മേഘങ്ങളുടെ സ്വപ്‌നം

“എന്നിട്ട്‌??”

അവൻ ആ സ്വപ്‌നത്തെ വിവരിച്ചുകൊണ്ടിരിക്കെ പലവട്ടം അവൾ അങ്ങനെ ചോദിക്കും.

“എന്നിട്ടൊന്നുമില്ല. അപ്പോഴേക്കും ഞാൻ കണ്ണുതുറന്നു.”

“ശ്ശോ…”

അന്നേരം അവളുടെ നിശ്വാസസ്വരം…കൂമ്പിയ കണ്ണുകൾ, നെറ്റിയിൽ തെളിയുന്ന രേഖകൾ, വക്രിച്ച ചുണ്ടുകൾ, ചുണ്ടിനു മുകളിൽ നേർത്ത ചെറുരോമങ്ങളിൽ വിയർപ്പിന്റെ പൊടിപ്പ്‌…എല്ലാം സങ്കല്പിക്കുമ്പോൾതന്നെ അവന്റെ മനസ്സ്‌ ഇഴമുറിയാതെ മഴപെയ്യുന്ന നീലക്കാടാകുന്നു, ഇനിയും കണ്ടിട്ടില്ലാത്തതും കാണുവാൻ തയ്യാറെടുക്കുന്നതുമായ സ്വപ്നത്തിന്റെ മഴക്കാട്‌.

അവൾക്ക്‌ ഓർമ്മയുണ്ടാകും കഴിഞ്ഞ ഡിസംബർ മാസത്തിലെ ആ നശിച്ച ദിനങ്ങൾ. തലവേദനയും പനിയും ഇരട്ടപ്രസവിച്ച ദുർഭൂതങ്ങളായി അവനെ നോവുതീറ്റിയ ദിനങ്ങൾ. ആ ദിവസങ്ങളിലൊന്നിൽ അവൻ കണ്ട ഒരു ദുഃസ്വപ്നത്തെക്കുറിച്ച്‌ അവളോട്‌ പറഞ്ഞിരുന്നു.

“നരച്ച ആകാശത്തിനുകീഴെ വെന്തുകിടക്കുന്ന പൂഴിയിലൂടെ ഓടുകയായിരുന്നു ഞാൻ. എന്റെ പിന്നാലെ പുരുഷാരത്തിന്റെ ആരവങ്ങളും ആക്രോശങ്ങളും…. ഓടിയോടി ഞാൻ കുഴഞ്ഞു. പുരുഷാരം എന്നെ ആക്രമിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ അടുത്തു വരികയാണ്‌. അവരുടെ മുഖങ്ങളൊന്നും വ്യക്തമോ പരിചിതങ്ങളോ ആയിരുന്നില്ല. പെട്ടെന്ന്‌ നെറുകയിൽ ഒരു വെട്ട്‌… കറുത്ത മുടിയിഴകൾക്കിടയിലൂടെ ഇടിമിന്നലിന്റെ ശാഖകൾപോലെ ഒഴുകിയിറങ്ങുന്ന രക്തം. അതിന്റെ ചില കൈവഴികൾ എന്റെ കൺപോളകളിൽ തട്ടിയശേഷം താഴേക്കിറങ്ങി. നനഞ്ഞ മിഴികളോടെ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ചെമ്പട്ടുടുത്ത്‌, എന്റെ ചോരയും മുടിനാരുകളും പറ്റിയ കൊടുവാളുയർത്തി പിടിച്ച്‌ നീ നിൽക്കുകയാണ്‌.”

അവൻ പറഞ്ഞു നിർത്തിയപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എന്റെ നെറ്റിപിളരുന്ന വേദന… എന്നോട്‌ നീ എന്തിനിതു പറഞ്ഞു.” അവൾ പരിഭവിച്ചു.

അവന്റെ ആ ദുഃസ്വപ്‌നം അവൾക്ക്‌ വേദന നൽകിയതിനാൽ അന്ന്‌ അവൻ എത്രമാത്രം സങ്കടപ്പെട്ടു എന്ന്‌ ആരാണ്‌ അവൾക്ക്‌ പറഞ്ഞു കൊടുക്കുക?

ഒരുപക്ഷെ ആ ദുഃസ്വപ്‌നത്തിന്‌ ഒരു മറുപടി, അല്ലെങ്കിൽ പ്രതികാരം പോലെയാണ്‌ രണ്ട്‌ ദിവസത്തിനുശേഷം അവൾ കണ്ട ഒരു സ്വപ്‌നത്തെക്കുറിച്ച്‌ പറഞ്ഞപ്പോൾ അവനു തോന്നിയത്‌.

