ഐവർകളി

ആദിമവംശസ്‌മൃതികളുറങ്ങുന്ന ഐവർ നാടകത്തിന്റെ ചവിട്ടുതാളങ്ങളിൽ ഈ വർഷവും മണിത്തറ ശ്രീപനോർക്കാവ്‌ പരിസരം ധന്യമായി. വാമൊഴികളിലൂടെ തലമുറകൾ നേടിയെടുത്ത്‌ ഭഗവതിക്ക്‌ വഴിപാടായി നടത്തുന്ന ഈ അനുഷ്‌ഠാനത്തിന്‌ ആണ്ടുകളുടെ പഴക്കമുണ്ട്‌. മകരസംക്രാന്തിവേലയിൽ പ്രാർത്‌ഥന സ്‌തുതികളുയർത്തി ഐവർനാടകക്കാർ അരങ്ങൊഴിയുമ്പോൾ അന്യമാകുന്ന തനിമകൾക്ക്‌ സുകൃതം.

മധ്യകേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിൽ ഉത്‌സവകാലത്ത്‌ നടത്താറുളള ഐവർനാടകത്തിന്‌ കാളീചരിതമാണ്‌ മുഖ്യമായും പാടുക. ഭദ്രകാളിയെ തൃപ്‌തിപ്പെടുത്താൻ പാണ്‌ഡവൻമാർ പാടിക്കളിച്ചതാണ്‌ ഐവർകളിയെന്നാണ്‌ ഐതിഹ്യം. ഭദ്രകാളിയുടെ ഭക്‌തനായ കർണ്ണനെ പാണ്‌ഡവൻമാർ വധിച്ചതറിഞ്ഞ്‌ കാളി രൗദ്രവേഷമെടുത്ത്‌ പാണ്‌ഡവവംശത്തെ മുടിക്കുവാൻ പുറപ്പെട്ടു. ഈ വിവരമറിഞ്ഞ ശ്രീകൃഷ്‌ണൻ പാണ്‌ഡവൻമാരെ വരുത്തി ദേവിയെ സ്‌തുതിച്ച്‌ പാട്ടുപാടിക്കളിച്ച്‌ ദേവീപ്രീതി നേടണമെന്ന്‌ പറഞ്ഞു. ശ്രീകൃഷ്‌ണൻതന്നെ വിളക്കായിനിന്ന്‌ പാട്ടുപാടികൊടുത്ത്‌ പാണ്‌ഡവരെക്കൊണ്ട്‌ കളിപ്പിച്ചു. തൽഫലമായി ദേവി പ്രസാദിച്ച്‌ പാണ്‌ഡവരെ അനുഗ്രഹിച്ചു. ഈ പശ്ചാത്തലത്തിൽ ഇതിനെ ‘പാണ്‌ഡവക്കളി’ എന്നു ചിലയിടങ്ങളിൽ പറയുന്നു.

എന്നാൽ കമ്മാളരായ ആശാരി, മൂശാരി, കരുവാൻ, തട്ടാൻ, വേലക്കുറുപ്പ്‌ എന്നീ അഞ്ചുകൂട്ടർ പാടിക്കളിക്കുന്നതുകൊണ്ടാണ്‌ ഐവർകളി എന്ന പേർ വന്നതെന്നും പറയപ്പെടുന്നു. ഐവർകളിക്ക്‌ ചിലയിടങ്ങളിൽ ‘തട്ടിൻമേൽകളി’ എന്നും പറയും. ഉയർന്ന തറയിൽനിന്ന്‌ കളിക്കുന്നതുകൊണ്ടാകാം ആ പേർ ലഭിച്ചത്‌. മണിത്തറയിലെ ശങ്കു ആശാരിയായിരുന്നു ഐവർനാടക ആചാര്യൻ. അദ്ദേഹത്തിന്റെ വേർപാടോടെ ഐവർ നാടകത്തിന്റെ ഉണർവ്വൊന്നു കുറഞ്ഞു. അദ്ദേഹം എഴുതിയുണ്ടാക്കിയ കുറെപാട്ടുകളാണ്‌ ഇന്നത്തെ കളിക്കാരുടെ അമൂല്യസമ്പത്ത്‌. ശേഷംവന്ന തലമുറയിലെ കരുവാൻ കുഞ്ഞിമോൻ, ആശാരി നാരായണൻ, ശങ്കരൻ ആശാരി, എന്നിവരും പൂർവ്വികരുടെ ശ്രേയസ്സ്‌ നിലനിർത്തി. കരുവാൻ രാമന്റെ നേതൃത്വത്തിലുളള കളിസംഘമാണ്‌ ഇപ്പോൾ അനുഷ്‌ഠാനം നിലനിർത്തുന്നത്‌. മകരസംക്രാന്തിക്ക്‌ ഒരാഴ്‌ചമുമ്പ്‌ പടിഞ്ഞാറെപുരയ്‌ക്കൽ മണിയാശാരിയുടെ വീട്ടിൽ പണികഴിഞ്ഞെത്തിയ ആശാരിമാരും കരുവാൻമാരും ഒത്തുചേരുന്നു. തുടർന്ന്‌ പരിശീലനമാണ്‌. കളിക്കാർ വട്ടത്തിൽ നിരന്നതിനുശേഷം തൊഴുകയ്യോടെ ചുവടുവച്ച്‌ വട്ടത്തിൽ നടക്കുന്നു. ഏഴുതിരിയിട്ടു കത്തിച്ചുവെച്ച നിലവിളക്കിനു ചുറ്റും പ്രാരംഭചടങ്ങായി ദീപത്തെ വന്ദിച്ച്‌ കളിയാശാൻ വന്ദനസ്‌തുതികൾ പാടുന്നു.

