ഉത്തരം കിട്ടാത്ത ചോദ്യം

പതിവിലും താമസിച്ചാണ്‌ അന്ന്‌ ഞാൻ ഉറങ്ങാൻ കിടന്നത്‌, നേരത്തെ തന്നെ ഉറങ്ങണം രാവിലെ എഴുന്നേൽക്കണം ആഫീസ്‌ ആവശ്യത്തിനായി തലശ്ശേരി വരെ പോകണം എന്നൊക്കെ വിചാരിച്ചതാണ്‌ പക്ഷേ ടി.വി. കണ്ടു തുടങ്ങിയപ്പോൾ അതെല്ലാം മറന്നു. എന്തെല്ലാം തരത്തിലുള്ള പരിപാടികളാണ്‌, ചില ചാനലുകൾ മാറ്റാനെ തോന്നില്ല മറ്റു ചിലത്‌ കാണാനും. ചാനലുകൾ മാറ്റി മാറ്റി ഇരിക്കുന്നതിൽ ഞാൻ ഒരിക്കലും ആനന്ദിച്ചിരുന്നില്ല. എങ്കിലും മനസ്സിനിഷ്‌ടപ്പെട്ട പരിപാടിയുള്ള ചാനൽ വരുന്നത്‌ വരെ ചാനൽ മാറ്റികൊണ്ടിരിക്കും. അതിന്റെ പേരിൽ പലപ്പോഴും ഭാര്യ എന്നെ ഉപദേശിക്കാറുണ്ട്‌. പക്ഷെ അവയൊന്നും ഒരു ഉപദേശമായോ പരാതി ആയോ ഒരിക്കലും തോന്നിയിട്ടില്ല അതുകൊണ്ടുതന്നെ എന്റെ ആ സ്വഭാവം ഒട്ടു മാറിയതുമില്ല.

കിടന്നപ്പോൾ തന്നെ ഉറങ്ങിയെന്നു തോന്നുന്നു. ഉണർന്നത്‌ മൊബൈൽ ഫോൺ ബെല്ലടിക്കുന്നത്‌ കേട്ടാണ്‌; തണുപ്പിന്റെ ആദിക്ക്യവും താമസിച്ചു ഉറങ്ങിയതിന്റെ ക്ഷീണവും പുതപ്പിനടിയിൽ നിന്നും പുറത്തിറങ്ങാൻ എന്നെ അനുവദിച്ചില്ല. ഒരു പ്രാവശ്യം റിംഗ്‌ ചെയ്‌തു നിന്ന ഫോൺ ഏതാനും നിമിഷങ്ങൾക്ക്‌ ശേഷം വീണ്ടും ശബ്‌ദിച്ചു, ഉറക്കം കെടുത്തിയ ആ ഫോൺ കോളിന്റെ ഉപജ്ഞാതാവിനെ ശപിച്ചുകൊണ്ട്‌ ഞാൻ എഴുന്നേറ്റ്‌ സമയം നോക്കി മൂന്നര മണി പുലരാൻ ഇനിയും മൂന്നു മണിക്കൂർ സമയം കൂടി ഉണ്ട്‌. ചിലച്ചു കൊണ്ടിരുന്ന മൊബൈൽ കയ്യിലെടുത്ത്‌ സ്‌ക്രീനിൽ തെളിഞ്ഞ നമ്പർ ശ്രദ്ധിച്ചു. ‘ആനന്ദ്‌’ പെട്ടെന്നാണ്‌ ഞാനക്കാര്യം ഓർത്തത്‌ ആനന്ദിന്റെ അച്‌ഛന്റെ നമ്പർ ആണ്‌, ആനന്ദ്‌ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ ഉപയോഗിച്ച നമ്പർ ആണ്‌ തിരികെ പോയ സമയത്ത്‌ അത്‌ അച്‌ഛന്റെ കയ്യിൽ കൊടുത്തതാണ്‌ അതുകൊണ്ട്‌ ഞാൻ അത്‌ ആനന്ദിന്റെ പേരിൽ തന്നെ ആണ്‌ സേവ്‌ ചെയ്‌തിരിക്കുന്നത്‌. അവന്റെ അച്‌ഛനും അമ്മയും അനുജത്തിയും ഇന്ന്‌ കോഴിക്കോടിന്‌ വരുന്നുണ്ടെന്ന്‌ അവൻ വിളിച്ചു പറഞ്ഞിരുന്നു. അവരെ കൂട്ടികൊണ്ട്‌ വരണമെന്നും ഒൻപതു മണിയുടെ ഇന്ത്യൻ എയർലൈൻസ്‌ ഫ്ലൈറ്റിൽ അവൻ വരുമെന്നും അത്‌ വരെ അവരെ എന്റെ വീട്ടിൽ ഇരുത്തണം എന്നും. കഷ്‌ടം ഞാൻ അതങ്ങ്‌ മറന്നു. ആ പശ്ചാത്താപത്തോടെ ഞാൻ ഫോൺ അറ്റെന്റു ചെയ്‌തു. അങ്ങേ തലയിൽ ആനന്ദിന്റെ അച്‌ഛൻ സംസാരിച്ചു, ഞങ്ങൾ കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിൽ എത്തിയിട്ടുണ്ട്‌. എന്ത്‌ പറയണം എന്നാലോചിച്ചു ഞാനൊരു നിമിഷം നിന്നു അതിനു ശേഷം പറഞ്ഞു നിങ്ങള്‌ ഒരു ഓട്ടോ പിടിച്ച്‌ നടക്കാവ്‌ എന്ന സ്‌ഥലം വരെ വരൂ ഞാനവിടെ കാത്തു നില്‌ക്കാം. ഞാൻ കേൾക്കാൻ ആഗ്രഹിച്ച പോലൊരു മറുപടി തന്നെ ആണ്‌ അദ്ദേഹം തന്നത്‌, നേരം പുലരുന്നത്‌ വരെ ഞങ്ങൾ ഇവിടെ വിശ്രമ മുറിയിൽ ഇരിക്കാം, തന്നെയുമല്ല നല്ലതുപോലെ മഴ പെയ്യുന്നതിനാൽ ഓട്ടോ ഒന്നും തന്നെ വിളിച്ചിട്ട്‌ വരുന്നുമില്ല. ഔപചാരികമായി ഞാൻ ഒന്നുകൂടി അദ്ദേഹത്തെ നർബന്ധിച്ചു, എന്റെ അഭ്യർത്ഥന അദ്ദേഹം നിരാകരിച്ചു. ആ നിരാകരണത്തെ ഒരനുഗ്രഹമായി കണ്ട്‌ ഞാൻ വീണ്ടും പുതപ്പിനടിയിലേക്ക്‌ വലിഞ്ഞു.

