“അരയത്തിയുടെ ജഘനം തടിച്ചതാണെന്ന ഒരേയൊരു അടിത്തറയിലാണ് നമ്മുടെ കടൽച്ചിത്രങ്ങൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. കഥകളിലാവട്ടെ ഹെലികോപ്‌റ്ററിൽ കിടന്ന് സദയം പ്രളയം കാണുന്നതിലെ അപഹാസ്യതയും” – അരുളപ്പൻ
ജീവിതത്തിന്റെ ചൊരുക്കുളള ഭാഷ പ്രയോഗിച്ച് മലയാള കഥാലോകത്ത് ഒരു ഭിന്നസ്വരമായി നിൽക്കുന്ന കെ.എ.സെബാസ്‌റ്റ്യന്റെ ‘വിയറ്റ്‌നാം’ എന്ന കഥയിലെ കഥാപാത്രമാണ് അരുളപ്പൻ. “വിയറ്റ്‌നാം എന്റെ കഥയാണ് എന്റെ മാത്രം കഥ”; സെബാസ്‌റ്റ്യൻ പറയുന്നത് ഇങ്ങനെയാണ്. അപ്പോൾ കഥയിൽ അരുളപ്പന്റെ വാക്കുകളും ജീവിതത്തിൽ കഥാകാരന്റെ വാക്കും ഒന്നായിത്തീരുന്നു.“ അറിഞ്ഞവൻ കഥ പറയാൻ വരണം ഒരു വംശത്തെ അറിഞ്ഞവൻ, സമൂഹത്തെ അറിഞ്ഞവൻ….അനുഭവിച്ചവൻ…എങ്കിൽ മാത്രമെ സത്യസന്ധമായി മനുഷ്യബന്ധങ്ങളെ ആവിഷ്‌കരിക്കാനാവൂ. കഥയിൽ പറയുന്നതുപോലെ മരകോട്, പൂമച്ചം, ഏനമേറ്റ്, മൂട്ടാൻ എന്നീ വാക്കുകളുടെ അർത്ഥമറിയുന്ന കടലെഴുത്തുകാരൻ മുന്നോട്ടുവരട്ടെ, വിരലിലണിഞ്ഞ പൊന്മോതിരവും കൊണ്ട് മടങ്ങുകയും ചെയ്യാം.”
“വിയറ്റ്‌നാം ഒരു പ്രതിരോധത്തിന്റെ കൂടി കഥയാണ്. വൻശക്തിയോട് എതിരിട്ട വിയറ്റ്‌നാം ജനതയുടെ ആത്മവീര്യം തന്നെയാണ് ഇവിടെയും കൈമുതലായിരിക്കേണ്ടത്. ആനറാഞ്ചി കപ്പലുകൾ കടലിനെ തരിശാക്കുമ്പോൾ ചെത്തുകാരൻ കടലിലേക്ക് വീശിയെറിഞ്ഞ കത്തി കപ്പിത്താന്റെ കഴുത്തിനെ തുളച്ചു കയറുന്നത് അരുളപ്പന്റെ സങ്കല്പം മാത്രമല്ല….പ്രതിരോധം കൂടിയാണ്.”
ആലപ്പുഴ ജില്ലയിലെ അർത്തുങ്കലിന് സമീപം ചെത്തിക്കടപ്പുറമാണ് സെബാസ്‌റ്റ്യന്റെ ഗ്രാമം. ഒരു കടലോരവാസിയായതുകൊണ്ട് തന്റെ ഓർമ്മകളിലൂടെ, ഭാവനാലോകത്തിലൂടെ സഞ്ചരിച്ച് കഥ മെനയുമ്പോൾ കടലും കടപ്പുറത്തുകാരും അതിൽ നിറയുക സ്വാഭാവികമാണ്. പക്ഷേ ഒരു കടലെഴുത്തുകാരൻ എന്ന നിലയിൽ ബ്രാൻഡ് ചെയ്യപ്പെടാൻ സെബാസ്‌റ്റ്യന് താല്പര്യമില്ല. പെണ്ണെഴുത്ത്, ദളിതെഴുത്ത് എന്നൊക്കെ സാഹിത്യത്തിൽ ഉടലെടുത്ത സംജ്ഞകളോട് എതിർപ്പില്ല…അതൊക്കെ എഴുത്തുകാരന്റെ ഇഷ്‌ടം… സ്വന്തം നിലപാടുതറ കണ്ടെത്തുകയും വർഗ്ഗത്തിന്റേയോ വംശത്തിന്റേയോ മുഴങ്ങുന്ന ശബ്‌ദം കേൾപ്പിക്കാനുളള ശ്രമം….പക്ഷേ ഇഴയടുപ്പമുളള ജീവിതങ്ങളെ ആവിഷ്‌കരിക്കുന്ന ഒരു സാഹിത്യകാരൻ ആയിരിക്കുക എന്നതിലാണ് സെബാസ്‌റ്റ്യന് പ്രിയം. ഓരോ വർഗ്ഗത്തിൽനിന്നും ചിലപ്പോൾ എഴുത്തുകാർ കടന്നുവരും, ആദിവാസികൾക്കിടയിൽ നിന്ന് ഒരു നാരായൻ വന്നു. പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം ഒരു എൻ.ജി.ഒയുടെ നിരീക്ഷണബുദ്ധിയാണ് നാരായന്.
വേമ്പനാട്ട് കായലിന് പടിഞ്ഞാറുളളവരെല്ലാം ‘മുക്കുവ’രാണെന്ന് ദൂതൻ എന്ന കഥയിൽ കൊച്ചപ്പൻ വക്കീലിന്റെ ഭാര്യ തെരേസ പറയുന്നു.
“സവർണ്ണൻ-അവർണ്ണൻ, അടിമ-ഉടമ എന്നിങ്ങനെയുളള പ്രയോഗംപോലെ ഒരു ഡിഗ്രഡേഷനുവേണ്ടി ചിലർ അങ്ങനെ പറയുന്നു. തെരേസ അത്തരം ഒരു വർഗ്ഗത്തിന്റെ പ്രതിനിധിയാണ്. വേമ്പനാട്ട് കായലിന് പടിഞ്ഞാറുളളവരെ ‘മുക്കോൻ’ എന്നു പുച്ഛത്തോടെ വിളിച്ച് താഴ്‌ത്തിക്കെട്ടുമ്പോൾ കിഴക്കുളളവർ ഉന്നതന്മാരാകുന്നുവെന്ന് സ്വയം ധരിക്കുന്നു. മനുഷ്യന്റെ സ്വാഭാവിക പ്രവർത്തികളാണ് ഇതൊക്കെ.”
ഒരു സാഹിത്യപ്രസ്ഥാനത്തിന്റേയും പേരുചേർത്ത് ഇതുവരെ സെബാസ്‌റ്റ്യന്റെ കഥകൾ വായിക്കപ്പെട്ടിട്ടില്ല. ഒരു കാലഘട്ടത്തിൽ കടന്നുവന്ന് കുറേക്കാലം ജാടകളോടെ ചുറ്റിത്തിരിഞ്ഞ് ഊർദ്ധ്വൻ വലിച്ച് ഒടുങ്ങുന്ന സാഹിത്യസങ്കേതങ്ങളുടെ പിൻപറ്റിനിന്ന് രചന നിർവ്വഹിക്കുന്ന ഒരു എഴുത്തുകാരനല്ല മലയാള കഥാലോകത്ത് കെ.എ.സെബാസ്‌റ്റ്യൻ. ആ കഥാലോകത്തെ, എഴുത്തുകാരൻ വിശേഷിക്കുന്നത്, അതിൽ ജൈവീകമായ ഒരു സത്തയുണ്ട് അതുതന്നെയാണ് തന്റെ സാഹിത്യസങ്കേതവും എന്നാണ്. സ്വന്തം ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് ആഴത്തിൽ വേരൂന്നിയ ഒരു എഴുത്തുകാരനുമാത്രമേ ജാടകൊണ്ട് പടുത്തുയർത്തപ്പെട്ട അക്കാഡമിക് പൊങ്ങച്ചക്കാർ നിറഞ്ഞ സാഹിത്യകോലാഹലങ്ങൾക്കു നടുവിൽ നിന്നുകൊണ്ട് ഇത്തരം ഒരു അഭിപ്രായം പുറപ്പെടുവിക്കാനാവൂ. ഇതേ ‘ഇസ’ത്തിന്റെ ഉശിരും വീറും തന്നെയാണ് ചെത്തിക്കടപ്പുറത്തിനപ്പുറത്തേക്കും തന്റെ ഭാവനയെ പറപ്പിച്ചു വിടുവാൻ സെബാസ്‌റ്റ്യനെ പ്രേരിപ്പിച്ചത്. ബലി, ആകുലചിത്തനായ ചക്കരത്തുമ്പി തുടങ്ങിയ കഥകൾ ചെത്തിയുടെ അതിർത്തിക്കു പുറത്താണ്. ഇതേ തിണ്ണമിടുക്കുകൊണ്ടുതന്നെയാവണം തന്റെ ആദ്യത്തെ കഥാസമാഹാരത്തിന് ഒരു ധിക്കാരിയെപ്പോടെ മുഖക്കുറിയെഴുതിയതും. കാരണം സെബാസ്‌റ്റ്യൻ വ്യവസ്ഥാപിതമായ അവതാരികകളിലോ നിരൂപണങ്ങളിലോ വിശ്വസിക്കുന്നില്ല. നല്ല വായനക്കാരിൽനിന്നും നല്ല നിരൂപകർ പിറക്കും എന്നാണ് സെബാസ്‌റ്റ്യന്റെ പക്ഷം.
