നിശ്ശബ്‌ദമായ നിലവിളികൾ

“വേദന തുടങ്ങി..”

ഓഫീസ്‌ മുറിയുടെ ചുവന്ന കർട്ടനെ പകുത്തുകൊണ്ട്‌ സിസ്‌റ്റർ ആഗ്നസിന്റെ മെഴുകുമുഖം ഇത്തരം ഒരു അറിയിപ്പോടെ കടന്നുവന്നപ്പോഴേക്കും ഫാദർ സാമുവൽ ടാക്‌സി സ്‌റ്റാൻഡിലേക്ക്‌ ഫോൺ ചെയ്‌തിരുന്നു.

ഇന്ന്‌ ഒരു വല്ലാത്ത ദിവസമാണെന്ന്‌ ഫാദർ സാമുവൽ ഓർത്തു. അജ്ഞാതമായ ഏതോ താവളത്തിൽ നിന്ന്‌ ക്ലീറ്റസ്‌ ആന്റണിയുടെ കത്ത്‌ വന്നത്‌ ഇന്നാണ്‌. ഇപ്പോഴിതാ അയാളുടെ മകൾ മരിയ പ്രസവിക്കാനായി ആശുപത്രിയിലേക്ക്‌ പോകുന്നു.

സിസ്‌റ്റർ ആഗ്നസിനോടൊപ്പം കാറിലേക്ക്‌ കയറാനായി വേച്ചുവേച്ച്‌ നടക്കവേ മരിയ, ഫാദർ സാമുവലിനെ നോക്കി ചെറുതായി പുഞ്ചിരിക്കാൻ ശ്രമിച്ചു. ചോരക്കട്ടപോലെ തടിച്ചുതൂങ്ങിയ അവളുടെ ചുണ്ടുകളുടെ കോണിൽ, നീരും വെളിച്ചവും വറ്റിയ കണ്ണുകളിൽ ആ പുഞ്ചിരി പരാജയപ്പെടുന്നതും കടുംമഞ്ഞനിറം ബാധിച്ച അവളുടെ മുഖം വികൃതമാകുന്നതും കണ്ടപ്പോൾ ഫാദർ സാമുവൽ അവൾക്കരികിലെത്തി. ആ മുതുകിൽ മൃദുവായി തടവി. അവളുടെ മുതുകെല്ലുകൾ കൂർത്തുപൊന്തിയിരുന്നു, സമൃദ്ധമായിരുന്ന തലമുടി മിക്കവാറും ഊരിപ്പോയിരുന്നു. അവളണിഞ്ഞിരുന്ന കറുപ്പിൽ വെളുത്ത പുളളികളുളള കോട്ടൺ മാക്‌സിയുടെ ഉദരഭാഗം കണ്ടപ്പോൾ ഫാദർ സാമുവൽ ഓർത്തു. മരിയ ഇപ്പോൾ വീർത്തുരുണ്ട ഒരു വയർ മാത്രമായിരിക്കുന്നു. അദ്ദേഹം മരിയയെ സാവധാനം കാറിനകത്തേക്ക്‌ കയറ്റിയിരുത്തി.

എട്ടുമാസങ്ങൾക്കുമുമ്പ്‌ ക്ലീറ്റസ്‌ ആന്റണിയുടെ വീടിന്റെ പൂമുഖത്ത്‌ ഒരു പത്രവിതരണക്കാരന്റെ കഴുത്ത്‌ മുറിച്ച ശരീരം കണ്ടെത്തിയ അതേ ദിവസമാണ്‌ ക്ലീറ്റസ്‌ ആന്റണി നാടുവിട്ടത്‌. കൈകാലുകൾ പ്ലാസ്‌റ്റിക്‌ റോപ്പുകൊണ്ട്‌ ബന്ധിക്കുകയും ചുണ്ടുകളിൽ പ്ലാസ്‌റ്റർ ഒട്ടിക്കുകയും ചെയ്‌ത നിലയിൽ മരിയയെ സെന്റ്‌ തോമസ്‌ ഓർഫനേജിന്റെ പൂന്തോട്ടത്തിൽ നിന്നും കണ്ടെത്തിയതും അന്നുതന്നെ. മതിലിനു മുകളിലൂടെ പൂന്തോട്ടത്തിലേക്ക്‌ ഒരു മരത്തടിപോലെ മറിച്ചിട്ടതിനാലാവാം മരിയയുടെ ശരീരത്തിൽ അന്ന്‌ ക്ഷതങ്ങൾ ഏറെയായിരുന്നു. ഒരാഴ്‌ചത്തെ ചികിത്സയ്‌ക്കിടയിൽ എപ്പോഴോ ഡോക്‌ടർ മോൻസി ജോസഫ്‌ പറഞ്ഞു.