മൂന്നു മണിക്കൂർ ഞാൻ നന്നായി ഉറങ്ങി. ആ ഉറക്കം മുറിച്ചുകൊണ്ട്‌ മൊബൈൽ വീണ്ടും ചിലച്ചു, ഉണർന്നു നോക്കിയപ്പോൾ സമയം ആറര മണി, നേർത്ത സൂര്യ പ്രഭ ജാലകത്തിലൂടെ എന്റെ കിടപ്പ്‌ മുറിയിലേക്ക്‌ എത്തി നോക്കുന്നുണ്ടായിരുന്നു. രാത്രിയിലെ മഴയ്‌ക്ക്‌ ശമനം ആയെന്നു തോന്നുന്നു. ഞാൻ ഫോണെടുത്തു ആനന്ദിന്റെ അച്‌ഛൻ തന്നെ ആയിരുന്നു. ഇപ്രാവിശ്യം അദ്ദേഹം എന്റെ വീട്ടിലേക്കു വരുവാൻ അനുവാദം ചോദിച്ചു. ഞാൻ പൂർണ്ണ സമ്മതം മൂളി കൂടാതെ നേരം പുലർന്നിട്ടും അവരെ തിരികെ വിളിക്കാത്തതിൽ ക്ഷമാപണവും നടത്തി. പെട്ടന്ന്‌ തന്നെ ഞാൻ പുതപ്പിനോടും കിടക്കയോടും സുപ്രഭാതം പറഞ്ഞ്‌ എഴുന്നേറ്റു. അത്യാവശ്യം പ്രഭാതകർമ്മങ്ങളും മറ്റും പെട്ടെന്നു നടത്തി മഴവസ്‌ത്രവും ഹെൽമറ്റും ധരിച്ച്‌ ബൈക്കിൽ കയറി. വീണ്ടും എന്റെ ഫോൺ ബെല്ലടിച്ചു ആനന്ദിന്റെ അച്‌ഛൻ തന്നെ ആയിരുന്നുഃ ഫോണെടുത്ത എന്നോട്‌ വഴി ചോദിച്ചു മനസിലാക്കി, ഫോൺ കട്ട്‌ ചെയ്‌തു ഞാൻ അദ്ദേഹത്തോട്‌ പറഞ്ഞ അടയാളമായ ഇന്‌ടുസ്‌ മോട്ടോർസിന്റെ ഭാഗത്തേക്ക്‌ പോയി അവിടെ നിലയുറപ്പിച്ചു.

