ആമിനുമ്മാടെ ഒസ്യത്ത്

അബൂബക്കര്‍ മൊയിലിയാരാണ് റഷീദിന്റെ റേഷന്‍ കടയില്‍ ചെന്ന് കാര്യം പറഞ്ഞത്.

‘’ എടാ റഷീദേ, അന്റെ ഉമ്മാന്റെ ഒസ്യത്ത് കിട്ടീരിക്കണ്.’‘

‘’ഒസ്യത്തോ?’‘

‘’അതേടാ ഹിമ്മാറെ , ഇജ്ജാന്ന് വീട്ടിലേക്ക് ചെല്ല്. അവിടെയാകെ പൊല്ലാപ്പാന്നാ കേട്ടത്. ഒസ്യത്ത് ഗോകുല്‍ദാസ് വക്കീലില്‍നെ അന്റെയുമ്മ മയ്യത്താകുന്നന്നെനെ മുന്നെ ഏല്‍പ്പിച്ചതാത്രെ.’‘

കേട്ടപാതി കേള്‍ക്കാത്തപാതി റഷീദ് റേഷന്‍ കടയും പൂട്ടി പുത്തന്‍ വീട്ടിലേക്കു പാഞ്ഞു.

ഒന്നര സെന്റ് സ്ഥലത്തില്‍ ‘വിശാല’ മായി പരന്നു കിടക്കുന്ന ഓലമേഞ്ഞ വീടാണ് പുത്തന്‍ വീട്. രണ്ടുപേര്‍ക്ക് കഷ്ടിയൊതുങ്ങി കഴിഞ്ഞു കൂടാവുന്ന പുരയിടത്തിന്റെ മിക്കവാറും ഭാഗവും ഓലമേഞ്ഞതാണ്. ഏതു നിമിഷവും പൊളിഞ്ഞു വീഴുമെന്ന് വീട്ടുകാരെ ഭയപ്പെടുത്തുന്ന മണ്‍ചുവരുകള്‍ . അതിലെ വിള്ളലുകള്‍ രക്തബന്ധങ്ങളുടെ അനൈക്യം വിളിച്ചോതിയിരുന്നോ?

റഷീദ് അങ്ങോട്ട് കയറി വരുമ്പോള്‍ ഗോകുല്‍ദാസ് വക്കീല്‍ ഉമ്മറത്തിരുപ്പുണ്ട്. രണ്ടടി വീതിയില്‍ മണ്ണിനോട് ലയിച്ചു കഴിയുന്ന അത്തരമൊരു ഭാഗത്തെ ഉമ്മറമെന്ന് വിളിക്കുന്നതില്‍ മലയാളഭാഷയെന്നോട് ക്ഷമിക്കട്ടെ.

വീടിനോട് ചേര്‍ന്നുള്ള ആട്ടിന്‍ കൂട്ടില്‍ നിന്നും ആട്ടിന്‍ കാട്ടത്തിന്റെ ഗന്ധം അന്തരീക്ഷത്തെ തഴുകുന്നു. ചാറ്റല്‍മഴയില്‍ കുളിച്ച് ഈറനണിഞ്ഞ് നില്‍ക്കുന്ന പ്രകൃതിയ്ക്ക് ആര്‍ത്തവാരംഭത്തിലെ കൗമാരക്കാരിയുടെ ലാസ്വഭാവം.

‘’റഷീദും കൂടിയെത്തിയത് നന്നായി ആമിനാത്തയുടെ ഒസ്യത്ത് വായിക്കുമ്പോള്‍ മകനും കൂടിയുള്ളത് കൊണ്ട് പിന്നീട് തര്‍ക്കത്തിന് വകുപ്പുവേണ്ടല്ലോ;‘’ ഗോകുല്‍ദാസ് വക്കീലിന്റെ മുഖവുര.

‘’അതിലെന്താ വക്കീലേയിത്ര പെരുത്ത് കൊട്ടിത്തുള്ളാനുള്ളത്? ഉമ്മ ജീവിച്ചിരുന്നപ്പോ ഇവനെയൊന്നും ഏഴയലത്ത് കണ്ടില്ലല്ലോ. കെട്ടിയോളുടെ വാക്കും കേട്ട് ആ ഇബിലീസിന്റെ കൂടെ ഉമ്മാനെ വേണ്ടാദീനം പറഞ്ഞ് നടന്നവനാ ഇപ്പോ, ഉമ്മാന്റെ സ്വത്തിന്റെ അവകാശത്തിനു വന്നുക്കുണ്. ‘’ ആമിനാത്തയുടെ മൂത്ത മകള്‍ റസിയക്ക് കലിതുള്ളി.

