സത്യന്‌ സമം സത്യൻ

സത്യന്‌ അക്കാലത്ത്‌ (അവസാനംവരെയും) ഒരു ഫിയറ്റ്‌ കാറാണുണ്ടായിരുന്നത്‌. ഒരു കറുത്ത ഫിയറ്റ്‌. ഡ്രൈവറുണ്ടെങ്കിലും പലപ്പോഴും അയാൾ പുറകിലിരിക്കുകയേയുള്ളൂ.. ഓടിക്കുന്നതധികവും സത്യനാണ്‌. നാട്ടിലേയ്‌ക്കുള്ള യാത്രകളധികവും കാറിലാണ്‌. പുലർച്ചയ്‌ക്കു പുറപ്പെടും. ഒറ്റയടിക്കാണെങ്കിൽ രാത്രി മണക്കാടുള്ള വീട്ടിലെത്തി അത്താഴം. അതല്ല കമ്പനിക്കു കൂട്ടുണ്ടെങ്കിൽ കവിതയും പാട്ടും സദിരും ഘോഷവുമായി ഇടയ്‌ക്കു തങ്ങി പിറ്റേന്നും.

അന്നു പക്ഷെ സത്യനും ഡ്രൈവറും മാത്രമായിരുന്നു.

തിരുവനന്തപുരത്തേയ്‌ക്കല്ല, കൊട്ടാരക്കരയ്‌ക്കാണു വണ്ടി വിട്ടത്‌. നേരെ ശ്രീധരൻ നായരുടെ വിടിന്റെ മുൻപിൽ ചെന്നു വണ്ടി നിറുത്തി.

കാറിൽ നിന്നിറങ്ങിവരുന്ന സത്യനെക്കണ്ട്‌ ശ്രീധരൻ നായർക്കു അത്ഭുതം.

“അയ്യോ ഇതാരാ വന്നിരിക്കുന്നത്‌ ……! ശ്ശോ ഒരു മുന്നറിയിപ്പുമില്ലാതെ….. ഒന്നറിയിച്ചേച്ചു ആയിരുന്നെങ്കിൽ വല്ലതും കാര്യമായിട്ടൊരുക്കാമായിരുന്നു. ഇനിയിപ്പോൾ എന്താ വേണ്ടേ………..?”

ആതിഥേയന്റെ സൽക്കാരചിന്തകളെ സത്യൻ വിലക്കി.

“ഒന്നിനും നേരമില്ല. രാത്രിയങ്ങെത്തണം. രാവിലെ മെരിലാന്റിൽ ഷൂട്ടിംഗുള്ളതാണ്‌.

”എന്നാലും ശ്രീധരന്റെവിടം വരെ വന്നിട്ട്‌…..“

”വന്നതൊരു പ്രത്യക കാര്യത്തിനാണ്‌“

കൈയ്യിലിരുന്ന‘അരനാഴികനേരം’ സത്യൻ ശ്രീധരൻ നായർക്കു നീട്ടി.

”ഇതാ ഇതു പാറപ്പുറത്തിന്റെ പുതിയ നോവലാണ്‌. അരനാഴിക നേരം. ഔസേപ്പച്ചൻ ഇതു സിനിമയാക്കുവാൻ ആലോചിക്കുന്നു. 90 വയസ്സുളള ഒരു മദ്ധ്യതിരുവിതാംകൂർ നസ്രാണിയാണിതിലെ ഹീറോ…… ശ്രീധരൻ വേണം ആ റോള്‌ ചെയ്യാൻ…….“ കൊട്ടാരക്കര മിഴിച്ചുനിന്നു.

”സേതുമാധവനാണ്‌ സംവിധായകൻ. അറിയാമല്ലോ സേതുവിന്റെ ചിട്ടകൾ….. മദ്യപിച്ചിട്ടുവരാൻ സേതു അനുവദിക്കില്ല.“

എന്തുത്തരം പറയണമെന്നറിയാതെ കൊട്ടാരക്കര പരുങ്ങി.

”ശ്രീധരൻ നോവലാദ്യം വായിക്ക്‌. കുഞ്ഞോനാച്ചനെ ആ കഥാപാത്രത്തെ മനസ്സിലിട്ടൊന്നളന്നുനോക്ക്‌. ആയുസ്സിൽ ഒരിയ്‌ക്കൽ മാത്രം കിട്ടുന്ന ഇത്തരമൊരു കഥാപാത്രത്തിനുവേണ്ടി ഒരു ത്യാഗം അനുഷ്‌ഠിക്കുവാൻ പറ്റുമോന്ന്‌…….“

”ത്യാഗമെന്നു പറയുമ്പം……?

