മെയ് 31: സേലം നഗരം അന്നും പതുവുപോലെ ഗതാഗതക്കുരുക്കില്‍ പെട്ട് ഉഴലുകയാണ്. ഫോര്‍ റോഡ്സില്‍ നിന്നും ഓള്‍ഡ് ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്തില്‍ എം 80 കള്‍ മുതല്‍ ബി എം ഡബ്ല്യുകള്‍ വരെ വരിവരിയായി നിലച്ചു കിടക്കുന്നു. അലാറം മുഴക്കി വന്നയൊരു ആംബുലന്‍സ് തിരക്കില്‍പ്പെട്ടൊന്നനങ്ങാന്‍ പോലുമാകാതെ കിടക്കുകയാണ്. അത്യാസന്നനിലയില്‍ അതിനുള്ളില്‍ കിടക്കുന്ന രോഗിയുടെ മരണവെപ്രാളമതിന്റെ ചുവന്ന ലാമ്പില്‍ നിഴലിക്കുന്നുണ്ട്.
ഹമീദും നവീനുമതിനിടയിലൂടെ റോഡ് മുറിച്ചു കടക്കുകയാണ്. അപ്പുറത്തെ വൃന്ദാവന്‍ കോളനിയായിരുന്നു അവരുടെ ലക്ഷ്യം. നശിച്ച ട്രാഫിക് ജാമിനേയും പഴിച്ചു കൊണ്ടവര്‍ മുമ്പോട്ടു നടക്കുമ്പോള്‍ അങ്ങകലെ മാരിയമ്മന്‍ കോവിലിനടുത്തായി അവരെയും കാത്ത് ശെല്‍വന്‍ നില്‍പ്പുണ്ട്.
മൂവര്‍ സംഗമത്തിനൊടുവില്‍ ജലാലുദ്ദീന്‍ കര്‍വിയെന്നയാളുടെ വീട്ടില്‍ അവരെത്തി. അവിടെ വച്ച് ശെല്‍വന്‍ മറ്റുള്ളവരെ അയാള്‍ക്ക് പരിചയപ്പെടുത്തി.
ഇത് നവീണ്‍ ഇവന്‍ താന്‍ അരുണായക കോളേജില്‍ പഠിക്കുന്നത്… ഇവങ്കളെ തെരിയുലെ? ഹമീദ് സാഹിബ്. മറുപടി പറയാതെ നവീനെ അടിമുടി നോക്കിയ ശേഷം ജലാലുദ്ദീനൊന്ന് നീട്ടിത്തുപ്പി. ചുവപ്പുകറ നവീനിലൊരുതരമോക്കാനമാണ് സൃഷ്ടിച്ചത്.
പലചരക്ക് കടയും വീടും ചേര്‍ന്ന് ഇടുങ്ങിയൊരു കെട്ടിടമായിരുന്നു അത്. കമ്പിവേലകള്‍ ചെയ്ത മുന്‍ വാതിലിന് പുറത്തേക്ക് വരുമ്പോള്‍ നീലനിറമുള്ള കള്ളിമുണ്ട് പൊക്കി കൊണ്ട് അയാള്‍ തന്റെ ചുണ്ടില്‍ നിന്നും മുറുക്കാന്റെ കറ തുടച്ചു കളയുന്നുണ്ടായിരുന്നു
അയാള്‍ നവീനോടു തന്നെ പിന്തുടരാന്‍ ആംഗ്യം കാണിച്ചു. ശെല്‍വനും ഹമീദ്സാഹിബും കൂടി അവരോടൊപ്പം ചെല്ലാനൊരുങ്ങിയപ്പോള്‍ ജലാലുദ്ദീന്‍ അവരെയൊന്നു തുറിച്ചു നോക്കി . നോട്ടത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടിട്ടെന്നവണ്ണം അവരിരുവരും സ്വയം നിയന്ത്രിച്ചുകൊണ്ടു പിന്മാറി.
നവീന്‍ ആദ്യമൊന്നു മടിച്ചു നിന്നു. എങ്കിലും സാഹചര്യത്തിനനുസരിച്ച് ഉയരാന്‍ അവനേറെ വൈകിയില്ല. അനുസരണയുള്ളൊരു ആട്ടിന്‍ കുട്ടിയേപ്പോലെ അവന്‍ ജലാലുദ്ദീനെ അനുഗമിച്ചു.
