എൺപതുകളുടെ മദ്ധ്യത്തിലാണ്, തമിഴ്‌നാടുമുഖ്യമന്ത്രിയായ എം.ജി.രാമചന്ദ്രൻ കന്യാകുമാരിയിൽ സന്ദർശനത്തിനെത്തി. തമിഴകത്തിന്റെ ജീവിച്ചിരിക്കുന്ന വിഗ്രഹമായി പ്രതിഷ്‌ഠ നേടുമ്പോഴും ജന്മനാടായ മലയാളമണ്ണിനുവേണ്ടി ഒരിത്തിരിയിടം എം.ജി.ആർ. എന്നും എല്ലാ പരിഗണനകൾക്കപ്പുറത്തും മനസ്സിൽ കാത്തുവച്ചിരുന്നു. ഈ കരയിൽ നിന്നു വന്ന് ലോകത്തിന്റെ ശ്രദ്ധയിൽ പെരുമയിലും പേരും നേടുന്നവരോടെന്നും താരദൈവത്തിന്റെ മനസ്സിൽ ആരാധനയായിരുന്നു. അഭിനേതാക്കളുടെ കുലത്തിൽ നിന്നും വരുന്നവരോടു പ്രത്യേകിച്ചും. ചിറയിൻകീഴുകാരൻ വേലായുധൻ പിള്ളയുടെയും പാർവ്വതിയമ്മയുടെയും മകൻ ഗോപിനാഥൻ ആദ്യം നാടകത്തിലും പിന്നെ സിനിമയിലും അഭിനയസമ്പ്രാദയങ്ങളിൽ പുതിയ മാനങ്ങൾ എഴുതിച്ചേർത്തുകൊണ്ട് ഭരത്‌ഗോപിയെന്നപേരിൽ കൊട്ടാരക്കര ശ്രീധരൻ നായരുടെയും പി.ജെ. ആന്റണിയുടെയും വംശാവലിയിൽ മഹാനടന്മാരുടെ ഗണത്തിൽ പകുത്തു ചേർക്കപ്പെട്ടപ്പോൾ എം.ജി.ആർ. അതിലാഹ്ലാദിച്ചതും അഭിനയവ്യാഖ്യാനങ്ങളുടെ തീവ്രതീക്ഷ്‌ണ നിവർത്തനങ്ങൾ ഏൽപ്പിച്ച സമ്മർദ്ദങ്ങളുടെ പിരിമുറുക്കത്തിൽ പക്ഷാഘാതം വന്ന് അഭിനയരംഗത്തുനിന്നും പിന്മാറേണ്ടിവന്നതറിഞ്ഞപ്പോൾ അതിൽ ദുഃഖിച്ചതും അതിന്റെ ഭാഗമായാണ്. കോയമ്പത്തൂർ ആര്യവൈദ്യശാലയിലെ ചികിത്സകഴിഞ്ഞു തിരുവനന്തപുരത്തെ കരമനയിലുള്ള തൃക്കാർത്തിക വീട്ടിൽ വിശ്രമിക്കുകയാണ് ഗോപി. പുറത്തിറങ്ങാറില്ല. സ്വന്തം അവശത പ്രദർശിപ്പിക്കുവാനിഷ്‌ടപ്പെടാതെ ഉൾവലിഞ്ഞു മൗനിയായി വല്ലപ്പോഴും വരുന്ന അപൂർവ്വം സുഹൃത്തുക്കളുടെ മുൻപിൽ മാത്രം മനസ്സുതുറന്ന് നാളുകൾ പിന്നിടുന്നു.
കന്യാകുമാരിയിലെ സന്ദർശനവേളയിൽ എം.ജി.ആർ. ഓർത്തു. ഗോപിയെ ചെന്നൊന്നു കാണണം. സാന്ത്വനിപ്പിക്കണം; ചികിത്സയുടെ കാര്യത്തിലോ മറ്റോ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഏർപ്പാടു ചെയ്യണം, മനോധൈര്യം പകർന്നുകൊടുക്കണം. ചിത്രങ്ങളിൽ കണ്ടിട്ടുള്ളതല്ലാതെ പരസ്‌പരം അവർ നേരിൽ കണ്ടിട്ടില്ല; മുൻപരിചയവുമില്ല. പക്ഷെ, ഒരു കലാകാരന് മറ്റൊരു കലാകാരനോട് അടുപ്പം തോന്നുവാൻ, പ്രത്യേകിച്ചും എം.ജി.ആറി.നെപ്പോലെ ജനഹൃദയങ്ങളുമായി ഗാഢബന്ധം പുലർത്തുന്ന ഒരു വ്യക്തിക്ക് ഒരാളുടെ ദുരന്താവസ്‌ഥയിൽ ദുഃഖവും കരുതലും തോന്നുവാൻ, അങ്ങിനെയൊരു മുൻവേഴ്‌ചയുടെ പിന്നാമ്പുറമെന്തിന്! തിരുവനന്തപുരത്തിനടുത്തുള്ള തമിഴ്‌നാടു ജില്ലയാണ് നാഗർ കോവിൽ. താൻ ഗോപിയെ കാണുവാനുദ്ദേശിക്കുന്നതായി എം.ജി.ആർ. പ്രഖ്യാപിച്ചു. മുൻകൂട്ടി അറിയിച്ചിട്ടു ചെല്ലുന്നതാണു മര്യാദ. തന്റെ സന്ദർശനോദ്ദേശ വിവരം ഗോപിയെ വീട്ടിൽ ചെന്നറിയിക്കുവാൻ നാഗർകോവിൽ ജില്ലാ കളക്‌ടറെ എം.ജിആർ. ചുമതലപ്പെടുത്തി.
