ജീവിതം വ്യർത്ഥമായെന്ന് എനിക്ക് തോന്നി തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി, കുഞ്ഞുനാൾ മുതലെ ജീവിതത്തിന്റെ നിസ്സാരതയോട് എനിക്ക് തോന്നിയിരുന്ന ഭയം കാലക്രമേണ മാഞ്ഞുപോയതായിരുന്നു. പക്ഷെ ഇപ്പോൾ വീണ്ടുമതെന്നെ വേട്ടയാടി തുടങ്ങിയിരിക്കുന്നു.
ഹൃദയനെരിപ്പോടിലേയ്‌ക്ക് കനലുകൾ വാരിയെറിയാൻ ചുറ്റുമുള്ളവർ മത്സരിച്ചപ്പോൾ ആ ജ്വാലകളണയ്‌ക്കാൻ ഞാനെന്നും തനിച്ചായിരുന്നു. അഗ്നിയിൽ വെന്ത് പല ബന്ധങ്ങളും ചാരമാകുന്നത് നോക്കി നിൽക്കാനെ എനിക്ക് സാധിച്ചുള്ളു. വേർപാടിന്റെ ഒരു യാത്രമൊഴി പോലും പറയാതെ പലരും പോയി മറഞ്ഞു….. ഒരു നിമിഷാർദ്ധവേഗത്തിൽ.
അന്നൊക്കെ പ്രായത്തിന്റെ ചോരത്തിളപ്പിൽ കുതിർന്ന് എന്തിനെയും നേരിടാനുള്ള കരുത്ത് എന്നിലെപ്പോഴും സുസജ്ജമായിരുന്നു. ജീവിതഭാരം ചുമക്കാനുള്ള തത്രപ്പാടിൽ പലരും എന്നെ തഴഞ്ഞു. പ്രണയമെന്ന തീവ്രവികാരത്തെ നിയന്ത്രണാതീതമാക്കാൻ പഠിച്ചപ്പോഴേയ്‌ക്കും ഉന്നത വിദ്യാഭ്യാസമെന്ന സമസ്യ എന്നന്നേയ്‌ക്കുമായി എന്നിൽനിന്നും അകലുകയായിരുന്നു.
എങ്കിലും കമ്പ്യൂട്ടർ എന്ന അദ്‌ഭുതയന്ത്രത്തിന്റെ ആകസ്‌മികമായ കടന്നുവരവോടെ എന്റെ ജീവിതവും മാറ്റിമറിക്കപ്പെട്ടു. പ്രശസ്‌തമായ ഐ.ടി. കമ്പനിയിലെ ജോലിയും അഞ്ചക്ക ശമ്പളവും എന്റെ സ്വപ്‌നങ്ങൾക്ക് നിറമേകി. പള്ളിക്കൂടത്തിലെവിടെയോ വെച്ച് ആദ്യമായി വിതച്ച നിഷ്‌കളങ്കമായ പ്രണയത്തിൽ കാമത്തിന്റെ സ്വാദ് പുരളുന്നത് സ്വാഭാവികമെന്ന് കരുതി ഞാൻ സമാധാനിച്ചു.
പ്രണയത്തെയും കാമത്തെയും വേർതിരിക്കാൻ കഴിയാതെ കൈയിൽ പണത്തിന്റെ കൊഴുപ്പുമായി ഞാൻ മദിച്ചു. ഇടയ്‌ക്കെപ്പോഴൊ ലഹരിയുടെ പിൻബലത്തിൽ കൗമാരത്തിൽ ചാരമായിപ്പോയ ബന്ധത്തെ ഞാൻ ചികത്തെടുത്തു. ആദ്യപ്രണയം എനിക്കും പ്രിയപ്പെട്ടതു തന്നെയായിരുന്നു. അവളെ കാണാൻ ഞാൻ കൊതിച്ചു. പവിത്രമായ ആ ബന്ധത്തിൽ അപരാധത്തിന്റെതായ ഒരു ചെറുകണിക പോലും വിളക്കിചേർക്കാൻ സാധിക്കാത്തതിൽ ഞാൻ പശ്ചാത്തപിച്ചു.
