മെഴുകുതിരികൾ എണ്ണത്തിൽ കുറവായിരുന്നു. എങ്കിലും വെളിച്ചം അതിശയിപ്പിക്കുന്നതായിരുന്നു. വിശാലമായ ആ ആൾത്താരയെ പ്രഭാപൂരത്തിലാഴ്‌ത്തിക്കൊണ്ട് പരിശുദ്ധ മഞ്ഞുമാതാവിന്റെ കാൽചുവട്ടിൽ താൻ കൊളുത്തിയ മെഴുകുതിരികൾ തന്റെ സങ്കടത്തേക്കാൾ ആളുന്നത് കപ്യാർ നിറകണ്ണുകളോടെ നോക്കിനിന്നു. പിന്നെ അന്ന് ഭിക്ഷയെടുത്തു കിട്ടിയതിൽ ബാക്കി ഉണ്ടായിരുന്ന പണം കൊടുത്തു വാങ്ങിയ റൊട്ടിയുമായി സെമിത്തേരിയിലേക്കു പോയി.
അവിടെ അസംതൃപ്‌തരായ ആത്മാക്കളുടെ കുഴിമാടങ്ങളെ കാത്തുകൊണ്ട് ഒരു പ്രേതരൂപം പോലെ മേരിതാത്തി ഉണ്ടാകുമെന്ന് അയാൾക്കറിയാമായിരുന്നു. “ഒരു ഫോട്ടം പിടിച്ചതിനഞ്ഞൂറു രൂപ കിട്ടി കപ്യാരേ…” ‘ദ് വീക്കിൽ’ മേരിതാത്തിയെക്കുറിച്ച് ഒരു ലേഖനം വന്നിരുന്നു. പിയത്തയുടെ രൂപത്തിനുമുന്നിൽ നിൽക്കുന്ന അവരുടെ ഫോട്ടോയും. പളളിപ്പുറത്തുകാർ അന്നാണ് അറിയുന്നത് കേരളക്കരയിൽ ആകെയുളള ഒരു ശവക്കുഴിവെട്ടുകാരിപ്പെണ്ണ് മേരിതാത്തിയാണെന്ന്. കുഴിവെട്ടി മൂടിയ ദേഹങ്ങളുടെ സഫലമാകാത്ത സ്വപ്നങ്ങളും വെട്ടിയൊരുക്കിയ കുഴികളിൽ മൂടപ്പെടാനിരിക്കുന്നവരുടെ ഭീതികളും മേരിതാത്തിയിൽ വേവ് പടർത്തിയപ്പോഴാവണം അവർ തികഞ്ഞ ഒരു മദ്യസേവക്കാരിയായത്, നിരന്തരം പുകവലിച്ച് ചുണ്ടുനീറ്റിയത്. കുഴിവെട്ടുമ്പോൾ, അസ്ഥിശകലങ്ങൾ പെറുക്കിമാറ്റി കുഴി വൃത്തിയാക്കുമ്പോഴും കിട്ടിയിരുന്ന കുറച്ചു രൂപയും മദ്യവുമായിരുന്നു അവരുടെ ജീവിതോപാധി… ഞായറാഴ്‌ചകളിൽ, ആത്മക്കാരുടെ ദിവസങ്ങളിലും കുഴിമാടങ്ങളിൽ പ്രാർത്ഥനയർപ്പിക്കാൻ എത്തിയിരുന്നവർ എറിഞ്ഞു കൊടുക്കുന്ന ചില്ലറകളും.
മദ്യലഹരിയിൽ തടങ്ങൾ വീർത്ത ചുവന്ന മിഴികളുമായി സെമിത്തേരിയിലെ കുരിശുരൂപത്തിനു താഴെ കല്പടവിൽ മേരിതാത്തി യാചനാഭാവത്തിൽ ഇരിക്കുമായിരുന്നു. അവരുടെ നീട്ടിപ്പിടിച്ച കൈകളെ തിരസ്‌കരിച്ച് പാളുന്ന കത്തിയുടെ ശബ്‌ദത്തിൽ പട്ടുചേലകൾ ഉലച്ച് കടന്നുപോകുന്ന പെണ്ണുങ്ങളെ നോക്കി അവർ പാട്ടുപോലെ പറഞ്ഞിരുന്നു.