ഇരുവശത്തും സെന്‍ട്രല്‍ ജയിലിനേക്കാള്‍ പൊക്കമുള്ള മതിലുകള്‍ . അവയ്ക്കിടയിലൂടെ കഷ്ടിച്ച് മൂന്നടിയോളം വരുന്ന ഇടവഴിയില്‍ സ്ഥലം മുടക്കിയായി ഒരു വണ്ടികള്‍ മതിലില്‍ ചാരി വച്ചിട്ടുണ്ട്. മതിലുകളുടെ യഥാര്‍ത്ഥ ഛായം മായ്ക്കാനായി മുറുക്കിത്തുപ്പലുകളും കരിമഷിയില്‍ വരച്ചിട്ടുള്ള ഹൃദയചിഹ്നങ്ങളും . ഭാരതത്തിന്റെ ദേശീയോദ്ഗ്രന്ഥം വിളിച്ചോതുമാറ് സകല ഭാഷകളിലും അസഭ്യവാക്കുകള്‍ കൊത്തിവച്ചിരിക്കുന്ന സാമൂഹിക വിരുദ്ധ സാഹിത്യകാരന്മാര്‍.
ചിലയിടങ്ങളില്‍ വഴിയിലേക്കു തുറക്കുന്ന കിളിവാതില്‍ കണക്കെയുള്ള ജനാലകളിലൂടെ വരുന്ന ഇറച്ചി മസാലയുടെ ഗന്ധത്തെ വഴിയരികിലെ മൂത്രമണത്തിനൊപ്പം വിന്യസിക്കാന്‍ തെക്കന്‍ കാറ്റ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ജനാലയ്ക്കകത്തു നിന്നു സ്ത്രീ ശബ്ദത്തിന്റെ കലപിലകളും കേള്‍ക്കാം. പലയിടങ്ങളിലും വഴിക്ക് വീതി കുറയുകയും അങ്ങുമിങ്ങും തിരിയുകയുമൊക്കെ ചെയ്യുന്നുണ്ട്. പലപ്പോഴും അവര്‍ക്ക് പഴയ ഗോഡൗണുകളുടെ ഇരുണ്ട ഇടനാഴികളും കടന്നു പോകേണ്ടി വന്നു.
ഇനിയും റൊമ്പ ദൂരമിറുക്കാ? അറിയാവുന്ന തമിഴില്‍ നവീന്‍ വച്ചു കാച്ചി.
മനപൂര്‍വ്വമാണോവെന്നറിയില്ല ജലാലുദ്ദീനില്‍ നിന്നും മറുപടിയൊന്നുമുണ്ടായില്ല . അയാള്‍ നേതാവായി നടത്തം തുടര്‍ന്നു നവീന്‍ പിറകിലും.
തനിച്ചാണ് താന്‍ തിരികെ വരുന്നതെങ്കില്‍ വഴി തെറ്റുമെന്ന് നവീനുറപ്പായിരുന്നു.
അവര്‍ അധികം വൈകാതെ ചെന്നെത്തിയത് വസുന്ധര ഭായിയെന്ന സ്ത്രീയുടെ അന്ത:പുരത്തിലാണ് ജലാലുദ്ദീന്റെ സംഭാഷണത്തില്‍ നിന്നുമാണ് നവീനാ പേര് മനസിലാക്കിയെടുത്തത്.
ആ പറഞ്ഞ കാശിങ്ങു തന്നേര്- പച്ച മലയാളത്തില്‍ ജലാലുദ്ദീന്‍ നവീനിനോട് കാശ് ആവശ്യപ്പെട്ടപ്പോള്‍ അവന്‍ തെല്ലൊന്നാശ്ചര്യപ്പെട്ടു. ഇയാള്‍ മലയാളിയായിരുന്നോ!
എ റ്റി എമ്മില്‍ നിന്നും പിന്‍ വലിച്ച് നേരത്തെ എണ്ണി വച്ചിരുന്ന പുത്തന്‍ മണമുള്ളയൊരു ആയിരം രൂപാ നോട്ട് നവീന്‍ അയാളെ ഏല്‍പ്പിച്ചു.
ഭായി, എന്തെങ്കിലും കുറക്കാനുണ്ടെങ്കില്‍….
ഫ്രഷ് ഐറ്റമാ മോനെ , ഇതില്‍ നിന്നുമാണെങ്കില്‍ ആ ശെല്‍വത്തിനും മറ്റവനുമൊക്കെ കൊടുത്ത് ബാക്കി വരാന്‍ പോകുന്നത് നക്കാപ്പിച്ചയാ നിനക്കൊക്കെ സുഖിക്കുകയും വേണം , കാശും തരാന്‍ പറ്റില്ലെന്നു വച്ചാല്‍ … അയാള്‍ പിറുപിറുത്തുകൊണ്ട് തന്റെ ജൂബയുടെ പോക്കറ്റിലേക്ക് ആ പണം തിരുകി കയറ്റി.
വാങ്കോ, വസുന്ധരാഭായിയുടെ ക്ഷണം.
