കത്തിയെരിയുന്നു മാനുഷ കോലങ്ങൾ
ജീവൻ വെടിഞ്ഞൊരാ ജഡങ്ങൾ
ഒരിക്കലും അണയാത്ത കനലുകളിൽ
ചിതയൊടുങ്ങാത്തൊരീ ചുടുകാട്ടിൽ
കേവലം ഒരു മാത്ര ശ്രവിപ്പൂ രോദനം
ദേഹിതൻ ദേഹത്തെ പിരിയുമ്പോൾ
ആർത്തലയ്‌ക്കുന്നു ഉറ്റവർ
ജീവൻ വെടിഞ്ഞൊരാ ജഡം പിടിച്ച്
എങ്ങിനെ എങ്ങിനെ ജീവിച്ചവർ
ഏതൊക്കെ വേഷങ്ങൾ ആടിയവർ
യാചകർ പ്രഭുക്കൾ എത്രയെത്ര
മരണത്തിലെല്ലാരും ഒന്നുപോലെ
അഗ്നിക്കും നാമെല്ലാം ഒന്നുപോലെ
നിമഞ്ചനം എന്നൊരാ കർമ്മം വരെ
ബാക്കിയാവുന്നതിന്നസ്ഥി മാത്രം
പിൻപേ ഗമിക്കുമാ കളത്രർക്കായി
ശേഷം ശേഷിപ്പു നാമം മാത്രം
തിരിഞ്ഞൊന്നു നോക്കു ആ ഭൂതകാലം
നാം ജീവിച്ചൊരാ ഭൂതകാലം
പനവും ഗർവ്വവും വഴിതെളിച്ചപ്പോൾ
ചെയ്‌തു തീർത്തൊരാ ചെയ്‌തികളും
ചിന്തിച്ചു കൂട്ടിയ തെറ്റുകളും
വഴിപിഴച്ചൊരാ ജീവിതവും
തിരുത്തുവാൻ നമുക്കിന്നാവതില്ല
പിരിഞ്ഞന്നു പൊയവർ ഉറ്റവർ
അടുത്തവരത്രയും പൊയ്‌മുഖങ്ങൾ
ഒന്നുമേ അറിയുന്നതീല നാം
പിൻ തിരിഞ്ഞൊന്നു നോക്കും വരെ
ഇനിവരും കാലത്തിലെങ്കിലും നാം
വൃഥാ ജീവിതം നീക്കിടാതെ
നമ്മിലെ നമ്മെ തിരിച്ചറിയു
മാനുഷ നന്മക്കായ് അണിചേർന്നിടു
രാഷ്‌ട്രീയം ജനങ്ങൾക്കു വേണ്ടിയാക്കു
സമരങ്ങൾ അവകാശത്തിനാക്കു
നേരും നെറിവും ലക്ഷ്യമാക്കു
വരും തലമുറക്കിന്നു മാർഗ്ഗമാകു
വിധിപ്പു അവരന്നു കർമ്മഫലം
ഗുണമോ ദേഷമോ സമ്മിശ്രമോ
ദോഷമെന്നാകിലാ ശേഷകാലം
ശപിപ്പു നമ്മെയീ നാടിൻ മക്കൾ
ഗുണമെന്നാകിലാ ശേഷകാലം
നാമം വിളങ്ങിടും പളുങ്കുപോലെ
Generated from archived content: poem1_mar5_10.html Author: jayaraj_ps