‘പുത്തൻ പണക്കാരികൾ
എന്ധ്യാനിച്ചികൾ
ചത്താൽ…തെങ്ങിൻ തടത്തിൽ
കുഴിവെട്ടി മൂടണം.’
ഈയിടെയായി മേരിതാത്തി ആ പാട്ടു പാടാറില്ല. കാരണം അന്നത്തെ ആ പെണ്ണുങ്ങൾ ഇന്ന് നിത്യദാരിദ്ര്യത്തിന്റെ നരകപീഢകളേറ്റുകൊണ്ട് തങ്ങളുടെ സമ്പന്നതയുടെ കാലം മാഞ്ഞുപ്പോയതിൽ ദൈവത്തെ പഴിച്ചുകൊണ്ട് കഴിയുകയാണ്. ആ പട്ടുചേലകൾ പണ്ട് തങ്ങൾ ചെയ്‌ത യാത്രകളുടെ ഓർമ്മകളുമായി തുരുമ്പിച്ച അലമാരകളിലിരുന്ന് ഇരട്ടവാലന് തീറ്റയാവുകയാണ്.
സെമിത്തേരിയിൽ പിയത്തയുടെ രൂപത്തിനു താഴെ മേരിതാത്തി കിടന്നുറങ്ങുകയായിരുന്നു. അവർക്കു മുന്നിൽ ഗബ്രിയേൽ, വർഗ്ഗീസ് എന്നീ പാതിരിമാരുടെ കല്ലറകൾ തൂത്തുവൃത്തിയാക്കുകയും വലിയ മഞ്ഞപ്പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്‌തിരുന്നു. വലിയ ഇതളുകളുളള ആ മഞ്ഞപ്പൂക്കൾ വിടരുന്ന ചെടി പഴയ മണിമാളികയുടെ അരികിലാണ് നിന്നിരുന്നത്. വിഷക്കൊമ്പുളള കടന്നലുകളുടെ ആവാസകേന്ദ്രമായതിനാലും ഡച്ചുകാരുടെ അധിനിവേശക്കാലത്തോളം പഴക്കമുളള കെട്ടിടമായതിനാലും ആ മണിമാളികയ്‌ക്കരികിൽ ആരും ചെല്ലുമായിരുന്നില്ല. ചെറിയൊരു മണിമാളികയാണ് പളളിയാവശ്യങ്ങൾക്ക് ഇപ്പോൾ ഉപയോഗിച്ചു വരുന്നത്. മേരിതാത്തി മാത്രം മഞ്ഞപ്പൂക്കൾ പറിക്കും. ആ പളളിയിലെ ആദ്യകാല പാതിരിമാരായിരുന്ന ഗബ്രിയേൽ, വർഗ്ഗീസ് എന്നിവരുടെ കല്ലറയും പിന്നെ ബെയ്‌ലൻ റൊഡ്രിക്‌സിന്റെ കുടുംബകല്ലറയ്‌ക്കടുത്തുളള സിസ്‌റ്റർ മേരി ഇസബെല്ലിന്റെ വെളുത്ത മാർബിൾ കല്ലറയും അലങ്കരിക്കും. സെമിത്തേരിയിൽ അവർ മുടക്കം കൂടാതെ ചെയ്‌തിരുന്ന പ്രവർത്തി അത്രമാത്രമായിരുന്നു.
കപ്യാർ മേരിതാത്തിയുടെ ശുഷ്‌കിച്ച കാലുകളിൽ തൊട്ടു വിളിച്ചു. പിന്നെ ‘റൊട്ടി കൊണ്ടു വച്ചിട്ടുണ്ട്’ എന്നു പറഞ്ഞതിനുശേഷം തിരിഞ്ഞു നടന്നു. ഏതെങ്കിലും ശാപവാക്കുകൾ മന്ത്രിച്ചുകൊണ്ട് അവർ എപ്പോഴെങ്കിലും എഴുന്നേറ്റ് റൊട്ടി കഴിക്കുമെന്ന് അയാൾക്കറിയാമായിരുന്നു.