അകത്തെ കുടുസ്സു മുറിയില്‍ ഫാഷന്‍ പരേഡിനെന്നപോലെ എട്ടു യുവതികള്‍. എല്ലാമൊന്നിനൊന്നു മെച്ചം ചിലര്‍ മാറിന്റെ വലിപ്പക്കുറവ് ശ്രദ്ധിക്കാതിരിക്കാന്‍ ചുണ്ടുകള്‍ നനച്ച് ആകര്‍ഷിക്കുന്നു. . മുഖത്തെ വൈരൂപ്യം മായ്ക്കാന്‍ നാഭീത്തടവും മറ്റും പ്രദര്‍ശിപ്പിക്കുന്ന മറ്റു രണ്ടു പേര്‍.
എടാ, എപ്പോഴും പെണ്ണിനെ തിരഞ്ഞെടുക്കേണ്ടത് മുഖസൗന്ദര്യം നോക്കിയല്ല മാറിന്റെ വലിപ്പം നോക്കിയാണ്. പത്താം ക്ലാസ്സില്‍ വച്ചൊരു സുഹൃത്ത് വേശ്യാലയത്തിലെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാന തത്വം തന്നെ പഠിപ്പിച്ചു തന്നത് അവനോര്‍ത്തു.
സേലത്തു വന്നയന്നു മുതല്‍ അവനൊരു സ്ത്രീസംസര്‍ഗ്ഗം കൊതിച്ചിരുന്നതാണ്. പതിനൊന്നാം ക്ലാസ്സില്‍ വെച്ചു വീട്ടുവേലക്കാരിയില്‍ നിന്നും രതി സുഖം അനുഭവിച്ചു കഴിഞ്ഞതില്‍ പിന്നെ അവനതിനുള്ള യോഗമുണ്ടായിട്ടില്ല.
വീട്ടുകാരുടെ നിരീക്ഷണത്തില്‍ നിന്നുമകന്ന് പഠനാവശ്യത്തിനായി നാടു വിട്ടു പോന്നിട്ട് ആറു മാസം തികയുന്നു. ഓള്‍ഡ് ബസ് സ്റ്റാന്‍ഡിനു സമീപത്തെവിടെയോ ചുവന്ന തെരുവുണ്ടെന്നറിഞ്ഞിട്ട് അവന്‍ അവിടങ്ങളില്‍ അലഞ്ഞു നടന്ന് നടന്ന് ചെരിപ്പ് തേഞ്ഞു. തന്റെയൊരു സീനിയര്‍ മുഖേനെയാണ് ഇപ്പോള്‍ ഹമീദ് സാഹിബിനെ കണ്ടുമുട്ടിയതും കാര്യങ്ങളിത്രത്തോളമെത്തിയതും.
എന്തായാലും അവന്റെ കന്നിയങ്കം പിഴച്ചില്ല . അവന്‍ തിരെഞ്ഞെടുത്തത് ഒരു ഹൈദ്രാബാദുകാരിയെ ആയിരുന്നു. ഇരു ശരീരങ്ങളും സന്ധിക്കുന്നതിനിടയിലെപ്പോഴോ ആ സ്ത്രീ അവനോടു വിവാഹിതനാണോയെന്ന് ചോദിക്കുന്നുണ്ടായിരുന്നു. നിര്‍വൃതിയുടെ പാരമ്യത്തില്‍ അവന്‍ പറഞ്ഞു
നഹി, മെം കോളേജ് മേം പഠ്ത്താ ഹും.
അതോടെ അവരുടെ ചലനങ്ങള്‍ക്ക് ആക്കം കൂടിയതായി അവനു തോന്നി. അവന്‍ അവരുടെ സുന്ദരമായ മാറുകള്‍ ശരിക്കും ആസ്വദിച്ചു. മാറുകള്‍ക്കിടയിലെ സ്ത്രീഗന്ധം അവനെയേതോ സ്വര്‍ഗ്ഗലോകത്താണ് എത്തിച്ചത്. ജീവിതത്തിലെ രണ്ടാമൂഴത്തിനു ശേഷം അവന്‍ കുറച്ചു വിശ്രമിക്കാന്‍ തീരുമാനിച്ചെങ്കിലും അവരവനെയതിന് സമ്മതിച്ചില്ല. വാങ്ങുന്ന കാശിന് ആത്മാര്‍ത്ഥത കാണിക്കാന്‍ അവര്‍ നന്നെ ശ്രമിക്കുന്നുണ്ടായിരുന്നു.
എന്നാല്‍, നവീന് ആവര്‍ത്തന വിരസത തോന്നി. പിറ്റേന്ന് രാവിലെ നേരിയ കുറ്റബോധവുമായി അവന്‍ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അവള്‍ ടിപ്പിനായി യാചിച്ചു.