അധിക സമയം ആ നില്‌പ്‌ തുടരേണ്ടി വന്നില്ല അതിനു മുൻപ്‌ തന്നെ ആ ഓട്ടോ എന്നെ തിരക്കി എന്റെ അരികിലായി വന്നു നിന്നു. വഴി കാണിച്ചുകൊണ്ട്‌ ഞാൻ ബൈക്കിൽ മുൻപിലും അതിനു പുറകിലായി ഓട്ടോയും. കുറച്ചു ദൂരത്തെ യാത്രക്ക്‌ ശേഷം ഞങ്ങൾ എന്റെ വീടിനു മുൻപിൽ എത്തി. ഞാൻ ബൈക്ക്‌ പാർക്ക്‌ ചെയ്‌ത്‌ തിരികെ വന്ന്‌ ആനന്ദിന്റെ അമ്മയുടെ കയ്യിൽ നിന്നും ബാഗുകൾ വാങ്ങി വീട്ടിൽ വച്ചു. ഓട്ടോക്ക്‌ പൈസ കൊടുത്ത്‌ അവരും എന്റെ പുറകെ വീട്ടിലേക്ക്‌ കയറി. അപ്പോഴാണ്‌ ഞാനും ഭാര്യയും അവരെ ആദ്യമായി കാണുന്നത്‌. അച്‌ഛൻ അമ്മ അനുജത്തി, ചെറു പ്രായം മുതൽ കുടുംബഭാരം ചുമന്നു മണലാരണ്യങ്ങളിൽ വസിച്ച്‌ അച്‌ഛന്‌ വയസ്സായിരിക്കുന്നു, അമ്മ ചെറുപ്പമാണ്‌. അച്‌ഛന്‌ പഞ്ചസാരയുടെ അസുഖം ഉണ്ടത്രേ വെറുതെ അല്ല അദ്ദേഹത്തിന്‌ ഒരു പാട്‌ ക്ഷീണം തോന്നുന്നത്‌. ആ അച്‌ഛന്റെയും അമ്മയുടെയും പ്രഭാവം എനിക്കും ഭാര്യക്കും മരിച്ചുപോയ ഞങ്ങളുടെ അച്‌ഛന്റെയും അമ്മയുടെയും പോലെ തന്നെ ആയിരുന്നു.

അനുജത്തി, ഈ അനുജത്തിയെ ആനന്ദ്‌ ഒരുപാട്‌ സ്‌നേഹിക്കുന്നുണ്ടെന്നു എനിക്ക്‌ നന്നായി അറിയാം. ആ സ്‌നേഹം തികച്ചും സ്വാർത്ഥവും ആയിരുന്നു. എന്റെ കൂടെ ഓഫീസിൽ വർക്ക്‌ ചെയ്‌ത്‌കൊണ്ടിരുന്ന സമയത്ത്‌ അനുജത്തിയെ കുറിച്ച്‌ ആരോടും ഒന്നും പറയില്ലായിരുന്നു ആരുടെയെങ്കിലും ഫോണിൽ നിന്നും എപ്പോഴെങ്കിലും അനുജത്തിയെ വിളിക്കേണ്ടി വന്നാൽത്തന്നെ ആ നമ്പർ അപ്പോൾ തന്നെ ഡിലീറ്റ്‌ ചെയ്യുകയും ചെയ്യുമായിരുന്നു. ഒരിക്കൽ അതിന്റെ പേരിൽ അന്ന്‌ ഞങ്ങളുടെ മേലധികാരി അവന്‌ ആരെയും വിശ്വാസമില്ലെന്ന്‌ പരിഭവം പറയുക വരെ ചെയ്‌തിട്ടുണ്ട്‌. ഞങ്ങൾ കോഴിക്കോട്‌ വന്ന സമയത്ത്‌ ഞാനും ആനന്ദും ജോർജും ഇരുനില വീടെടുത്ത്‌ ഒരുമിച്ചായിരുന്നു താമസം. ഞാനും ഭാര്യയും കുഞ്ഞും അമ്മൂമ്മയും താഴത്തെ നിലയിലും ആനന്ദും ജോർജും മുകളിലത്തെ നിലയിലും. രണ്ടര വർഷത്തോളം ഞങ്ങൾ ഒരു കുടുംബം പോലെ ജീവിച്ചു. അതിനുശേഷം ആനന്ദ്‌ വേറൊരു ജോലിയിൽ പ്രവേശിക്കുകയും അതിനായി വിദേശത്തേക്ക്‌ പോവുകയും ചെയ്‌തു.