അത്തരം വിശ്വാസത്തോടെ കപ്യാർ വീണ്ടും പളളിക്കകത്ത് പ്രവേശിച്ചു. മെഴുകുതിരികൾ പകുതിയോളം എരിഞ്ഞുതീർന്നിരുന്നു. ആ വലിയ പളളിക്കകത്ത് അപ്പോൾ ആകെയുണ്ടായിരുന്നത് അറുപതു വാട്ടിന്റെ രണ്ട് ബൾബുകൾ മാത്രമായിരുന്നു. അതും സർക്കാരിന്റെ ഔദാര്യം. പളളിവികാരി കുറച്ചുനാളുകൾക്കുമുമ്പ് ഒരു ക്രിസ്‌തുമസ് തലേന്ന് വീട്ടിലേക്കെന്നു പറഞ്ഞു പോയിട്ട് തിരികെ വന്നിരുന്നില്ല. ഈയിടെയായി മാതാവിന്റെ തിരുരൂപത്തിന്റെ കാൽച്ചുവട്ടിൽ, ചില്ലുകൂട്ടിൽ സ്വർണ്ണത്തിന്റെ തോണികളും മത്സ്യരൂപങ്ങളും തിളങ്ങുന്നത് ഭയം നീറുന്ന ഹൃദയത്തോടെയാണ് കപ്യാർ കണ്ടിരുന്നത്. മുനമ്പം കടലിൽ മത്സ്യങ്ങളും ബോട്ടുകളും ചീറിപ്പുളഞ്ഞു നടന്നിരുന്ന സമൃദ്ധമായിരുന്ന ഒരു കാലത്ത് മഞ്ഞുമാതാവിനു കിട്ടിയ കാണിക്കകളായിരുന്നു അവ. അതായത് ആ പഴയ പ്രതാപകാലത്ത്. അഹന്ത, അസൂയ, പണത്തിന്റെ പുഴു നുരയ്‌ക്കുന്ന മനസ്സ് എന്നിവയാൽ ആ കാലം മറഞ്ഞുപോയി. അതിന്റെ ശിക്ഷയായി മുനമ്പംകാരി പെണ്ണുങ്ങളുടെ ഗർഭത്തിൽ കുറ്റവാളികളുടെ ഒരു തലമുറ കിളിർത്തു. കലി ബാധിച്ച ആ തലമുറയെ ഓർത്തിട്ടാണ് കപ്യാരുടെ ഹൃദയത്തിൽ ഭയത്തിന്റെ അഗ്നിമേഘങ്ങൾ നീറിയത്.
കപ്യാർ പളളിയുടെ വാതിലുകൾ ഒന്നൊന്നായി അടച്ചു. പിന്നെ കുമ്പസാരക്കൂടും ചാരിയിരുന്ന് തന്റെ നാടിനുപറ്റിയ ദുര്യോഗമോർത്ത് കണ്ണീരൊഴുക്കി. അന്നേരം കണ്ണീരിന്റെ സുതാര്യമായ സ്‌ഫടിക ജാലകത്തിനപ്പുറം ദാവീദ് വല്യപ്പാപ്പന്റെ മുഖം തെളിഞ്ഞു. തന്റെ കുട്ടിക്കാലത്ത് പെരുമാരി തിമിർത്താടിയ ഒരു സന്ധ്യയ്‌ക്ക് പളളിയുടെ ആൾത്താരയ്‌ക്കടുത്ത്, ഒന്നാം കമാനത്തിനരികിലിരിക്കുമ്പോൾ ദാവീദ് വല്യപ്പാപ്പൻ പറഞ്ഞ പുരാവൃത്തത്തിന്റെ ശബ്‌ദം കപ്യാരുടെ അകം നിറഞ്ഞു മുഴങ്ങി.