രൂക്ഷമായൊരു നോട്ടം മാത്രമായിരുന്നു റഷീദിന്റെ മറുപടി. റസിയ പറഞ്ഞതിലും കുറച്ചൊക്കെ സത്യമുണ്ടെന്ന് അയാള്‍ക്കറിയാം. ഉമ്മാടെ സ്വത്തിന്റെ അവകാശം പറഞ്ഞ് തര്‍ക്കിക്കാന്‍ തനിക്കിഷ്ടമുണ്ടായിട്ടല്ല. വീട്ടിലുണ്ടല്ലോ ഒരുത്തി – മൈമൂന ഉമ്മാടെ ഭാഷയില്‍ പറഞ്ഞാല്‍ താന്‍ ശരിക്കൊമൊരു പെണ്‍കോന്തന്‍ തന്നെ. പറഞ്ഞിട്ടെന്താ കാര്യം കിടത്തി പൊറുപ്പിക്കണ്ടേ തെണ്ടിപ്പരിഷ.

വാപ്പ മരിച്ചതിനു ശേഷം അന്യജാതിക്കാരന്റെയൊപ്പം അന്‍പത്തിയേഴാം വയസ്സില്‍( ഊഹം മാത്രമാണേ കൃത്യമായി ജനനസമയമൊന്നുമാര്‍ക്കുമറിയില്ല) ആമിനുമ്മ പൊറുതി തുടങ്ങിയപ്പോള്‍ മൈമൂനയോടൊപ്പം ചേര്‍ന്ന് ഉമ്മയെയെത്ര പരസ്യമായും രഹസ്യമായും താന്‍ പരിഹസിച്ചിരിക്കുന്നു. പരിഹാസത്തിന്റെ കാര്യത്തില്‍ റസിയയിത്തയും അന്നു മോശമൊന്നുമായിരുന്നില്ല.

‘’ തള്ളക്ക് വയസ്സാം കാലത്ത കഴപ്പ് മാറിയിട്ടില്ലെ?’‘ പച്ചനെയുള്ളയാ വാക്കുകള്‍ കേള്‍ക്കുമ്പോഴൊക്കെ നിസ്സഹായതയോടെ അയാളുമതിനൊക്കെ മൗനാനുവാദം നല്‍കിയിട്ടുണ്ട്.

ജീവിതസായാഹ്നത്തില്‍ അര്‍ബുദ രോഗം ബാധിച്ച് ആമിനാത്ത സര്‍ക്കാരാശുപത്രിയില്‍ പരസഹായമില്ലാതെ എഴുനേല്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയില്‍ കിടക്കുന്നു. തിരിഞ്ഞു നോക്കാതിരിക്കാന്‍ തന്റെ മക്കള്‍ മത്സരിച്ചപ്പോഴാണ് ആമിനുമ്മ നഗ്നമായ ആ സത്യം അറിയുന്നത്. ജീവിതനെരിപ്പോടില്‍ ദഹിപ്പിക്കാനേറെ ശക്തിയുള്ള കനലാണ് സ്വാര്‍ഥതയെത്രെ.

ചെറുപ്രായത്തിലെ ഭര്‍ത്താവ് മരിച്ചതോടെ വീട്ടുവേല ചെയ്താണ് പറക്ക മുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ അവര്‍ വളര്‍ത്തിയെടുത്തത്. സ്നേഹവും പണത്തിനൊപ്പം വീതം വെയ്ക്കേണ്ടയൊന്നായിരുന്നുവെന്ന് അവര്‍ പലപ്പോഴും അറിഞ്ഞിരുന്നില്ല.

ആശുപത്രി കിടക്കയിലൊന്നു തിരിഞ്ഞു നോക്കാന്‍ പോലും ആ‍രും വരാതിരുന്നപ്പോള്‍ നഴ്സിങ്ങ് അസിസ്റ്റന്റ് വേലായുധനാണ് ആമിനുമ്മയെ പരിചരിച്ചത്. വിരമിക്കാനൊരു വര്‍ഷം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളുവെങ്കിലും വേലായുധന്‍ ഒറ്റത്തടിയായിരുന്നു. ദാരിദ്ര്യം പുകയുന്ന ജീവിതതാളുകള്‍ക്കിടയില്‍ വിവാഹമെന്ന പ്രാരാബ്ദ്ധം ഏറ്റെടുക്കാതിരിക്കാന്‍ അയാള്‍ മന:പൂര്‍വ്വം മറന്നെന്നു നടിക്കുകയായിരുന്നുവെന്നു വേണം പറയാന്‍.

