രാമേട്ടന്‌ ഇന്ന്‌ എന്തോ പറ്റിയിട്ടുണ്ട്‌. ആവശ്യമില്ലാതെ ഹോണടിച്ച്‌ ധൃതി കൂട്ടുന്നുണ്ട്‌. പുറത്ത്‌ നല്ല വെയിലുണ്ട്‌. ചൂടുകാറ്റും. കണ്ണുകൾ കൂമ്പിപോകുന്നു. നന്നായി ഉറക്കംവരുന്നുണ്ട്‌. ഇന്നലെ രാത്രി ശരിക്കുറങ്ങാൻ കഴിഞ്ഞില്ലെന്ന്‌ ശിവനോർമ്മിച്ചു. പാതിരാവരെ റൂമിൽ ചീട്ടുകളിയായിരുന്നു. ആ ബഹളത്തിനിടയ്‌ക്ക്‌ ഉറക്കം എവിടെ ശരിയാകാനാണ്‌. ജോണി പുറത്തുപോയി കളിച്ച്‌ തോറ്റു വന്നതിനുശേഷമാണ്‌ റൂമിൽ മറ്റ്‌ രണ്ട്‌ വണ്ടിക്കാരുമായി കളി തുടങ്ങിയത്‌. അത്‌ അങ്ങനൊരു ജന്മം. ചീട്ടുകളിക്കണമെന്നോ, വെളളമടിക്കണമെന്നോ ഇന്നുവരെ തോന്നിയിട്ടില്ല. വെളളത്തിന്റെ കാര്യം പറയുമ്പോൾ അച്‌ഛനെയാണ്‌ ഓർമ്മവരിക. അമ്മയുടെ കരച്ചിൽകേട്ട്‌, പേടിച്ച്‌വിറച്ച്‌ സുമിത്രയേയും അടക്കിപ്പിടിച്ച്‌, ചിമ്മിനികെട്ടുപോയ മൂലയിൽ എത്ര ഇരുന്നിട്ടുണ്ട്‌. ഒരിക്കൽ… ഒരിക്കൽമാത്രം അച്‌ഛനോട്‌ ഉറക്കെ സംസാരിച്ചിട്ടുണ്ട്‌. എന്റെ അമ്മയെ തൊട്ടുപോയാൽ എന്നോ മറ്റോ പറഞ്ഞ്‌ കലി ബാധിച്ചപോലെ തുളളിയ ആ ദിവസം. ശിവൻ മുഖം വെട്ടിച്ചുകൊണ്ട്‌ ആ ഓർമ്മയിൽ നിവർന്നു. ഡിഗ്രി അവസാനവർഷം പഠിക്കുമ്പോഴാണ്‌ അച്‌ഛൻ മരിക്കുന്നത്‌. രാവിലത്തെ പത്രവിതരണവും കഴിഞ്ഞ്‌ വരുമ്പോൾ, തെരുവിൽ ചോര ചർദ്ദിച്ച്‌ മരിച്ചുകിടക്കുന്ന അച്‌ഛനെ, ആളുകളെ വകഞ്ഞു മാറ്റി നോക്കിയപ്പോൾ മനസ്സിൽ വേദനയേക്കാൾ തോന്നിയത്‌ ആശ്വാസമാണ്‌. ഇനി ദുഃസ്വപ്‌നങ്ങളില്ലാതെ, അമ്മയുടെ നിലവിളികൾ കാതിൽ തറയ്‌ക്കാതെ ഉറങ്ങാം. അടുത്ത സ്‌റ്റോപ്പിൽ ആളുകൾ കയറാനുണ്ടാവും, ശിവൻ ബെല്ലിൽ കൈവച്ച്‌, ശരീരം ഡോറിലേക്ക്‌ ചായ്‌ച്ചുകൊണ്ട്‌ പുറത്തേക്ക്‌ നോക്കി. ജോണിയുടെ ശബ്‌ദം ഉച്ചത്തിൽ കേൾക്കാം. ആൾ ഉഷാറായിട്ടുണ്ട്‌. രാമേട്ടന്റെ പിരിമുറുക്കം ചങ്ങാതി ഉൾക്കൊണ്ടിട്ടുണ്ടെന്ന്‌ തോന്നുന്നു. ഇന്നലെ ഫിനിക്‌സ്‌ ബസ്സുമായി ഫൈറ്റു കൂടുമ്പോൾ രാമേട്ടന്റെ മുഖം ഒന്നു കാണേണ്ടതുതന്നെയാണ്‌. ജോണിയും മോശമില്ല.. മറ്റ്‌ വണ്ടിക്കാർ തങ്ങളുടെ സമയമോ, ആളുകളെയോ എടുക്കുമ്പോൾ രണ്ടുപേരുടെയും മുഖത്തുകാണാം സങ്കടവും, ദേഷ്യവുമെല്ലാം. രാമേട്ടൻ ഇടയ്‌ക്ക്‌ പറയും, പണിയെടുക്കുമ്പോൾ അത്‌ എന്തുതന്നെയായാലും ആത്‌മാർത്ഥതയോടെ വേണം എടുക്കാനെന്ന്‌. ദാമുവേട്ടൻ വണ്ടിയിൽ കയറാൻ പറയുമ്പോൾ തനിക്ക്‌ ഒന്നുമറിയില്ലായിരുന്നു. രാമേട്ടനും ജോണിയുമാണ്‌ ഇത്രയും ക്ലിയറാക്കിയത്‌. ശിവൻ നന്ദിയോടെ ഓർത്തു. ഇന്നലെ തന്നെ രണ്ട്‌ ടയറാണ്‌ പഞ്ചറായത്‌. ഞാനൊറ്റയ്‌ക്കാണെങ്കിൽ എത്ര സമയം പിടിക്കും. ഞാൻ ജാക്കിവെയ്‌ക്കുമ്പോൾ, രാമേട്ടൻ ബോൾട്ട്‌ ല്യൂസാക്കിയിട്ടുണ്ടാവും, ജോണി സ്‌റ്റപ്പിനി ഇറയ്‌ക്കുകയും. ഇന്നലെ വെറും തോർത്ത്‌ മുണ്ടുമുടുത്ത്‌ കാറ്റ്‌ നിറച്ച ടയറുമായി വരുമ്പോ എതിരെവന്ന പെൺക്കുട്ടി അത്ഭുതത്തോടെ നോക്കുന്നതു കണ്ടു. ശിവാന്ന്‌ വിളിച്ചപ്പോഴാണ്‌ ആളെ തിരിഞ്ഞത്‌. കൂടെ പഠിച്ച മിനി. അവളോട്‌ മന്തനെപ്പോലെ ചിരിച്ചു. ഇനി കാണുമ്പോൾ എല്ലാം പറയാം എന്നുപറഞ്ഞ്‌ പിരിഞ്ഞു. അടുത്ത സ്‌റ്റോപ്പ്‌ എത്താറായിരിക്കുന്നു. ബസ്സിനെ ഒരു ലോറി ഓവർടേക്ക്‌ ചെയ്‌തപ്പോൾ ശിവൻ സൈഡുനോക്കി ബെല്ലടിച്ചു കൊടുത്തു.

വീണ്ടും അതേ ബസ്സ്‌ സ്‌റ്റോപ്പ്‌. കാത്തിരിപ്പിന്റെ വിരസത. അതിനെ പിളർന്നുകൊണ്ട്‌ വളവിൽ ഒരു ഹോണടി. ഒരു ദേവഗംഗയോ, വനമാലയോ. ഇരമ്പികൊണ്ട്‌ പാഞ്ഞടുക്കുമ്പോൾ, റോഡിനുകുറുകെ ഒരു കൈനീളുന്നു. ധൃതിയിൽ കയറുകയും, ഇറങ്ങുകയും ചെയ്യുന്ന കാലടികൾ. ക്ലീനറുടെ ഉച്ചത്തിലുളള വായ്‌ത്താരി. ഞരങ്ങികൊണ്ട്‌ വീണ്ടും മുന്നോട്ട്‌.

Generated from archived content: atha_bus.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here