“ഡച്ചുകാരുടെ കോട്ടയിൽ നിന്നും പീരങ്കിയുണ്ടകൾ തീച്ചിറകുകളുമായി ചീറി വന്നപ്പോൾ മഞ്ഞുകൊണ്ട് ഇടവകയ്‌ക്ക് ഒരു കവചം തീർത്ത് ഡച്ചുകാരെ പരാജയപ്പെടുത്തിയാണ് പരിശുദ്ധ കന്യാമറിയം പരിശുദ്ധ മഞ്ഞുമാതാവായത്. മഞ്ഞുപാളികളിൽ തട്ടി തിരികെ പാഞ്ഞ തീയുണ്ടകൾ ഡച്ചുകോട്ടയുടെ മേൽക്കൂരയെ പുഴയിലേക്ക് പറിച്ചെറിയാൻ ശക്തി നേടിയിരുന്നു. കോട്ടയുടെ ഇരുമ്പു മേൽക്കൂര മുല്ലപ്പെരിയാറിന്റെ ഗർഭത്തിൽ ഇപ്പോഴും മുങ്ങിക്കിടപ്പാണ്.”
കണ്ണീരിന്റെ നേർത്ത പാടയ്‌ക്കപ്പുറത്തുകൂടെ ദാവീദ് വല്യപ്പാപ്പൻ മറഞ്ഞു. കപ്യാർക്ക് ചെറുതായി മയക്കം തോന്നി. അയാളുടെ കണ്ണുകൾ സ്വപ്‌നത്തിലേക്ക് കൂമ്പി. സ്വപ്‌നത്തിൽ പതിവുപോലെ ചുവന്ന വസ്‌ത്രങ്ങളും തൊപ്പിയും അണിഞ്ഞ ഡച്ച് സൈന്യം അവരുടെ കറുത്ത കോട്ടയിൽ നിരന്നു. പളളിക്കുനേരെ പീരങ്കിയുണ്ടകൾ തീച്ചിറകുകളുമായി പാഞ്ഞു. ഒരു വലിയ മെഴുകുതുളളിപോലെ മാതാവിന്റെ രൂപം തെളിഞ്ഞു വന്നു. മാതാവ് കണ്ണു തുറക്കുകയാണ്. കാറ്റിലിളകുന്ന വസ്‌ത്രാഞ്ചലങ്ങളിൽ നിന്നും പുകമഞ്ഞുയരുകയാണ്. പരിശുദ്ധ കന്യാമറിയം പരിശുദ്ധ മഞ്ഞുമാതാവാകുകയാണ്.
അന്നേരം സന്ധ്യയായി. രക്തത്തിന്റെ നിറത്തിൽ മുനമ്പം-പളളിപ്പുറം പ്രദേശമാകെ വിങ്ങിനിന്നു. പുനർജ്ജനി തേടി കടവുകളിൽ കെട്ടിക്കിടന്ന ഫിഷിംഗ് ബോട്ടുകൾ സ്വയം നശിപ്പിക്കാൻ എന്നപോലെ ഓളങ്ങളിലാടി വന്ന് കരയിലെ കോൺക്രീറ്റ് ഭിത്തികളിൽ ആഞ്ഞടിച്ചു. ബോട്ടുകളുടെ അമരത്തും അണിയത്തും തെറുത്തു കെട്ടിവച്ചിരുന്ന നീലവലകൾ കടലാഴങ്ങളെ നക്കുവാൻ ദാഹിക്കുന്ന നാവുകളുമായി ഉളളുപുകഞ്ഞ് ഭ്രാന്തെടുത്ത് ദ്രവിച്ചു തുടങ്ങി. നീണ്ട ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റ സ്‌ത്രീകൾ മുറ്റത്തു വീണുകിടക്കുന്ന മാഞ്ചിയത്തിന്റെയും അക്വേഷ്യയുടെയും യൂക്കാലിപ്‌റ്റസിന്റേയും ഇലകളെ നോക്കി വിഷാഭഭാവത്തിൽ ഏറെനേരം