ഗോപിയുമായി അടുത്തബന്ധമാണ് ചങ്ങാതിയും സഹപ്രവർത്തകനും എന്ന നിലയിൽ എനിയ്‌ക്കുണ്ടായിരുന്നത്. ഞങ്ങൾ നേരിൽ കാണുന്നത്, ഭരതന്റെ ‘പാളങ്ങളു’ടെ സെറ്റിലാണ്. അതിനു മുൻപേ, ഞാൻ എഴുതിയ ‘വിടപറയും മുൻപേ’യിൽ ഗോപി അഭിനയിച്ചിരുന്നുവെങ്കിലും ഞങ്ങൾ തമ്മിൽ കണ്ടിരുന്നില്ല. ഞാൻ തിരക്കഥയുമായി ബന്ധപ്പെട്ട ഒരു ഡസനിലേറെ ചിത്രങ്ങളിൽ വൈവിധ്യമാർന്നകഥാപാത്രങ്ങളെ ഗോപി തന്റേതായ അഭിനയവ്യാഖ്യാനത്തിലൂടെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. ഓർമ്മയ്‌ക്കായി, മർമ്മരം, സന്ധ്യമയങ്ങും നേരം, ആലോലം, രചന, ആരോരുമറിയാതെ, അടുത്തടുത്ത്….. തുടങ്ങി ഗോപി അഭിനയിച്ച പല ചിത്രങ്ങളും എന്റെ ചലച്ചിത്രപാതയിലെ ഓർമ്മിക്കപ്പെടുന്ന വഴിവിളക്കുകളായിരുന്നു; ഒപ്പം മദ്ധ്യവർത്തി സിനിമയിലെ, മലയാളത്തിലെ ചൈതന്യമാർന്ന ഏടുകളും. ഗോപിയെപ്പോലെ ഒരു നടന്റെ വ്യാഖ്യാനം ആവശ്യപ്പെടുന്ന കഥയിടങ്ങളും കഥാപാത്രങ്ങളും മനസ്സിൽ മുളയിട്ടുനിൽക്കുമ്പോഴാണു ഗോപി രോഗബാധിതനായതും സജീവമായ അഭിനയരംഗത്തുനിന്നും വിട്ടുനിൽക്കുന്നതും. എന്റെ ചലച്ചിത്രപ്രയാണത്തിൽ അതുതീർത്ത അമ്പരപ്പു ചെറുതല്ല. ഇതെന്റേതു മാത്രമായ അനുഭവമായിരുന്നുമില്ല. ഭരതൻ, കെ.ജി.ജോർജ്ജ് ,മോഹൻ, പത്മരാജൻ, സേതുമാധവൻ, സത്യൻ അന്തിക്കാട്…. പലർക്കും പലതും മാറ്റി ചിന്തിക്കേണ്ടിവന്നിട്ടുണ്ട്. മലയാളത്തിലെ മദ്ധ്യവർത്തി സിനിമയുടെ തുടർന്നുള്ള ഗതിയിൽത്തന്നെ അതു മാറ്റങ്ങൾ വരുത്തി. ഒരു നടൻ മാത്രമായിട്ടായിരുന്നില്ല ഗോപിയുടെ സാന്നിദ്ധ്യം മലയാളസിനിമയിൽ സ്വാധീനം ചെലുത്തിയിരുന്നത്. “ഒപ്പത്തിനൊപ്പം നിന്നു
മാറ്റുരയ്‌ക്കുവാൻ എതിർവശത്തൊരാളില്ലാതായത്”. തന്നിലെ നടനെ തളർത്തിയ കഥ നെടുമുടിവേണു എറ്റുപറഞ്ഞിട്ടുണ്ട്.
ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്നപ്പോൾ അവിടെപോയും അല്ലാത്തപ്പോൾ തിരുവനന്തപുരത്തെ കരമനയിലുള്ള ഗോപിയുടെ തൃക്കാർത്തികയിൽ ചെന്നും സമയം കിട്ടമ്പോഴൊക്കെ ഞാൻ ഗോപിയെ കാണുമായിരുന്നു. ഏറെ നേരം സംസാരിച്ചിരിക്കും. യാത്ര പറഞ്ഞിറങ്ങുമ്പോൾ ഗോപിയുടെ മുഖം ഇരുളും ംലാനമാകും. ഇനി ഭാര്യ ജയയോ മക്കൾ മിനുവോ ഉണ്ണിയോ വൈകിട്ടു മടങ്ങിയെത്തുംവരെ ഒറ്റയ്‌ക്കാണുഗോപി ഒന്നും ചെയ്യാനാവാത്ത നിസ്സഹായത! നന്നെ ചെറുപ്പത്തിൽ ആരംഭിച്ചതാണു കലാപ്രവർത്തനങ്ങൾ. അഭിനയ രംഗത്തു സജീവ സാന്നിദ്ധ്യമായിരുന്നപ്പോൾ ദിവസത്തിനു 24 മണിക്കൂർ തികയില്ലായിരുന്നു. ആ ഗോപിയാണ് ഏകനായി വീട്ടിൽ, ഒന്നിനും ആകാത്ത പരാധീനതയിൽ‘ തളച്ചിടപ്പെടുന്നത്. അദ്ദേഹം അനുഭവിച്ചിരുന്ന അസ്വസ്‌ഥതയും വീർപ്പുമുട്ടലും നമുക്കു സങ്കൽപ്പിക്കാനാകും….
മനസ്സിനടുപ്പമുള്ള ചങ്ങാതിമാരോട് ഗോപിയെ ചെന്നു കാണാനും സംസാരിച്ചിരിക്കുവാനും ഞാനാവശ്യപ്പെടുമായിരുന്നു. അത്തരം സുഹൃദ് സാന്നിദ്ധ്യങ്ങൾ ഗോപിയ്‌ക്കൊരു സാന്ത്വനമാകുമായിരുന്നു. പക്ഷെ പലരും അതിനു ധൈര്യപ്പെട്ടില്ല. ഗോപിയെക്കുറിച്ചുകരുതലില്ലാഞ്ഞിട്ടാവില്ല. മനസ്സിൽ ചെറിയൊരു നിഴൽ പതിഞ്ഞാൽ എല്ലാ സീമകളും വിട്ടുപരുഷഭാവമണിയുന്ന പ്രകൃതമാണ് ഗോപിയുടേത്. ആ പരുക്കൻ രീതിയെ ഭയന്നു പലരും ഒഴിഞ്ഞുമാറി. എന്നാൽ, തിരുവനന്തപുരത്തു വരുമ്പോഴൊക്കെ ഗോപിയെ ചെന്നുകാണുമായിരുന്നു പ്രേംനസീർ. ദേവരാജൻ മാസ്‌റ്ററാണ് മറ്റൊരാൾ. ബാലചന്ദ്രൻ ചുള്ളിക്കാടും വന്നതായോർക്കുന്നു. ഇടയ്‌ക്കപ്പോഴൊക്കെയോ ഓംപുരിയും സ്‌മിതാപാട്ടീലും വന്നിരുന്നതുമോർമ്മയുണ്ട്. ഭാഗ്യരാജും പൂർണ്ണിമ ജയറാമുമാണ് വേറെരണ്ടു പേർ. ഇനിയുമുണ്ടാകാം പലരും. ഓർമ്മയിൽ തെളിഞ്ഞ പേരുകൾ എഴുതി എന്നു മാത്രം.
