റിസീവർ തകർന്ന് വീഴുകയാണെന്നു തോന്നി. കൊളുത്തിടുന്നപോലെ ബന്ധം നിലച്ചശേഷം വലിയൊരാരവം ചെവിയിലേക്ക് കയറി തലയിലാകെ തിമർത്ത് പെയ്യാൻ തുടങ്ങുന്നു. മായ ഒരു ക്ഷുദ്രജീവിയെയെന്നപോലെ ടെലിഫോണിനെ നോക്കി. ചവറ്റുകൊട്ടയിലിരിക്കേണ്ടത് മേശപ്പുറത്തിരിക്കുന്നു. ഡാമിറ്റ്! അവൾ പിറുപിറുത്തുകൊണ്ട് പുറത്തേക്കിറങ്ങി. കാഷ്യർ ശശിയും ധൃതി വച്ചിറങ്ങി.
‘നീ പറഞ്ഞതുപോലെ സംഭവിച്ചെന്നു തോന്നുന്നു.’ നടത്തത്തിനിടയിൽ അയാൾ അധൈര്യത്തോടെ ചോദിച്ചു. അവളുടെ പ്രതികരണം മിക്കവാറും അപ്രതീക്ഷിതമായിരിക്കും. പക്ഷേ അയാളെ അത്ഭുതപ്പെടുത്തികൊണ്ട് അവൾ ശാന്തമായി തലയാട്ടി.
‘അയാളെന്ത് പറഞ്ഞു?“
”പോകുകയാണെന്ന കാര്യം ഇതുവരെ പറഞ്ഞിട്ടില്ല. ഞാനറിയുമെന്ന് ഊഹിച്ചിരിക്കില്ല.’
‘എന്നിട്ട്?’
ഇന്ന് രാത്രി ഞാനയാളുടെ മുറിയിൽ പോകണമെന്ന്. എന്തോ സംസാരിക്കാനുണ്ടത്രേ. കാര്യം കഴിഞ്ഞ് നാളെയങ്ങ് ഊരിപ്പോകാമല്ലോ. ഇനിയൊരിക്കലും അയാൾ ഈ നഗരത്തിൽ കാലുകുത്തില്ല ശശീ.‘
’പക്ഷേ എവിടെയാണ് നിങ്ങൾക്ക് തെറ്റിപ്പോയത്?“
‘ഞങ്ങൾക്കല്ല, എനിക്ക്. ശശീ ഒരുപക്ഷേ നീയെന്നെ വരാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ വന്നുപോയേനെ.’
അവളുടെ പെട്ടെന്നുളള പറച്ചിലിൽ അയാൾ വിരണ്ടുപോയി. തൊണ്ട വറ്റി ശബ്‌ദം പുറത്തുവരാതെ അയാൾ വിഷമിച്ചു പോയി.
‘ഓക്കെ മായ. ഇപ്പോൾ നിനക്ക് സ്വസ്ഥതയാണാവശ്യം. ഞാൻ പോട്ടെ’
അയാൾ പേടിച്ചരണ്ട് ഓടുന്നത് കണ്ടപ്പോൾ ആ സമയത്തുപോലും അവൾക്ക് ചിരി വന്നുപോയി. ഈ ആണുങ്ങളെല്ലാം ഒന്നുകിൽ അങ്ങേത്തലക്കലും അല്ലെങ്കിൽ ഇങ്ങേത്തലക്കലുമാണ്.
അവൾ മുറിയിലേക്ക് പോയി. കുറെനേരം ഷവറിനുതാഴെ നിന്നു. വെളളം പതിയെപ്പതിയെ തന്നെ തണുപ്പിക്കുന്നതറിഞ്ഞു. പുറത്തുവന്നപ്പോൾ ചെറുതായി കുളിരുന്നുണ്ടായിരുന്നു. പുതച്ചുമൂടി കിടന്നപ്പോൾ വല്ലാത്തൊരു സുഖം തോന്നി. അല്പസമയമേ അത് നിലനിന്നുളളൂ. ഉഷ്‌ണം വീണ്ടും ആക്രമണം തുടങ്ങി. അവൾ എഴുന്നേറ്റ് വസ്‌ത്രം ധരിച്ച് ഇനിയെന്താണെന്നാലോചിച്ചു.