തന്റെ തലമുറയിലെ ഉത്തരാധുനികന്മാർ തെരഞ്ഞെടുക്കുന്ന കഥാപാത്രവുമായോ കഥാപാത്രങ്ങളുമായോ രചനാരീതികളുമായോ ഒരിക്കലും ഈ കഥാകാരൻ സന്ധി ചെയ്യുന്നില്ല. കഥ പറച്ചിൽ ദുർഗ്രഹമാക്കുക, ഒരു കഥയ്‌ക്ക് അനേകം ഉപശീർഷകങ്ങൾ കൊടുക്കുക തുടങ്ങിയ കാര്യങ്ങളും സെബാസ്‌റ്റ്യൻ ഇഷ്‌ടപ്പെടുന്നില്ല.
മലയാളത്തിലെ ഏത് എഴുത്തുകാരന്റെ ‘എക്കോ’ ആയാണ് കെ.എ.സെബാസ്‌റ്റ്യന്റെ രംഗപ്രവേശം …ടി.വി.കൊച്ചുബാവയുടെ പിൻഗാമി എന്ന വിശേഷണം സെബാസ്‌റ്റ്യന് ചിലർ കല്പിക്കുന്നു….അതിനെക്കുറിച്ച് അദ്ദേഹം പ്രതിവചിച്ചത് ഇങ്ങനെ…ടി.വി.കൊച്ചുബാവ മറ്റുളള കഥാകാരന്മാരെപോലെ എന്നിലും വായനകളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ അറിഞ്ഞുകൊണ്ട് ഒരു സ്വാധീനവും ചെലുത്താൻ സാധിച്ചിട്ടില്ല. എൻ.എസ്.മാധവൻ, സക്കറിയ, ഒ.വി.വിജയൻ തുടങ്ങിയവരുടെ കഥകൾ…എം.ടിയുടെ നോവലുകളും സിനിമകളും ഒക്കെ ഇഷ്‌ടമായിരുന്നു എൻ.എസ്.മാധവന്റെ ‘ചൂളൈമേട്ടിലെ ശവങ്ങൾ’ക്കുശേഷം വന്ന പുസ്‌തകങ്ങളുടെ ‘ക്രാഫ്‌റ്റ്’ അപാരമായ ആകർഷകത്വം ഉണ്ടാക്കുന്നതായിരുന്നു. ‘ഖസാക്ക്’ വായിച്ച കാലത്താണ് എന്റെ ഗ്രാമത്തിലും ലക്ഷണമൊത്ത കഥാപാത്രങ്ങൾ; കഥകളുടെ പശ്ചാത്തല ഭൂമി ഉണ്ടല്ലോ എന്ന ബോധം ഉണ്ടായത്. പിന്നെ ജീവിതങ്ങളെ സാഹിത്യത്തിന്റെ തിളക്കത്തിലേക്ക് മിനുസപ്പെടുത്തുവാൻ തുടങ്ങി….ഇപ്പോൾ സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ‘രാജാക്കന്മാരുടെ പുസ്‌തകം’ എന്ന നോവലിലെ ദൈവംവരെയുളള കഥാപാത്രങ്ങൾ.
