നെല്ലി

അങ്ങിനെയാണ്‌ ഞാൻ റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നത്‌. എങ്ങിനെയെന്നു ചോദിച്ചാൽ ആദ്യം തൊട്ട്‌ തുടങ്ങേണ്ടിവരും. കേട്ടുമുഷിഞ്ഞ കാര്യങ്ങളായതുകൊണ്ട്‌ എനിക്കും മടുക്കും. സോ… റയിൽവേ സ്‌റ്റേ…

തീവണ്ടിയുടെ മുഖം അകലെ പ്രത്യക്ഷപ്പെട്ടപ്പോൾ വെറുതെ ഒന്നു തിരിഞ്ഞുനോക്കാൻ തോന്നി. യാതൊരു പ്രതീക്ഷയും ഇല്ലെങ്കിലും. ഇനിയൊരിക്കലും നോക്കാൻ സാധിച്ചില്ലെങ്കിലോ! പക്ഷേ, ധാരണയാകെ തെറ്റിച്ചുകൊണ്ട്‌ പ്രതീക്ഷ പടിയിറങ്ങി വരുന്നു. തെറ്റിദ്ധാരണ എന്നുപോലും വിളിക്കാൻ പറ്റാത്ത ഒരു വികാരം മനസ്സിനെ പൊതിഞ്ഞു. അപ്പോഴേക്കും എഞ്ചിൻ പ്ലാറ്റ്‌ഫോറം കുലുക്കിക്കൊണ്ട്‌ കിതച്ചുനിന്നു.

ഞാൻ അല്ലെങ്കിൽ അയാൾ തന്റെ ബോഗി വരുന്നതുമാത്രം ശ്രദ്ധിച്ചു. നടിച്ചു എന്നു പറയുന്നതാകും ശരി. അല്ലാ, ശരിയും തെറ്റും തീരുമാനിക്കാൻ ഞാനാര്‌? ഏറെനേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പ്രതീക്ഷയുടെ മുഖത്തേയ്‌ക്ക്‌ നോക്കുക തന്നെ ചെയ്‌തു.

പിന്നീട്‌ കേട്ട അവിശ്വസനീയമായ കാര്യങ്ങൾ മനസ്സിലായി വരുമ്പോഴേക്കും ഉരുക്കുകുളമ്പുകൾ തേച്ച്‌ തീവണ്ടി എങ്ങോ എത്തിയിരുന്നു. ഞാൻ അതിനകത്ത്‌ കണക്കപ്പിളളയെപ്പോലെ ഹരിച്ചും ഗുണിച്ചും ആശയക്കുഴപ്പത്തിലായി. വളരെ നീണ്ട ഉറക്കത്തിൽനിന്നും ഉണർന്നപ്പോഴേക്കും അകലെയെവിടെയോ ഒരു നഗരത്തിന്റെ തിരക്കിൽ പെട്ടിരുന്നു. നഗരം, അതാണ്‌ കളി. പൊടുന്നനെ തോളിൽ വീണ കൈയ്യുടെ ഉടമസ്ഥനെ തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ ഞാൻ വലിയൊരു കെട്ടിടത്തിന്റെ മുകളിൽ കണ്ണുനട്ടിരിക്കുകയായിരുന്നു. ഞങ്ങൾ തിരക്കു കുറഞ്ഞ ഒരു ബാറിലെ പിത്തം പിടിച്ച വെളിച്ചത്തിലായി. മനഃപൂർവ്വം സൃഷ്‌ടിച്ചതുപോലെ ഒരു ദുർവാട അവിടെയെങ്ങുമുണ്ടായിരുന്നു. ഉച്ഛിഷ്‌ടങ്ങൾ ചിതറിക്കിടക്കുന്ന മേശമേൽ ഹൃദയങ്ങൾ അമ്പേറ്റുപിടയുന്നുണ്ടായിരുന്നു.