ജീവിതത്തിലെയാകെ സമ്പാദ്യമായ മണലൂരിലെ തന്റെ ഒന്നര സെന്റിലുള്ള പുരയിടത്തിലേക്ക് ആശുപത്രിയില്‍ നിന്നും ആമിനുമ്മയെ അയാള്‍ ക്ഷണിച്ചു. പക്ഷെയതു കിടപ്പറ പങ്കുവയ്ക്കാനായിരുന്നില്ല. ആമിനുമ്മയുടെ കഷ്ടത കണ്ടപ്പോള്‍ അയാളുടെ മനസ്സിന്റെ കോണില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ദയയുടെ കണിക പ്രകടമാകുകയായിരുന്നു.

ക്ഷണം നിരസിക്കാവുന്നൊരു അവസ്ഥയിലായിരുന്നില്ല ആമിനുമ്മയുമപ്പോള്‍. രോഗഗ്രസ്തമായ ശരീരത്തില്‍ മനോധൈര്യം ആധിപത്യമുറപ്പിച്ചപ്പോള്‍ ആമിനുമ്മയുടെ ജീവിത്തില്‍ സന്തോഷത്തിന്റെ അലയടികള്‍ വീണ്ടും പെരുമ്പറ കൊട്ടി. പക്ഷെ, സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച് കഷ്ടിച്ചൊരു വര്‍ഷം കഴിയുന്നതിനു മുമ്പെ വേലായുധന്‍ യമലോകം പുല്‍കി. ഹൃദയാഘാതത്തിന്റെ മൂടുപടമണിഞ്ഞെത്തിയ കാലന്‍ നയിച്ച വഴിയിലൂടെ അയാള്‍ സ്വര്‍ഗത്തിലെത്തിയിരിക്കണം. വീണ്ടും ആമിനുമ്മയും ആട്ടിന്‍ കുട്ടികളും തനിച്ച്. മരിക്കുന്നതിനു മുമ്പ് വേലായുധന്‍ തന്റെ വില്പത്രം എഴുതി ഗോകുല്‍ദാസ് വക്കീലിനെ ഏല്‍പ്പിച്ചിട്ടുണ്ടായിരുന്നു. ആമിനുമ്മയുടെ മക്കളുടെ മക്കളുടെതനിനിറം അറിഞ്ഞ അയാളാണ് ജീവിച്ചിരിക്കുമ്പോള്‍ ആമിനുമ്മയ്ക്കുപോലും മക്കള്‍‍ക്കെഴുതി കൊടുക്കാന്‍ പറ്റാത്ത തരത്തില്‍ വക്കീലിനെ കൊണ്ട് പ്രമാണം തയ്യാറാക്കിയത്. അയാളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുമില്ല.

‘’ വക്കീലെ, ഇങ്ങളീ അവാ‍ര്‍ഡ് പടത്തിലേപ്പോലെയിരിക്കാണ്ട് കാര്യം പറീന്ന്’‘ റഷീദ് തിരക്കു കൂട്ടി.

‘’പറഞ്ഞ് കൊടുക്ക് വക്കീലെ ഉമ്മ പൊറുതിയ്ക്ക് കൂട്ടിയവനെ തല്ലാന്‍ നടന്നവനാ ഇവന്‍. ഇപ്പോഴിതാ എച്ചില്‍ പെറുക്കാന്‍ വന്നേക്കണ്.’‘ റസിയയുടെ ഉരസല്‍.

‘’ ദേ, ഇത്താത്ത ….ഞാന്‍ കുറച്ചു നേരമായി സഹിക്കണ് . വെറുതെ വായി തോന്നീത് വിളിച്ച് പറയാണ്ട അബിടെ കുത്തീരുന്നോ’‘

‘’ഇജ്ജാരാണ്ടാ എന്നെ കുത്തിയിരുത്താന്‍ ‘’? റസിയ റഷീദിന്റെ നേരെയടുത്തു.

