പനിനീര്‍ പൂവ്

അറ്റം വളഞ്ഞ കമ്പിയില്‍, കടയുടെ മുമ്പില്‍ തൂക്കിയിട്ടിരിക്കുന്ന വിളക്കിന്‍റെ തിരിനാളം കാറ്റിന്‍റെ താളത്തിനനുസരിച്ച് സ്പന്ദിച്ചു കൊണ്ടിരുന്നു. ഇരുളില്‍ നിദ്രയില്‍ ലയിച്ചത് പോലെ പാവന്നൂര്‍ നദി നിശ്ചലമായി ഒഴുകികൊണ്ടിരുന്നു. നദികരയിലെ കടയിക്ക് അരികിലായുള്ള കല്പവൃക്ഷങ്ങള്‍ ഇടക്കിടക്ക് തന്‍റെ നിദ്രയിക്ക് ഭംഗം നേരിട്ടത് പോലെ തലയാട്ടുന്നു, വീണ്ടും ഉറക്കം തൂങ്ങുന്നു. കടയുടെ മുമ്പിലെ ബെഞ്ചില്‍ ഇരുന്നു കൊണ്ട് പണിക്കരേട്ടന്‍ ആകാശം നോക്കി നെടുവീര്‍പ്പിട്ടു.

”ഇന്നും മഴക്കുള്ള കോളുണ്ടെന്നാ തോന്നുന്നേ. ദാമുവേ ഞാന്‍ എനിയും വൈകിക്കുന്നില്ല. ഇറങ്ങുകയാട്ടോ.. ”

പ്രായത്തിന്‍റെ അവശതയില്‍ കൂനിപ്പോയ മുതുകുമായി പണിക്കരേട്ടന്‍ പൂഴിമണല്‍പരപ്പിലൂടെ വേച്ചു വേച്ചു നടന്നകന്നു.

ഇനിയാരും വരാനില്ല.

കടത്തുകാരന്‍ ഔസേപ്പ് മാപ്പിള ഇപ്പോള്‍ മറുകരയിലുള്ള അത്താണിയില്‍,കമ്പിളിക്കുള്ളില്‍ ചുരുണ്ടുകൂടി കിടപ്പുണ്ടാവും. ഇവിടുന്നു നോക്കിയാല്‍ അത്താണിയില്‍ എരിയുന്ന പാനീസ് വിളക്കിന്‍റെ വെട്ടം കാണാം.

ഇല്ല. ഇനിയാരും വരാനില്ല!

ദാമു കടയുടെ മുമ്പില്‍ എരിഞ്ഞു കത്തുന്ന വിളക്കിന്‍റെ തിരി താഴ്ത്തി വെച്ചൂ.

ഇഴ പറിഞ്ഞ അഴകിയ ഒരു തോര്‍ത്തുമുണ്ടുടുത്ത് അയാള്‍ കടവുകരയിലേക്ക് ചെന്നു.

കുളി കഴിഞ്ഞു ഒതുക്കുകളില്‍ ചവിട്ടി കയറിയപ്പോള്‍ അറിയാതെ ദൃഷ്ടി കുന്നിന്‍ മുകളിലുള്ള ആ കുടിലിലേക്ക് പതിഞ്ഞു. അവിടെ,ജനലിനരികിലായി വെച്ച തിരിനാളം പതിയെ അണയുന്നതും, ജനലുകളുടെ പാളി വലിച്ചടയുന്നതും ഒരു ഉള്‍കിടിലത്തോടെ അയാള്‍ കണ്ടു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വേദന മനസ്സിനെ വരിഞ്ഞു മുറുക്കി. കണ്ണുകള്‍ ഇറുകെ അടച്ചു ദാമു തലതാഴ്ത്തി കുറച്ചു നേരം പ്രഞ്ജയറ്റവനെ പോലെ നിന്നു. പിന്നെ കടയിലേക്ക് തിരിച്ചു നടന്നു. അത്താഴം കഴിക്കാന്‍ തോന്നിയില്ല.

