സ്‌ത്രീധനം എന്ന സാമൂഹ്യ വിപത്ത്‌

വിവാഹം, ജീവിതത്തിൽ ഏറ്റവും ധന്യവും ഒരിക്കൽ മാത്രം സംഭവിക്കുന്നതുമായ മുഹൂർത്തം. സ്വദേശത്തോ വിദേശത്തോ, സുപരിചിതമോ അപരിചിതമോ ആയ ലിംഗഭേദമുള്ള രണ്ട്‌ വ്യക്തിത്വങ്ങളുടെ സമന്വയം എന്നൊക്കെ പറയുമെങ്കിലും വിവാഹം ഒരിക്കലും രണ്ടു വ്യക്തിത്വങ്ങളുടെ മാത്രം കൂടിച്ചേരലല്ല മറിച്ച്‌ രണ്ടു സംസ്‌കാരങ്ങളുടെ, രണ്ടു പൈതൃകങ്ങളുടെ സംയോഗമാണ്‌. ഞാൻ നിനക്കും നീ എനിക്കും എന്ന്‌ മനസ്സാൽ പറഞ്ഞുറപ്പിച്ച്‌ ആരംഭിക്കുന്ന ജീവിതത്തിന്റെ വാതിൽപ്പടി. സ്‌ത്രീക്കും പുരുഷനും ഒരുപോലെ പ്രാധാന്യമുള്ള, സ്‌നേഹവും സഹനവും ഒത്തൊരുമിച്ചു നിൽക്കേണ്ട ജീവിതത്തിന്റെ ആദ്യഘട്ടം. തങ്ങളിൽ ആരുടെയെങ്കിലും ഒരാളുടെ നിത്യമായ വിരഹം വരെ ഒരുമിച്ചു ജിവിച്ചുകൊള്ളാമെന്നെടുക്കുന്ന കഠിന വൃതം. ഇത്തരം വിവാഹ ജീവിതങ്ങൾ അരംഭിക്കുന്നതിനു മുമ്പെ ഇന്ന്‌; സ്‌ത്രീധനം, ഡൗറി, പൊക്കറ്റ്‌ മണി എന്നീ പേരുകളിൽ അറിയപ്പെടുന്ന സാമൂഹിക വിപത്ത്‌ ഭാവിജീവിതത്തിന്റെ വീഥിയിൽ കരിനിഴൽ വീഴ്‌ത്തി നിൽക്കുന്നു. ഇന്നത്തെ നമ്മുടെ സമൂഹത്തിന്‌ ഒരു സുപ്രഭാതത്തിൽ നിർത്തലാക്കാൻ പറ്റാത്തത്ര വളർന്നു പന്തലിച്ചതും, എല്ലാ മത വിഭാഗങ്ങളും ഒരുപോലെ പാലിച്ചു പോരുന്നതുമായ കീഴ്‌വഴക്കം. പക്ഷെ ഒരിക്കൽ പോലും നമ്മളാരും, സ്‌ത്രീധനം എന്ന വാക്കിന്‌ ഈ സമൂഹം കൽപിച്ച അർത്ഥവ്യത്യാസങ്ങളെക്കുറിച്ച്‌ അറിഞ്ഞില്ല അഥവാ അറിയാൻ ശ്രമിച്ചില്ല. പലരും സ്‌ത്രീധനം തങ്ങളുടെ അവകാശമായോ തങ്ങൾക്കു കിട്ടുന്ന പ്രതിഫലമായോ കണ്ടു. ഇതിന്റെ പേരിൽ മറ്റുള്ളവർക്കു മുൻപിൽ അപഹാസ്യരാവുന്നവർ ആരൊക്കെ എന്നോ അവരുടെ മനോനില എന്തെന്നോ ആരും ശ്രദ്ധിച്ചില്ല.

അങ്ങിനെ സ്‌ത്രീധനം എന്ന ആചാരം വീണ്ടും വീണ്ടും വളർന്നു.

