“സ്വന്തം കാല്പാടുകളുടെ മണ്ണാണ്
കവിയുടെ ഹവിസ്സ്!”
– എ. അയ്യപ്പൻ
“ബുദ്ധാ
ഞാനാട്ടിൻ കുട്ടി
കല്ലേറു കൊണ്ടിട്ടെന്റെ കണ്ണുപോയി…..”
കണ്ണീരിന്റെ നനവുളള ഘനശബ്‌ദം. കല്ലേറുകൊണ്ട കുഞ്ഞാട് തഥാഗതനെ തേടി യാത്രയാവുന്നു. എ. അയ്യപ്പനുപിന്നാലെ തുറന്ന കണ്ണുമായി ക്യാമറയുടെ സഞ്ചാരം, “ഇത്രയും യാതഭാഗം” ആരംഭിക്കുന്നത് ഇങ്ങനെയാണ്.
വടകരയിലെ ‘ഒഡേസ ജോൺ എബ്രഹാം ട്രസ്‌റ്റ്’ മലയാളത്തിന്റെ പ്രിയപ്പെട്ട കവി എ.അയ്യപ്പനെ കുറിച്ച് നിർമ്മിച്ച ഡോക്യുമെന്ററി ചിത്രമാണ് ‘ഇത്രയും യാതഭാഗം’. ജനകീയ സിനിമ എന്ന സങ്കല്പവുമായി രൂപപ്പെട്ട ‘ഒഡേസ’ ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച് ജോൺ എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാൻ’ രാഷ്‌ട്രാന്തരീയ പ്രശസ്തി പിടിച്ചുപറ്റിയ ഒരു ചിത്രമായിരുന്നു. അതേ രീതിയിൽ തന്നെയാണ് യാതഭാഗവും നിർമ്മിച്ചിരിക്കുന്നത്. ചലച്ചിത്രം എന്ന കലയെ ജനപ്രിയത അഥവാ കച്ചവടം എന്ന താല്പര്യത്തിന് അതീതമായി ജനകീയമായി നിലനിർത്തുക എന്ന കാഴ്‌ചപ്പാടാണ് ഒഡേസയുടേത്.
എ.അയ്യപ്പൻ എന്ന കവി മലയാളത്തിന്റെ മറ്റു കവികളിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. സ്വന്തമായി വീടോ ബാങ്ക് അക്കൗണ്ടോ ഇല്ലാത്ത കവി, ശിഷ്യഗണത്താൽ വാഴ്‌ത്തപ്പെടാത്ത കവി, തെരുവിലും മദ്യശാലയിലും സുഹൃത്തുക്കളുടെ മുറിയിലുമെല്ലാം ഇരുന്ന് കവിതക്കുറിക്കുന്ന അയ്യപ്പൻ വ്യവസ്ഥിതിയുടെ ചതുരങ്ങളിലേക്ക് മുറിച്ചു പാകപ്പെടുത്തിയ മലയാളിയുടെ ലോകത്ത് ഒരു അരാജകസ്വത്വമായി, വിപ്ലവകാരിയായി, തിരസ്‌കൃതനായി തന്നെയാണ് ഇന്നും നിലകൊളളുന്നത്. പി. കുഞ്ഞിരാമൻ നായർ, ടി.ആർ, സുരാസു, ജോൺ എബ്രഹാം, രാജൻ കാക്കനാടൻ തുടങ്ങിയ കലാപവ്യക്തിത്വങ്ങളുടെ ശൃംഖലയിലെ അവസാന കണ്ണിയെന്നും എ.അയ്യപ്പനെ വിശേഷിപ്പിക്കാം. ഇത്തരം കാരണങ്ങളും അയ്യപ്പനുമായി വർഷങ്ങളായുളള സഹവാസവുമായിരിക്കാം എ.അയ്യപ്പന്റെ ജീവിതപരിസരത്തിലേക്ക് ക്യാമറക്കണ്ണ് പായിക്കാൻ ഒഡേസയെ പ്രേരിപ്പിച്ചത്.
