സത്യനു സമം സത്യൻ

പാറപ്പുറത്തിന്റെ പ്രകൃഷ്‌ടമായ രചനയാണ്‌ അരനാഴികനേരം‘. സാഹിത്യപ്രവർത്തകസഹകരണ സംഘമടക്കം നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ ആ നോവൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. അതിലെ മുഖ്യകഥാപാത്രമായ കുഞ്ഞോനാച്ചൻ എന്ന തൊണ്ണൂറുതാണ്ടിയ വൃദ്ധൻ മലയാളസാഹിത്യത്തിലെ ഏറ്റവും മിഴിവാർന്ന കഥാപാത്രങ്ങളിലൊന്നായി. വിഖ്യാതങ്ങളായ നോവലുകളും നാടകങ്ങളും മലയാളസിനിമ ഹൃദയപൂർവ്വം സ്വീകരിക്കുന്ന കാലം കൂടിയായിരുന്നു അത്‌. പല നല്ല കൃതികളും സിനിമയായി. അതിൽ മുൻകൈയ്യെടുത്ത നിർമ്മാതാക്കളുടെ മുൻപന്തിയിലായിരുന്നു മഞ്ഞിലാസിന്റെ എം.ഒ.ജോസഫ്‌. സത്യനായിരുന്നല്ലോ, മഞ്ഞിലാസ്‌ ചിത്രങ്ങളുടെ ആ കാലഘട്ടത്തിലെ ജീവാത്മാവ്‌. കെ.എസ്സ്‌ സേതുമാധവൻ സ്‌ഥിരം സംവിധായകനും. മെല്ലി ഇറാനി – ഛായഗ്രഹകൻ, വയലാർ ദേവരാജൻ സംഗീതം…. എല്ലാവരും മഞ്ഞിലാസ്‌ കുടുംബത്തിലെ അംഗങ്ങൾ. മഞ്ഞിലാസ്‌ ചിത്രങ്ങൾക്കുവേണ്ടി കഥകൾ തിരഞ്ഞെടുക്കുക എം.ഒ. ജോസഫും കെ.എസ്സ്‌.സേതുമാധവനും സത്യനും ചേർന്ന ഒരു ത്രയമായിരുന്നു. നല്ലൊരു വായനക്കാരനായിരുന്നു സത്യൻ. സാഹിത്യത്തിൽ വലിയ കമ്പം വായനയ്‌ക്കിടയിൽ ചലച്ചിത്ര സാദ്ധ്യതകൾ തെളിഞ്ഞു തോന്നുന്ന പുസ്‌തകങ്ങൾ സേതുമാധവന്റെയും ജോസഫിന്റെയും ശ്രദ്ധയിൽപ്പെടുത്തും. ചർച്ചകൾക്കുശേഷം മൂവരും ചേർന്നു തീരുമാനങ്ങൾ എടുക്കും. അതായിരുന്നു പതിവ്‌.

അരനാഴികനേരം നോവൽ ഇറങ്ങിയപ്പോൾ സത്യന്റെ ചിരകാലസുഹൃത്തായിരുന്ന പാറപ്പുറത്ത്‌ തന്റെ പ്രിയനടനു സ്‌നേഹപൂർവ്വം ഒരു കോപ്പി സമ്മാനിച്ചു. രണ്ടുകാലഘട്ടത്തിലാണെങ്കിലും രണ്ടുപേരും പട്ടാളത്തിലുണ്ടായിരുന്നവരാണ്‌. അക്കാലത്ത്‌ ഏറ്റവും നന്നായി പട്ടാളജീവിതകഥകൾ എഴുതിയിരുന്നത്‌ പാറപ്പുറത്തും നന്തനാരുമായിരുന്നു. പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‌പാടുകളും, അന്വേഷിച്ചു; കണ്ടെത്തിയില്ലയും, ’ആദ്യകിരണങ്ങളും അതിനകം സിനിമയായിക്കഴിഞ്ഞിരുന്നു. അവ ഏറെ ശ്രദ്ധിയ്‌ക്കപ്പെടുകയും ചെയ്‌തിരുന്നു. (കരകാണാക്കടൽ, അക്കരപ്പച്ച,പണിതീരാത്ത വീട്‌, അവസ്‌ഥാന്തരങ്ങൾ (ഈ മനോഹരതീരം) എന്ന പേരിൽ) എന്നിവയാണു പിന്നീടു വന്ന ചിത്രങ്ങൾ. അരനാഴികനേരം സത്യൻ ഒറ്റയടിക്കു വായിച്ചു തീർത്തു. വളരെ വ്യത്യസ്‌തമായ ഒരു സിനിമയുടെ സാദ്ധ്യത സത്യനതിൽ കണ്ടു, ഒട്ടും വൈകിയില്ല സേതുമാധവനെ വിളിച്ചു.

“സേതു….. നമുക്കിതു സിനിമയാക്കണം… ഇങ്ങിനെയൊരു സിനിമ ഇതുവരെയാരും മലയാളത്തിൽ ചിന്തിച്ചുപോലും കാണില്ല….. ഔസേപ്പച്ചനോട്‌ (എം.ഒ.ജോസഫ്‌) ഞാൻ പറഞ്ഞോളാം…. സേതു പ്ലാൻ ചെയ്‌തോളൂ…..”