“ആ കുട്ടി ഗർഭിണിയാണ്‌.”

അന്നേരം ഫാദർ സാമുവലിന്റെ ഹൃദയത്തിൽ മരണപ്പെട്ട പത്രവിതരണക്കാരന്റെ കഴുത്തിൽ നിന്നും ഞരമ്പു പിളർന്നൊഴുകിയ ചോരയും മൃതിയിലേക്ക്‌ തെറിച്ച മാംസശകലങ്ങളും രൂക്ഷഗന്ധവുമായെത്തി.

“ആരാണ്‌?”

സിസ്‌റ്റർ ആഗ്നസ്‌ അടക്കിപ്പിടിച്ച ശബ്‌ദത്തിൽ മരിയയോട്‌ ചോദിച്ചു.

ഒരു പെൺകുട്ടിക്ക്‌ പറയാവുന്നതിൽ ഏറ്റവും ചെറിയ ശബ്‌ദത്തിലാണ്‌ മരിയ ആ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞതെങ്കിലും ഒരു കിടിലൻ ശബ്‌ദം കേട്ടപ്പോഴെന്നപോലെ സിസ്‌റ്റർ ആഗ്‌നസ്‌ നടുങ്ങി.

ക്ലീറ്റസ്‌ ആന്റണി പോലീസിന്റെ പിടിയിൽ അകപ്പെടുകയും പത്രങ്ങളിൽ നിറഞ്ഞ വാർത്തയാവുകയും ചെയ്‌തശേഷമാണ്‌ സിസ്‌റ്റർ ആഗ്‌നസ്‌ ഈ കാര്യം ഫാദർ സാമുവലിനോട്‌ പറഞ്ഞത്‌.

“ഒരു ഒമ്പതാം ക്ലാസുകാരിയുടെ പ്രണയത്തിന്‌ ഇത്രമാത്രം തീവ്രതയുണ്ടാകുമെന്ന്‌ ഞാൻ കരുതിയിരുന്നില്ല. കാമുകനിൽ നിന്നും സ്വീകരിച്ച ഗർഭത്തിന്‌ സ്വന്തം അപ്പനെ… ഒരുപക്ഷേ അതായിരിക്കും ശരി അല്ലേ ഫാദർ? നിറഞ്ഞ ഏകാന്തതയിൽ തനിക്കു കൂട്ടായിരുന്നവരെ നഷ്‌ടപ്പെടുമ്പോഴുണ്ടാകുന്ന പ്രതികാരബുദ്ധിയായിരിക്കാം ഒരുപക്ഷേ സ്‌നേഹത്തിന്റെ ശരിയായ അടയാളം.”

ക്രൂശിത രൂപത്തിലെ തിരുമുറിവുകളിലെ ചുവപ്പിലേക്കു നോക്കി എല്ലാം കേട്ടു നിന്നപ്പോൾ ഫാദർ സാമുവലിന്‌ ശ്വാസതടസ്സമുണ്ടായി… സെൻട്രൽ ജയിലിന്റെ ഇരുണ്ട ഇടനാഴിയ്‌ക്കപ്പുറം ഇരുമ്പുവേലിയുടെ ചതുരവടിവുകളിലെ തണുപ്പിൽ കൈവിരലുകൾ ചേർത്തുവച്ച്‌ ക്ലീറ്റസ്‌ ആന്റണിയോട്‌ സംസാരിച്ചപ്പോഴും ഫാദർ സാമുവലിന്‌ ശ്വാസതടസ്സം അനുഭവപ്പെട്ടു.

“എല്ലാം എന്റെ തെറ്റാണ്‌.” ക്ലീറ്റസ്‌ ആന്റണി പറഞ്ഞു.