വിവാഹപ്രായമായ ഒരു സ്‌ത്രീയെ മരണം വരെ കൂടെ താമസിപ്പിക്കുന്നതിന്‌ പുരുഷന്മാർക്കു കൊടുക്കുന്ന അല്ലെങ്കിൽ അവർ ചോദിച്ചുവാങ്ങുന്ന പ്രതിഫലം. സ്‌ത്രീയെ പരിപാലിക്കുന്നതിന്‌ പുരുഷന്‌ കൊടുക്കുന്ന കൂലി. ഒരു സ്‌ത്രീജന്മത്തിന്റെ വില. എന്നീ പലവ്യാഖ്യാനങ്ങളിൽ അറിയപ്പെടുന്നു സ്‌ത്രീധനം. പലപ്പോഴും പരസ്യമായും രഹസ്യമായും ചോദിച്ചു വാങ്ങുന്ന സ്‌ത്രീധനം, തങ്ങൾ പകുത്തു കൊടുക്കുന്ന തങ്ങളുടെ ജീവിതത്തിന്റേയും, സന്തോഷത്തിന്റെയും രതിസുഖത്തിന്റെയും വിലയാണെന്നുപറയുന്ന പുരുഷമനസ്സും അവരുടെ ചിന്തയും മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വന്തമായ വ്യക്തിത്വവും അഭിപ്രായസ്വാതന്ത്ര്യവുമുള്ള സ്‌ത്രീകൾ അനുഭവിക്കുന്ന അല്ലെങ്കിൽ പുരുഷന്മാർ വീതിച്ചു കൊടുക്കുന്നു എന്നു പറയുന്ന എല്ലാ വികാരങ്ങളും, ആ ജീവിതകാലഘട്ടത്തിൽ ഉടനീളം അവർ തിരികെ നൽകുന്നു. മുമ്പ്‌ അവയൊക്കെ ഒരു ലജ്ജയുമില്ലാതെ കണ്ണടച്ച്‌ കൈപറ്റുന്ന പുരുഷന്മാരുടെ വ്യാഖ്യാനങ്ങൾ എന്നു പറയുന്നത്‌, ജീവിതം ഇരുവരുടേയും സഹകരണത്തിൽ നിന്നും ഉടലെടുക്കുന്നതാണെന്നും അതിൽ ഭാര്യക്കും ഭർത്താവിനും തുല്യസ്‌ഥാനമാണ്‌ ഉള്ളതെന്നും മനസിലാക്കാത്ത ഭോഷന്മാരുടെ ബാലിശമായ വാദഗതികൾക്കു തുല്യമാണ്‌.

സ്‌ത്രീധനത്തിന്റെ കാര്യത്തിൽ സ്‌ത്രീകളും ഒരു പരിധിവരെ കണ്ണടക്കുന്നു. ഭർത്താവിന്റെ അല്ലെങ്കിൽ തങ്ങൾ ശേഷകാലം ജീവിക്കുവാൻ തിരഞ്ഞെടുക്കുന്ന കുടുംബത്തിൽ മറ്റുള്ളവരുടെ ഒപ്പത്തിനൊപ്പം സ്‌ഥാനം ലഭിക്കണമെങ്കിൽ വലിയ ഒരു തുക സ്‌ത്രീധനം ആയി കയ്യിൽ കരുതാതെ തരമില്ല എന്ന ചിന്തയും മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു. സ്‌ത്രീധനവും കുടുംബവിഹിതവും നൽകി വിവാഹംകഴിപ്പിച്ചയച്ച പല സ്‌ത്രീകളും പല ആവശ്യങ്ങളും പറഞ്ഞു പിന്നെയും പിന്നെയും മാതാപിതാക്കളെയും സഹോദരന്മാരേയും ബുദ്ധിമുട്ടിപ്പിക്കുന്ന സഹാചര്യങ്ങളും നാട്ടിൽ കുറവല്ല.