വട്ടപ്പറമ്പിലെ തട്ടത്തെ ഭൂമിയിൽ അക്കത്തിലമരുമെന്റമ്മ ദേവി

കാശി രാമേശ്വരം നാട്ടിന്നകത്തൊരു പ്രഥമ വൈലേറും പനോർക്കാവ്‌

വാർത്ത്‌ കെട്ടിച്ചൊരു ആൽത്തറയും തീർത്ത്‌ കെട്ടിച്ചൊരു ചുറ്റമ്പലവും

അമ്പലത്തിന്റെ തിരുനടയിൽ അൻപൊന്ന്‌ കൂട്ടിയ ദീപസ്തംഭം

ദേവിക്ക്‌ തീർത്ഥാടാൻ മണികിണറും നല്ല കന്നിരാശിക്ക്‌ മണികുളവും

ചെത്തിയും ചെമ്പകം മല്ലിക പിച്ചകം ഇഷ്‌ടമാ കൂവള മാല ചാർത്തി

മകരമാസം നല്ല മുപ്പതാം തീയ്യതി താലപ്പൊലി വിളക്കാഘോഷവും

മംഗല്യമക്കൾ തരുണിമണികളങ്ങിനെ ഏഴുനാൾ മുൻപ്‌ കുളിച്ചൊരുങ്ങും

ആടകൾ നന്നായി ഞൊറിഞ്ഞൊടുത്ത്‌ കാർകൂന്തൽ മെല്ലെ കുടഞ്ഞുകെട്ടി

അഞ്ഞ്‌ജനം കൊണ്ടവർ കണ്ണെഴുതി കളഭം തൊട്ടവർ ദേഹമുണർത്തി

(മണിത്തറയിലെ ഐവർനാടകത്തിന്റെ ആശാൻ അന്തരിച്ച ശങ്കു ആശാരി എഴുതിയത്‌)