“അമ്മയില്ലാത്ത കുട്ടി, വേലക്കാരോ സ്വന്തക്കാരോ ഇല്ലാത്ത വീട്‌… രാത്രികാലങ്ങളിൽ അവളുടെ മുറിയിൽ നിഴലുകൾ അനങ്ങിയിരുന്നത്‌ ഞാനറിഞ്ഞിരുന്നില്ല ഫാദർ. പത്രവിതരണക്കാരൻ അവരിൽ ഒരുവൻ മാത്രമായിരിക്കാം. ഒടുവിൽ ആരുടേയോ ഒരു കുട്ടിയെ ഗർഭത്തിൽ ചുമന്ന്‌… പാവം.. എന്റെ മരിയ.”

ക്ലീറ്റസ്‌ ആന്റണി കൂർത്ത മഞ്ഞ നഖങ്ങളാൽ വികൃതമായ അയാളുടെ തടിച്ച കൈവിരലുകളാൽ ഫാദർ സാമുവലിന്റെ കൈകളിൽ അമർത്തിപ്പിടിച്ചു.

“ഫാദർ… അവളുടെ ആ നീലക്കണ്ണുകളിലൂടെയാണ്‌ ഞാനെന്റെ പ്രിയപ്പെട്ടവളെ കണ്ടിരുന്നത്‌….അവളെ പ്രസവിച്ച ഉടനെ മരിച്ചുപോയ അവളുടെ അമ്മയെ… അതേ രൂപം… വിരിഞ്ഞ നെറ്റി, നീണ്ട മൂക്ക്‌, തടിച്ചുച്ചുവന്ന ചുണ്ടുകൾ, ഒതുങ്ങിയ അരക്കെട്ട്‌, എഴുന്നു നിൽക്കുന്ന തോളെല്ലുകൾ, കഴുത്തിലെ നീല ഞരമ്പുകൾ, തടിച്ച മാറിടം…”

താളാത്മകമായ ഒരു കിതപ്പോടെ അയാളങ്ങനെ തുടർന്നുകൊണ്ടിരിക്കെ അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു ആസക്തി വന്നു നിറയുന്നത്‌ ഫാദർ സാമുവൽ കണ്ടു. ഫാദർ സാമുവൽ തന്റെ കൈകളെ അയാളുടെ പിടിയിൽ നിന്നും മോചിപ്പിച്ചശേഷം ധൃതിയേറിയ പാദങ്ങളോടെ തിരിഞ്ഞു നടന്നു.

അന്ന്‌ ഓർഫനേജിലെ പ്രാർത്ഥനാമുറിയിൽ, മെഴുകുതിരികളുടെ സ്വർണ്ണവെളിച്ചത്തിനിടയിൽ; ക്രൂശിതരൂപത്തിനുമുന്നിൽ വച്ച്‌ മരിയയുടെ മുഖത്തേക്ക്‌ വിശുദ്ധ വേദപുസ്‌തകം നീട്ടിപിടിച്ചുകൊണ്ട്‌ ഫാദർ സാമുവൽ ചോദിച്ചു.

“ആരാണ്‌…..ആരാണ്‌ നിന്റെ കുട്ടിയുടെ പിതാവ്‌?” നേർത്തുനീണ്ട വിരലുകൾ വിറകൊളളുന്ന കൈത്തലം വേദപുസ്‌തകത്തിന്റെ കനത്തചട്ടയിൽ അമർത്തിക്കൊണ്ട്‌ മരിയ പറഞ്ഞു. മുമ്പൊരിക്കൽ സിസ്‌റ്റർ ആഗ്‌നസിനോട്‌ പറഞ്ഞ അതേ വാക്കുകൾ… ചാഞ്ചല്യമില്ലാത്ത, കുലീനമായ അതേ നേർത്ത ശബ്‌ദത്തിൽ. പിന്നെ അവൾ ശബ്‌ദമില്ലാതെ കരഞ്ഞുകൊണ്ട്‌ ഫാദർ സാമുവലിന്റെ കാൽക്കലേക്ക്‌ വീണു. ദിവസങ്ങളിലേക്ക്‌ നീണ്ടുപോയ ആ നിശ്ശബ്‌ദമായ നിലവിളികൾ ഓർഫനേജിന്റെ ഇടനാഴികളെ അമ്പരപ്പിച്ചു. മരിയ ക്ഷീണിച്ചു… വിയർത്തു… അവളുടെ കണ്ണുകളിൽ ഗർഭാവസ്ഥയുടെ മഞ്ഞനിറം മാത്രം മങ്ങിയ മെഴുകുതിരിനാളം പോലെ നീറിനിന്നു.