“കുഞ്ഞോനച്ചന്റെ വേഷം അഭിനയിക്കുവാൻ തീരുമാനിച്ചാൽ ആ നിമിഷം തൊട്ട്‌ അഭിനയിച്ചു തീരുന്നതുവരെയുള്ള ദിവസങ്ങളിൽ മദ്യം തൊടരുത്‌. അതു തന്നെ. അതിലൊരു ദാക്ഷിണ്യവും പാടില്ല.”

തലയ്‌ക്കു കൈകൊടുത്തു ശ്രീധരൻ നായർ തളർന്നു നിന്നു.

“ആലോചിച്ചിട്ടു മതി തീരുമാനം. സമ്മതമാണെങ്കിൽ വിവരത്തിന്‌ ഔസേപ്പച്ചനൊരു കമ്പിയടിക്ക്‌…. എന്റെ തലയിൽ തൊട്ടു സത്യം ചെയ്യുന്നതുപോലെയാണ്‌ സമ്മതംന്നു പറയുമ്പോൾ ശ്രീധരൻ ആപ്രതിജ്ഞയെടുക്കുന്നതെന്നു മറക്കണ്ട. അതിനു പിന്നെ മാറ്റമുണ്ടാവരുത്‌. ഉണ്ടാവില്ല”.

ആജ്ഞാസ്വരത്തിൽ അതു പറഞ്ഞു നോവൽ കൈയ്യിലേൽപ്പിച്ചു സത്യൻ കാറിലേയ്‌ക്ക്‌ നടന്നു കയറി. വണ്ടി സ്‌റ്റാർട്ട്‌ ചെയ്‌തു മുൻപോട്ടെടുക്കും മുൻപ്‌ ഒന്നു കൂടി പറഞ്ഞു.

“ശ്രീധരനല്ലാതെ വേറൊരാളില്ല കുഞ്ഞോനാച്ചന്റെ വേഷം അഭിനയിക്കാൻ. അതോർക്കണം. എന്നാലും ഈ വ്യവസ്‌ഥയ്‌ക്കു വിധേയമായി അഭിനയിക്കുവാൻ ശ്രീധരനു വിഷമമാണെങ്കിൽ അതു തുറന്നു പറഞ്ഞേക്കണം. ഈ കഥ പിന്നെ സിനിമയാക്കുന്നില്ല. സിനിമയായി കാണണമെന്ന്‌ ഞാനൊരു പാടാഗ്രഹിക്കുന്ന ഒരു കഥയാണ്‌. പക്ഷെ വേണ്ടെന്നു വയ്‌ക്കാനേപറ്റൂ……”

കാറുവിട്ടു സത്യൻ പോയി. ശങ്കിച്ചു ശങ്കിച്ച്‌ കൊട്ടാരക്കര ശ്രീധരൻ നായർ നോവലിന്റെ താളുകൾ മറിച്ചു…….

രണ്ടു നാലു ദിവസത്തെ ഷൂട്ടിംഗ്‌ കഴിഞ്ഞു സത്യൻ മദിരാശിയിൽ തിരിച്ചെത്തി.

അതിനകം എം.ഒ.ജോസഫിനെ തേടികൊട്ടാരക്കര നിന്നും ശ്രീധരൻ നായരുടെ ടെലഗ്രാം എത്തിയിരുന്നു.

“സമ്മതം…..സമ്മതം………..നൂറുവട്ടം സമ്മതം!”

അന്നു തുടങ്ങിയ വ്രതം കൊട്ടാരക്കര ശ്രീധരൻ നായർ ഒന്നരമാസം നീണ്ട ഷൂട്ടിംഗ്‌ പൂർത്തിയാക്കും വരെ തെറ്റിച്ചില്ല. മനസ്സു പൂർണ്ണമായും അർപ്പിച്ച്‌ കുഞ്ഞോനാച്ചനെ ആത്മാവിലുൾക്കൊണ്ടുകൊണ്ടു ആ മഹാ നടൻ പകർന്നാടുമ്പോൾ പലപ്പോഴും സന്തോഷാഹ്ലാദം കൊണ്ടു പാറപ്പുറത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. സ്‌ക്രീനിലെത്തിയപ്പോൾ കുഞ്ഞോനാച്ചന്റെ മനസ്സിലെവിചാരവികാരങ്ങളുടെ ബോധധാരയിൽ ഇതൾ വിടർന്ന അദൃശ്യാഖ്യാനത്തെ ഹൃദയത്തോടുചേർത്താണ്‌ മലയാളി പ്രേക്ഷകൻ സ്വീകരിച്ചത്‌.