ഈ പശ്ചാത്തലത്തിലാണ് എം.ജി. ആറിന്റെ സന്ദർശനോദ്ദേശ വാർത്തയുമായി നാഗർകോവിൽ കളക്‌ടർ ഗോപിയെകാണാനെത്തുന്നത്. ചമയങ്ങളണിഞ്ഞു വെള്ളത്തിരയിൽ പ്രത്യക്ഷപ്പെട്ട നാളുകൾ തൊട്ടേ ജനലക്ഷങ്ങളുടെ ആരാധനാവിഗ്രഹമാണു, എംജി.ആർ. ’തലൈവർ‘, വാദ്ധ്യാർ’, എന്നൊക്കെയല്ലാതെ അവർക്കദ്ദേഹത്തെ വിശേഷിപ്പിക്കുവാനാവില്ല. പുരട്‌ച്ചി തലൈവർ(വിപ്ലവ നായകൻ), മക്കൾ തിലകം തുടങ്ങിയ പദങ്ങൾ ആ താരദൈവത്തിനു പര്യായങ്ങളായി. ഈശ്വരനെ കാണുന്നതുപോലെയായിരുന്നു. തമിഴ്‌ക്കുടിമക്കൾക്ക് എം.ജി.ആറിന്റെ ദർശനം. കല്ല്യാണത്തിനോ, മറ്റേതെങ്കിലും ചടങ്ങുകൾക്കോ മരണാവശ്യങ്ങൾക്കോ അദ്ദേഹം വരുന്നു എന്നുവന്നാൽ അതൊരു വലിയ അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. വരുന്നതിനു മണിക്കൂറുകൾക്കുമുൻപേ തുടങ്ങും സന്നാഹങ്ങളും, ഒരുക്കങ്ങളും. വീടും വഴിയും ചുറ്റുപാടുമുഴുവൻ സായുധ പോലീസിന്റെ അധീനതയിലാകും, അവിടേയ്‌ക്കുള്ള ട്രാഫിക്‌പോലും അവരുടെ നിയന്ത്രണത്തിലാണു പിന്നെ. തലൈവർ വരപോകിർത്“ എന്ന വിളംബരം കാതോടുകാതോരം പകർന്ന് ഒരു നോക്കുകാണാൻ എം.ജി.ആർ വരുന്നതിന് വളരെ മുൻപേ തന്നെ ആ വഴിയ്‌ക്കിരുവശവും ആയിരങ്ങളും പതിനായിരങ്ങളും തടിച്ചുകൂടും.
തന്നെകാണാൻ എം.ജി.ആർ. വരുന്നു എന്നറിഞ്ഞപ്പോൾ ഗോപിയ്‌ക്കാദ്യം സന്തോഷം തോന്നിയിരിക്കാം. പക്ഷെ അടുത്തക്ഷണം ഭീതിദമായ ഒരു ദൃശ്യം മനസ്സിൽ സങ്കൽപ്പിച്ചു ഗോപി ആകെ നടുങ്ങി.
തമിഴ്‌നാടിനോടടുത്തു കിടക്കുന്ന ജില്ലയാണു തിരുവനന്തപുരം. ജനസംഖ്യയിൽ തമിഴ് സാന്നിദ്ധ്യവും പൊതുവെ തമിഴ്‌സ്വാധീനവും ഗണ്യമായുണ്ട്. എം.ജി.ആർ. വരുന്നു എന്ന വാർത്ത പരസ്യമായിക്കഴിഞ്ഞാൽ (പരസ്യമാകുമെന്നുറപ്പ്) കരമന ഭാഗമത്രയും ജനസമുദ്രമാകും. തൃക്കാർത്തികയിലേക്കുള്ള പള്ളിത്താനം റോഡിന് ഇരുവശത്തമുള്ള വീടുകളുടെ മതിലുകളത്രയും ആൾത്തിരക്കിൽപ്പെട്ടു ഇടിഞ്ഞുതകരും. തൃക്കാർത്തികയുടെ അവസ്‌ഥ എന്താകുമെന്ന് ഓർക്കുവാൻ തന്നെ ഭയം! ചുറ്റുമതിൽ മാത്രമാവില്ല തകരുക; വീടാകെത്തന്നെയാണ്. പരിഭ്രാന്തനായി കൈകൂപ്പി ഗോപി നാഗർകോവിൽ കളക്‌ടറോടഭ്യർത്ഥിച്ചു….
”അരുത്….. അദ്ദേഹം വന്നാൽ ഈ വീടും വഴിയും….. വരണമെന്നതോന്നിയ വലിയ മനസ്സിനു കോടി പുണ്യം…. പക്ഷെ വരരുത്. എനിയ്‌ക്ക്‌ത് നേരിടാനും താങ്ങാനുമുള്ള ആവതില്ലെന്ന് ക്ഷമാപണപൂർവ്വം അദ്ദേഹത്തോടു പറയണം“
അതുകേട്ട് പാവം കളക്‌ടർ അമ്പരന്നുകാണും ഉറപ്പ്. അദ്ദേഹം ചെന്നു പറഞ്ഞു ഗോപിയുടെ അസാധാരണമായ അഭ്യർത്ഥനയെക്കുറിച്ചറിഞ്ഞപ്പോൾ എം.ജി.ആറോ?!
തുടരും…….
Generated from archived content: essay1_10_09.html Author: jhon_poaul