വിവാഹമോചിതയായി കഴിയുന്ന അവളുടെ വിവരങ്ങൾ ഒരു സുഹൃത്തിൽ നിന്നും ശേഖരിക്കുമ്പോൾ അവളുമായുള്ള അകലം കുറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു. പക്ഷെ വീണ്ടുമൊരിക്കൽക്കൂടി അവളെ അഭിമുഖീകരിക്കാനുള്ള ഭയത്തെ എന്റെ ഇഷ്‌ടപ്പെട്ട ബ്രാൻഡുകളുടെ വീര്യമെന്നും പോരാതേ വന്നു.
കമ്പ്യൂട്ടറെന്ന കളിത്തോഴന്റെ സഹായത്തോടെ സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റിലൂടെ അവളുടെയടുത്തേയ്‌ക്ക് സന്ദേശം പാഞ്ഞു. അതിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത ചിത്രങ്ങളിൽ മനോധർമ്മമനുസരിച്ച് അവയവങ്ങൾ ഒരു ഡോക്‌ടറുടെ വൈദഗ്‌ധ്യത്തോടെ വെച്ചുപിടിപ്പിച്ചതോടെ എന്നിലെ വൈകൃതങ്ങൾക്ക് ചിറക് മുളച്ചു. പക്ഷെ, ആഴ്‌ചകളോളം മറുപടി കാണാതായപ്പോൾ ആ വൈകൃതങ്ങൾ വെറും മിഥ്യയായി അവശേഷിക്കുമൊയെന്ന് ഞാൻ ശങ്കിച്ചു.
ആ ശങ്ക അസ്‌ഥാനത്താണെന്ന് തെളിയാൻ ദിവസങ്ങളെ വേണ്ടിവന്നുള്ളു. വൈകിയതിലുള്ള ക്ഷമാപണത്തോടെ അവളുടെ സന്ദേശം തന്റെ ഇൻബോക്‌സിലെത്തിയതോടെ അവളുടെ മനസ്സിന്റെ കോണിലും എന്നോ പൊഴിഞ്ഞുപോയ ഇലകൾ കരിയാതെ കിടക്കുന്നുണ്ടായിരുന്നുവെന്ന അവബോധം എന്നിലെ തൃഷ്‌ണകളെ ഉത്തേജിപ്പിച്ചു.
ബാല്യകാലസഖിയുടെ ഹൃദയവാചകങ്ങൾ സ്വീകരിക്കാൻ ഇന്റർനെറ്റിന്റെ സഹായം ആവശ്യമായി വന്നെങ്കിലും ഞങ്ങളുടെ ശരീരം ഒരുമിക്കാൻ ഒരു ഇടനിലക്കാരന്റെ സഹായം ഞങ്ങൾക്ക് വേണ്ടിവന്നില്ല. ഫലഭൂയിഷ്‌ഠമായ മണ്ണിൽ ഉണങ്ങാതെ കിടന്നിരുന്ന വിത്തുകൾക്ക് ഉണർവ്വേകാൻ ഒരു പുതുമഴപോലെ അപ്പോഴത്തെ സ്‌ഥിതിയിൽ ആവശ്യത്തിലേറെയായിരുന്നു. പ്രതിരോധലേശമന്യെ അവൾ തനിക്ക് വഴങ്ങിയപ്പോൾ പുരുഷസഹജമായ സംശയം എന്നിലുടലെടുത്തു.
“ഇതു പ്രണയമോ അതോ വെറും വികാരശമനമോ?”
സംയോഗത്തിന്റെതായ കറകൾ തുടച്ചുനീക്കി തിരികെ പോരുമ്പോൾ ആദ്യമായിട്ടെനിക്ക് കുറ്റബോധം തോന്നി. വ്യഭിചാരവേളകളിലൊന്നും ഇതുവരെ തോന്നിയിട്ടില്ലാത്ത നൊമ്പരം ഞാൻ അനുഭവിച്ചു. ഇല്ല, ഞാനിനിയൊരിക്കലും ഇത്തരം ഹീനപ്രവർത്തികളിലേർപ്പെടില്ല. ചെയ്‌തുപോയ തെറ്റുകൾക്ക് എന്തുശിക്ഷയും നേരിടാൻ ഞാൻ തയ്യാറുമാണ്.