‘അരനാഴികനേരം’ വൻ വിജയമായി. കലാപരമായും സാമ്പത്തികമായും ഒരുപോലെ. അവാർഡുകളുടെ അനിരന്തരപ്രവാഹമായിരുന്നു. ചിത്രത്തെയും ശില്‌പികളെയും കഞ്ഞോനാച്ചനെ നശ്വരനാക്കിയ ശ്രീധരൻ നായരെയും തേടി. ​‍ാതിലേറെ ആഹ്ലാദിച്ചിരുന്നത്‌ സത്യനായിരുന്നു എന്ന്‌ പ്രത്യേകം പറയ്യേണ്ടതില്ലല്ലോ.

ഒരനുബന്ധ കഥ കൂടി ചേർന്നാലേ ഈ കഥ പൂർത്തിയാകൂ…….. സത്യനെന്ന വലിയ നടന്റെ വലിയ മനസ്സിന്റെ ചിത്രം പൂർണ്ണമാകൂ…..

കോട്ടയം നഗരം, ഒരു സ്വകാര്യ അവാർഡ്‌ നിശ. മികച്ച ചിത്രം, അരനാഴികനേരം. മികച്ച നടൻ, കൊട്ടാരക്കരശ്രീധരൻ നായർ. സത്യനും പ്രേംനസിറും ഷീലയും ഭാസിയുമെല്ലാമടക്കമുള്ള ഒരുവൻ നിര എത്തിയിട്ടുണ്ട്‌. സംഘാടകർ ഓരോരുത്തരെയായി വേദിയിലേക്കു ആദരപൂർവ്വം ആനയിക്കുന്നഊഴമായി.

സ്വഭാവികമായും ആദ്യം ക്ഷണിച്ചത്‌ സത്യനെ.

പക്ഷെ അദ്ദേഹം അനങ്ങിയില്ല. കേട്ടഭാവം നടിച്ചില്ല.

ക്ഷണം ആവർത്തിച്ചു.

സത്യനു തെല്ലുമില്ല ഭാവമാറ്റം!

സംഘാടക പ്രമാണമെല്ലെ അടുത്തു ചെന്നു ചെവിയിൽ മന്ത്രിച്ചു.

“സ്‌റ്റേജിലോട്ട്‌…….”

ഇടിവെട്ടുന്ന ശബ്‌ദമുഴക്കത്തോടെയായിരുന്നു പ്രതികരണം.

കൊട്ടാരക്കര ശ്രീധരൻ നായർ. ….. ശ്രീധരൻ നായരെ വേണം ആദ്യം വിളിയ്‌ക്കാൻ. നിങ്ങൾ ആദരിക്കുന്നത്‌ അരനാഴികനേരത്തെയും കുഞ്ഞോനാച്ചനെയുമാണ്‌. ശ്രീധരൻ നായർ കഴിഞ്ഞിട്ടേയുള്ളൂ സത്യൻ ഇവിടെ!“

അതു കേട്ടു സദസ്സാകെയിരമ്പി.

കൊട്ടാരക്കര ശ്രീധരൻ നായരെ സംഘാടകർ വേദിയിലേയക്കാനായിച്ചപ്പോൾ എഴുന്നേറ്റു നിന്ന്‌ ആദരപൂർവ്വം ആദ്യം കൈയ്യടിച്ചത്‌ സത്യനായിരുന്നു. ജനസഹസ്രങ്ങൾ പിന്നീടതേറ്റെടുത്തു. കൊച്ചുകുട്ടിയെപ്പോലെ കണ്ണുനീരൊഴുക്കിതേങ്ങിക്കൊണ്ടാന്നു ശ്രീധരൻ നായർ സത്യന്റെ വലിയ മനസ്സിനെ അന്നു നമിച്ചത്‌…..

പതിറ്റാണ്ടുകൾക്കുശേഷം സത്യനു സമം സത്യൻ മാത്രമെന്നു നാമേറ്റു പറയുമ്പോൾ നാമും നമിക്കുകയാണു ആ മനസ്സിനെ ……. അതിലത്രയും വിളങ്ങി നിന്ന ആ കലാകാരന്റെ ഹൃൽസ്‌പന്ദങ്ങളെ!.

Generated from archived content: cinema1_jun28_09.html Author: jhon_poaul

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English