പണ്ടായിരുന്നു
കുട കളഞ്ഞങ്ങനെയങ്ങനെ
മഴ നനഞ്ഞങ്ങനെയങ്ങനെ
പളളിക്കൂടം വിട്ട്
ഒലിച്ചിറങ്ങിപ്പോയി
കുട്ടികൾ
കൈവരിയില്ലാത്ത വലിച്ചേപ്പാലത്തിനു കീഴിൽ
കലക്കവെളളത്തിന് ഒഴുക്കുണ്ട്
ഒരു ചോറ്റുപാത്രം ഒഴുകുന്നുണ്ട്
പി.സി. സനൽകുമാറും ഒഴുകുന്നുണ്ട്
ഇടയ്‌ക്കു പൊന്തി
കണ്ണുതുറിച്ചു കൈകാട്ടുമ്പോൾ
കളിയാക്കി
ചിരിച്ചു കൂവാനാ തോന്നീത്
ഇന്നിവിടെ
ഇടികുത്തിപ്പെയ്‌തിട്ടും
ഒന്നൊഴുകാനാവാതെ
ഞാനും
ഞാൻ കയ്യിട്ട ചോറ്റുപാത്രവും
ഇങ്ങനെയിങ്ങനെ.
Generated from archived content: poem1_mar24_08.html Author: jayakrishnan_vayppur