ദാമു കടക്കുള്ളിലെ അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ കട്ടിലില്‍ തല ചായിച്ചു. കണ്ണു തുറന്നു കിടന്നപ്പോള്‍ ഓര്‍മകള്‍ വിചിത്ര രൂപം പൂണ്ടു ക്രൗര്യഭാവത്തോടെ മുന്നില്‍ നൃ‍ത്തം ചെയ്യുന്നു. കണ്ണുകള്‍ ഇറുകെ അടച്ചു നോക്കി. ഇല്ല ഇരുളിന്‍റെ തിരശീലയില്‍ അവ വീണ്ടും താണ്ഡവമാടുകയാണ്.

ഉറക്കം ഇന്നും തന്നെ അനുഗ്രഹിക്കുമെന്ന് തോന്നുന്നില്ല. ഇന്നെന്നല്ല ഇനിയോരിക്കലും!. ചെയ്തു പോയ മഹാപാപത്തിന്‍റെ താപം തന്‍റെ മനസ്സിനെ തീചൂളയിലെന്ന പോലെ ചുട്ടെരിക്കുന്നു.

ഒരിക്കല്‍,അതേ ഒരിക്കല്‍ മാത്രം,അവളുടെ ഓല മേഞ്ഞ കുടിലിനരികില്‍ ഞാന്‍ വീണ്ടും ചെന്നു. കലങ്ങിയ കണ്ണുകളുമായി ദാമു അവളുടെ മുന്നില്‍ നിന്നും പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പ് തരൂ, നീ തിരിച്ചു വരൂ എന്നു വീണ്ടും വീണ്ടും വിലപിച്ചു കൊണ്ടിരുന്നു.

ഒരുപാട് സംസാരിക്കാറുണ്ടായിരുന്ന അവള്‍ അന്ന് വാതില്‍ പാളികള്‍ക്ക് മറവില്‍ നിന്നു കൊണ്ട് തന്നെ നിര്‍നിമേഷയായി വെറുതെ നോക്കി നില്‍ക്കുക മാത്രം ചെയ്തു.

അവള്‍ ഒന്നും മറുപടി പറഞ്ഞില്ല. അവളുടെ കണ്ണുകളില്‍ നിന്നും കവിളിലേക്ക് ഒഴുകിയ കണ്ണീരിന്‍റെ ചാലുകള്‍ തനിക്ക് മാപ്പ് തന്നതിന്റെ സൂചനയായിരുന്നു.

‘ദാമുവേട്ടന്‍ പോകൂ..വളരെ വൈകിപ്പോയിരിക്കുന്നു.’

അവളെ കൂടാതെ താന്‍ തിരിച്ചു പോകിലെന്ന വാശിപുറത്തു ഒരു കുട്ടിയെ പോലെ നിന്നപ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍,ഇപ്പൊഴും തന്നെയത് വരിഞ്ഞു മുറുക്കുന്നു.

വൈകിപ്പോയി അതേ വൈകിപ്പോയി.

വിവേകം നഷ്ടപ്പെട്ടവനെ പോലെ ഞാന്‍ അവളോടു ക്രൂരമായി പെരുമാറി. തന്‍റെ ചെയ്തികളുടെ കര്‍മഫലം!.പക്ഷേ അതനുഭവിക്കുന്നത് താന്‍ മാത്രമല്ലല്ലോ?അവളും കൂടിയല്ലേ?.

തെറ്റ് തിരുത്താനുള്ള അവസരം തേടിയാണ് അവളുടെ അരികില്‍ താന്‍ ചെന്നത്. അവളുടെ കണ്ണുകളില്‍ കണ്ണുനീരിനോടൊപ്പം തെളിഞ്ഞ ഒരിക്കലും വറ്റാത്ത തന്നോടുള്ള സ്നേഹവും വാത്സല്യവും അന്ന് താന്‍ വേദനയോടെ തിരിച്ചറിഞ്ഞു.