ഓർഫനേജിന്റെ മതിൽക്കെട്ടിനപ്പുറം പോലീസുകാർ കാവലിരുന്നു. ജയിൽചാടിയ അപ്പൻ ഗർഭിണിയായ മകളെ കാണാൻ വന്നെത്തുമെന്ന്‌ അവർ ഉറക്കമൊഴിഞ്ഞു കാത്തു. ഫാദർ സാമുവൽ കൊണ്ടുകൊടുത്തിരുന്ന വെളുത്ത കടലാസുകളിൽ നീണ്ട കൊമ്പുകളും ദംഷ്‌ട്രകളുമുളള രൂപങ്ങൾ വരച്ച്‌ അതിന്റെ തലക്കെട്ടിൽ അപ്പന്റെ പേരെഴുതി മെഴുകുതിരിയുടെ മഞ്ഞവെളിച്ചത്തിലേക്ക്‌ നീട്ടി അത്‌ കരിച്ചു കളയുകയായിരുന്നു മരിയ ആ രാത്രികളിലൊക്കെ ചെയ്‌തിരുന്നത്‌. അത്തരം രാത്രികളിലൊന്ന്‌ നിശ്ശബ്‌ദമായി ഇരുണ്ട്‌ വെളുത്തപ്പോഴാണ്‌ ക്ലീറ്റസ്‌ ആന്റണിയുടെ കത്ത്‌ ഫാദർ സാമുവലിനെ തേടിവന്നത്‌.

ഫാദർ സാമുവൽ,

എനിക്കറിയാം മരിയയെ കാണുവാൻ ഞാനെത്താതിരിക്കില്ല എന്നു കരുതി അവിടെ ഇപ്പോൾ പോലീസുകാർ കാവലുണ്ടാകും. ഭയപ്പെട്ടിട്ടല്ല ഫാദർ അവിടെവരെ വന്ന്‌ ഞാൻ അവളെ കാണാത്തത്‌. എന്റെ മരിയയോട്‌ പറയുക നിർഭാഗ്യവാനായ ഈ പിതാവിന്‌ മാപ്പ്‌ തരുവാൻ.

എനിക്ക്‌ കഴിഞ്ഞില്ല ഫാദർ അപരിചിതരായ തടവുപുളളികളുടെ വേട്ടക്കണ്ണുകളുടെ നോട്ടം പാളിയെത്തുന്ന ഇടുങ്ങിയ മുറിയിൽ കഴിയുവാൻ. ഞാൻ മരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്‌. അതിനുളള ഇടവും ഞാൻ കണ്ടെത്തിയിരിക്കുന്നു. അത്‌ ജലത്തിലായിരിക്കും…അതെ ഫാദർ അങ്ങിപ്പോൾ ഓർത്തതുപോലെതന്നെ പളളിയുടെ പിന്നാമ്പുറത്തുകൂടി ഒഴുകുന്ന പുഴയിൽ. ഓരോ രോമകൂപത്തിലൂടെയും ഞാൻ പുഴയിലെ നീലജലത്തെ ഏറ്റുവാങ്ങും… ഒടുവിൽ പുഴയെപോലെ എന്റെ ശരീരം തണുത്തുപോവുകയും ഈ ശരീരത്തിന്റെ ഓരോ വടിവുകളിലും കുസൃതിക്കാരായ കുഞ്ഞുമീനുകൾ ശില്പവേല തുടങ്ങുകയും ചെയ്യുംവരെ, പുഴയുടെ വാത്സല്യത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌….