ഗോകുല്‍ദാസ് വക്കീലിടയ്ക്ക് കയറി.’‘ നിങ്ങള്‍ തമ്മിലിനി വഴക്കും വക്കാണോമെന്നും വേണ്ട. കാര്യങ്ങള്‍ ഞാനങ്ങ് ചുരുക്കി പറയാം. ആമിനുമ്മയുടെ ഒസ്യത്ത് പ്രകാരം അവരുടെ ‘സ്വത്തുവകകള്‍’ ( വക്കീലത് ഊന്നിയാണ് പറഞ്ഞത്.) മുഴുവന്‍ അവരുടെ രണ്ടു മക്കള്‍ക്കും , അതായത് റസിയയ്ക്കും റഷീദിനും തന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. ഒസ്യത്ത് കിട്ടിയ സ്ഥിതിക്ക് അതുപ്രകാരമുള്ള വീതംവെയ്പ്പെ നടക്കു റഷീദേ….’‘

‘’അപ്പോ വക്കീല്‍ പറഞ്ഞു വരുന്നത്…?’‘

‘’അതെ, ആമിനുമ്മയുടെ സ്വത്തുവകകളെന്നു പറയാന്‍ കുറച്ചു സ്വര്‍ണ്ണാഭരണങ്ങളും സഹകരണ ബാങ്കിലെ പതിനായിരം രൂപയും മാത്രമേ ഉള്ളു’‘

‘’അപ്പോളീ പുരയിടോം സ്ഥലവും?’‘ ചോദ്യത്തില്‍ റഷീദും റസിയയും ഒരുമ പുലര്‍ത്തി.

‘’ അതു വേലായുധന്റെതല്ലേ?’‘

‘’ അതിന് വേലായുധന്‍ ഞങ്ങടെ …’‘ റഷീദ് പറഞ്ഞു നിര്‍ത്തി.

‘’ നാണമില്ലേടാ നിനക്കൊക്കെ കണ്ടവന്റെ സ്വത്തും ചോദിച്ചു നടക്കാന്‍? ജീവിച്ചിരിക്കുമ്പോള്‍ സ്വന്തമുമ്മയ്ക്ക് സ്വസ്ഥത കൊടുത്തില്ല. വേലായുധനില്ലായിരുന്നെങ്കില്‍ ആശുപത്രീന്ന് അന്നവര്‍ എങ്ങോട്ടു പോകുമായിരുന്നു?…. നിന്റെ വീട്ടില്‍ നീ കയറ്റുമായിരുന്നോ? ‘’ഗോകുല്‍ദാസ് വക്കീലിന്റെ ക്ഷമ നശിച്ചു തുടങ്ങി.

‘’അങ്ങനെ ചോദിക്ക് വക്കിലേ…? റസിയയുടെ പിന്തുണ വക്കീലിന്

‘’നീയും കേമത്തിയാകണ്ട? നീയും തനിച്ചു തന്നെയല്ലായിരുന്നോ താമസം! നിനക്കൊക്കെ തമ്പുരാന്‍ കുട്ടികളേം തന്നില്ല നിനക്കെന്താ പ്രശ്നം? സ്വന്തം ഉമ്മയെ നോക്കുന്നുവെന്ന് പറഞ്ഞാല്‍ നിന്റെ ചത്തു പോയ കൊട്ടിയോന്റെ കുടുംബക്കാര്‍ നിന്നെ തിരിഞ്ഞു നോക്കില്ല… അല്ലെ? നിങ്ങളാരെങ്കിലും ആമിനുമ്മയെ വീട്ടിലെക്കു കൊണ്ടുപോകാന്‍ തയ്യാറായിരുന്നെങ്കില്‍ അവരെത്ര സന്തോഷിച്ചേനേ?’‘

തുടര്‍ന്ന് സഹോദരീസഹോദരന്മാര്‍ പരസ്പരം തൊടുത്തു വിട്ട പദാസ്ത്രങ്ങള്‍ക്ക് വീര്യം പോരാതെ വന്നു. അടുത്ത ഘട്ടം കയ്യാങ്കളിയാണ്. പക്ഷെ അതിനു മുന്‍പെ വക്കീല്‍ ഇടപെട്ടു.

ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കാതിരുന്ന സഹോദരങ്ങള്‍ പിച്ചക്കാശിനു വേണ്ടി വഴക്കിടുന്നതു കണ്ടപ്പോള്‍ ഗോകുല്‍ദാസ് വക്കീലിന് ക്ഷമ കെട്ടു. അയാളാ ഒസ്യത്ത് അവര്‍ക്കു മുമ്പിലിട്ടു കീറിക്കളഞ്ഞു. അതു തടയാന്‍ വന്ന റഷീദിന്റെ കരണത്തയാളൊന്നു പൊട്ടിച്ചു കൊണ്ട് ആക്രോശിച്ചു ‘ റസിയായ്ക്കും കൂടിയുള്ളതാണ് ഈയടി ,നിന്റെയൊക്കെ ഉമ്മ തരാതെ ബാക്കി വച്ചത്. … ഇനി നീയൊക്കെയിതൊന്നു വീതം വെയ്ക്കുന്നതു എനിക്കു കാണണം. ഏതു സുപ്രീം കോടതീലും നിങ്ങള്‍ പൊയ്ക്കോ( ഒന്നു നിര്‍ത്തി കൊണ്ട്) …ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങള്‍ക്ക് വേണ്ടിയുള്ളതൊക്കെ എഴുതിവച്ചിട്ടു പോയ ആ ഉമ്മാടെ വയറ്റില്‍ തന്നെ നീയൊക്കെ വന്നു പിറന്നല്ലോടാ…’‘

ഗോകുല്‍ ദാസ് വക്കീല്‍ എഴുന്നേറ്റ് തന്റെ കാറിലേക്ക് നടന്നു.

ഗോകുല്‍ ദാസിന്റെ വെളുത്ത നിറമുള്ള ഫോര്‍ഡ് ഫിയറ്റ കാര്‍ നേരെ ചെന്നു നിന്നത് എന്‍.എസ്. എസ് വക വൃദ്ധസദനത്തിലാണ്. അയാളുടെ സഹോദരനായ ഡോക്ടര്‍ പ്രേമദാസുമായുള്ള അവകാശത്തര്‍ക്കത്തിന്റെ ബാക്കി പത്രമായി രണ്ടു വര്‍ഷം മുമ്പാണ് ഇരുമക്കളും ചേര്‍ന്ന് തങ്ങളുടെ അമ്മയായ ഭാഗീരഥി ടീച്ചര്‍ക്ക് ശിക്ഷ വിധിച്ചത്. -ശേഷിച്ച കാലം അമ്മ സമപ്രായക്കാരോടൊത്ത് ഉല്ലസിച്ച് ജീവിക്കട്ടെ. അവര്‍ ചെയ്ത കുറ്റമോ, അവരുടെ തറവാടു വീടും സ്വത്തുവകളും ജീവിച്ചിരിക്കുമ്പോള്‍ തന്നെ മക്കള്‍ക്ക് ഭാഗിച്ചു നല്‍കിയതും

വീട്ടിലേക്കു തിരിച്ചു വിളിക്കുന്ന ഗോകുല്‍ദാസിന്റെ ആത്മാര്‍ഥതയെ സംശയിച്ചിട്ടെന്ന വണ്ണം ഭാഗീരഥി ടീച്ചര്‍ ആദ്യമൊന്നു മടിച്ചു. അവരുടെ കണ്ണുകളില്‍ നിന്നു സന്തോഷാശ്രുക്കള്‍ പൊഴിയുന്നതു കണ്ടപ്പോള്‍ ഗോകുല്‍ദാസിന് ആമിനുമ്മയെയാണ് ഓര്‍മ്മ വന്നത്.

അയാള്‍ പോയതിനു ശേഷവും റഷീദും റസിയയും തമ്മില്‍ വീണ്ടും ഒരിക്കല്‍ക്കൂടി ദ്വന്ദയുദ്ധം തുടങ്ങി.

അതൊക്കെ കണ്ട് ആമിനുമ്മ പറുദീസയിലിരുന്ന് ചിരിച്ചു കാണുമോ? അതോ മക്കളോടുള്ള സ്നേഹത്തിന്റെ ഉറവ ഇനിയും വറ്റാതെ അവര്‍ തന്റെ മക്കളെ പിന്നേയും ആശീര്‍വദിച്ചു കാണുമോ ഏതായാലുമാര്‍ക്കും പ്രയോജനമില്ലാതായ ആമിനുമ്മയുടെ ഒസ്യത്തിന്റെ പകര്‍പ്പ് ഗോകുല്‍ദാസ് വക്കീലിന്റെ ആപ്പീസിലെ ദ്രവിച്ചു തുടങ്ങിയ മരത്തിന്റെയറയില്‍ എക്കാലവും ഭദ്രം.

Generated from archived content: story1_nov18_11.html Author: jibu_jamal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English