ഗൊണ്ടാനമൊ

ഇവിടെ സമയം

ഇഴയുന്ന ഒച്ചല്ല

മിന്നിപ്പായുന്ന

തേൻ കുരുവിയല്ല

ഇലപ്പച്ചകൾക്കിടയിൽ

കുടർന്നുജ്വലിക്കുന്ന

പൂവിന്റെ രക്തമല്ല

അടിവയറ്റിൽ കുടുങ്ങിയുണരുന്ന

ആധിയാണ്‌

കണ്ണിൽ നിന്നു

വാർന്നു പോകുന്ന

കാഴ്‌ച്ചയാണ്‌

അത്‌ സൂചികൾക്കും

സൂചകങ്ങൾക്കും

പിടികൊടുക്കാതെ

വെയിലിന്റെ നിലവിളികളിലേക്ക്‌

ഊർന്നുപോകുന്നു

ഓർമ്മയുടെ ചതുപ്പ്‌

ആഴ്‌ന്നാഴ്‌ന്നു പോകുന്ന ദൃശ്യങ്ങൾ

അവയുടെ മണൽ സ്വരങ്ങൾ

ഇഷ്‌ടികക്കെട്ടിൽ

നിന്നൊലിച്ചിറങ്ങുന്ന

സൂര്യൻ

വിരലുകളിൽ

നിന്നിളകിയിറങ്ങുന്ന

നഖങ്ങൾ

ഒരു ശലഭത്തിന്റെ

ആയൂരാരോഗ്യ

പ്രതീക്ഷകൾ

പൊഴിഞ്ഞിഴയുന്ന

ജീവന്റെ പോളകൾ

മരണം ചുരത്തുന്ന

ഇലട്രിക്‌ മുൾവേലിയിൽ

നിന്നുരുകുന്ന പക്ഷികൾ

പഴുത്ത മോണയിൽ

പല്ലിരുന്ന കുഴികൾ

രക്തയോട്ടം നിലച്ച്‌

അഴുകിത്തുടങ്ങിയ ലിംഗം

വരഞ്ഞു വിണ്ട ചുണ്ടുകൾ

കറകെട്ടിക്കനച്ച നാക്ക്‌

ഇവിടെ സമയം

ഇഴയുന്ന ഒച്ചല്ല

പുറത്ത്‌

ലോഹമതിലുകളിൽ

തീ പടരുന്നു

പക്ഷികളുടെ ‘ബാർബിക്യു’.

Generated from archived content: poem1_may18_06.html Author: jayan_kc

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English