കെ.എ.സെബാസ്‌റ്റ്യന്റെ അച്ചടിച്ചുവന്ന ആദ്യകഥ ‘വയലറ്റ് നിറമുളള പകൽ’. കഥാകാരന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ചത്. പതിനാറ് വയസ്സുമുതൽ ആനുകാലികങ്ങളിലേക്ക് കഥകൾ അയയ്‌ക്കാറുണ്ടായിരുന്നു. നീണ്ട പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഒരു കഥ അച്ചടിമഷി പുരണ്ടത്. ‘വയലറ്റ് നിറമുളള പകലി’ന് എം.കൃഷ്‌ണൻനായരുടെ പ്രശംസ കിട്ടുകയുണ്ടായി. കാത്തിരിപ്പിന്റെ പന്ത്രണ്ട് വർഷവും സെബാസ്‌റ്റ്യൻ കഥകളെഴുതിക്കൊണ്ടിരുന്നു. വായനക്കാർ ചെത്തിക്കടപ്പുറത്തെ സൗഹൃദവൃത്തങ്ങൾ. ‘വയലറ്റ് നിറമുളള പകൽ’ ചെത്തിക്കടപ്പുറത്തിന്റെ കഥയാണ്. സ്വന്തം മകന്റെ മൃതദേഹം ഒരുനോക്കുകാണുവാൻ കൂട്ടാക്കാതിരുന്ന ആന്റണി വൈദ്യൻ എന്ന പിതാവിന്റെ കഥ. മകൻ മരിച്ച ദിവസം…ശവമെടുപ്പിന് അറിയിച്ചു ബാന്റ് മുഴങ്ങുമ്പോഴും പോസ്‌റ്റോഫീസ് മുറിയിൽ പണിയെടുക്കുകയായിരുന്നു ആ പിതാവ്. അന്നേരം അവിടെ ‘ഇല്ലന്റ്’ വാങ്ങിക്കാൻ ഒരു പതിനൊന്നു വയസ്സുകാരൻ ചെന്നു. ആ പതിനൊന്നുവയസ്സുകാരനാണ് ഇന്നത്തെ കഥാകാരനായ കെ.എ.സെബാസ്‌റ്റ്യൻ. സ്വഭാവത്തിൽ എപ്പോഴും മുരടനായിരുന്ന ആ പിതാവ് വിതുമ്പിക്കരയുന്നത് ചെറുക്കൻ കണ്ടു. പതിനൊന്നാം വയസ്സിൽ കണ്ട ആ കാഴ്‌ചയെ കഥാകാരൻ പുടപാകപ്പെടുത്തിയെടുത്തത് ഇരുപത്തിയെട്ടാം വയസ്സിൽ. പിന്നെ അത് കടലാസിലേക്കു പകർന്ന് ‘വയലറ്റ് നിറമുളള പകൽ’ എന്ന ശീർഷകവും കൊടുത്തു. പിതൃ-പുത്ര ബന്ധത്തിന്റെ ലയത്തെ കുറിക്കുന്ന കഥയായിരുന്നു അത്.
അന്നോ ഇന്നോ മലയാള സാഹിത്യത്തിലേയോ പത്രമാധ്യമങ്ങളിലേയോ ഒരു കൊമ്പന്മാരുമായും തനിക്ക് പറയത്തക്ക ബന്ധങ്ങൾ ഇല്ല എന്ന് സെബാസ്‌റ്റ്യൻ പറയുന്നു. വമ്പൻ ലോബികളുടെ ആട്ടക്കളരിയായി മാറിയ മാധ്യമലോകത്തിന്റെ തണലിലല്ലാതെയാണ് ഈ എഴുത്തുകാരൻ ഉയർന്നു വന്നത്. പ്രതിഭയുടെ ഉജ്ജ്വലതയും ആത്മാർപ്പണവുമല്ലാതെ മറ്റെന്താണ് ആൾബലമോ സാഹിത്യപാരമ്പര്യമോ ഇല്ലാത്ത ഈ എഴുത്തുകാരന്റെ ഊർജ്ജം. ‘കർക്കടകത്തിലെ കാക്കകൾ’ എന്ന കഥയിൽ സർപ്പമാണിക്യത്തിന്റെ പ്രഭയെ മറയ്‌ക്കുവാൻ അതിനുമേൽ ചാണകം ചൊരിയുന്ന ഒരു കഥാപാത്രം. പക്ഷേ ചാണകത്തിന്റെ ഇരുട്ടറയ്‌ക്കകത്തും മാണിക്യം അതിന്റെ പ്രഭ പ്രസരിപ്പിച്ചുകൊണ്ടിരിക്കും. ആർക്കും തടുക്കാനാവാത്ത എഴുത്തിന്റെ അഭൗമമായ കാന്തിതന്നെയാണ് തമസ്‌കരണത്തിന്റെ ഈ കാലഘട്ടത്തിലും കെ.എ.സെബാസ്‌റ്റ്യനെ സഹൃദയലോകത്തിന് പ്രിയങ്കരനാക്കിയത്. പെരുമ്പടവം ശ്രീധരനുമായുളള തരളമായ ഒരാത്മബന്ധത്തെക്കുറിച്ച് സെബാസ്‌റ്റ്യൻ പറയുന്നുണ്ട്. മറ്റുളള സാഹിത്യമൊശടന്മാരിൽനിന്ന് പെരുമ്പടവം വ്യത്യസ്തനത്രേ.
