ഇടയ്‌ക്കെങ്ങുനിന്നോ
കനൽക്കട്ടയിൽ നി-
ന്നെടുത്തിട്ടപോലെ-
ന്നടുക്കൽ കിടന്നും
ഒടുങ്ങാത്ത മോഹങ്ങ-
ളോരോന്നുമെന്നോ-
ടടക്കങ്ങളില്ലാതെ
നെഞ്ചിൽപ്പകർന്നും
ചിലപ്പോളൊടുക്കത്തെ
നോവേറ്റുവാങ്ങി-
ക്കലങ്ങി കളം വി-
ട്ടിറങ്ങിക്കിതച്ചും
കരിമ്പാറയിൽ ത-
ച്ചലക്കിക്കനക്കും
വിഴുപ്പൊക്കെയെങ്ങോ
ഒഴുക്കിക്കളഞ്ഞും
പുറം ചുട്ടുപൊളളി
ത്തിളയ്‌ക്കേ മനം വെ-
ന്തകം നീ തണൽപ്പത്തി-
യെന്നാളിവന്നും
എനിക്കിറ്റു നേരം
തപം ചെയ്‌ത് വിശ്വം
വിളക്കാക്കുവാനുളള
മന്ത്രം കൊളുത്താ-
നിടം നൽകിടാതെ
കരൾ കെട്ടഴിച്ചും
കിനാവിൽ നിലയ്‌ക്കാ-
ത്തപൂക്കൾ വിരിച്ചും
വിശക്കുന്ന കുഞ്ഞിനെ
നെഞ്ചോടടുക്കി
പകയ്‌ക്കുന്ന കണ്ണാൽ
കിളച്ചും കിളിർക്കാത്ത
സ്വപ്‌നത്തിനായ് നെഞ്ചലച്ചും
തുരുമ്പിച്ച പാലത്തിലൂടെ
കടക്കുന്ന കാലക്കിരാതത്തി നീ
യെന്നകം കാളി നിൽക്കും
വിലാപക്കൊടും തീ-
ക്കിതപ്പാണു നീയെന്റെ
വാക്കിന്റെ വേവായ
വേലത്തി നീയെന്റെ
വാക്കിന്റെ വേരായ
വേലത്തി നീ.
Generated from archived content: poem2_nov7_08.html Author: jayakumar_chengamanad
Click this button or press Ctrl+G to toggle between Malayalam and English