ട്രാഫിക് സിഗ്നലുകളിൽ
എന്റെ വഴി വായിക്കാൻ ശ്രമിക്കാറുണ്ട് ഞാൻ
പക്ഷേ, വായിക്കാൻ കഴിഞ്ഞത്
നിന്റെ നാമം മാത്രം.
പിന്നെ,
വഴിവിളക്കുകൾ നിന്നിലേക്കൊതുങ്ങി
ചുവപ്പും മഞ്ഞയും കൊണ്ട്
നീയെന്നെ മധുരിപ്പിച്ചു
നിന്റെ കണ്ണുവെട്ടിച്ച് ചീറിപ്പാഞ്ഞ അഹങ്കാരികളെ
ഒരു വിരലനക്കത്താൽ നീ നിശ്ശബ്ദരാക്കി
വടിവുറ്റ ചിഹ്നങ്ങളിൽ
വളയം തിരിച്ചുകൊണ്ട്
ലോകം നീയാണെന്നു പറഞ്ഞു
ഞാൻ അഭിമാനപുളകിതയായി
എന്റെ പ്രാർത്ഥനകളിൽ
നീ മാത്രം നിറഞ്ഞു
നീയെനിക്ക് വളയും പാദസരങ്ങളും തന്നു
എന്റെ സ്മൃതിയും സ്വപ്നവുമായി
പക്ഷേ,
മരവിച്ച മധുരം തിന്ന്
ചുണ്ടു വെടിച്ചു കീറിയ
ഒരു പഴയ പെൺകുട്ടി
ഇന്നലെ ഈ വഴി നടന്നുപോയി
കെട്ടും തെളിഞ്ഞും കളിക്കാത്തൊരു പച്ചവിളക്ക്
ഒരിക്കൽ എന്നേയ്‌ക്കുമായി നീയെനിക്ക് തരേണ്ടിവരുമെന്ന്
അവൾ പറഞ്ഞു.
നേരോ?
Generated from archived content: poem1_june14_07.html Author: jayalaxmi_v_jeevan