സെബാസ്‌റ്റ്യന്റെ പല കഥകളിലും പലപ്പോഴും ദൈവം, തിരുക്കുടുംബം, മാലാഖമാർ ഇത്യാദികൾ കടന്നുവരുന്നുണ്ട്.
“ദൈവം പണിതീർത്തു വച്ചിരിക്കുന്ന ഒരു രൂപമല്ല. കാലഘടനയ്‌ക്കനുസരിച്ച് ദൈവത്തിനും മാറ്റം വരുന്നു. കാരണം മനുഷ്യൻ അവന്റെ അനുഭവങ്ങളിൽനിന്നും ആർജ്ജിച്ച ഊർജ്ജം ദൈവത്തെ നവീകരിക്കാൻ തീർച്ചയായും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ദൈവത്തിനു ക്ലിപ്തതയില്ല.”
‘രാജാക്കന്മാരുടെ പുസ്‌തകം’ എന്ന നോവലിലെ ദൈവം ഇതിനെ സാധൂകരിക്കുന്നുണ്ട്. രക്ഷകനായും ശിക്ഷകനായും മാറിമാറിവരുന്ന ദൈവം, തൂതവീർപ്പുളള ദൈവം, കശുമാങ്ങയുടെ മണമുളള ആഗസ്തി എന്ന മന്തുകാലന്റെ മന്ത് തലങ്ങും വിലങ്ങും വെട്ടി അത്ഭുതം പ്രവർത്തിക്കുന്ന ദൈവം, ഭക്ഷണപ്രിയനും കന്നിപ്പെണ്ണിനെ കൊണ്ടുവരാൻ കല്പിക്കുന്നവനുമായ ദൈവം.
“ദൈവത്തിൽ ഏവർക്കും തുല്യാവകാശമാണ്. ജീവിക്കുവാനുളള അവകാശം പോലെ. സ്വജാതീയൻ എന്നോ വിജാതീയൻ എന്നോ വ്യത്യാസമില്ല. ‘രണ്ടാം പാഠ’ത്തിലെ മതേതര പാഠാവലിയുടെ പുസ്‌തകം അതാണ് അർത്ഥമാക്കുന്നത്. മതം ഉപയോഗിക്കുന്നതും എന്നാൽ എല്ലാ മതങ്ങളും ഉപയോഗിക്കുന്നതിനാൽ തികച്ചും മതേതരവുമായ വാക്കുകൾ. ഈശ്വരൻ, യോനി, പൂവ്, വെളളം, പാമ്പ്… അതിലേക്ക് അർത്തുങ്കൽക്കാരുടെ സംഭാവനയാണ് വെളിച്ചപ്പാട്. അർത്തുങ്കൽ പളളിയിലെ ഒൻപതാം പിറന്നാളിന്റെ വെളുപ്പാൻകാലത്ത് പുണ്യവാളന്റെ രൂപം ആനവാതിലുകൾ തുറന്ന് വിശ്വാസികൾക്ക് കാണിച്ചുകൊടുക്കും. അതാണ് വെളിച്ചപ്പാട്.”
“മാലാഖമാരെ നിഷ്‌കളങ്കതയുടെ പ്രതിരൂപമായാണ് പലപ്പോഴും അവതരിപ്പിച്ചിരിക്കുന്നത്. റോസ് നിറത്തിലെ ചിറകുകളുളള മാലാഖമാർ… പക്ഷേ ജസീന്തയുടെ കഥയിൽ (കർക്കടകം) ഒരു കൂട്ടിക്കൊടുപ്പ് ഘടകമായും മാലാഖ കടന്നുവരുന്നു.”