കവി എന്ന നിലയിലോ മനുഷ്യൻ എന്ന നിലയിലോ എ.അയ്യപ്പനെ ഒരു മഹാനായി ചിത്രീകരിക്കാനുളള യാതൊരു ശ്രമവും ‘യാതഭാഗ’ത്തിൽ ഇല്ല. എ.അയ്യപ്പൻ എന്ന മനുഷ്യനെ എല്ലാ തെറ്റുകുറ്റങ്ങളോടും കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ പലഭാഗങ്ങളിലും ഡൽഹിയിലും ‘യാതഭാഗം’ ചിത്രീകരിച്ചിരിക്കുന്നു. കാടും മലയും പുഴയും കടലും കാമ്പസും ചന്തയും മദ്യശാലയും വായനശാലയും മഴയും വെയിലും മഞ്ഞുമെല്ലാം പ്രകൃതിയെ ശപിക്കാത്ത ഈ കവിയുടെ ജീവിത പരിസരങ്ങളും ചങ്ങാതിമാരുമാണല്ലോ, അതുകൊണ്ടുതന്നെ ഈ ഇടങ്ങളിൽ എല്ലാം കവിയ്‌ക്കുപിന്നാലെ ക്യാമറയ്‌ക്ക് സഞ്ചരിക്കേണ്ടി വന്നിരിക്കുന്നു. കവി തെരുവോരത്തും ചന്തയുടെ തിരക്കിനുളളിലും കിടന്നുറങ്ങുന്നു, സ്‌ത്രീകളോട് സല്ലപിക്കുന്നു, കുട്ടികളുമൊത്ത് കളിക്കുന്നു, സൗഹൃദസദസ്സിൽ പാട്ടും കവിതയും അവതരിപ്പിക്കുന്നു. ഇങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞ സമാനതകളില്ലാത്ത ഒരു ജീവിതപരിസരം. ഇത്രയും യാതഭാഗത്തിന്റെ രണ്ടരവർഷത്തെ ദീർഘമായ ചിത്രീകരണ കാലയളവ് യാതനകൾ നിറഞ്ഞതായിരുന്നു എന്ന് ഈ ഡോക്യുമെന്ററിയുടെ ഓരോ സീനും വ്യക്തമാക്കിത്തരുന്നുണ്ട്.
യാതഭാഗത്തിൽ ഒരു കമന്റേറ്ററുടെ സാന്നിദ്ധ്യം ഇല്ല എന്നത് ഈ ഡോക്യുമെന്ററിയെ വ്യത്യസ്തമാക്കുന്നുണ്ട്. കവിയുടെ ജീവിതവുമായി ഏറെ ബന്ധമുളള വ്യക്തികളുമായി കവി നടത്തുന്ന സൗഹൃദ സംഭാഷണങ്ങൾ ഈ ചിത്രത്തിൽ ഏറെയുണ്ട്. ഈ സംഭാഷണങ്ങൾ കവിയുടെ ജീവിതത്തിലേക്ക് തുറക്കുന്ന വാതായനങ്ങളായി വർത്തിക്കുന്നു. കവി തന്റെ മദ്യപാനം, പ്രണയം, രാഷ്‌ട്രീയം, കുടുംബം, യാത്രകൾ, സൗഹൃദങ്ങൾ, തിരസ്‌കാരങ്ങൾ, എഴുത്ത് എന്നിവയെ കുറിച്ച് പറയുമ്പോൾ അനുവാചകന്റെ കാഴ്‌ചയിൽ മുളള് തറയ്‌ക്കപ്പെടുന്നു. കാവ്യാനുഭവത്തിന്റേയും കാഴ്‌ചയുടേയും അനുഭൂതികൾക്കപ്പുറം കവിയുടെ വേദനകളിലേക്ക് കാഴ്‌ചക്കാരന്റെ മനസ്സുപായുന്നു. കവിയും സഹോദരി ലക്ഷ്‌മിയും തമ്മിലുളള സംഭാഷണരംഗങ്ങളാണ് ഇതിൽ ഏറെ നൊമ്പരപ്പെടുത്തുന്നത്. അവിടെവച്ചാണ് എ.അയ്യപ്പൻ തന്റെ കുടുംബത്തിൽ സംഭവിച്ച ദുരന്തങ്ങൾ വിവരിക്കുന്നത്. ദുഃഖകരമായ ഭൂതകാലത്തെക്കുറിച്ച് പറയുമ്പോഴും കവിയുടെ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന നർമ്മഭാവം കാഴ്‌ചക്കാരനെ വിസ്‌മയിപ്പിക്കുന്നതാണ്.
സംവിധാനത്തിനും, സംഗീതത്തിനും, ചിത്രസംയോജനത്തിനും എല്ലാം മീതെ ‘ഇത്രയും യാതഭാഗ’ത്തിന്റെ ആത്മാവായി വർത്തിക്കുന്നത് എ.അയ്യപ്പന്റെ കവിതകൾ തന്നെയാണ്. അദ്ദേഹത്തിന്റെ ഏഴ് കവിതകൾ കണ്ണീരിന്റെ നനവുളള ഗാംഭീര്യമാർന്ന ശബ്‌ദത്തിൽ മുഴങ്ങുമ്പോൾ ദൃശ്യങ്ങൾക്ക് അർത്ഥവും വ്യാപ്‌തിയും വർദ്ധിക്കുന്നതായി തോന്നുന്നു. ബുദ്ധനും ആട്ടിൻകുട്ടിയും, അത്താഴം, ആലില, ഗ്രീഷ്‌മം തന്ന കിരീടം, വാൻഗോഗിന് ഒരു ബലിപ്പാട്ട്, ദില്ലിയിലെ മഞ്ഞുകാലം, പച്ചതത്തയുടെ ജഡം എന്നീ കവിതകളാണ് യാതഭാഗത്തിനുവേണ്ടി കവി ആലപിച്ചിരിക്കുന്നത്.