പുഴ… ശക്തമായ ഒഴുക്കുളള പുഴ. കലങ്ങിയ, ചുവപ്പിരാശിയുളള വെളളം. കിഴക്കെങ്ങോ മഴ വിതാനിച്ച നാശനഷ്‌ടങ്ങളിലൂടെ ഒലിച്ചുവന്ന്‌ പുഴയിൽ അങ്ങിങ്ങ്‌ അലയുന്ന ആടുമാടുകളുടെ ചീർത്തു വികൃതമായ ശവങ്ങൾ, പച്ചപ്പായലുകളുടെ ചെറുദ്വീപുകൾ. പുഴയുടെ നടുക്ക്‌ ഒരു കൊച്ചുതോണിയിൽ അവനും അവളും പിന്നെ അപരിചിതനായ മറ്റൊരാളും. ഒഴുക്കിനേയും ഓളങ്ങളേയും വകഞ്ഞ്‌ അക്കരയ്‌ക്ക്‌ ശാന്തമായി തുഴയുകയായിരുന്നു അവർ. പെട്ടെന്ന്‌ അവൻ തോണി മുക്കാനെന്നപോലെ ഇരുവശങ്ങളിലേക്കും ആട്ടിയുലയ്‌ക്കുകയാണ്‌. തോണിത്തലയ്‌ക്കൽ കെട്ടിയിരുന്ന കയറിൽ മുറുകെ പിടിച്ച്‌ അവൾ കരയുകയാണ്‌.

“നിർത്തൂ… എന്തു ഭ്രാന്താണിത്‌… എനിക്കു ഭയമാകുന്നു.” വിറയാർന്ന ശബ്‌ദത്തിൽ അവൾ അത്രയും പറയുന്നു.

“ഇതൊരു പരീക്ഷണമാണ്‌.”

അവൻ അങ്ങനെ പ്രതിവചിച്ചശേഷം തോണി വീണ്ടും ഉലയ്‌ക്കുകയാണ്‌. തോണിയിൽ വെളളം നിറയുകയാണ്‌. അവളുടെ നിലവിളികൾ പുഴയുടെ ഓളങ്ങളെ വിറപ്പിക്കുകയാണ്‌. അവൻ അവളുടെ വെപ്രാളം കണ്ട്‌ പൊട്ടിച്ചിരിക്കുകയാണ്‌. അപരിചിതനായ ആ മനുഷ്യൻ കണ്ണിൽ കുസൃതിയുമായി അവരെ നോക്കി ഇരിക്കുകയാണ്‌.

ആ സ്വപ്‌നത്തെക്കുറിച്ച്‌ അവൾ പറഞ്ഞതിനുശേഷം അവന്റെ കാതുകളിൽ അതിലെ ഒരു വാക്ക്‌ മുഴങ്ങിനിന്നു.

“ഇതൊരു പരീക്ഷണമാണ്‌… ഇതൊരു പരീക്ഷണമാണ്‌.”

അവൻ ഭയപ്പെട്ടു. ജീവിതത്തിൽ അവൻ അവളെ പരീക്ഷിക്കുകയാണോ എന്ന്‌ അവളുടെ ബോധത്തിലെവിടെയോ ഒരു സംശയം നീറുന്നില്ലേ? അതുകൊണ്ടല്ലേ അത്തരം ഒരു സ്വപ്‌നം?

യഥാർത്ഥത്തിൽ അവൻ അവളെ ഒരു പരീക്ഷണവസ്‌തു ആയാണോ കരുതുന്നത്‌? അല്ല സത്യമായും അല്ല. ഉളളത്‌ ഇത്രമാത്രം.

ജീവിതത്തെക്കുറിച്ച്‌ ഒരിക്കലും ഉത്തരം കിട്ടാത്ത എത്രയോ ചോദ്യങ്ങളുടെ പിന്നാലെ അവർ ഉന്മാദികളെപോലെ പാഞ്ഞു പോയിരിക്കുന്നു. ഇടക്കൊക്കെ അവൻ ശ്രമിച്ചിരുന്നു, അവളെ അവനെപ്പോലെയാക്കാൻ. ഒരേ അഭിപ്രായം, ഒരേ ചിന്തകൾ, ഒരേ മനസ്സ്‌… സമാന ഹൃദയരായിരിക്കുക എന്നതാണ്‌ സൗഹൃദത്തിന്റെ ഉത്തമമായ അടയാളം എന്നതിനാൽ മാത്രമാണ്‌ അവൻ ബോധപൂർവ്വം അങ്ങനെ ചെയ്‌തത്‌. അവൻ പറയുന്ന കാര്യങ്ങൾ അവൾക്കൊരിക്കലും മനസ്സിലാകാതെ പോകരുതെന്നേ അവൻ ആഗ്രഹിച്ചുളളൂ. അതുകൊണ്ട്‌ സംഭവിച്ച അവിവേകം, അത്‌ അവൾക്കു മനസ്സിലായോ? അതിനാലാണോ അത്തരം ഒരു സ്വപ്‌നം?