“ഈശോ, മറിയം, ഔസേഫ് എന്നിങ്ങനെ വ്യവസ്ഥാപിതമായ തിരുക്കുടുംബത്തെയല്ല കഥകളിൽ പ്രയോഗിക്കുന്നത്. അച്ഛൻ, അമ്മ, മകൻ, മകൾ അടങ്ങിയ ഓരോ ചെറുകുടുംബത്തേയും…സന്തുഷ്‌ട കുടുംബത്തേയും തിരുക്കുടുംബം എന്നേ വിശേഷിപ്പിക്കാനാവൂ.”
പഴമയെ ഒരു പരിധിവരെ…ഒരുപക്ഷെ പരിധിക്കപ്പുറം നിലനിർത്തുവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഈ കഥാകാരൻ. “പഴമയെ സ്‌നേഹിക്കാത്ത ഏതു നാട്ടിൻപുറത്തുകാരനാണ് ഉണ്ടാവുക.” നവലോകം കൈപ്പിടിയിൽ ഒതുക്കാനുളള ശ്രമത്തിനിടയിൽ പുതുതലമുറയ്‌ക്ക് ചില നന്മകൾ അന്യമാകുന്നു. അങ്ങനെ അന്യമാകുന്ന ഒരു ഗുരുരൂപത്തിന്റെ, ‘നിലത്തെഴുത്താശാ’ന്റെ പ്രശ്‌നങ്ങളെക്കുറിച്ചുളള ആധികളായിരിക്കാം കെ.ഐ.സെബാസ്‌റ്റ്യനെ ‘നിലത്തെഴുത്താശാൻ’ എന്ന കഥ എഴുതുവാൻ പ്രേരിപ്പിച്ചത്. ‘ബാബേൽ’ എന്ന കഥയിലെ ജ്ഞാനമ്മയെ ഇത്തരം പഴമയുടെ പ്രതിരൂപമായി കാണാൻ കഴിയും. പഞ്ചനക്ഷത്രഹോട്ടലിലെ ടെലിഫോൺ ഓപ്പറേറ്ററായി ജോലിക്കു കയറുന്ന ജ്ഞാനമ്മയുടെ അകത്ത് ഒരു നാട്ടിൻപുറത്തുകാരി നീറിനിന്നു. കഥാന്ത്യത്തിൽ മുതലാളിക്ക് സംഭവിക്കുന്ന പരിണാമങ്ങളിൽ ജ്ഞാനമ്മ ആഹ്ലാദവതിയാകുന്നുണ്ട്. “നാളെത്തന്നെ അമ്മയോടു പറഞ്ഞ് ചക്കരയും പീരയും അകത്തുവച്ചു പുഴുങ്ങിയ ഒരട വാങ്ങണം. നൂഡിൽസിനും സാന്റ്‌വിച്ചിനും പകരം ഒരു ദിവസമെങ്കിലും ബോസ് പൂവരശിന്റെ ഇലയിൽ പുഴുങ്ങിയ അരിയട കഴിക്കട്ടെ.” ജ്ഞാനമ്മ ഓർക്കുന്നത് ഇങ്ങനെയാണ്.
കെ.എ.സെബാസ്‌റ്റ്യന്റെ ആദ്യകഥാസമാഹാരമായ ‘കർക്കടകത്തിലെ കാക്കകൾ’ സമർപ്പിക്കപ്പെട്ടിരിക്കുന്നവരിൽ മുട്ടത്തുവർക്കിയും കോട്ടയം പുഷ്പനാഥും ഉണ്ട്. “മുട്ടത്തുവർക്കിയെ ഒരു പൈങ്കിളി സാഹിത്യകാരൻ എന്ന് തളളിയകറ്റാൻ ആവില്ല. താൻ ജീവിച്ചിരുന്ന ഇടത്തിനെ….അവിടുത്തെ പ്രകൃതിഭംഗിയേയും ജീവിതത്തേയും സുന്ദരമായി ആവിഷ്‌കരിക്കുകയാണ് അദ്ദേഹം ചെയ്‌തത്.” ഇതാണ് മുട്ടത്തുവർക്കിക്കുവേണ്ടി സെബാസ്‌റ്റ്യൻ കണ്ടെത്തുന്ന ന്യായം.