‘ഇതിനെക്കാൾ നല്ലൊരു അന്തരീക്ഷം വേറെയില്ല. നിന്റെ പ്രേമകഥ കേൾക്കാൻ’ അയാൾ ചിരിച്ചു. ചിരിയുടെ ശബ്‌ദത്തിനപ്പുറം അയാൾ എന്റെ സുഹൃത്തായ പ്രഥികനാണെന്ന്‌ സ്വയം വെളിപ്പെടുത്തുകയായിരുന്നു. ചിയേഴ്‌സിൽ നിന്നും ചുവന്ന ദ്രാവകം തൊണ്ടയിലൂടെ പ്രയാണം തുടങ്ങി. ജലപാതം നിലച്ചപ്പോൾ സിരകളിൽ പടരുന്ന ഊർജ്ജം മനസ്സിനെ മലർക്കെ തുറന്നിട്ടു. മുഖവുര രണ്ടുമൂന്നു മണിക്കൂർ ഉണ്ടാകുമെന്നറിയാവുന്നതുകൊണ്ട്‌ അതുപേക്ഷിച്ചു. നേരിട്ട്‌ ഒന്നാമദ്ധ്യായത്തിലേക്ക്‌. കഥനത്തിനുശേഷം ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന്‌ അറിയിപ്പോടെ മൗനം. അവൻ നിശ്ശബ്‌ദതയ്‌ക്ക്‌ കൂട്ടിരിക്കുകയാണെന്ന്‌ തോന്നി.

‘ഇത്ര വേഗത ആവശ്യമില്ലായിരുന്നു. ഓരോരോ സിപ്പായി അകത്താകുമ്പോഴെ ലഹരിയ്‌ക്ക്‌ ഒരു അനുപാതം കിട്ടുകയുളളു.’ പ്രഥികൻ മൊഴിഞ്ഞു.

‘ഞാനിത്രയും നേരം ചിലവാക്കിയ വാക്കുകളൊന്നും കേൾക്കാതെ നീ ലഹരിയെപ്പറ്റി ചിന്തിക്കുകയായിരുന്നോ?’ ഞാൻ ദേഷ്യത്തോടെ ചോദിച്ചു. ഒരു പെഗ്ഗ്‌ കൂടി അകത്താക്കാനുളള അത്യാഗ്രഹത്തെ അടക്കാനാകാതെ ഓർഡർ കൊടുത്തു. ഉദ്ദിഷ്‌ടകാര്യത്തിനായി വെയ്‌റ്റർ പോയപ്പോൾ പ്രഥികൻ ചിരിച്ചു.

“ഞാൻ നിന്റെ കഥയെക്കുറിച്ചാണ്‌ പറഞ്ഞത്‌.‘

’പറയ്‌. നിനക്കെന്തു തോന്നുന്നു? അവസാന നിമിഷം വരെയും ഒളിപ്പിച്ചുവച്ചിട്ട്‌ പിന്നെ പോകാൻ നേരത്ത്‌ അത്‌ പറഞ്ഞതെന്തിന്‌?‘

’അവളെന്താണ്‌ പറഞ്ഞത്‌?‘

മേശക്കടിയിലൂടെ എന്റെ കാൽ നീണ്ട്‌ അവന്റെ അടിവയറിൽ പതിച്ച ശേഷമാണ്‌ ഞാൻപോലും അറിയുന്നത്‌. അവൻ ഒന്ന്‌ ഓളിയിട്ടു. അപ്പോൾ അവൻ പറഞ്ഞു.

’yes, because you are far away from me‘

അതിൽ തന്നെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്‌. നോക്ക്‌ ഈ ഗ്ലാസിന്റെ ചുവട്ടിലെ അല്പം ദ്രാവകം എന്തെല്ലാം ഓർമ്മിപ്പിക്കുന്നു, പറയിപ്പിക്കുന്നു. അതുപോലെയാണ്‌ അവൾ പറഞ്ഞ ഒരു പെഗ്ഗ്‌ വാക്കുകൾ.’,

എന്റെ കാൽ വീണ്ടും നീളുന്നുണ്ടോയെന്ന്‌ അവൻ ഒളിഞ്ഞുനോക്കി.