പക്ഷെ ശിക്ഷാവിധിയ്‌ക്കായി അധികം കാത്തിരിക്കേണ്ടിവന്നില്ല. ആഗോള സാമ്പത്തികമാന്ദ്യമെന്ന ന്യായത്തിന്റെ മറപിടിച്ച് ഞാൻ ജോലി നോക്കിയിരുന്ന സോഫ്‌റ്റ്‌വെയർ കമ്പനിയിൽ നിന്നും പിരിച്ചുവിട്ട അഞ്ഞൂറുപേരിൽ എന്റെ പേരുമുൾപ്പെട്ടിരുന്നു. സാമ്പാദ്യശീലമില്ലാത്ത വഴിവിട്ട ജീവിതത്തിന്റെ ബാക്കി പത്രമായി ബാങ്കിൽ ബാക്കി വെറും അഞ്ഞൂറു രൂപ!
ദുരിതത്തിന് ആക്കം കൂട്ടാൻ വിട്ടുമാറാത്ത പനിയും, സഹൃദയനായ പഴയൊരു സഹപ്രവർത്തകന്റെ കൂട്ടുപിടിച്ച് നേരെ ആശുപത്രിയിലേയ്‌ക്ക് രക്തപരിശോധന റിപ്പോർട്ടിലെ വരയും കുറിയും ചേർന്ന തടിച്ച അക്ഷരങ്ങളിൽ തന്റെ ജീവിതത്തിന്റെ മാർഗ്ഗരേഖ വ്യക്തമായിരുന്നു. തന്റെ പാപങ്ങൾക്കുള്ള കൊടിയശിക്ഷ – എച്ച്.ഐ.വി പോസറ്റീവ്!!!!!
തന്നെ ചതിച്ചത് ആരാണ്? തന്റെ പൂർവ്വ കാമുകിയോ? അതൊ മറ്റ് അസംഖ്യം പങ്കാളികളിലാരെങ്കിലുമൊ? അല്ല….. ഞാൻ സ്വയം എന്നെ തന്നെ വഞ്ചിക്കുകയല്ലായിരുന്നോ?… അല്ലെങ്കിൽ തന്നെ ഇനിയതൊക്കെ ചിന്തിച്ചിട്ട് എന്താണ്? സകല പാപഭാരവുമേറ്റെടുക്കാൻ കരുത്തുള്ള കടലമ്മയെ പുല്‌കാൻ തീരുമാനിച്ച് കടൽക്കരയിലേയ്‌ക്ക് ചെന്നപ്പോഴാണ് ജനങ്ങളുടെ ഉത്സാഹതിമർപ്പ് കാണുന്നത്. കാമുകീകാമുകന്മാരും ഭാര്യഭർത്താക്കന്മാരുമെല്ലാമടങ്ങുന്ന കടൽക്കരയിലെ അന്തരീക്ഷം കണ്ടപ്പോൾ വീണ്ടുമൊരു മോഹം….. എനിക്കിനിയും ജീവിക്കണം.
ആവുന്നത്ര പേർക്ക് തന്റെ രോഗം പകർന്നു കൊടുക്കാനുള്ള വ്യഗ്രതയിൽ രാവിലെ അക്കൗണ്ടിൽ നിന്നും പിൻവലിച്ച അഞ്ഞൂറു രൂപയുടെ ബലത്തിൽ നഗരത്തിലെ ഏതോ ചുവന്ന തെരുവിലേയ്‌ക്ക്…. അവിടുത്തെ സേവനം മതിയാകാതെ വന്നപ്പോൾ വീണ്ടും തന്റെ പൂർവ്വകാമുകിയ്‌ക്കരികിലേയ്‌ക്ക്….
വർഷങ്ങളായി അവൾ എനിയ്‌ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നൊ?… ആ ആർക്കറിയാം… അവളായിരിക്കുമൊ എനിക്ക് ആ സമ്മാനം തന്നത്….? എന്തായാലും ഇനിയെനിക്ക് അവൾ മാത്രം മതി… അവൾ മാത്രം.
Generated from archived content: story1_feb16_11.html Author: jibu_jamal