ജീവിക്കുന്നതുപോലെ എഴുതുന്ന കവിയാണ് എ.അയ്യപ്പൻ എന്ന് യാതഭാഗം വ്യക്തമാക്കിത്തരുന്നു. ഓരോ കവിതയിലും കാഞ്ഞിരം നടുകയും ചോരപ്പാടു പതിപ്പിക്കുകയും ചെയ്ത ഈ കവി ദിനക്കുറിപ്പുകൾക്കുപകരം ‘ബലിക്കുറിപ്പുകൾ’ ആണ് എഴുതുന്നത്. ‘കുട്ടികളും രക്തസാക്ഷികളും’ എന്ന കവിത എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കവി സൂചിപ്പിക്കുന്ന രംഗമുണ്ട്. കേരളത്തിന്റെ രാഷ്‌ട്രീയാവസ്ഥയെ ഉലച്ച ഒരു കാലയളവിന്റെ ബാക്കിപത്രമാണ് ആ കവിത എങ്കിലും കവി അത്തരം വാദങ്ങൾ ഉന്നയിക്കുന്നില്ല. സ്വന്തം കവിതയെക്കുറിച്ച് ആരെങ്കിലും ഗൗരവമായി സംഭാഷണത്തിന് ഒരുങ്ങുമ്പോൾ ഒഴിഞ്ഞുമാറുന്ന കവിയുടെ സ്വഭാവം ഈ രംഗങ്ങളിൽ വ്യക്തമാണ്.
‘വാൻഗോഗിന് ഒരു ബലിപ്പാട്ട്’ പാടുമ്പോൾ കവിയുടെ ശബ്‌ദം വിതുമ്പലായി മാറുന്നുണ്ട്. യാതഭാഗത്തിന്റെ ഏറ്റവും മികച്ച സീനുകളുടെ പശ്ചാത്തലത്തിൽ ‘വാൻഗോഗിന് ഒരു ബലിപ്പാട്ട്’ എന്ന കവിതയാണ്, തേങ്ങലാണ്.
“കാതു മുറിച്ചു പ്രേമഭാജനത്തിനു കൊടുത്തിട്ട്
കോമാളിയെപ്പോലെ
ചോരയിൽ കുളിച്ചുനിന്ന വാൻഗോഗ്…”
എ.അയ്യപ്പൻ വാൻഗോഗിനെപ്പറ്റി പാടുമ്പോൾ കരയുന്നു. വേനലിനെ സൂര്യകാന്തിയെപ്പോലെ സ്‌നേഹിച്ച വിൻസന്റ് വാൻഗോഗും ഗ്രീഷ്‌മമേ സഖീ എന്നു കോറിയിട്ട കവിയും കലാപം നിറഞ്ഞ മനസ്സുകളുടെ ഐക്യതയായതിനാലാവാം ഇങ്ങനെ.
‘ഇത്രയും യാതഭാഗ’ത്തിന്റെ ഡൽഹിയിൽ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾ ഏറെ ഹൃദ്യമാണ്. കവിയുടെ പിന്നാലെ സഞ്ചരിക്കുന്നതിനിടയ്‌ക്ക് ഒരു കാലത്ത് ഡൽഹിയിൽ അരങ്ങേറിയ ക്രൂരമായ വംശഹത്യയുടെ ചരിത്രത്തിലേക്കും ക്യാമറ നോക്കുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ മരണശേഷം സിക്കുകാരെ കൂട്ടക്കൊല ചെയ്തുകൊണ്ടിരുന്ന കാലയളവിൽ എ.അയ്യപ്പന്റെ ‘മാളം’ ഡൽഹിയായിരുന്നു. അന്ന് ഡൽഹിയിൽ അരങ്ങേറിയ വംശഹത്യയുടെ ക്രൂരമായ കാഴ്‌ചകളാണ് ‘ദില്ലിയിലെ മഞ്ഞുകാലം’ എന്ന കവിതയിൽ അയ്യപ്പൻ പ്രതിപാദിക്കുന്നത്. യാതഭാഗത്തിന്റെ ഡൽഹി രംഗങ്ങളുടെ പശ്ചാത്തലത്തിൽ മുഴങ്ങുന്നതും ‘ദില്ലിയിലെ മഞ്ഞുകാലം’ എന്ന കവിതയാണ്. ഡൽഹിയിലെ തിരക്കു നിറഞ്ഞ വീഥികളിലൂടെ കവി നടന്നു നീങ്ങുന്ന രംഗം, ഉന്മാദികളോടൊപ്പം ചിരി നിറഞ്ഞ മുഖത്തോടെ ഇരിക്കുന്ന രംഗം, ഇവയെല്ലാം ലോകത്തെവിടെ ചെന്നാലും എ.അയ്യപ്പന് അയ്യപ്പനായി മാത്രമേ പെരുമാറാൻ കഴിയൂ എന്ന് മനസ്സിലാക്കി തരുന്നുണ്ട്. ഡൽഹിയിലെ ചേരിപ്രദേശത്തുകൂടെ കവി സാവധാനം നടന്നു നീങ്ങുന്ന സീനോടെയാണ് ‘ഇത്രയും യാതഭാഗം’ അവസാനിക്കുന്നത്. ജീവിതത്തിന്റെ ഫ്രെയിമുകൾ തകർത്ത് ഒരു മനുഷ്യൻ യാത്ര തുടരുകയാണ്. ‘യാതഭാഗ’ത്തിൽ ഒരു പോസ്‌റ്റ്‌മാൻ പറയുന്നതുപോലെ ‘അയ്യപ്പനുളള കത്തുകൾ തൃശൂർ നിന്നും വടകരയ്‌ക്കും വടകര നിന്നും കോഴിക്കോട്ടേയ്‌ക്കും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.’ കത്തുകളേക്കാൾ വേഗത്തിലാണ് കവിയുടെ സഞ്ചാരം.