അവരെ വീട്ടിൽ കയറ്റി ഇരുത്തി ഞങ്ങൾ ചായ കൊടുത്തു. ഭാര്യ പ്രാതൽ തയ്യാറാക്കുന്നതിന്‌ അടുക്കളയിലേക്കു പോയി, ഔപചാരികമായി ഞാനും ഒന്ന്‌ ചെന്ന്‌ നോക്കി ചോദിച്ചു വല്ലതും വാങ്ങുവാനുണ്ടോ? പാൽ മാത്രം വാങ്ങിയാൽ മതിയെന്നും പറഞ്ഞ്‌ അവൾ വീണ്ടും അടുക്കള ജോലിയിൽ മുഴുകി. അവർക്ക്‌ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനായി ഉള്ള ഒരു മുറി ഞാൻ കാണിച്ചു കൊടുത്ത ശേഷം പാൽ വാങ്ങുവാൻ വേണ്ടി ഞാൻ പുറത്തേക്കിറങ്ങി, പെട്ടെന്ന്‌ അച്‌ഛൻ പുറകെ വന്ന്‌ ഒരു ചെറിയ ചമ്മലോടെ ചുരുട്ടിപ്പിടിച്ച നൂറുരൂപ നോട്ട്‌ എന്റെ കയ്യിൽ വച്ചു തന്നിട്ട്‌ പറഞ്ഞു, വോടഫോണിന്റെ ഒരു റീ ചാർജ്‌ കൂപ്പൺ വാങ്ങി തരുമോ കടകൾ ഏതെങ്കിലും തുറന്നെങ്കിൽ? സ്വന്തമായി ജോലി ഉള്ളതും മകന്‌ സമാനുമായ എന്റെ മുൻപിൽ നൂറു രൂപ നീട്ടിയതിന്റെ ചമ്മലാവാം ആ മുഖത്ത്‌ ഞാൻ കണ്ടത്‌. ഏതായാലും ആ ചമ്മലിനെ ശരി വച്ചുകൊണ്ട്‌ ഞാൻ രൂപ വാങ്ങി പോക്കറ്റിൽ ഇട്ടു പുറത്തേക്കു നടന്നു. പാൽ വാങ്ങിയ ശേഷം കൂപ്പൺ തിരക്കി കുറച്ചു സമയം പോയതല്ലാതെ ഫലമൊന്നും ഉണ്ടായില്ല. ഒരു ഷോപ്പ്‌ പോലും തുറന്നിട്ടുണ്ടായില്ല. തിരികെ എത്തി കൂപ്പൺ കിട്ടിയില്ലെന്ന വാർത്തയും രൂപയും ഞാൻ അദ്ദേഹത്തെ തിരികെ ഏൽപ്പിച്ചു.

