എന്റെ പ്രേമം
തീരങ്ങൾക്കിടയിൽ പുളഞ്ഞൊഴുകുന്ന
തെളിനീർ കുളിരല്ല
മണൽക്കാട്ടിലെ പഥികന്
കനിഞ്ഞു കിട്ടിയ ഒറ്റത്തുളളി മഴയല്ല
പ്രളയം സൃഷ്‌ടിച്ചു പരന്നുപെയ്യുന്ന
മഹാമാരി.
എന്റെ പ്രേമം
മണിമാളികകൾ തിളക്കിയും മങ്ങിച്ചും
പെരുവഴിയേ കടന്നുപോകുന്ന
ദീപശിഖയല്ല
ഏതു കണ്ണിനും കാഴ്‌ചയാകുന്ന
നെടുനെടുങ്കൻ ലൈറ്റ്‌ഹൗസല്ല
ഇരുട്ടുമൂടിയ പുൽക്കുടിലിൽ
കിഴവിത്തളളയുടെ കൈവിളക്ക്.
എന്റെ പ്രേമം
നീയല്ല, നിന്നോടുളള വികാരവുമല്ല.
എന്നെക്കുറിച്ച്
എനിക്കുളള വിചാരം മാത്രമാണ്.
Generated from archived content: poem2_june2.html Author: jayalaxmi_v_jeevan