ഇരുന്നു. പിന്നെ സ്വയം പ്രാകിപ്പേർത്തുകൊണ്ട് മുറ്റം തൂത്തുവാരാനും പാത്രം കഴുകാനും തുടങ്ങി. വിലകുറഞ്ഞ മദ്യക്കുപ്പികൾക്കുമുന്നിൽ ഇരുന്ന് ഒരു കാലത്ത് തങ്ങൾ കുടിച്ചിരുന്ന രാജകീയ പാനീയങ്ങളുടെ ലഹരിരസങ്ങളെ അയവിറക്കുകയായിരുന്നു പ്രദേശത്തെ തലനരച്ച പുരുഷപ്രജകൾ. ഇരകളെ കിട്ടാതെ വിറളി പിടിച്ചു നടന്ന യുവാക്കൾ അന്ന് കടന്നുകയറിയത് മഞ്ഞുമാതാവിന്റെ പളളിയിലേക്കായിരുന്നു. അവിടെ തിരുരൂപത്തിന്റെ കാൽചുവട്ടിൽ ചില്ലുക്കൂടിനകത്തെ സ്വർണ്ണത്തിളക്കം അവരെ മത്തുപിടിപ്പിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായിരുന്നു.
കുമ്പസാരക്കൂടും ചാരിയിരിക്കുന്ന കപ്യാരുടെ സ്വപ്‌നങ്ങളിൽ കനത്ത മഞ്ഞുപാളികൾ നിറഞ്ഞിരുന്നു. ഡച്ചുകാരുടെ കോട്ടയിൽ നിന്നും പാഞ്ഞുവന്ന പീരങ്കിയുണ്ടകൾ ആ മഞ്ഞുപാളികളിൽ തട്ടി തിരികെ പാഞ്ഞു. കോട്ടയുടെ മേൽക്കൂര ദിക്കുകളെ തകർക്കുന്ന ശബ്‌ദത്തോടെ പുഴയിലേക്ക് പറിച്ചെറിയപ്പെട്ടു. അഥവാ അത്തരം ഒരു കിടിലൻ ശബ്‌ദം കപ്യാരെ ഉണർത്തി. പിന്നെ കപ്യാർ കേട്ടത് ചില്ലുകൂട് അടിച്ചുടയ്‌ക്കുന്ന ശബ്‌ദമാണ്. പളളിവാതിലിന്റെ ഒരു പാളി പൊളിഞ്ഞു വീണിരുന്നു. തിരുരൂപത്തിനരികിൽ കുറെ ആളുകൾ നീങ്ങുന്നത് കപ്യാർ കണ്ടു. അവർ അവരുടെ ചുവന്ന കണ്ണുകൾ കൊണ്ട് കപ്യാരെ നോക്കുന്നുണ്ടായിരുന്നു.
“ഡച്ച് സൈന്യം… ഡച്ച് സൈന്യം പളളി പിടിച്ചടക്കിയിരിക്കുന്നു.”
സ്വപ്‌നത്തിന്റെ മയക്കം വിട്ടുമാറാത്ത ശബ്‌ദത്തിൽ കപ്യാർ അലറി. അക്രമികളിൽ ഒരുവന്റെ തണുത്ത കൈപ്പടം കപ്യാരുടെ ശബ്‌ദത്തെ അടക്കി. അവന്റെ മോതിരവിരലിൽ വെളളിക്കുരിശു പതിച്ച ഒരു മോതിരം തിളങ്ങുന്നത് കപ്യാർ കണ്ടു. കപ്യാരുടെ നട്ടെല്ലിന്റെ വലതുഭാഗത്തുകൂടെ അക്രമികളുടെ വാൾമുന തുളച്ചു കയറി. കുമ്പസാരക്കൂടിനരികിലേക്ക് കപ്യാരെ തട്ടിയെറിഞ്ഞശേഷം കനത്ത കാൽവയ്പുകളോടെ അവർ പുറത്തു കടന്നു.
