1987 ന്റെ പകുതിക്കു ശേഷമാണ് എന്റെ പപ്പേട്ടന്‍ , എന്നെ സിനിമയില്‍ അഭിനയിക്കാന്‍ ആദ്യമായി വിളിക്കുന്നത്. എന്നാല്‍ കലാഭവന്റെ ഒഴിവാക്കാനാവാത്ത ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഞാന്‍ വിദേശ പര്യടനത്തിനു പോയി.
പിന്നീട് വിദേശപരിപാടികള്‍ കഴിഞ്ഞ് ഞങ്ങള്‍ 1987 ഡിസംബര്‍ 31 നാണ് തിരിച്ച് കേരളത്തില്‍ എത്തുന്നത്. അപ്പോള്‍ പപ്പേട്ടനെ വിളിക്കാന്‍ മടിയായിരുന്നു. എന്നാല്‍ കൂട്ടുകാരുടെ ഒക്കെ നിര്‍ബന്ധത്തിനു വഴങ്ങി 1988 ലെ പുതുവര്‍ഷദിനത്തില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. വിദേശപര്യടനമായിരുന്നതിനാല്‍ വിളിക്കാന്‍ കഴിയാത്തതിലുള്ള വിഷമം ഞാന്‍ പറഞ്ഞു. അതിലൊന്നും പ്രശ്നമില്ല എന്ന ഭാവത്തോടയാണ് പപ്പേട്ടന്‍ എനിക്കു മറുപടി തന്നത്. എനിക്കു വേണ്ടി പപ്പേട്ടന്‍ കാത്തിരിക്കുകയായിരുന്നു എന്നു കൂടി പറഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത അത്ഭുതവും സന്തോഷവും തോന്നി. അങ്ങനെ ഒരു ജനുവരിയിലാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്, ഇതാണ് എന്റെ ജനുവരിയുടെ സന്തോഷം.
പപ്പേട്ടനെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ മാത്രമാണ് എന്റെ മനസിലേക്ക് ഓടിയെത്തുന്നത് എന്നും അദ്ദേഹം ഒരു മൂത്ത മകനോടെന്നപോലെ സ്നേഹത്തോടും വാത്സല്യത്തോടുമാണ് എന്നെ കണ്ടിരുന്നത്. പപ്പേട്ടന്‍ നല്‍കിയിരുന്ന ആ സ്നേഹം ചിലപ്പോഴൊക്കെ എനിക്കൊരു സ്വകാര്യ അഹങ്കാരമായിരുന്നു. പപ്പേട്ടന്റെ മനസില്‍ എനിക്കുണ്ടായിരുന്ന ആ സ്ഥാനം എന്നെന്നും വളരെ വിലമതിക്കാനാവാത്ത ഒന്നാണ്.
എന്റെ സിനിമാജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടായപ്പോഴെല്ലാം മനസ്സില്‍ ഒരു കൈത്താങ്ങായിരുന്നു പപ്പേട്ടന്‍. ഞാന്‍ അവസാനമായി എന്റെ പപ്പേട്ടനെ കാണുന്നത് ഭരതേട്ടന്റെ – കേളി- എന്ന ചിത്രത്തിന്റെ ചിത്രീകരണസമയത്താണ്. ഞാന്‍ ഗന്ധര്‍വനിലെ നായകനായ നിതീഷ് ഭരദ്വാജും ഒപ്പമുണ്ടായിരുന്നു. ആ ജനുവരിയില്‍ എന്റെ പപ്പേട്ടന്‍ കഥാവശേഷനായി . എന്റേയും മലയാള സിനിമയുടേയും ജനുവരിയുടേയും നഷ്ടമാണ് ഇന്നും പപ്പേട്ടന്‍.
കടപ്പാട്: ഉണര്‍ വ് മാഗസിന്‍
Generated from archived content: essay1_feb9_12.html Author: jayaram