അവൾ കണ്ട ആ സ്വപ്‌നത്തിലെ തോണിയിൽ അവരോടൊപ്പം ഉണ്ടായിരുന്ന സഞ്ചാരിയെ, അപരിചിതനായ ആ മനുഷ്യനെക്കുറിച്ച്‌ അവൾ വ്യക്തമായ സൂചനകൾ തന്നിരുന്നില്ല. അയാൾ വൃദ്ധനോ? ചെറുപ്പക്കാരനോ? അയാളുടെ കണ്ണുകളിൽ കുസൃതിയുണ്ടായിരുന്നു എന്ന്‌ അവൾ പറഞ്ഞിരുന്നു. അത്‌ ലോകാനുഭവങ്ങളുടെ വെയിലും മഴയുമേറ്റ്‌ അലഞ്ഞു നടക്കുന്ന ഒരു മനുഷ്യന്റെ കണ്ണുകളിലുണ്ടാകുന്ന കുസൃതിയല്ലേ? ഈ മഹാപ്രപഞ്ചത്തിൽ അലയുന്ന അനേകം വിസ്‌മയങ്ങളിൽ അല്പായുസ്സുകളായ രണ്ട്‌ ജീവശരീരങ്ങൾ മാത്രമാണ്‌ അവനും അവളും എന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരിക്കും. ആയുസ്സിന്റെ ഗണിതനിയമങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമ്പോഴും സ്വന്തം ജീവിതത്തിൽ അവർ നടത്തുന്ന പരീക്ഷണങ്ങളെ കുസൃതിനിറഞ്ഞ ഒരു നോട്ടത്തോടെയല്ലാതെ എങ്ങനെയാണ്‌ ജ്ഞാനിയായ ഒരു മനുഷ്യൻ നേരിടേണ്ടത്‌?

ഓ… ചെറിയൊരു സ്വപ്‌നത്തിന്റെ വ്യംഗ്യാർത്ഥങ്ങളെ തേടി നമ്മൾ ഇങ്ങനെ അലയേണ്ട ആവശ്യമുണ്ടോ? അവരുടെ സ്വപ്‌നങ്ങളെ വിശകലനം ചെയ്യുകയല്ലല്ലോ നമ്മുടെ ലക്ഷ്യം. അവൻ, അവൾ, അവരുടെ ജീവിതം… അതിന്റെ ആകുലതകൾ പങ്കുവയ്‌ക്കുകയല്ലേ…?

ഇന്നലെ അവൾ അവനോടു ചോദിച്ചു. “ഞാൻ നിന്റെ വീട്ടിൽ വേലക്കാരിയായി വരട്ടെ? അടിച്ചുവാരാനും തുണികഴുകാനും..”

(സാധാരണ ഗതിയിൽ സൗഹൃദം പ്രണയത്തിലേക്ക്‌ വഴിമാറുമ്പോൾ കൂട്ടുകാരി ഇങ്ങനെ ചോദിച്ചേക്കാം. “ഞാൻ നിന്റെ വീട്ടുകാരിയാവട്ടെ… നിനക്കുവേണ്ടി പ്രാർത്ഥിച്ച്‌… നിനക്കുവേണ്ടി ഭക്ഷണമൊരുക്കി.. നീ വരുന്നതും കാതോർത്ത്‌… നിന്റെ കുട്ടികളുടെ അമ്മയായി…” പക്ഷേ അവൾ അങ്ങനെ ചോദിക്കില്ലെന്ന്‌ അവനറിയാം. അവൻ അത്തരം ഒരു ചോദ്യം പ്രതീക്ഷിക്കുകയോ ഇഷ്‌ടപ്പെടുകയോ ഇല്ലെന്ന്‌ അവൾക്കും…)

അവളുടെ ചോദ്യം, അതിലെ ഗൗരവം അവനെ ചുഴറ്റിയടിച്ചു കളഞ്ഞു.

“വീട്‌… അങ്ങനെയൊന്നുണ്ടാകുമെങ്കിൽ തീർച്ചയായും…. വേലക്കാരിയായിട്ടല്ല, എന്റെ വീട്ടിലെ കാടും വെളിച്ചവുമായി..”