‘നീ അവളെക്കാൾ വളച്ചുകെട്ടുന്നു.. കാര്യം പറയ്‌.’

പ്രഥികൻ തലയാട്ടി. സിഗരറ്റ്‌ കത്തിച്ചു. അത്‌ വലിച്ചു തീരുന്നതുവരെ സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ അറിയിച്ചു. അതുവരെ എനിക്ക്‌ എന്തിനെപ്പറ്റിയെങ്കിലും ചിന്തിക്കാവുന്നതാണ്‌. ഓക്കെ. ഞാൻ ഋജുബാഹുലൻ, വർഷങ്ങൾക്ക്‌ മുമ്പ്‌ ഒരിടത്ത്‌ ജനനം. ഇതെന്റെ പ്രണയകഥയായതുകൊണ്ട്‌ അതിനെപ്പറ്റി സംസാരിക്കാം. നീ ഇതിൽ ചെറിയൊരു പങ്ക്‌ വഹിക്കുന്നതുകൊണ്ട്‌ നിന്നെപ്പറ്റിയും അല്പം. നീ പ്രഥികൻ, പണ്ട്‌ ഇതായിരുന്നില്ല നിന്റെ പേര്‌. നീ അവളെപ്പറ്റി എന്നോട്‌ സംസാരിക്കുന്നു. ഞാൻ അവളെപ്പറ്റി പറയുന്നു. നിന്റെ സിഗരറ്റിന്റെ പഞ്ഞിയിൽ തീ പിടിക്കും. അത്‌ കെടുത്ത്‌. (ഒരു തെറിവാക്കിന്റെ പ്രക്ഷുബ്‌ധതയിൽ അവൻ സിഗരറ്റ്‌ താഴെയിട്ട്‌ ചവുട്ടിക്കെടുത്തി.)

‘you are irritatting me…’

എന്തോ ക്രൂരകൃത്യം ചെയ്‌ത സന്തോഷം നിന്റെ മുഖത്ത്‌. നീ പറഞ്ഞുതുടങ്ങൂ. കണ്ണുനട്ടിരിക്കാൻ ഇവിടെ വിദൂരതയില്ല. പൊരുളറിയാത്ത വാക്കുകൾ മാത്രം. ഇരുളറിയാത്ത രഹസ്യങ്ങൾ മാത്രം. അതെ, ഞാൻ അവളെ കാണുന്നത്‌ ഒട്ടും റൊമാന്റിക്‌ അല്ലാത്ത സാഹചര്യരത്തിലായിരുന്നു. അങ്ങിനെയൊക്കെ വാശി പിടിക്കാൻ പറ്റുമോ? എന്തായാലും അവളുടെ ഏതോ ഒരു ഭാവമാണ്‌ എന്നെ ഉലച്ചു കളഞ്ഞത്‌. ചുറ്റുപാടിന്റെ വൃത്തികേടുകളെ അതിജീവിക്കാനുളള സൗന്ദര്യാത്മകത അവളുടെ ചലനങ്ങൾക്കുണ്ടായിരുന്നു. എന്റെ ഇംഗിതം അവൾ അറിയുന്നത്‌ ഞാൻ പറഞ്ഞിട്ടല്ല. അന്നുരാവിലെ എന്നെക്കാത്ത്‌ നിൽക്കുന്ന-എന്നെ കാത്ത്‌ നിൽക്കുകയാണെന്ന്‌ നിനക്ക്‌ എങ്ങിനെ മനസ്സിലായി എന്ന ചോദ്യത്തിന്‌ ഉത്തരമില്ല- പോഡാ..ഡാ.. അവളെ എങ്ങിനെ അഭിമുഖീകരിക്കും(ഹൊ, ഈ ഭാഷയുടെ ഓരോ ഇടങ്ങേറുകളേ.. ഫേസ്‌ ചെയ്യും എന്ന്‌ മതിയായിരുന്നു) എന്ന്‌ ഞാൻ. നീ.. നീ…. പോയി, അസൂയ നിറഞ്ഞ നിന്റെ മനസ്സിന്‌ ഇതെല്ലാം അസംബന്ധമായേ തോന്നു. ഏതായാലും നീ കുടിച്ചതിന്റെ ബില്ല്‌ ഞാൻ കൊടുക്കണം. അവൻ പോട്ടെ. അവൾ കടുത്ത വാക്കുകൾ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയായിരുന്നു. വീണുടയുന്ന ചില്ലുപാത്രങ്ങൾ എന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നു. നീ വീണ്ടും വരുന്നു. ഓ, മൂത്രമൊഴിക്കാൻ പോയതായിരുന്നോ! നന്നായി… ഇനി നിന്റെ ശ്രദ്ധ വഴിതെറ്റില്ല.