തന്റെ കയ്യില്‍ ബാക്കി വന്ന നൂറുരൂപ നോട്ടെടുത്ത് അവര്‍ക്ക് കൊടുത്ത ശേഷം അവന്‍ ഇറങ്ങി. കഴിഞ്ഞ മാസം വീട്ടില്‍ നിന്നും അയച്ച തുകയില്‍ നിന്നും മിച്ചം പിടിച്ച ആയിരത്തിയൊരുനൂറ് രൂപയാണ് നൈമിഷിക സുഖത്തിനുവേണ്ടി താന്‍ നശിപ്പിച്ചത്. തന്റെ മാതാപിതാക്കളെത്ര കഷ്ടപ്പെട്ടാണ് തന്നെ പഠിപ്പിക്കാനായി പണം അയച്ചു തരുന്നത്? അത് താന്‍….ഇവിടെ ….. ച്ഛെ…… അവന് പുച്ഛം തോന്നി. ഇല്ല – ഇതായിരിക്കണം ആദ്യത്തേയും അവസാനത്തേയും തെറ്റ്…. അവന്‍ മനസിലുറപ്പിച്ചു കൊണ്ടാണ് അവിടം വിട്ടത്.
ജൂലൈ 4 : അടുത്ത മാസവും വൈകാതെ അവന്റെ ചിലവിനുള്ള തുക കൊണ്ടലാം പെട്ടിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തി. ഷൊര്‍ണൂരില്‍ നിന്നും അവന്റെ കര്‍ഷകനായ അച്ഛന്റെ അക്കൗണ്ടില്‍ നിന്നുമാണ് മാസാമാസം പണം വരുന്നത്. അച്ചടിമഷിയുണങ്ങാത്ത ആയിരം രൂപാ നോട്ടുകള്‍ കൗണ്ടറിലെ മുല്ലപ്പൂ ചൂടിയ സ്ത്രീയില്‍ നിന്നും വാങ്ങിയപ്പോള്‍ അവനാദ്യം ഓര്‍ത്തത് ജലാലുദ്ദീന്‍ കര്‍വിയെയാണ്. അവന്റെ സിരകളെ ത്രസിപ്പിക്കാന്‍ പഴയ ഹൈദ്രാബാദുകാരിയുടെ മുലയിടുക്കിന്റെ മണവും.
പിന്നെ വൈകിയില്ല മാസാവസാനത്തിനു കാത്തുനില്‍ക്കാതെയും മിച്ചം പിടിക്കലൊന്നുമില്ലാതേയും അവന്‍ ജലാലുദ്ദീനെന്ന മാംസക്കച്ചവടക്കാരന്റെ അരികിലേക്കു ചെന്നു. ഇടനിലക്കാരനില്ലെങ്കിലും ഒരു സ്ഥിരം കസ്റ്റമറിന്റെ സ്വാദ് അവനില്‍ നിന്നും ജലാലുദ്ദീന്‍ ആദ്യമേ അറിഞ്ഞിരുന്നു. അതുകൊണ്ട് ഇത്തവണ 100 രൂപ ഡിസ്ക്കൗണ്ട്. ഇനി വേണമെങ്കില്‍ പതുക്കെ പറ്റും തുടങ്ങാമെത്രെ.
പക്ഷെ, അകത്തെ കുടുസ്സുമുറിയില്‍ ഇത്തവണ ഏറെ തപ്പിയിട്ടും അവന് തന്റെയാ ഹൈദ്രാബാദുകാരിയെ കണ്ടെത്താനായില്ല … പിന്നീടൊരിക്കലും അവനതിനു കഴിഞ്ഞതുമില്ല. പക്ഷെ, ഓരോ തവണയും വ്യത്യസ്തരായ സ്ത്രീകളുടെ ഗന്ധം അവനെ ആകര്‍ഷിച്ചു കൊണ്ടിരുന്നത് അവരുടെയാ പ്രത്യേക ഗന്ധം തന്നെയായിരുന്നു അതു തന്നെയായിരുന്നു അവനെയവിടുത്തെ പതിവു സന്ദര്‍ശകനാക്കിയതും!
എങ്കിലും ഓരോ പ്രാവശ്യവും അവിടെ നിന്നും എഴുന്നേറ്റു പോരുമ്പോള്‍ അവന്‍ തന്റെ മനസ്സില്‍ കുറിച്ചിട്ടു – ഇല്ല ഇത് അവസാനത്തെ തവണയാണ് ഇനിയൊരിക്കലും ഞാനിങ്ങോട്ടു വരില്ല. അപ്പോഴൊക്കെ ഒരുത്തന്റെ കൂടി മനസ്സില്‍ താന്‍ ആധിപത്യമുറപ്പിച്ച സന്തോഷത്തില്‍ ആകാശത്തുനിന്നും കാമദേവന്‍ അഹങ്കരിച്ചിട്ടുണ്ടാകണം.
Generated from archived content: story1_jan7_11.html Author: jibu_jamal