സ്വന്തം ദേശംപോലെ തന്നെ ജോലിയും എഴുത്തുകാരന്റെ രചനകളെ സാരമായി ബാധിക്കാറുണ്ട്. പക്ഷേ തന്റെ രചനകളിൽ തൊഴിലിന് കാര്യമായ സ്വാധീനമൊന്നും ചെലുത്താൻ കഴിഞ്ഞിട്ടില്ല. അഥവാ ഒരു ഇടപെടൽ ഉണ്ടായിട്ടില്ല എന്നാണ് ഈ കഥാകാരൻ പറയുന്നത്. കേരള സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിൽ മീറ്റർ റീഡർ ആയിട്ടാണ് കെ.എ.സെബാസ്‌റ്റ്യൻ സേവനമനുഷ്‌ഠിക്കുന്നത്. വൈദ്യുതിയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ‘രണ്ടാംപാഠം’, ‘പഴയ ഇടനാഴികൾ’ തുടങ്ങിയ കഥകളിൽ തെളിഞ്ഞു കാണാം. പക്ഷേ ഇത്തരം കാര്യങ്ങൾ എഴുതുന്നതിന് വൈദ്യുതി ബോർഡിൽ ജോലി വേണമെന്നില്ല…നിരീക്ഷണബുദ്ധിയുളള ഏതു സാധാരണക്കാരനും അത്തരം കാര്യങ്ങൾ പറയുവാൻ സാധിക്കും എന്നാണ് കഥാകാരൻ പറയുന്നത്.
മലയാളത്തിലെ പ്രശസ്തരായ പല എഴുത്തുകാരെയും രൂപപ്പെടുത്തുന്നതിൽ അവരുടെ ദേശം പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്ന് വിശ്വാസം കാത്തുസൂക്ഷിക്കുന്നവരുണ്ട്. മയ്യഴിയിൽ ജനിച്ചില്ലായിരുന്നെങ്കിൽ എം.മുകുന്ദനോ കൂടല്ലൂരിൽ ജനിച്ചില്ലായിരുന്നെങ്കിൽ എം.ടിയോ എഴുത്തുകാരായി അറിയപ്പെടുമായിരുന്നോ എന്ന ആകുലത ചിലരിലെങ്കിലും രൂഢമൂലമാണ്. പക്ഷേ സെബാസ്‌റ്റ്യൻ അത്തരം ആകുലതകളിൽ പങ്കുചേരുന്നില്ല.
“എഴുത്തുകാരന്റെ ദേശം അയാളിൽ…അയാളുടെ രചനകളിലും ശക്തമായ സ്വാധീനം ചെലുത്തും എന്നത് സത്യം. പക്ഷേ ചെത്തിക്കടപ്പുറത്ത് ജനിച്ചില്ലായിരുന്നുവെങ്കിലും കെ.എ.സെബാസ്‌റ്റ്യൻ എഴുത്തുകാരൻ തന്നെ ആയിരിക്കും എന്നാണ് വിശ്വാസം. പാലക്കാട്ടുകാരനായ ഒരു എഴുത്തുകാരന്റെ രചനകളിൽ ചെത്തിക്ക് സ്വാധീനമില്ലാത്തതുപോലെ അന്ന് കെ.എ.സെബാസ്‌റ്റ്യന്റെ കഥകളിലും ചെത്തി കടന്നുവരാതെ പോയേക്കാം. ഏത് ദേശത്ത് ജനിച്ചാലും എഴുത്തുകാരൻ രൂപപ്പെടുകതന്നെ ചെയ്യും. അവനെ രൂപപ്പെടുത്തുന്നത് കാലമായിരിക്കും…”
ആദ്യകഥാസമാഹാരത്തിന്റെ മുഖക്കുറിയിൽ സെബാസ്‌റ്റ്യൻ എഴുതിവച്ചതുപോലെ ‘ഭസ്‌മത്തിന്റെ നിറമുളള കാലമായിരിക്കാം ഈ എഴുത്തുകാരനെ രൂപപ്പെടുത്തിയത്.
