കനലു വെന്തു നീറി മകളെ നീ വരുവാൻ
കാതങ്ങൾ കാത്തു കണ്മണിയെൻ പൊന്നോമനെ
ഞങ്ങളിരുവരും കണ്ട സ്വപ്നങ്ങളിൽ
കൂട് കൂട്ടിയ സന്ധ്യകളിൽ നീയുമുണ്ടായിരുന്നു
സ്നേഹം പങ്കു വെക്കുവാനീ കൈകൾ മാത്രം
താരാട്ടിന്നീണം കേട്ട് തല ചായ്ച്ചുറങ്ങൂ
കുഞ്ഞിക്കവിളുകളിൽ മുത്തം നല്കാം
മുത്തേ പിഞ്ചു പൈതലേ ആരോമലേ
കരിമഷിയാൽ നെറ്റിയിൽ വട്ട പൊട്ടിട്ടു തരാം
കവിളിൽ കണ്ണ് പെടാണ്ട് കുഞ്ഞുമറുക് കുത്താം
കുട്ടി നിക്കറിനാൽ പെണ്ണെ നിന്നെ ആണാക്കിടാം
പുത്തനുടുപ്പണിയിച്ചു പൊന്നു മൂടാം
അമ്മിഞ്ഞ നുകരുവാൻ കരയേണ്ട കണ്ണേ
കണ്ണോടു കണ്ണു നോക്കി ചിരിച്ചു കൊഞ്ചു
കുസൃതിയും കുരുത്തക്കേടും കണ്ടു രസിക്കാം
കയ്യും കാലും വളരുവോളം കാത്തിരിക്കാം
കുഞ്ഞിളം കൈകളിൽ പിടിച്ചു നടത്താം
ആനയും പൂച്ചയും കടുവയും കളിക്കാം
കമരുമ്പോൾ ഇഴയാനും നിൽക്കുമ്പോൾ നടക്കാനും
ഓടുമ്പോൾ വീഴാതെ ഇരു കൈകൾ വീശിപ്പിടിക്കാം
Generated from archived content: poem3_june16_15.html Author: jerson_sebastian