ഏറിയ മുല്ല ഇളംകൊട്ടിതെയ്യിൻമേൽ

ഏറിയ മങ്കമാർ പൂവറുത്തു

ഒന്നറുത്തൊന്ന്‌ മുടിയിലും ചൂടി

ഒന്നര വട്ടക പൂവ്വറുത്തു

പൂവ്വറുത്തീടുന്ന മങ്കമാരെ നിങ്ങൾ

ഞങ്ങൾക്കൊരു മാല കെട്ടിതരോ

ഇന്നത്തെ പൂവ്‌ പഴംപൂവായി പോയി

നാളത്തെ പൂ കൊണ്ട്‌ മാല കെട്ടാം

കാർമുല്ല ചൂടുന്ന മങ്കമാരെ നിങ്ങൾ

കാർവർണ്ണനെ കണ്ടോരുണ്ടോ

ഇന്നലെ ഈ നേരം നട്ടുച്ച നേരത്ത്‌

കോട്ടയ്‌ക്കകത്തൊരു അത്തിമേലെ

അത്തിപ്പഴം കൊത്തി അമൃത്‌ ഭുജിക്കുമ്പോൾ

ഞങ്ങളും ഞങ്ങളും കണ്ടോരുണ്ടേ…

നിങ്ങൾ കാണുന്ന നേരം എന്തൊരടയാളം

ചൊല്ലണം ചൊല്ലണം പെൺകിടാവേ…

അരനിറ കിങ്ങിണി പുലിനഖ മോതിരം

ഞങ്ങള്‌ കാണുന്ന നേരം അടയാളം കൂട്ടരേ

ആനങ്കുത്തും പൊന്നങ്കവാൽ കൊങ്കലും

അഞ്ഞ്‌ജനകണ്ണും ചുവന്ന ചുണ്ടും

നൂലിനും മാലക്കും മാറിടം പോരാഞ്ഞ്‌

നൂറ്റെട്ട്‌ പാണവർ മാല കെട്ടി

(ഐവർ നാടകത്തിന്റെ ഇപ്പോഴത്തെ ആശാൻ കരുവാൻ രാമൻ പാടി കേൾപ്പിച്ചത്‌)

‘അരങ്ങും പന്തലും ദീപവും വാഴ്‌ക അരുണാദിത്യനും ചന്ദ്രനും വാഴ്‌ക മുമ്പിലെന്നുടെ ഗുരുനാഥൻ വാഴ്‌ക ഭദ്രകാളിയും മുമ്പായി വാഴ്‌ക…’ കളിയാശാൻ ആദ്യം പാടുകയും കളിക്കാർ അത്‌ ഏറ്റുപാടുകയുമാണ്‌ പതിവ്‌. കാളീചരിതങ്ങൾക്കുപുറമെ രാമായണം, മഹാഭാരതം, ശ്രീകൃഷ്‌ണകഥകൾ എന്നിവയും ഐവർകളി പാട്ടുകൾക്ക്‌ വിഷയമാകുന്നു. ഭീമൻ സൗഗന്ധികപുഷ്‌പം തേടിപ്പോകുമ്പോൾ ഹനുമാൻ വഴിയിൽ കിടക്കുന്നതായി വർണ്ണിക്കുന്ന കല്യാണസൗഗന്ധികത്തിലെ കഥയും പാശുപതാസ്‌ത്രം കരസ്‌ഥമാക്കാൻവേണ്ടി അർജ്ജുനൻ ശിവനെ തപസ്സുചെയ്‌തതും രാമൻ ബാലിയെ അമ്പെയ്‌തു വീഴുത്തുന്നതും രാവണൻ സീതയെ കട്ടുകൊണ്ടുപോകുന്നതും ദമയന്തീവിവാഹത്തിനു പോകുന്ന നളന്റെകഥയും തുടങ്ങി പുരാണേതിഹാസകഥകളുടെ പാട്ടുകൾ ഈ നാടോടിവിജ്‌ഞ്ഞാനധാരയിലെ പ്രതിപാദ്യങ്ങളാണ്‌. ഭദ്രദീപത്തിനു ചുറ്റും വട്ടമിട്ടുകളിക്കുന്നവർ താളമാറ്റമനുസരിച്ച്‌ ചുവടുകളും മാറും. ചുവടുകൾ പലതരത്തിലുണ്ട്‌. ഒന്നാംചോട്‌, രണ്ടാം ചോട്‌, മൂന്നാംചോട്‌ തുടങ്ങി എട്ടുചോടുകൾ വരെയുണ്ട്‌. കരചരണങ്ങളുടെ സ്‌ഥാനത്തേയും മെയ്യഭ്യാസത്തേയും ആസ്‌പദമാക്കിയുളള നിലകൾക്കാണ്‌ ചോടുകൾ എന്നുപറയുന്നത്‌. പാദംകൊണ്ടുളള അളവാണ്‌ ചുവട്‌. ആട്ടക്കാരുടെ കാലുവെയ്‌പിനെ ‘ചുവടുവെയ്‌പ്‌’ എന്നും വിളിക്കുന്നു. വികാരതീവ്രതയും വേഗതയും അനുസരിച്ച്‌ ചലനങ്ങളിൽ വരുന്ന മാറ്റങ്ങൾ ആകർഷണീയമാണ്‌.