സേതുമാധവന്‌ ഉത്സാഹമായി. പാറപ്പുറത്തിനെ വരുത്തി ഒരു റൗണ്ട്‌ ചർച്ചകൾ നടത്തി.

ഇനി കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കണമെന്ന ആലോചനയായി. സത്യനുമുണ്ട്‌.

കുറുപ്പിന്റെ വേഷം അടൂർഭാസി മതി. ശങ്കരാടി, ബഹദൂർ, കവിയൂർ പൊന്നമ്മ, പ്രേംനസീർ, ഷീല, രാഗിണി, അംബിക, ജേസി, ഗോവിന്ദൻകുട്ടി, ജോസ്‌ പ്രകാശ്‌ തുടങ്ങിയവർക്കുള്ള കഥാപാത്രങ്ങളെ നിശ്ചയിച്ചു. കുഞ്ഞോനാച്ചന്റെ മക്കളിൽ മൂന്നാമനൊരുത്തനുണ്ട്‌. മാത്തുക്കുട്ടി. നാട്ടുകാര്യം നോക്കിനടന്നു സ്വന്തം കാര്യം മറന്നുപോയ ഒരു ശുംഭൻ. മകനൊരാൾ പട്ടാളത്തിലുള്ളതുകൊണ്ട്‌ അവനയക്കുന്ന മണിഓർഡറിന്റെ സഹായത്താൽ വീട്ടുചിലവു അഷ്‌ടിമുട്ടിപ്പോകുന്നു. ഒടുവിൽ ഗതിയില്ലാതെ വരുമ്പോൾ കുഞ്ഞോനാച്ചനു നേരാംനേരത്തു മരുന്നും കഞ്ഞിയും കൊടുക്കുവാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ വേറെ ഗതിയില്ലാതെ കുഞ്ഞോനച്ചനോടു സൊറപറയാൻ വരുന്ന സ്‌ത്രീലമ്പടനായ കുറുപ്പിന്‌ വഴങ്ങേണ്ടി വരുന്ന ഹതഭാഗ്യയാണ്‌ മാത്തുക്കുട്ടിയുടെ ഭാര്യ. ഇതറിയുവാനിടവന്നപ്പോഴുള്ള ആഘാതത്തിലാണ്‌ കുഞ്ഞോനാച്ചന്റെ മരണം പോലും. അക്ഷരാർത്ഥത്തിൽ പതിവു മാമൂലുകൾക്കൊത്തു നോക്കുമ്പോൾ ഒരു നെഗറ്റീവ്‌ കഥാപാത്രമാണ്‌ മാത്തുക്കുട്ടി. പക്ഷെ അതിൽ ഒരു വേറിട്ട അഭിനയ സാദ്ധ്യത കണ്ടെത്തി സത്യൻ പറഞ്ഞു.

“മാത്തുക്കുട്ടി ഞാനാകാം…”

സേതുമാധവനും എം.ഒ. ജോസഫിനും പാറപ്പുറത്തിനു ഷോക്കായി. അന്ന്‌ മലയാളസിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായ ഏറ്റവും കരുത്തനായ വീരനായതാരമാണ്‌ സത്യൻ, എങ്കിലും ക്യാരക്‌ടർ റോളുകളും നെഗറ്റീവ്‌ റോളുകളും ചെയ്യുവാൻ സത്യൻ പക്ഷെ ഒരിയ്‌ക്കലും ശങ്കിച്ചിട്ടില്ല. ആ ധൈര്യത്തിൽ കുഞ്ഞോനാച്ചനായി സത്യനെ സങ്കല്‌പിച്ചിരിക്കുകയായിരുന്നു അവർ. മാത്തുക്കുട്ടിയുടെ വേഷം സത്യനെടുത്താൽപ്പിന്നെ കുഞ്ഞോനാച്ചന്റെ വേഷമാരുചെയ്യും? ഡബിൾ റോളിന്റെ പ്രസക്തിയുള്ള ചിത്രവുമല്ല. അവരുടെ മുഖത്തുനിന്നും ചിന്താക്കുഴപ്പം സത്യൻ വായിച്ചെടുത്തു.

“കുഞ്ഞോനാച്ചന്റെ കാര്യം ഇനിയും നിങ്ങൾ തീർച്ചപ്പെടുത്തിയില്ലേ? അതഭിനയിക്കുവാൻ ഞാൻ ആളല്ല, പോരാ, നന്നാവില്ല. അതിനുള്ള പ്രാപ്‌തി എനിയ്‌ക്കില്ല. എന്റെ ശരീരഭാഷപോരാ അതിന്‌…. അതിനു യോഗ്യതയുള്ള ഒരു നടനേ മലയാളത്തിലുള്ളൂ. ശ്രീധരൻ നായർ…… നമ്മുടെ കൊട്ടാരക്കര ശ്രീധരൻ നായർ……. അല്ലാതെ പിന്നെയാര്‌!”