കുറച്ചുനേരം അവരോടു കുശലം പറഞ്ഞിരുന്നപ്പോഴേക്കും എന്റെ കുഞ്ഞുങ്ങൾ രണ്ടു പേരും ഉറക്കം മതിയാക്കി എഴുന്നേറ്റു വന്നു. അനുജത്തിയും അമ്മയും അച്‌ഛനും മാറി മാറി അവരെ കൊഞ്ചിച്ചുകൊണ്ടിരുന്നു. ഓഫീസ്‌ സമയം അടുക്കുന്നതിനാൽ ഷേവ്‌ ചെയ്യുവാനും കുളിക്കുവാനും വേണ്ടി ഞാൻ കുളിമുറിയിലേക്ക്‌ പോയി. കുറച്ചു നേരത്തിനു ശേഷം ഞാൻ വസ്‌ത്രം മാറി പുറത്തു വന്നു, അപ്പോഴേക്കും എന്റെ മക്കൾ രണ്ടുപേരും അച്‌ഛനും അമ്മയും അനുജത്തിയുമായി കളിച്ചും ചിരിച്ചും ഇരിക്കുവായിരുന്നു, ആ കാഴ്‌ച കണ്ടപ്പോൾ ഞങ്ങൾ അവരുടെ ആരും അല്ലതായത്‌ പോലെ തോന്നി, എത്ര പെട്ടെന്നാണ്‌ ഈ കുട്ടികൾ മറ്റുള്ളവരുമായി അടുക്കുന്നത്‌. അധികം താമസിയാതെ തന്നെ ഞാനും അച്‌ഛനും ഭക്ഷണം കഴിക്കുവാനായി തീൻ മേശയ്‌ക്കു മുന്നിൽ ഇരുന്നു അപ്പോഴേക്കും ഭാര്യ എല്ലാം ഒരുക്കിയിരുന്നു. ചെമ്പ അരിപ്പൊടികൊണ്ടുണ്ടാക്കിയ പുട്ടും തലേന്ന്‌ ഞാൻ വാങ്ങികൊടുത്ത ഞാലിപ്പൂവൻ പഴവും, പഞ്ചസാരയുടെ അസുഖമുള്ള അച്‌ഛനായി മുട്ടകറിയും പഞ്ചാസരയില്ലാത്ത ചായയും വരെ. രാവിലെ മധുരം ഇഷ്‌ടമല്ലാത്ത ഞാനും അച്‌ഛനോടൊപ്പം പഴത്തിനെ ഉപേക്ഷച്ചു മുട്ടക്കറിക്ക്‌ പിന്നാലെ പോയി. ഭക്ഷണശേഷം എല്ലാവരോടും യാത്ര പറഞ്ഞ്‌ കുട്ടികളുടെ മുത്തവും വാങ്ങി ഞാൻ ഓഫീസിലേക്ക്‌ നീങ്ങി.

വീട്ടിൽ നിന്ന്‌ ഇറങ്ങിയത്‌ മുതൽ പതിനൊന്നു മണി വരെ ഓരോ അര മണിക്കൂറിലും ഞാൻ ഭാര്യയെ വിളിച്ച്‌ അച്‌ഛന്റെയും അമ്മയുടെയും അനുജത്തിയുടെയും വിവരങ്ങൾ തിരക്കിയിരുന്നു കൂടാതെ ആനന്ദ്‌ എത്തിയോ എന്നും. പതിനൊന്നു മണിയുടെ ഇന്റർസിറ്റി ട്രെയിനിന്‌ ഞാൻ തലശ്ശേരിക്ക്‌ ടിക്കറ്റെടുത്ത്‌ കയറി പിന്നെ കുറെ നേരത്തേക്ക്‌ ഭാര്യയുമായി ഫോണിൽ ബന്ധപ്പെടാൻ എനിക്ക്‌ സാധിച്ചില്ല. യാത്രയിൽ നല്ല ഉറക്കമായിരുന്നു രാത്രിയിലെ ഉറക്കമില്ലായ്‌മ യാത്രയെയും ബാധിച്ചു. ഏകദേശം ഒരു മണിയോടെ ഞാൻ തലശ്ശേരിയിൽ എത്തി. ട്രെയിനിൽ നിന്നും ഇറങ്ങി ഞാൻ വീണ്ടും വിളിച്ചു. ആനന്ദ്‌ വന്നെന്നും അവർ ഉച്ച ഭക്ഷണം പുറത്തുനിന്നും ആണ്‌ കഴിക്കുന്നതെന്നും അവർ ഇറങ്ങിയെന്നും അവൾ അറിയിച്ചു. ഫോൺ കട്ട്‌ ചെയ്‌തു എല്ലാം നല്ലരീതിയിൽ നടന്നതിൽ സന്തോഷിച്ച്‌ ഞാൻ എന്റെ ഓഫീസ്‌ സംബന്ധമായ കാര്യത്തിലേക്ക്‌ കടന്നു.