ആയുസ്സ് കുറഞ്ഞ ഇടപാടുകൾക്കിടയിൽ ഇതൊന്നു കൂടി. താരതമ്യേന ഇതായിരുന്നു ഏറ്റവും നീണ്ടതെന്ന് തോന്നുന്നു. അപകടം ആദ്യമേ മനസ്സിലാക്കിയതുകൊണ്ടായിരുന്നു. കാര്യം കഴിഞ്ഞയുടനെ അയാൾ സ്ഥലം വിടും. പ്രതീക്ഷയുടെ നേർത്ത ഞരമ്പ് പൊട്ടിക്കാതെ സൂക്ഷിച്ചിരുന്നതിനാൽ അയാൾ ക്ഷമയോടെ കാത്തിരുന്നു. ഇപ്പോൾ സഹികെട്ടു കാണും. നാളെ ഈ നേരമാകുമ്പോഴേക്കും അയാൾ തന്നെയും ഈ നഗരത്തെയും മറന്ന് ദൂരെയെവിടെയെങ്കിലുമായിരിക്കും. ഇത്രയേറെ നഷ്‌ടബോധം തോന്നാൻ അയാളെ അത്രയ്‌ക്കിഷ്‌ടപ്പെട്ടിരുന്നോ? മുമ്പൊന്നും തോന്നാത്തവിധം ഉളളിലൊരു കാളൽ. അയാളില്ലാത്ത നാളെ പുലരുമ്പോഴേക്കും എന്തായിരിക്കും അവസ്ഥ?
താൻ ഒറ്റപ്പെടലിലേയ്‌ക്ക് എറിയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. ആഴം കൂടുന്തോറും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നത് തന്നെത്തന്നെയാണെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. അവൾ തിരഞ്ഞു. ചുറ്റും കഴിഞ്ഞ കാലത്തിന്റെ കുതിർന്ന ചിത്രങ്ങൾ മാത്രം. വിരൽപ്പാടുകൾ കൊണ്ട് നിറഞ്ഞ തന്റെ ശരീരം ഒരിടത്ത് പൊങ്ങുതടി പോലെ ഒഴുകി നടക്കുന്നു. അടുത്തുവരുന്ന ഏത് കരയും സ്വീകാര്യമാണെന്ന മട്ടിൽ. അടയാളങ്ങൾ നോക്കി ഓരോരുത്തരേയും തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞു. പെരുകിവരുന്ന അസ്വാസ്ഥ്യം പൊറുതി മുട്ടിക്കുന്നു.
അവൾ ടെലഫോൺ വച്ചിരിക്കുന്നിടത്തേക്ക് നീങ്ങി. ഡയൽടോണിന്റെ പശ്ചാത്തലത്തിൽ അക്കങ്ങളിൽ പിയാനോ വായിച്ചു. അങ്ങേത്തലയ്‌ക്കൽ ശശിയുടെ ഫോൺ മുഴങ്ങുന്നത് കേട്ടു. കടുത്ത നിസ്സാരതയാണല്ലോ തനിക്കിപ്പോൾ തോന്നുന്നതെന്ന് അവൾ ആശ്ചര്യപ്പെട്ടു.
കാതിൽ ശശി.
‘മായയാണ്.’ അവൾ പറഞ്ഞു. അന്നേരം മറുതലയ്‌ക്കൽ ഒരു വിറയൽ പായുന്നത് അനുഭവപ്പെട്ടു.
‘എന്താ?’
‘ഒന്നിവിടെ വരെ വരാമോ?’
‘എന്തിന്?’
‘എന്തിനെങ്കിലുമായിക്കോട്ടെ. ഒന്ന് വരാമോ?’
മറുവശത്ത് ഫോൺ മുറിച്ച ശബ്‌ദം. അവൾ ഒന്നുറക്കെ ചിരിച്ചുപോയി. അയാളീ നേരമാകുമ്പോഴേക്കും ഏറെക്കുറെ ആലോചിച്ച് കൂട്ടിക്കാണും. നിദ്രവിഹീനനായ ഒരാളെ സൃഷ്‌ടിക്കാൻ കഴിഞ്ഞതിൽ സ്വയം അഭിനന്ദിച്ചു. ഉറക്കം നഷ്‌ടപ്പെട്ട തനിക്ക് കൂട്ട്.