കുറച്ചു നിമിഷങ്ങൾക്കുശേഷം കൃത്രിമമായി ഒരു ചിരി വരുത്തി അങ്ങനെ പറഞ്ഞപ്പോഴും അവന്റെ ശബ്‌ദം വിറയ്‌ക്കുന്നുണ്ടായിരുന്നു.

അതിനുശേഷമാണ്‌ അവൻ വീടിനെക്കുറിച്ച്‌ ആലോചിച്ചു തുടങ്ങിയത്‌. ജീവിതകാലം മുഴുവൻ അലസനായ ഒരു സഞ്ചാരിയായിത്തീരാൻ ആഗ്രഹിച്ചിരുന്ന അവന്‌ വീട്‌ എന്ന സങ്കല്പം ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ അവന്‌ അതിന്റെ ആവശ്യകതയെ അറിയാം. കാരണം അവന്റെ ഉളളം നിറയെ അവളെക്കുറിച്ചുളള ആകുലതകളാണ്‌. ഇഴമുറിയാത്ത മഴപോലെ പെയ്യുന്ന അവളുടെ സങ്കടങ്ങൾ, ദുരിതങ്ങൾ അതെല്ലാം തീർക്കാൻ മറ്റൊരു മാർഗ്ഗമില്ലെന്ന്‌ അവനറിയുന്നു.

വീട്‌… അവൾ കണ്ട ആ തോണിസ്വപ്‌നത്തിലെ പുഴയുടെ അക്കരെയായിരിക്കണം. അവൻ ഗാഢമായി ചിന്തിച്ചു തുടങ്ങി. അവിടെ പുലരികളെ ഉന്മേഷഭരിതമാക്കുന്ന കിളികളുടെ കളകൂജനങ്ങളുണ്ടാകും, അറ്റം പിളർന്ന വിഷനാവുകളുമായി അവളെ ആക്രമിക്കാത്ത പകലുകൾ, ഒരു കൊലയാളിയെപ്പോലെ പതിയിരുന്നു ഞെട്ടിക്കാത്ത സന്ധ്യകൾ, സുഖദസ്വപ്‌നങ്ങളുടെ സാഗരഗർഭങ്ങളിലേക്ക്‌ അവളെ കൊണ്ടുപോകുന്ന രാത്രികൾ, കൊടുങ്കാറ്റിനും പെരുമാരിക്കും തകർക്കാനാകാത്ത സ്‌നേഹം നിറഞ്ഞ വീട്‌ അതിന്‌ മേഘങ്ങളുടെ സ്വപ്‌നം എന്നു പേര്‌….

“അവിടെ ചങ്ങാതികളായി, പരസ്‌പരം കണ്ണാടികളായി ഞാനും നീയും….മഞ്ഞുകാല പ്രഭാതങ്ങളിൽ നമ്മളൊന്നിച്ച്‌ നടക്കാനിറങ്ങും…നീലയും ചുവപ്പും പൂവുകൾ വീണു കിടക്കുന്ന വഴിയിലൂടെ…”

“എന്നിട്ട്‌?”

നാളെ അവൻ വീടിനെക്കുറിച്ചുളള ആ സ്വപ്‌നത്തെ വിവരിച്ചുകൊണ്ടിരിക്കെ അവൾ ചോദിക്കും.

“എന്നിട്ടൊന്നുമില്ല….അപ്പോഴേക്കും ഞാൻ കണ്ണുതുറന്നു.”

“ശ്ശോ…”

അന്നേരം അവൾ കുട്ടികളെപോലെ കെറുവിക്കുന്നത്‌ ഓർക്കുന്നതുതന്നെ അവന്‌ രസകരമാണ്‌.

പ്രഭാതത്തിന്‌ ഇനി അല്പനേരം മാത്രം. വെളുപ്പാൻ കാലത്ത്‌ കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നാണല്ലോ അവൾ എപ്പോഴും പറയാറുളളത്‌. അതുകൊണ്ട്‌ അവൻ ചിന്തകളുടെ മുൾക്കാടുകൾക്കിടയിലൂടെ ഉളള ഈ യാത്ര അവസാനിപ്പിച്ച്‌ കണ്ണുകളെ സ്വപ്‌നസഞ്ചാരത്തിനുളള സൗകര്യാർത്ഥം അടയ്‌ക്കട്ടെ…. അവളോട്‌ പറയുവാൻ വേണ്ടിയുളള ആ വീടിന്റെ സ്വപ്‌നരേഖകൾ മന്ത്രവാദിയുടെ മഷിനോട്ടത്തിലെന്നപോലെ കാണാകട്ടെ…

Generated from archived content: story1_oct20.html Author: jibi_kg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here