സാഗരം ശാന്തം
തിരകളിൽ പ്രശാന്ത സുന്ദര വികാരം
സ്‌ഫുടമാത്രയിൽ രോഷത്തിൻ
തിരമാലകൾ ആഞ്ഞുവീശി,
എപ്പോൾ തുടങ്ങി?
ഹേതുവെന്തെന്നുമറീല
കൊടുങ്കാറ്റലകളെയെടുത്താറാടി
ദിശാബോധലേശമന്യെ
കത്തിജ്വലിക്കുന്നുവൊ
എരിഞ്ഞമരുന്നുവൊ
തിളച്ചാലാറാൻ സമയം ധാരാളം വേണ്ടും
ദിവസങ്ങൾ, മാസങ്ങൾ
കാലചക്രാന്ത്യം വരെ ചിലപ്പോൾ.
കാറ്റിൻ നിയന്ത്രണത്തിലെങ്ങോട്ടോ-
വുറയുന്നു
പതയുന്നു
ചലിക്കുന്നു
കരയിലേയ്‌ക്കോ കടലിലേയ്‌ക്കോ?
കരയില്ലെത്തിയാൽ
കാറ്റിൽ പറത്തും സദാചാരബോധങ്ങൾ
കൂറ്റൻ കെട്ടിടങ്ങൾ, മണിമാളികകൾ, ജനങ്ങളെ-
ല്ലാം തൻ നാസികാദ്വാരത്തിനും ഉഗ്രവായയ്‌ക്കും
സമമെന്നോർത്തീടുക മാലോകർ
മനുഷ്യ കലഹഹേതുക്കളെല്ലാം തന്നെ
വൃഥാ തണുത്തുറഞ്ഞു
ജലപരപ്പിനടിയിൽ
ക്ഷണനേരത്തിൽ നശിച്ചതെല്ലാ.
വിശപ്പടങ്ങിയ അലകൾ തിരികെ
പോകുന്നുവെങ്ങോട്ടെന്നറിയില്ല സ്വയവും.
ഫലമില്ലാ കുറ്റബോധം തോന്നുമ്പോൾ
നികത്താനാകുമൊ തിരകൾക്കീ
കഷ്‌ടനഷ്‌ടങ്ങൾ?
തിരകൾ ക്ഷീണമകറ്റുന്നു
ശാന്തമാകുന്നു
ആർത്തിയടങ്ങുന്നു.
ദഹനം ശീഘ്രം
മന്ദമാരുതൻ കുട്ടിനായണയുന്നു
ആവർത്തിക്കുന്നു തൻ-
സംഹാരതാണ്ഡവം
ഇതര ദിശയിൽ
മറ്റൊരു നാട്ടിൽ
ഇതെല്ലാം നമ്മുടെ
ക്രോധാഗ്നി തൻ വിധിയും?
Generated from archived content: poem1_dec7_09.html Author: jibu_jamal
Click this button or press Ctrl+G to toggle between Malayalam and English