പാറപ്പുറത്തും, എം.ഒ. ജോസഫും സമ്മതഭാവത്തിൽ തലയാട്ടി, കുഞ്ഞോനച്ചനായി കൊട്ടാരക്കര അഭിനയിക്കുന്നതു സങ്കല്‌പിക്കുമ്പോഴേ അവർക്കു ബോദ്ധ്യമായി അതുജ്ജ്വലമാകുമെന്ന്‌.

പക്ഷെ ടീമിന്റെ കപ്പിത്താൻ സംവിധായകനാണ്‌. അദ്ദേഹം പച്ചക്കൊടി കാണിച്ചില്ല.

എല്ലാ ദൃഷ്‌ടികളും സേതുമാധവന്റെ നേർക്കുനീണ്ടു. ആ മുഖത്തൊരു തെളിച്ചമില്ല.

സത്യൻ ആരാഞ്ഞു.

“എന്താ സേതു……”

സങ്കോചത്തോടെയാണെങ്കിലും സേതുമാധവൻ തന്റെ വിയോജിപ്പു തുറന്നു പറഞ്ഞു.

“ശ്രീധരൻ നായർ Great actor ആണ്‌. സംശയമില്ല. കുഞ്ഞോനാച്ചൻ അദ്ദേഹത്തിന്റെ കൈയിൽ ഭദ്രവുമായിരിക്കും. അത്രയും നന്നാവില്ല വേറെയാരുചെയ്‌താലും…. പക്ഷെ…..”

“പിന്നെന്താണൊരു പക്ഷെ…….?”

“മി. സത്യന്‌ എന്റെ രീതികളറിയാമല്ലൊ….. ഡിസിപ്ലിൻ എനിയ്‌ക്കു വളരെ പ്രധാനമാണ്‌. ഷൂട്ടിംഗ്‌ എന്നു പറയുന്നത്‌ എനിയ്‌ക്കു ആരാധനപോലെ പവിത്രമാണ്‌. ആ ചിട്ടയുള്ള ആളല്ല ശ്രീധരൻ നായർ. മദ്യപിച്ചിട്ടു സെറ്റിൽ വന്നാൽ ഞാൻ ഷൂട്ട്‌ ചെയ്യില്ല. പറഞ്ഞു വിടും. അറിഞ്ഞുകൊണ്ട്‌ ഒരാപത്തു ക്ഷണിച്ചു വരുത്താൻ ഭയമാണെനിയ്‌ക്ക്‌.

ഒരു നിമിഷം സത്യനടക്കം എല്ലാവരും നിശ്ശബ്‌ദരായി.

സെറ്റിലെ അച്ചടക്കത്തിന്റെ കാര്യത്തിൽ സേതുമാധവൻ വലിയ കണിശക്കാരാനാണ്‌. കർക്കശപ്രകൃതത്തിൽ കടുകോളമില്ല അയവ്‌. പലപ്പോഴും കെട്ടഴിഞ്ഞ പട്ടംപോലെ ചിട്ടകൾക്കു വഴങ്ങാത്ത പ്രകൃതമാണ്‌ അക്കാലത്തു കൊട്ടാരക്കര ശ്രീധരൻ നായരുടേത്‌. രണ്ടും തമ്മിൽ കോർത്താൽ ഷൂട്ടിംഗ്‌ മുടങ്ങും, പടം തന്നെ നിന്നു പോകും.!

ഒരു നിമിഷം ഒന്നാലോചിച്ചശേഷം സത്യൻ സ്വതസിദ്ധമായ ഗാംഭീര്യത്തോടെ ഒന്നു ഇരുത്തി മൂളി.

”സേതുവിന്റെ ചിട്ടകളൊന്നും തെറ്റിയ്‌ക്കണ്ട. അതിനു വഴങ്ങി ശ്രീധരൻ നായർ വന്നാൽ പിന്നെ പ്രശ്‌നമില്ലല്ലോ…“

”ഇല്ല സന്തോഷമേയുള്ളൂ… പക്ഷെ…..“

”ആ പക്ഷെ അവിടെ നിൽക്കട്ടെ. എഴുതിത്തള്ളാൻ വരട്ടെ സേതു, ഞാനൊരു ശ്രമം നടത്തി നോക്കട്ടെ എന്നിട്ടാകാം ബാക്കി തീരുമാനം…..“

അരനാഴികനേരം നോവൽ കൈയ്യിലെടുത്തുകൊണ്ടു സത്യൻ ഇറങ്ങിപ്പോയി.

എം.ഒ.ജോസഫും, പാറപ്പുറത്തും സേതുമാധവനും പരസ്‌പരം നോക്കി. എന്തുമലമറിക്കുന്ന പരീക്ഷണം നടത്തിയാണൊ സത്യൻ ഇനി കൊട്ടാരക്കരയെ ചിട്ടയുടെ വരുതിയിൽ തളയ്‌ക്കുവാൻ പോകുന്നത്‌? മൂവർക്കും പ്രതീക്ഷ അല്‌പം പോലുമുണ്ടായില്ല.

തുടരും……..

Generated from archived content: cinema1_jun13_09.html Author: jhon_poaul

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English