അടുത്ത ദിവസം ഓഫീസിൽ ചെന്നപ്പോൾ പ്രതീക്ഷിച്ചതുപോലെ അയാൾ വന്നിട്ടില്ല. അവൾ അകമേ ചിരിച്ചു. എന്നാലും കുറെ വൈകിയശേഷം അയാൾ പമ്മിപ്പമ്മി വരുന്നതു കണ്ടു. താനിരിക്കുന്നിടത്തേക്ക് നോക്കാതിരിക്കാൻ പണിപ്പെട്ടുകൊണ്ട്. അവൾ സഹതപിച്ചു.
ലഞ്ച് ബ്രേക്കിന് അവൾ മനഃപൂർവം അയാളുടെ അടുത്തിരുന്നു. പൂച്ചയെക്കണ്ട എലിയെപ്പോലെ അയാൾ വെപ്രാളം കൊളളുന്നു.
‘ഇന്നലെ ഫോൺ കട്ട് ചെയ്‌തതെന്തിനാണ്?”
’ഓ, അത് താനെ കട്ടായതാ. പിന്നെ വിളിച്ചിട്ടും കിട്ടിയില്ല.‘
’ഓഹോ!‘
’നീയെന്തിനാ എന്നോട് വരാൻ പറഞ്ഞത്?‘
’ഓ, അതോ, എന്റെ മേശ ഒന്നു മാറ്റിയിടണമായിരുന്നു. നല്ല കനം. ഒറ്റയ്‌ക്ക് പറ്റില്ല. ഒരു സഹായത്തിന് വിളിച്ചതാ. നീയെന്ത് കരുതി?‘
’ഉം. ഏതാണ്ടതേപോലെയൊക്കെ തന്നെ.‘
’ഏതായാലും ഇന്ന് ശശി എനിക്കൊരു സഹായം ചെയ്യണം. ഇനിയൊരിക്കലും ബുദ്ധിമുട്ടിക്കില്ല.‘
അയാൾ ഏറെ അസ്വസ്ഥതകളൊടെയാണ് സമയം തളളി നീക്കിയത്. മനസ്സിൽ പിടികിട്ടാത്ത ഒരുപാട് തോന്നലുകൾ പോലെയാണ് മായ. ഒരേസമയം ഉണ്ടെന്നും ഇല്ലെന്നും തോന്നിക്കും. ഏറ്റവും കാത്തിരിക്കുന്ന സമയത്തൊന്നും അവളെ കാണില്ല. നിരാശതയോടെ മടങ്ങാൻ ഒരുങ്ങുമ്പോഴായിരിക്കും എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്നത്. എങ്കിലും കുറെ നേരമായി കൂടെയുണ്ടായിരുന്നെന്ന് തോന്നിക്കുന്ന പ്രസരിപ്പ് അവളിൽ തുടക്കം മുതലേ ഉണ്ടായിരുന്നു. മുഷിഞ്ഞിരുന്ന് ജോലി ചെയ്യുമ്പോൾ ഒരു കപ്പ് ചായയോ അല്ലെങ്കിൽ എന്തെങ്കിലും കുശുമ്പോ കൊണ്ടുവന്ന് മങ്ങിയ മനസ്സിൽ ഒരു വിളക്ക് കൊളുത്തുന്നു. വിയർത്തൊലിക്കുമ്പോൾ കിട്ടിയ ഒരു കുളിർക്കാറ്റ് പോലെ. അത് മനസ്സിനേയും ശരീരത്തേയും തണുപ്പിക്കുന്നു. അവൾ ഓരോ തവണയും സങ്കടങ്ങളായി വരുമ്പോഴും പറയാൻ ശ്രമിച്ചിരുന്നതാണ്. പക്ഷേ എന്തോ ഒരു ഭയം തന്നെ അതിൽനിന്നും അകറ്റുന്നു. ഇനി അതാവർത്തിക്കരുത്. അടുത്താലും അകന്നാലും ഹൃദയത്തിൽ കനത്തുകിടക്കുന്ന ഭാരം ഇറക്കിവയ്‌ക്കണം. അവളാണെങ്കിൽ അത്താണി നഷ്‌ടപ്പെട്ട യാത്രക്കാരനെപ്പോലെ വല്ലാത്തൊരവസ്ഥയിൽ. ഈ സമയത്ത് ഒരു തണലായിട്ടായിരിക്കും അവൾക്ക് തോന്നുക. എന്തായാലും ശരി, വരുന്നിടത്തുവച്ച് കാണാം.
