പത്തായപ്പുരയിൽ
മുത്തച്ഛന്റെ പഴയ വാക്കുകൾ
(എലിക്കാട്ടം പുരണ്ടത്)
കൂട്ടിയിട്ടിരുന്നു.
പെറുക്കിയെടുത്ത്
സോപ്പിട്ട് കഴുകി
ഉണങ്ങാനിട്ടു.
വൈകുന്നേരം
വാക്കുകളടുക്കി
കവിതയുണ്ടാക്കി
പത്രമാപ്പീസിലേക്ക്
ഇത് തേഞ്ഞത്
അത് വക്കൊടിഞ്ഞത്
പിന്നെ വളഞ്ഞത്
അയ്യേ, ക്ലാവ് പിടിച്ചത്
നിലത്ത് ചിതറിയ
കവിതക്കഷ്‌ണങ്ങൾ
വാരിയെടുത്ത
കൊല്ലപ്പുരയിലേയ്‌ക്ക്
കൊല്ലനും കൊല്ലത്തിയും
ഉലയിലിട്ട് തീ കാച്ചി
വാക്കുകൾ രാകിയെടുത്തു
തിളങ്ങുന്ന വാക്കുകൾ
രൂപം മാറി
വേറേതോ ഭാഷയായത്രേ!
എനിക്കറിയാത്ത ഭാഷ
ഇന്നെന്റെ പണിപ്പുരയിൽ
മഷിക്കുപ്പിയിൽ വിരൽ മുക്കി
നിറം കൊടുത്ത വാക്കുകൾ
Generated from archived content: poem2_june8.html Author: jayasankar_mali