പ്രഥികൻ പറഞ്ഞു. ‘കേട്ടിടത്തോളം അവൾ എന്തെല്ലാമോ മുൻകൂട്ടി കണ്ടിരുന്നു എന്നതു തീർച്ച.’

കുറെ വർഷങ്ങൾക്ക്‌ മുമ്പായിരുന്നെങ്കിൽ ഗവേഷണത്തിന്‌ വിഷയം തേടി അലയേണ്ടി വരില്ലായിരുന്നു.”

‘ആയിക്കോട്ടെ, പക്ഷേ ഇപ്പോൾ എന്താണ്‌ നിനക്ക്‌ തോന്നുന്നത്‌?’

‘ഒരു പെഗ്ഗ്‌ കിട്ടിയിരുന്നെങ്കിൽ..’

പ്രഥികൻ ഒരു തമാശ പറഞ്ഞു. ഞാൻ ചിരിച്ചില്ല. അതല്ല എന്റെ സ്വഭാവം കേട്ടോഡാ… മോനെ.

‘ങാ.. അതെല്ലാം വിട്ടുകള. ഇപ്പോൾ എന്റെ പ്രശ്‌നത്തിന്‌ പരിഹാരം കാണ്‌.’

‘എന്റെ പ്രിയ സുഹൃത്തേ, നിനക്കേ എന്നെയീ നിലയില്ലാക്കയത്തിൽ നിന്നും കരകയറ്റാൻ സാധിക്കൂ. നിന്റെ സൂചിമുനപോലെ കൂർത്ത ബുദ്ധിയിൽ എന്തെങ്കിലും ആശയകമലം വിരിയുന്നെങ്കിൽ അടിയനുവേണ്ടി പുറത്തെടുക്കുക. ംലാനമായ എന്റെ മനസ്സിനും മൂകത നിറഞ്ഞ ഹൃദയത്തിനും സിദ്ധൗഷധമായി വരിക നീ ചങ്ങാതീ…വരിക.’

അവൻ അടുത്ത സിഗരറ്റിന്‌ തീ കൊളുത്താനുളള പരിപാടിയാണെന്നു കണ്ടപ്പോൾ ഞാൻ മേശക്കടിയിൽ കാലൊന്നനക്കി. ചുണ്ടിലേക്ക്‌ നീളുകയായിരുന്ന സിഗരറ്റ്‌ കൂടിനുളളിലേക്ക്‌ ചേക്കേറി.

‘ഒരൊറ്റ വഴിയേയുളളു.’ ചരിത്രപ്രധാനമാകാൻ പോന്ന ആ ചിന്തയുടെ മുന്നിൽ ഞാൻ മൈനസ്‌ ഡിഗ്രിയിൽ വിറങ്ങലിച്ചു പോയി.

‘അത്രയ്‌ക്കു വേണോ തലൈവാ?’

‘എടേയ്‌, നിനക്കൊരു sportsmanspirit ഇല്ല. അതിന്റെ കുഴപ്പമാ ഈ വിറയലും വെളളം കുടിയുമെല്ലാം. Thrilling ആയ ഒരു കാര്യമാണത്‌. അപ്പോൾ…’

‘പ്രഥികാ, സിദ്ധാർത്ഥാ, ജ്ഞാനസ്വരൂപാ, അവിടുന്ന്‌ നല്ലവണ്ണം ആലോചിച്ചശേഷമാണോ ഈ കടുത്ത തീരുമാനത്തിൽ എത്തിനിൽക്കുന്നത്‌?’