മരിയയോട്‌ പറയുക പ്രസവത്തിനുശേഷം പുഴക്കരയിൽ അവളുടെ കുഞ്ഞിനേയും കൊണ്ടുവരുവാൻ. അത്‌ മിക്കവാറും നിലാവുളള രാത്രിയിൽ ആയിരിക്കുകയും വേണം. അന്നേരം പുഴയിലെ ഓളങ്ങളായ്‌ വന്ന്‌ എനിക്കവളുടെ പാദങ്ങളെ ചുംബിക്കണം… അവളുടെ അമ്മയുടേതുപോലെ അല്‌പം നീരുകെട്ടിയതോ എന്ന്‌ സംശയം തോന്നിപ്പോകുന്ന സുന്ദരമായ ആ കാലുകളിൽ. പുഴയും ഞാനും ഒന്നായി തീർന്നതാകകൊണ്ട്‌ എനിക്കന്നേരം ആയിരം ചുണ്ടുകളുണ്ടാവും ആയിരം നാവുകളുണ്ടാകും ആലിംഗനത്തിന്‌ വെമ്പുന്ന ആയിരം കൈകളുണ്ടാവും… വിട..

സ്‌നേഹപൂർവ്വം

ക്ലീറ്റസ്‌ ആന്റണി

കത്ത്‌ ഒരാവർത്തികൂടി വായിച്ചു കഴിഞ്ഞപ്പോൾ തന്റെ ഞരമ്പുകളിലൂടെ അഗ്‌നിക്കുളമ്പുകളുളള കുതിരകൾ ഭ്രാന്തമായ താളത്തിൽ പാഞ്ഞുപോകുന്നതുപോലെ ഫാദർ സാമുവലിന്‌ തോന്നി. അദ്ദേഹം ലൂർദ്ദ്‌ മെഡിക്കൽ മിഷൻ ഹോസ്‌പിറ്റലിലേക്ക്‌ വിളിച്ചു. ലേബർ റൂമിനുമുന്നിൽ ഉറക്കമൊഴിഞ്ഞിരുന്ന സിസ്‌റ്റർ ആഗ്‌നസ്‌ ഫോൺ ചെവിയിൽ ചേർത്തു.

“സിസ്‌റ്റർ ആഗ്‌നസ്‌ മരിയ ഇന്ന്‌ ഒരാൺകുട്ടിയെ പ്രസവിക്കും. അവനെ നമുക്ക്‌ ഇമ്മാനുവൽ എന്ന്‌ പേരുവിളിക്കണം. കാരണം… ദൈവം…ഇപ്പോഴും…”

സിസ്‌റ്റർ ആഗ്നസിന്റെ ചെവിയിൽ നിന്നും ഫാദർ സാമുവലിന്റെ ശബ്‌ദം പറന്നുപോയി. ഫാദർ സാമുവലിന്റെ ഞരമ്പുകളിലൂടെ പാഞ്ഞിരുന്ന ചോര രോമകൂപങ്ങളിലൂടെ പുറത്തേക്ക്‌ പൊടിഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിൽ ആകമാനം മൊട്ടുസൂചികുത്തുവലിപ്പത്തിൽ രക്തബിന്ദുക്കൾ.

പിന്നീട്‌… കറുത്ത കരുത്തൻ കാലുകളും ചുവന്ന ചിറകുകളുമുളള ഒരു കൂറ്റൻ ചിത്രശലഭം ഫാദർ സാമുവലിനെ അളളിയെടുത്തുകൊണ്ട്‌ ആകാശത്തിന്റെ അറ്റത്തേക്ക്‌ പറക്കുന്നത്‌ സ്വപ്നത്തിൽ കണ്ട്‌ സെന്റ്‌ തോമസ്‌ പളളിയിലെ ശവക്കുഴി വെട്ടുകാരി ഞെട്ടിപ്പിടഞ്ഞു. ലൂർദ്ദ്‌ മെഡിക്കൽ മിഷൻ ഹോസ്‌പിറ്റലിന്റെ ലേബർറൂമിൽ മരിയയുടെ തുടകൾക്കിടയിലൂടെ ലോകത്തിന്റെ വെളിച്ചവും നിറവും കാണുവാൻ ഭാഗ്യമില്ലാത്ത ഒരു പെൺകുഞ്ഞിന്റെ ശരീരം പുറത്തേക്ക്‌ വഴുതി.

Generated from archived content: story1_mar16.html Author: jibi_kg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here