രാത്രി ഏറെ വൈകിയാണ്‌ ഞാൻ തിരിച്ചെത്തിയത്‌. എന്നെയും കാത്തു ഭാര്യ ഉറക്കം ഉപേക്ഷിച്ച്‌ ഇരിപ്പുണ്ടായിരുന്നു. മഴ നനഞ്ഞ്‌ കുതിർന്നു വന്ന എനിക്ക്‌ തോർത്തും ചൂട്‌ ചായയും തന്നു, എത്ര രാത്രി ആയാലും ഒരു ചായ എനിക്ക്‌ നിർബന്ധമാണ്‌. ആ ചായ കുടിക്കുമ്പോഴും അവളുടെ മുഖത്തെ ംലാനത ആണ്‌ ഞാൻ ശ്രദ്ധിച്ചത്‌, എന്ത്‌ പറ്റിയെടോ എന്ന എന്റെ ചോദ്യം കാത്തിരുന്ന പോലെ അവൾ പറഞ്ഞു. എല്ലാം നല്ല രീതിയിൽ നടന്നു അവർ വളരെ സന്തോഷമായിട്ടാണ്‌ പോയത്‌, ഒന്ന്‌ നിർത്തിയതിനുശേഷം അവൾ വീണ്ടും തുടർന്നു. അവസാനം അവർ യാത്ര പറഞ്ഞു ഇറങ്ങുന്നതിന്‌ മുൻപ്‌ മുതിർന്ന നമ്മുടെ മകളുടെ കയ്യിൽ ഒരു അഞ്ഞൂറ്‌ രൂപ നോട്ട്‌ വച്ച്‌ കൊടുത്തു. എന്തിന്‌ എന്നുള്ള ചോദ്യം ഞാൻ ചോദിച്ചപ്പോഴേക്കും അവൾ പറഞ്ഞു. അറിയില്ല പക്ഷെ ഞാൻ അപ്പോൾ തന്നെ അത്‌ മടക്കി നല്‌കി. അവൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്കും ഒരസ്വാഭവികത തോന്നാതിരുന്നില്ല. ആനന്ദ്‌ വന്നപ്പോൾ കുറേ മധുരം കൊണ്ട്‌ വന്നു, അത്‌ കൂടാതെ നാട്ടിൽ നിന്നും കൊണ്ടുവന്ന ഉണ്ണിയപ്പവും, അച്ചാറും, ചമ്മന്തിപൊടിയുമൊക്ക, അമ്മ എന്റെ ഭാര്യയെ ഏല്‌പിച്ചിരുന്നു. ഇതിനൊക്ക പുറമേ അമ്മ എന്തിനാണാവോ ആ രൂപ മകളുടെ കൈ വഴി ഞങ്ങളുടെ നേരെ നീട്ടിയത്‌. കുറച്ചു സമയം മാത്രമേ കിട്ടിയുള്ളൂ. എങ്കിലും അത്രയും സമയം സ്വന്തം അച്‌ഛനും അമ്മയും അനുജത്തിയും ആയി കണ്ടതിന്റെ കൂലിയായിരുന്നോ എന്നായിരുന്നു ഞങ്ങളുടെ സംശയം. പക്ഷെ ചില നാട്ടിൽ അഥിതികൾ വന്നു പോകുമ്പോൾ കുട്ടികൾക്ക്‌ എന്തെങ്കിലും പൈസ കൊടുക്കാറുണ്ടത്രെ അടുത്ത്‌ താമസിക്കുന്ന ജോർജ്ജും ഭാര്യയും പറഞ്ഞു അറിഞ്ഞപ്പോൾ തെല്ലോരാശ്വാസം കിട്ടി. അവർ അതോരാശ്വാസവാക്കായി പറഞ്ഞതാണോ ആവോ? ഏതായാലും ഞങ്ങളുടെ നാട്ടിൽ ആ പതിവില്ല. കേവലം മൂന്നോ നാലോ മണിക്കൂർ നേരം ഇടപഴകിയ പരിചയത്തിനും ഞങ്ങൾ നല്‌കിയ ആത്‌മാർത്ഥ സ്‌നേഹത്തിന്റെ വില അഞ്ഞൂറ്‌ രൂപ.

ഈ സംഭവം എല്ലാം കഴിഞ്ഞു ഏതാണ്ട്‌ ഒരാഴ്‌ച ആയിരിക്കുന്നു. ഇപ്പോഴും ഞങ്ങളുടെ മനസിലെവിടെയോ ആ ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു. എന്ത്‌ ഉദ്ദേശത്തിലാണോ ആ അമ്മ പൈസ നീട്ടിയത്‌. ഏതായാലും ഒരിക്കലും ഞങ്ങളെ അവർ ഒരു കൂലിക്കാരായോ അന്യരായോ കാണുകയില്ലെന്നു പലവട്ടം മനസ്സിനെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിക്കുമ്പോഴും ഉൾകാനിലെവിടെയോ വീണ്ടും………..

Generated from archived content: story1_jan4_10.html Author: jayaraj_ps

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English