‘അതെ ശിഷ്യാ, നല്ലവണ്ണം. നിന്നെ രക്ഷിക്കാൻ നിന്റെ ആഗ്രഹം സാധിക്കാൻ ഞാൻ അതും ചെയ്യും.’

ഞാൻ കണ്ണുനിറഞ്ഞുപോയി. കളിക്കൂട്ടുകാരായി പാടത്തിലൂടെയും പുൽമേടുകളിലൂടെയും ഓടിക്കളിച്ചു നടന്ന കാലം ഓർമ്മയിൽ വന്നു. എത്ര മാറിപ്പോയിരിക്കുന്നു പ്രഥികനെന്ന എന്റെയീ ചങ്ങാതി. പൊളിവചനം പോലും പറയാൻ അറിയാത്ത അവനിപ്പോൾ വലിയ വലിയ കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. പാപിയായ ഞാനോ, ഇപ്പോഴും തുടങ്ങിയിടത്തുതന്നെ തങ്ങിനിൽക്കുന്നു. എനിക്കുവേണ്ടിയല്ലേ അവനീ സാഹസങ്ങളെല്ലാം കാണിക്കുന്നത്‌. ഞാൻ കണ്ണു തുടച്ച്‌ അവനെ നോക്കി. നിസ്സാരമായ ഒരു ചുണ്ടുകോട്ടൽ കൊണ്ട്‌ അവൻ എല്ലാം സാധാരണമാക്കി.

പ്ലാനിങ്ങെല്ലാം അതിവേഗമായിരുന്നു. എല്ലാം അവന്റെ ബുദ്ധിയിൽ തെളിഞ്ഞത്‌. കടുകിട പിഴയ്‌ക്കാതെ വ്യക്തമായ നിർദ്ദേശങ്ങൾ അവനെനിക്കു തന്നു. സംഭവദിവസത്തോടടുക്കുന്തോറും എനിക്ക്‌ വിറയലും പനിയും തുടങ്ങി. ഇത്രയും കാലത്തെ സന്മാർഗജീവിതത്തിനിടയിൽ ഒരു തരുണിയുടെയും വെണ്മയാർന്ന മൃദുലമേനിയിൽ ഒന്ന്‌ തൊട്ടുനോക്കാൻ പോലും കൂട്ടാക്കാത്ത ഞാനാണ്‌ ഇപ്പോൾ…

ഒരിക്കലും തിരിച്ചെത്തില്ലെന്ന്‌ കരുതിയ റയിൽവെ സ്‌റ്റേഷനിൽ ഞാൻ വീണ്ടും കാലുകുത്തി. കൂടെ അവനുമുണ്ടായിരുന്നെന്നു മാത്രം.

‘നീക്കങ്ങൾ ചടുലമായിരിക്കണം. തീരുമാനങ്ങൾ വേഗത്തിലും. ആലോചിച്ച്‌ കുഴപ്പരുത്‌. പിളേളര്‌ കളിയല്ല, ബലാത്സംഗമാണ്‌ ബ-ലാ-ത്സം-ഗം. ഓർമ്മയിലിരിക്കട്ടെ.’

ഞാൻ തലയാട്ടി നടന്നു. പിന്നീടെല്ലാം ധൃതിയിലായിരുന്നു. എവിടെനിന്നാണവൻ കാർ ഒപ്പിച്ചതാവോ! അവൻ അത്‌ ഓടിച്ച്‌ കാണിക്കുകയും ചെയ്‌തു. എന്റെ വിശ്വാസത്തിനുവേണ്ടി. ഇവനിതൊക്കെ എവിടന്നു പഠിച്ചാവോ!