ഗാനപ്രധാനമായൊരു ദൃശ്യകലാരൂപമാണ്‌ ഐവർ നാടകം. അതിന്റെ പാട്ടുസാഹിത്യത്തിലാണ്‌ സവിശേഷത. അവതരണത്തിൽ വളരെ ലാളിത്യം പുലർത്തുന്ന ഈ കലാരൂപത്തിന്റെ നൃത്തസമ്പ്രദായത്തെ മൂന്നാക്കി തരംതിരിക്കുന്നു. വട്ടക്കളി, പരിചകളി, കോൽകളി എന്നിങ്ങനെ. ഗ്രാമീണകേരളത്തിന്റെ ആയോധനസ്വഭാവം വ്യക്തമാക്കുവാൻ പരിചകളി സഹായിക്കുന്നുവെങ്കിൽ മുച്ചാൻവടി കൈയിലേന്തി ചുവടുവച്ചുകളിക്കുന്ന സമ്പ്രദായമാണ്‌ കോൽക്കളിക്കുളളത്‌. ഇതിൽ വട്ടക്കളിയാണ്‌ മണിത്തറയിലെ കലാകാരൻമാർ അനുവർത്തിക്കുന്നത്‌. പാട്ടിനും നൃത്തത്തിനും താളം പിടിക്കാൻ ഐവർനാടകത്തിൽ കുഴിത്താളവും പൊന്തിയുമാണ്‌ ഉപയോഗിക്കുന്നത്‌.

ഐവർനാടകം ആണ്ടോടാണ്ട്‌ അവതരിപ്പിക്കാറുളള ക്ഷേത്രപരിസരങ്ങളിൽ സ്‌ഥിരമായ ഒരു തറയെങ്കിലും ഉണ്ടാകുമത്രെ. കളിക്കാനുളള തട്ടുകൾ കെട്ടിയുണ്ടാക്കുകയോ താൽക്കാലികമായി നിർമ്മിക്കുകയോ ചെയ്യുന്ന സമ്പ്രദായമുണ്ട്‌. ഒളരിക്കരയിലെ ഭഗവതിക്ഷേത്രത്തിൽ കളിക്കുവാനുളള തറകൾ കല്ലിൽ കെട്ടിയുണ്ടാക്കിയിരുന്നുവത്രെ. അപ്പൻതമ്പുരാൻ അവിടെ കളിക്കാറുണ്ടായിരുന്ന കലാകാരൻമാരെ അയ്യന്തോൾ കോവിലകത്തേക്ക്‌ ക്ഷണിച്ച്‌ അവരുടെ കലാവൈഭവത്തെ പ്രോത്‌സാഹിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ഉത്‌സവവേളയിലെ ആഘോഷത്തിനുവേണ്ടി ജൻമമെടുത്തിട്ടുളള ഗ്രാമീണനാടകമാണിതെങ്കിലും ഓണം, വിഷു എന്നീ വിശേഷദിവസങ്ങളിലും വിവാഹാഘോഷങ്ങളിലും ഐവർനാടകം അവതരിപ്പിക്കാറുണ്ട്‌. പഴയകാല ഓർമ്മകൾ ചികയവേ വിവാഹാഘോഷങ്ങളിൽ വരന്റെ സംഘവും വധുവിന്റെ സംഘവും മത്‌സരിച്ച്‌ ഐവർകളിയിൽ പങ്കെടുത്തിരുന്നതായി 65 കാരനായ കരുവാൻ രാമൻ പറഞ്ഞു. ഒരാഴ്‌ചക്കാലത്തെ വ്രതശുദ്ധിയാർന്ന പരിശീലനത്തിനു ശേഷം മകരസംക്രാന്തിയിൽ മണിത്തറ ശ്രീപാനോർക്കാവ്‌ ഭഗവതിക്ഷേത്ര സന്നിധിയിൽ അരങ്ങേറുന്ന ഈ പ്രാചീന കൂട്ടായ്‌മയിൽ കരുവാൻ രാമനോടൊപ്പം മണി ആശാരി, പൊന്നു കരുവാൻ, ചന്ദ്രശേഖരൻ, പി.വി.സുരേഷ്‌, എം.ആർ.വൽസൺ, എം.വി. അശോകൻ, പി.എസ്‌.ഗോപാലൻ, പി.എസ്‌.രാജൻ, എം.എസ്‌.ബാലകൃഷ്‌ണൻ, എം.ബി.ഗോപി, പി.വി.സുജേഷ്‌ എന്നിവരും അണിനിരക്കുന്നു. വരുംകാലരാവുകളെ സാന്ദ്രമാക്കാൻ പുതിയ തലമുറയിലെ വിജിത്‌, ബിനീഷ്‌, രാധാകൃഷ്‌ണൻ എന്നിവരും പാട്ടുകളും ചുവടുകളുമായി മുന്നിലുണ്ട്‌.

Generated from archived content: essay-mar24.html Author: jayan-avanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here