തുകപറഞ്ഞുറപ്പിക്കുന്നതുവരെ പ്രദർശന വസ്‌തുക്കളായി ചന്തയിൽ നിൽക്കുന്ന കാലികളെപോലെ സ്‌ത്രീകളും ചോദിച്ചു വാങ്ങുന്ന വസ്‌തുവിന്റെ ഗുണാഗുണങ്ങൾ അളന്ന്‌ തിട്ടപ്പെടുത്തുന്ന പുരുഷകുടുംബാംഗങ്ങളും സ്‌ത്രീധനം എന്ന സാമൂഹ്യ വിപത്തിന്റെ വളർച്ചയുടെ ആക്കം കൂട്ടുന്നു. സ്‌ത്രീകളുടെ മാതൃത്വശേഷി അളന്ന്‌ തിട്ടപ്പെടുത്തിയശേഷം മാത്രം വിവാഹം കഴിക്കുകയുള്ളൂ എന്ന്‌ ശാഠ്യം പിടിക്കുന്ന ഒരു കാലഘട്ടവും ഇവിടെ അതിവിദൂരമല്ല. താൻ വാങ്ങുന്ന സ്‌ത്രീയെപോലെ തന്നെയാണു തന്റെ സഹോദരിമാരും പെൺകുട്ടികളും എന്ന തിരിച്ചറിവുപോലും നഷ്‌ടപെട്ട പുരുഷന്മാർ സ്‌ത്രീധനത്തിന്റെ പേരിൽ വിവാഹബന്ധം വേർപ്പെടുത്തുകയും അതിനു മറ്റുപല പൊയ്‌കാരണങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തികളെല്ലാം തന്നെ വരും തലമുറയുടെ പ്രതികരണശേഷിക്കുമുന്നിൽ വിലങ്ങുതടിയാവുകയാണ്‌. സമൂഹം നിഷ്‌കർഷിക്കുന്നതു എത്രതന്നെ ചെറിയ സാമൂഹിക വിപത്താണെങ്കിലും അതിനെതിരെ പ്രവർത്തിക്കുവാൻ ഏതൊരു സാമൂഹിക ജീവിയും ഒന്നു മടിക്കും. അഥവാ അതിനു തുനിഞ്ഞിറങ്ങിയാൽ തന്നെ സ്വന്തം സഹോദരിമാരോ കുഞ്ഞുങ്ങളോ ഇക്കാരണത്താൽ വിവാഹം കഴിക്കാൻ പറ്റാതെ നിന്നു പോയാൽ എന്ന ആശങ്ക ആരുടെ മനസിനേയും ഒന്നു പിൻവലിക്കും. ഈ ആശങ്കക്കു മുന്നിൽ സ്വന്തം ആദർശങ്ങൾ പലപ്പോഴും ഒന്നുമല്ലാതാകുന്നു എന്നതാണു സത്യം.

ഒരു സമൂഹത്തിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ സ്‌ത്രീധനം എന്ന വിപത്ത്‌ ഒരിക്കലും ഒരു വ്യക്തി മാത്രം വിചാരിച്ചാൽ കശക്കിയെറിയാൻ പറ്റുന്ന ഒന്നല്ല. നമ്മുടെ സമൂഹത്തിനെ ഈ നീരാളി പിടുത്തത്തിൽ നിന്നും മോചിപ്പിക്കണമെങ്കിൽ നമ്മൾ ഓരോരുത്തരും നമ്മുടെ പ്രതികരണ ശേഷിയെ ഉണർത്തണം. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. എല്ലാ സ്‌ത്രീകളും പരുഷന്മാരും പരസ്‌പരം വിശ്വാസ്യതയും ബഹുമാനവും കാത്തു സൂക്ഷിക്കുകയും, സ്‌ത്രീയും പുരുഷനും കുടുംബജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും തുല്യപ്രാധാന്യമുള്ള വ്യക്തികളാണെന്ന്‌ സ്വയം തിരിച്ചറിയുകയും, അങ്ങിനെ അല്ലെന്നു കരുതുന്നവരെ, അഥവാ അവരുടെ കാലഹരണപ്പെടേണ്ട ചിന്തകളെ തിരുത്തി. സ്‌ത്രീധനം എന്ന വിപത്തിനെ സമൂഹത്തിൽ നിന്നും ഉന്മൂല നാശം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങളിൽ ഭാഗഭാകാക്കുകയും, സ്‌ത്രീധന നിരൊധന നിയമം ശക്തിപെടുത്തുകയും അതുവഴി വരും തലമുറയെ മഹത്തായ ഒരു ആദർശത്തിനു കീഴിൽ വളർത്താൻ ശ്രമിക്കുകയും അവരുടെ പ്രതികരണശേഷിയെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യണം.

Generated from archived content: essay1_apr9_10.html Author: jayaraj_ps

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English