ഞാൻ ഡ്രൈവ്‌ ചെയ്യും. നീ പിൻസീറ്റിൽ ഇരിക്കണം. ഗ്ലാസ്സ്‌ കയറ്റിയിടാൻ മറക്കണ്ട. ഒരു മിനിറ്റ്‌ സമയമേ നിനക്കുളളു. നിന്റെ മിടുക്ക്‌ പോലിരിക്കും. സമയം കഴിഞ്ഞാൽ ഞാൻ വണ്ടി വിടും. പിന്നെ നിന്റെ തലവര.‘ പ്രഥികൻ അധോലോകത്തിലെന്നപോലെ പറഞ്ഞു.

മുൻകൂട്ടി ഒരുക്കി വച്ചതുപോലെ വിജനമായിരുന്നു നടപ്പാത. അവൾ നടന്നു വരുന്നതും ധ്യാനിച്ച്‌ ഞങ്ങൾ കാറിനുളളിൽ. നേരം കുറെക്കഴിഞ്ഞു. അവൻ കാർ പതുക്കെ ഓടിച്ചു. അന്നേരം ഒരാൾക്കൂട്ടം ധൃതിയിൽ നടന്നു വരുന്നതു കണ്ടു. അവൻ കാർ നിർത്തി സൂത്രത്തിൽ കാര്യം മനസ്സിലാക്കി വന്നു.

തീവണ്ടിനഗരബാർമേശ. പ്രഥികൻ, ഋജുബാഹുലൻ. അവൻ സിഗരറ്റ്‌ വലിച്ചു. പതിവിന്‌ വിപരീതമായി അവൻ വലിക്കുമ്പോൾ സംസാരിച്ചു.

’ഇതിനെപ്പറ്റി ഞാനിപ്പോൾ എന്താണ്‌ പറയുക. നമ്മൾ ചെയ്യാനുദ്ദേശിച്ച കാര്യം നമുക്കു മുമ്പേ വേറെയാരെങ്കിലും ചെയ്യുക. നാണക്കേട്‌. അപ്പോൾ അവളെ ബലാത്സംഗം ചെയ്യാൻ അവരും പ്ലാനിട്ടിരുന്നു. ഛെ….ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴാണ്‌ നാമെത്ര പിന്നിലാണെന്ന്‌ മനസ്സിലാകുന്നത്‌. നാലാംലോകത്തെ വിമർശിച്ച്‌ സമയം കടന്നുപോയതറിഞ്ഞില്ല. ഇതിപ്പോൾ ആകെ ഒരു മാതിരി…. ഇപ്പോൾ എനിക്കു മനസ്സിലാകുന്നു അവൾ പറഞ്ഞതിന്റെ സാരം.‘

’എന്ത്‌‘

’You are far away from me‘

എന്നുവച്ചാൽ?

’നിനക്ക്‌ അവൾ തീണ്ടാപ്പാടകലെയാണെന്ന്‌. ഇനി ഒരു കാര്യം ചെയ്യാനുളളത്‌, നീ ഒരു നോവൽ എഴുത്‌. നമുക്കത്‌ തുടരാനായി പ്രസിദ്ധീകരിക്കാം. എന്നിട്ട്‌ പുസ്‌തകമാക്കാം. ഞാൻ അവതാരിക എഴുതാം. പ്രസിദ്ധീകരിച്ച്‌ കാശുണ്ടാക്കാം. എന്നിട്ട്‌ നമുക്കിങ്ങനെ. ങേ… മനസ്സിലാകുന്നുണ്ടോ ഡേയ്‌? കഥയ്‌ക്ക്‌ ഇനിയെങ്ങും പോകണ്ട. വേണമെങ്കിൽ നീ അവളെ ബലാത്സംഗം ചെയ്‌ത്‌ വിജയശ്രീലാളിതനാകുന്നതായി ക്ലൈമാക്‌സ്‌ മാറ്റിക്കോ.‘

മേശക്കടിയിൽ എന്റെ കാല്‌ തരിക്കുന്നുണ്ടായിരുന്നു.

Generated from archived content: story_dec7_05.html Author: jayasankar_mali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here