പെയ്‌തുതീർന്നു ഞാ-
നന്തരംഗത്തിൽ
ജൈവതീർത്ഥം പകർന്നു കഴിഞ്ഞു
അസ്ഥിതോറുമുൾച്ചേർന്ന വിശുദ്ധ
രക്തബീജം ചൊരിഞ്ഞു കഴിഞ്ഞു
അക്ഷരത്തിന്റെ പച്ചയിൽ പൂക്കും
അക്ഷയപ്രഭാപൂരം കണക്കെ
കാത്തിരിക്കും പ്രതീക്ഷയായെന്നിൽ
ചേർന്നു നില്പു വിളക്കായി നിങ്ങൾ.
കാറ്റു തുളളുന്നൊരാൽ മരച്ചോട്ടിൽ
ആരുമീട്ടുന്നു പ്രാണപ്രപഞ്ചം
ധ്യാനരൂപം, ചിദാകാശസ്വപ്ന-
സാക്ഷിയായ് നിറകൊളളുന്നതാരോ
വാക്കുമർത്ഥവും കൊയ്യും കിനാവിൻ
കാലമെന്നിലൂടാരതിക്കൊൾകെ
എന്റെ മേഘമായ് വർഷമായ് പെയ്യും
മണ്ണിന്നൂർവ്വര സ്വപ്‌നങ്ങൾ വീണ്ടും.
കർമ്മകാണ്ഡം കഴിഞ്ഞൊരീജന്മം
പാടിനിർത്തുമിയീണത്തിൽനിന്നും
തൊട്ടുണർത്താൻ നിലാവിന്റെ നേർത്ത
സ്പർശമായ് നിങ്ങളെന്നടുത്തില്ലേ?
Generated from archived content: poem2_feb10.html Author: jayakumar_chengamanad