അറുപത്തിനാലാം നമ്പർ സീറ്റിലെ
ഭൂതായനത്തിൽ
ഒരു പുഴയുണ്ടായിരുന്നു
പുഴ പോൽ തെളിഞ്ഞ്
ഒരു പെൺകുട്ടിയും
അവൾക്കു ഭയമായിരുന്നു
പാലത്തിന്റെ കടകട
പാളത്തിലെ ഉരുക്കുരുട്ടം
കടവിറങ്ങിച്ചെന്ന ലോറിക്കും
പടി കയറിവന്ന മുഷിഞ്ഞചെക്കനും
വിളമ്പിക്കൊടുക്കും
ഏമ്പക്കം വിട്ട്
നടക്കാനും കൂടി വയ്യാതെ
മെല്ലെത്തിരിക്കുമ്പോൾ
നിറഞ്ഞു തൂവും
പിന്നെപ്പിന്നെ പുഴയാകെവറ്റി
അന്തിത്തിരീമില്ല,
അടുപ്പും പൂട്ടീല.
മുള്ളു പൊന്തി ഞെരുക്കുമ്പോൾ
മേലാകെ
ഉള്ളാകെ
പൊള്ളുന്ന പനി,
ആരും വന്നില്ല.
വിറ്റപ്പം പയ്യു ചോദിച്ചു
നിനക്കിനിയാരു പാലുതരും?
വിട്ടപ്പം വീടു ചോദിച്ചു
നിനക്കിനിയാരു തണലു തരും?
അവൾക്കു ഭയമില്ല
പാലത്തിന്റെ കടകട
പാളത്തിലെ ഉരുക്കുരുട്ടം
അറുപത്തിനാലാം നമ്പർ
ഇപ്പോൾ കാലിയാണ്.
Generated from archived content: poem1_sept12_07.html Author: jayakrishnan_vayppur