സാധാരണഗതിയിൽ പ്രശസ്തിയിലേക്ക് ഉയരുന്ന എഴുത്തുകാരെയും ബുദ്ധിജീവികളേയും നഗരം വിളിക്കാറുണ്ട്. ഒരു ’നാഗരികൻ‘ ആവുക എന്നത് നമ്മുടെ പല പ്രമുഖരും ഇഷ്‌ടപ്പെടുന്ന കാര്യവുമാണ്. പക്ഷേ തന്റെ കാര്യത്തിൽ അല്പം വ്യത്യാസമുണ്ട് എന്ന് കഥാകാരൻ പറയുന്നു.
“…കാരണം ഞാൻ നഗരത്തിൽ താമസിച്ചിട്ടുണ്ട് (കൊച്ചിയിലും ബോംബെയിലും) പക്ഷേ ഗ്രാമത്തിന്, എന്റെ കാര്യം പറഞ്ഞാൽ ചെത്തി കടപ്പുറത്തിന്, ചില പ്രത്യേകതകളുണ്ട്… ഓരോ വീട്ടിലുമുളള തെങ്ങുകൾ, അടയ്‌ക്കാമരങ്ങൾ, അതിരിലെ പൂവരശ്…ഇതെല്ലാം നമ്മെ വല്ലാതെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഒരുപക്ഷെ ഗ്രാമത്തിൽ എല്ലാവരേയും ആകർഷിക്കുന്ന പൊതുഘടകങ്ങൾ ഉണ്ട്…നഗരത്തിൽ അത് ഉണ്ടാകണമെന്നില്ല.
താൻ ജനിച്ചുവളർന്ന ദേശത്തിനോട്, അവിടുത്തെ കാറ്റിനോട്, കടലിനോട്, പെയിന്റിങ്ങിന് സദൃശമായ ഗ്രാമ്യഭംഗികളോട്, ഈ കഥാകാരന്റെ ആത്മബന്ധത്തിന്റെ ആഴങ്ങൾ തന്നെയാണ് സ്വകീയമായ ഒരു ദാർശനികപ്രകാശം തന്റെ കഥകളിൽ ഉടനീളം പ്രസരിപ്പിക്കുവാൻ ഇദ്ദേഹത്തിന് കഴിയുന്നതിന് കാരണം.
കാരക്കാട്ട് സാഞ്ചോൺ ആന്റണിയുടെയും ജോസഫീനയുടേയും മകനായി 1963-ൽ ആലപ്പുഴ ജില്ലയിലെ ചെത്തിയിൽ കെ.എ.സെബാസ്‌റ്റ്യൻ ജനിച്ചു. 1991 ഏപ്രിലിൽ ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകൃതമായ ’വയലറ്റ് നിറമുളള പകൽ‘ എന്ന ആദ്യകഥ കൊണ്ടുതന്നെ മലയാള കഥാലോകത്ത് ശ്രദ്ധേയനായി. തുടർന്ന് ’കർക്കടകത്തിലെ കാക്കകൾ‘, ’രാത്രികളുടെ രാത്രി‘, ’വയലറ്റ് നിറമുളള പകൽ‘ എന്നിങ്ങനെ മൂന്ന് കഥാസമാഹാരങ്ങൾ ഡി.സി.ബുക്‌സിലൂടെ സഹൃദയ ലോകത്തിലേക്ക് എത്തിച്ചേർന്നു. സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചുവരുന്ന ’രാജാക്കന്മാരുടെ പുസ്തകം‘ ആദ്യനോവൽ.
കടലുകൾക്ക് നിറം കൊടുക്കുന്ന രസതന്ത്രം വശമായിരുന്ന ’വിയറ്റ്‌നാ‘മിലെ അരുളപ്പനെപോലെ ജീവിതങ്ങൾക്ക് നിറം കൊടുക്കുന്ന രാസവിദ്യകളുമായി കെ.എ.സെബാസ്‌റ്റ്യൻ ചെത്തിക്കടപ്പുറത്തിരിക്കുന്നു. കടലിനെ കാണുന്നു.
ദൈവം സൃഷ്‌ടിച്ചകാലത്തെ പച്ചനിറമുളള….
ഓണക്കാലത്തെ ഉജാലനിറമുളള….
വറുതിക്കാലത്തെ ചാരനിറമുളള…
ശബ്‌ദത്തേയും ചലനത്തേയും ഇരട്ടപ്രസവിക്കുന്ന കടൽ.
Generated from archived content: essay-april5.html Author: jibi_kg