വേദനയുടെയും ചോരയുടെയും ആർത്തലയ്‌ക്കുന്ന കടൽ നീന്തിക്കടന്നതുപോലെയാണ് പഴയ മണിമാളികയിൽ ഇഴഞ്ഞെത്തിയപ്പോൾ കപ്യാർക്കു തോന്നിയത്. മാറാല കെട്ടി ദ്രവിച്ചു തുടങ്ങിയ വടത്തിൽ പരമാവധി ശക്തിയുപയോഗിച്ച് കപ്യാർ ആഞ്ഞാഞ്ഞു വലിച്ചു. അപായമണി തുടരെത്തുടരെ മുഴങ്ങി. വിഷക്കൊമ്പുളള കടന്നലുകൾ മണിമാളികയിൽ നിന്നും പറന്നുയർന്നു. ചത്തൊടുങ്ങിയവരുടെ സങ്കടം പോലെ പിറക്കാനിരിക്കുന്നവരുടെ അമർഷംപോലെ വിഷക്കൊമ്പുകൾ കുലച്ചുകൊണ്ട് ഇരുട്ടിറങ്ങി വരുന്ന ആകാശത്തുകൂടെ അവ മൂളിയകന്നു.
കപ്യാർ മണിമാളികയുടെ വാതിൽക്കൽ കുഴഞ്ഞുവീണു. അയാൾ കണ്ണുകൾ ഉയർത്തി അകലെ സെമിത്തേരിയുടെ തുറന്നുകിടക്കുന്ന വാതിലിലേക്കു നോക്കി. അവിടെ പ്രേതരൂപംപോലെ അപ്പോഴും ഉറങ്ങിക്കിടക്കുന്ന മേരിതാത്തിയോട് തന്റെ അവശേഷിച്ച പ്രാണശബ്‌ദം ഉപയോഗിച്ച് ഇത്രയും പറഞ്ഞു.
“മേരി താത്തീ… ഡച്ചുകാർ എന്നെ..”
മേരിതാത്തി അതു കേട്ടില്ല. പക്ഷേ അന്നേരം ഡച്ചുകോട്ടയുടെ മേൽക്കൂരയെ പേറുന്ന മുല്ലപ്പെരിയാറിന്റെ ഗർഭത്തിൽ നിന്നും ഒരു നീർക്കുമിള പ്രാർത്ഥനയോടെ മുകളിലേക്കുയർന്നു. അത് ആകാശത്തേക്കു നോക്കി പിളർന്നു. അതിൽനിന്നും ദാവീദ് വല്യപ്പാപ്പൻ പുറത്തുവന്നു. കവിൾ കൊണ്ടിരുന്ന പുഴയിലെ ഉപ്പുവെളളം കരയിലേക്ക് നീട്ടിത്തുപ്പിയിട്ട് വല്യപ്പാപ്പൻ കപ്യാരോട് വിളിച്ചുപറഞ്ഞു.
‘മകനേ… കടലും പുഴയും ഉപ്പുകാറ്റൂതി ലാളിക്കുന്ന ഈ ശുഭപ്രതീക്ഷകളുടെ മുനമ്പിൽ ഒരു കന്യക അവളുടെ പ്രാർത്ഥനയിലൂടെ ഒരു പുണ്യാത്മാവിനെ ഗർഭം ധരിക്കുവാനുളള വരം ദൈവത്തിൽനിന്നും ഇരന്നു വാങ്ങിയിരിക്കുന്നു. അത് നീയായിരിക്കട്ടെ. ചോരയുടെ പുഴയിലൂടെ കന്യകയുടെ ഗർഭപാത്രത്തിലേക്ക് നീ നീന്തുക.“
വല്യപ്പാപ്പൻ പുഴയിലേക്ക് മറഞ്ഞു പോവുകയാണ്… കന്യകയുടെ ഗർഭപാത്രം അടുത്തെവിടെയോ ഇരുന്ന് ധ്യാനിക്കുകയാണ്…. കപ്യാരുടെ കണ്ണുകൾ അടയുകയാണ്.
Generated from archived content: story1_july27_05.html Author: jibi_kg