സഹോദരീ സഹോദരന്മാരെ, ഈ വാക്കുകളിൽ പ്രസംഗം തുടങ്ങി ലോകജനശ്രദ്ധ ആകർഷിച്ച ഒരു ഇന്ത്യൻ വ്യക്തിത്വമുണ്ടായിരുന്നു. അറിവിലും വിവേകത്തിലും യുവജനങ്ങളുടെ മുൻഗാമിയായ സ്വാമി വിവേകാനന്ദനും, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം ജനങ്ങളിലെത്തിക്കുവാനും അമ്പലങ്ങളിൽ കല്‌പ്രതിമകൾക്ക് പകരം കണ്ണാടി സ്‌ഥാപിച്ച് സ്വയം തിരിച്ചറിഞ്ഞ് നന്നാവുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കുവാൻ ശ്രമിച്ച ശ്രീനാരായണ ഗുരുവും രാജ്യവും കടമകളും ലൗകീക ജീവിതവും വെടിഞ്ഞ് ആത്മീയതയിലേക്ക് തിരിഞ്ഞ്, ഒന്നും നേടുവാനാകാതെ ഇഹലോകവാസം വെടിഞ്ഞ ശ്രീബുദ്ധനും പ്രചരിപ്പിക്കുവാൻ ശ്രമിച്ചത് മനുഷ്യത്വം, അഹിംസ, സാഹോദര്യം, സ്വയം തിരിച്ചറിയുവാനുള്ള കഴിവ് എന്നിവ ജനങ്ങളിൽ വളർത്തുക, സാമൂഹിക നന്മക്കുവേണ്ടി പ്രവർത്തിക്കുക എന്നതൊക്കെ ആയിരുന്നു. പക്ഷെ ഇതൊന്നും തിരിച്ചറിയാതെ ഈ തത്വജ്ഞാനികളെ അതിലുപരി പണഡിതന്മാരെ ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം ദൈവങ്ങളാക്കി.
മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കുവച്ചു എന്ന കവി ഭാവനയെ അന്ന്വർത്ഥമാക്കുന്നതാണ് ഇന്നത്തെ ഇന്ത്യയുടെ രാപ്പകലുകൾ. ആൾ ദൈവങ്ങളും അവരുടെ ആശ്രമങ്ങളും അവയുടെ മറവിൽ അവർ ചെയ്‌തുകൂട്ടുന്ന മനംമടുപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതും മനുഷ്യരാശിയെ ഉന്‌മൂലനാശം ചെയ്യുന്നതിനുതകുന്നതുമായ പ്രവർത്തികളും, അവയെ കണ്ടെന്നും ഇല്ലെന്നും നടിക്കുന്ന നിയമപാലകരും ഒരിക്കൽ പിടിക്കപ്പെട്ടാൽ (പ്രഹസനത്തിനായി) അധികം താമസിയാതെ തന്നെ പുറത്തിറങ്ങുന്നവരും, മതപ്രഭാഷണങ്ങളുടെ പേരിൽ വർഗീയതയെന്ന കൊടും വിഷത്തെ ജനങ്ങളിൽ കുത്തിവെപ്പിക്കുന്നവരും, ആരാധനാലയങ്ങളിൽ “ഇടയലേഖനം” എന്ന പേരിൽ ദേശീയ രാഷ്‌ട്രീയം കലർത്തുകയും ചെയ്യുന്നവരെയും പോലുള്ളവരുടെ രാഷ്‌ട്രീയം എന്തെന്ന് മനസിലാക്കാൻ നമുക്ക് പലപ്പോഴും കഴിയാതെ പോകുന്നു. അഥവാ കഴിഞ്ഞാൽ തന്നെ കൈയെത്തി പിടിക്കുവാൻ കഴിയാത്തത്ര ദൂരത്തിൽ ഇരിക്കുന്ന ഇവർക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും കഴിയാത്ത തരത്തിൽ ആണ് ഇവരുടെ ഭൂതകാല ചെയ്‌തികൾ.
മഠത്തിൽ കയറി സഹപ്രവർത്തകയെ കിണറ്റിലെറിഞ്ഞു ദാരുണമായി കൊലപ്പെടുത്തുകയും അതിനു കൂട്ടുനിന്ന കന്യാസ്‌ത്രീ അല്ലാത്ത ആധുനിക സസ്‌ത്രക്രിയ ചെയ്‌തു കന്യാസ്‌ത്രീ ആയ ആ സ്‌ത്രീയുടെയും, ആശ്രമങ്ങളിൽ പെൺവാണിഭവും നീലച്ചിത്ര നിർമാണവും നടത്തി പോന്ന സ്വാമിമാരുടെയും, പല മതവിഭാഗങ്ങളുടെയും പേരിൽ അന്യ രാജ്യങ്ങളിൽനിന്നും പണവും സ്‌ഫോടക വസ്‌തുക്കളും കൈപ്പറ്റി അതിനനുസരിച്ച് പല സ്‌ഥലത്തും വർഗീയ കലാപം ഉണ്ടാക്കുന്നവരുടെയും മേൽക്കോയ്‌മ നിലനിൽക്കുന്ന നാട്ടിൽ രക്തബനധങ്ങളെയും മറ്റു ബന്ധങ്ങളെയും മാറ്റിനിർത്തി ഈ സാമൂഹിക വിരുദ്ധന്മാർക്കെതിരെ ഒന്നും ചെയ്യുവാനില്ലെന്ന് അറിയാവുന്നതും എങ്കിലും പലപ്പോഴും പൊട്ടിത്തെറിക്കാമെന്നും ഈ ജനദ്രോഹികൾക്കെതിരെ പടവാൾ ഏന്തണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെറിയ തോതിൽ എന്തെങ്കിലും ചെയ്യുവാൻ കഴിയുമെന്ന് പ്രത്യാശയുള്ള എനിക്ക് ഒന്നേ പറയാനുള്ളൂ, ഇനി ഒരു ദൈവവും വരില്ല നമ്മളെ രക്ഷിക്കുവാൻ, നമ്മളിൽ കുടികൊള്ളുന്ന ദൈവമല്ലാതെ.
Generated from archived content: essay1_july11_09.html Author: jayaraj_ps