‘ഇത്രയും യാതഭാഗ’ത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഒഡേസയുടെ മുഖ്യപ്രവർത്തകനായ സി.വി.സത്യനാണ്. ജനകീയ സിനിമ എന്ന ജോൺ എബ്രഹാമിന്റെ സിനിമാ സങ്കല്പത്തിന്റെ പിൻഗാമിയായി മുഴുവൻ സമയ സിനിമ പ്രവർത്തനവുമായി സഞ്ചരിക്കുന്ന സി.വി.സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ഇത്രയും യാതഭാഗം’. എ. അയ്യപ്പന്റെ വാസം സി.വി സത്യന്റെ വടകരയിലെ വീട്ടിലാണ്. ഇതാണ് സംവിധായകന് അയ്യപ്പൻ എന്ന മനുഷ്യനെ അടുത്തറിയാൻ സഹായിച്ചത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് ബീനാപോൾ ആണ്. ഒഡേസയുടെ ആദ്യചിത്രമായ ‘അമ്മ അറിയാൻ’ എഡിറ്റ് ചെയ്‌തതും ബീനാപോൾ ആയിരുന്നു. ക്യാമറ യുവചലച്ചിത്ര പ്രവർത്തകനായ അനൂപ് ആണ് ചെയ്തിരിക്കുന്നത്. സംഗീതം നിർവ്വഹിച്ചിരിക്കുന്ന ഹരിനാരായണൻ ഒഡേസയുടെ ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിലെ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എ.അയ്യപ്പന്റെ കാവ്യബിംബങ്ങളിൽ നിന്നും താളം ചിട്ടപ്പെടുത്താം എന്ന് ഹരിനാരായണൻ പറയുന്നു. അദ്ദേഹം അങ്ങനെ ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എ.അയ്യപ്പനെ ഒരു സിനിമകൊണ്ടോ ഒരു കൂട്ടം സിനിമകൾ കൊണ്ടോ മുറിച്ചുപാകപ്പെടുത്തി ചതുരക്കോളത്തിൽ ഒതുക്കാൻ കഴിയില്ല. ‘ഇത്രയും യാതഭാഗം’ അതിനുളള ഒരു ശ്രമവും ആയിരുന്നില്ല എന്നാണ് സംവിധായകന്റെ പക്ഷം. അറിഞ്ഞ അയ്യപ്പനെ അവതരിപ്പിക്കാനുളള ശ്രമം. കവിതയുടെ ആഴത്തിൽ വേരൂന്നിയ കവി, കവിയുടെ ആത്മാവിൽ വേരൂന്നിയ കവിത. ഏതിൽ നിന്നും ഏതിനെയും വേർതിരിക്കാനാവില്ല എന്നതാണ് സത്യം. ഈ യാഥാർത്ഥ്യമാണ് ഇത്രയും യാതഭാഗം കൈകാര്യം ചെയ്തത്. എ. അയ്യപ്പൻ എന്ന കവി മനുഷ്യൻ ‘ജ്ഞാനസ്നാന’ത്തിൽ കവി തന്നെ പറയുന്നതുപോലെ
‘ശരീരം നിറയെ മണ്ണും
മണ്ണു നിറയെ രക്തവും
രക്തം നിറയെ കവിതയും
കവിത നിറയെ കാല്പാടുമുളളവൻ’
Generated from archived content: essay_feb26.html Author: jibi_kg