വൈകുന്നേരം അയാൾ കടൽത്തീരത്തേക്ക് പോയി. പറഞ്ഞതുപോലെ അവൾ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
’ഇവിടെ ഞാനെന്ത് സഹായമാ ചെയ്യേണ്ടത്?‘
’ശശീ, എന്റെ കാര്യങ്ങളെല്ലാം നിനക്കറിയാമല്ലോ. സ്ഥിരമായി ഓർത്തിരിക്കാൻ ഒരു മുഖം പോലുമില്ല. ആരൊക്കെയോ വരുന്നു പോകുന്നു. എന്നേം ആരും ഓർത്തിരിക്കാൻ ഉണ്ടാവില്ല. അതിന് ഒരാൾ വേണം. അത് ശശിയായിക്കോട്ടേന്ന് കരുതി.‘
’എനിക്കൊന്നും മനസ്സിലാകുന്നില്ല. ഒന്ന് തെളിച്ച് പറയൂ.‘
’ആരെങ്കിലും മായക്കെന്ത് സംഭവിച്ചൂന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ഒരാൾ വേണ്ടെ. ഇല്ലെങ്കിൽ ശശിക്ക് തന്നെ ചോദിക്കാമല്ലോ.‘
കരിയിലകൾക്കിടയിൽ പ്രതീക്ഷയുടെ ചേര പുളയുന്നു. അടുക്കുന്തോറും വർധിച്ചുവരുന്ന ആകാംക്ഷയും അക്ഷമയും. അയാൾ പതറിച്ചയോടെ പറഞ്ഞു.
’നീയെന്നെ വട്ട് പിടിപ്പിക്കും.‘
’അതല്ലെങ്കിലുമുണ്ടല്ലോ!‘
’എനിക്ക് നിന്നെ മനസ്സിലാകുന്നില്ല മായേ.‘ അയാൾ അലറുകയായിരുന്നു.
’പിന്നെ നീയെങ്ങിനെ എന്നെ സ്‌നേഹിക്കാൻ തുടങ്ങി?‘
അയാൾ അന്തംവിട്ടു നിന്നുപോയി.
’മായേ…‘ വല്ലാത്ത തളർച്ചയോടെ അയാൾ എന്തോ പറയാനൊരുങ്ങി.
’ശശീ.. വിശ്വസിക്കാൻ കഴിയുന്നതും കഴിയാത്തതും നമ്മുടെ കുറ്റം കൊണ്ടാണോ?‘
’എന്നുവച്ചാൽ?‘
’ഒരുറപ്പുമില്ലാതെ നമ്മൾ ഓരോന്ന് വിശ്വസിക്കാൻ തയ്യാറാവില്ലേ?‘
’നീ എന്നെ കുഴപ്പത്തിലാക്കുന്നു.‘
’എന്നാൽ ശശിക്ക് വിശ്വസിക്കാൻ കഴിയാത്തതും എന്നാൽ അല്ലാതെ വേറെ വഴിയില്ലാത്തതുമായ ഒരു സംഭവം കാണിച്ചുതരട്ടെ?‘
’എന്താണത്?‘
അവൾ പുഞ്ചിരിയോടെ തിരകളിലേയ്‌ക്കോടിച്ചെന്നു. അരയോളം വെളളത്തിൽ മുങ്ങിനിവർന്നു. അടുത്തൊരു തിരയിൽ അവൾ മറഞ്ഞു. പിന്നെ തെളിഞ്ഞു. മറഞ്ഞും തെളിഞ്ഞും അവൾ അകന്നുപോകുന്നത് അയാൾ കണ്ടു. ഒരു നിലവിളിയോടെ അയാളോടിച്ചെന്നു. കൈയ്യെത്തിപ്പിടിക്കാവുന്ന അകലത്തുനിന്നും അവൾ വഴുതി മാറുന്നു. അയാൾ വീണ്ടും തിരഞ്ഞു. പിന്നെ തിരകളും അയാളും മാത്രമായി. അയാൾ നനഞ്ഞ വസ്‌ത്രങ്ങളോടെ കരയിലേക്ക് കയറി. മണലിൽ തലയ്‌ക്ക് കൈവച്ചിരുന്നു. ഏറെനേരം കഴിഞ്ഞ് എന്തോ പ്രതീക്ഷയോടെ കടലിലേക്ക് നോക്കി.
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അയാൾ കരഞ്ഞു.
Generated from archived content: story1_may31_06.html Author: jayesh