‘വൈകിപ്പോയി..അതേ ഒരുപാടു വൈകിപ്പോയി.. ‘

ഓര്‍മകളുടെ തിരകള്‍ തീരത്തെ കാര്‍ന്ന് തിന്നാനുള്ള ആവേശത്തോടെ വീണ്ടും വീണ്ടും മനസ്സിന്‍റെ ഭിത്തികളില്‍ ആഞ്ഞടിക്കുന്നു.

കൈലിയും, ബ്ലൌസും അതിനു മീതെ ഒരു തോര്‍ത്തു മുണ്ടും ധരിച്ച അവളുടെ രൂപം തനിക്കു മുന്നില്‍ തെളിഞ്ഞു വന്നു.

സുന്ദരിയായിരുന്നു അവള്‍.

കടയില്‍ ചായ അടിച്ചു കൊണ്ടിരുന്നപ്പോള്‍ കടവ് കരയില്‍ നിന്നും പൂഴിമണല്‍ തലച്ചുമടായി അവള്‍ കൊണ്ട് പോകുമ്പോള്‍ താന്‍ അവളെ തന്നെ ഒരുപാട് നേരം മതിമറന്നു നോക്കി നിന്നു പോയിട്ടുണ്ട്. വെളുത്ത വട്ടമുഖം,അതില്‍ വിയര്‍പ്പു തുള്ളികള്‍ കൊണ്ട് ഒട്ടിപ്പിടിച്ചിരിക്കുന്ന മുടിയിഴകള്‍,കണ്ണിനെ അത് അസ്വസ്ഥമാക്കുമ്പോള്‍ അവള്‍ വിരല് കൊണ്ട് വിയര്‍പ്പു തുടച്ചു കളയും. അവളുടെ അരകെട്ടിന്‍റെ ചലനവും,വിസ്താരവും നോക്കി താന്‍ വെള്ളമിറക്കിയിട്ടുണ്ട്. ഇവളെ തന്നെ ഭാര്യയായി ലഭിക്കണമെന്ന മോഹം നാള്‍ക്കുനാള്‍ തീവ്രമായികൊണ്ടിരുന്നു. എന്തുകൊണ്ടോ എന്‍റെ കണ്ണുകളില്‍ അവള്‍ അതീവ സുന്ദരിയായിരുന്നു.

തന്‍റെ കടക്കടുത്തുള്ള കുന്നിന്മുകളിലെ കുടിലില്‍ ഒരു വയസ്സായ തള്ളയോടപ്പമാണ് അവള്‍ താമസം എന്നറിഞ്ഞു. കൂലി പണിക്കായി അന്യനാട്ടില്‍ നിന്നും നിന്നും വന്നവരാണ്. ഇന്നാട്ടില്‍ വന്നിട്ട് കുറച്ചു നാളുകള്‍ മാത്രമേ ആകുന്നുള്ളൂ.

അവളോടു തനിക്കു തോന്നിയത് ദിവ്യമായ പ്രേമമോ അതോ സൗന്ദ്യരത്തോടുള്ള വെറും ആസക്തിയോ?ഇവ തമ്മില്‍ വേര്‍തിരിച്ചെടുക്കുവാനുള്ള വിവേകം തനിക്കുണ്ടായ്യില്ല.

എങ്കിലും അവള്‍ക്ക് മേലുള്ള തീവ്രമായ മനസ്സിന്‍റെ അനുഭൂതി തന്നെ അവളുടെ കുടിലിന്റെ മുന്നില്‍ എത്തിച്ചു.

നിരാലംബരായ രണ്ടു പേര്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായില്ല. അങ്ങനെ എന്‍റെയും പാറുവിന്റെയും വിവാഹം നടന്നു. താന്‍ കടയിലുള്ള താമസം അവളുടെ കുടിലിലേക്ക് മാറ്റുകയും ചെയ്തു.

പിന്നീടങ്ങോട്ട് നല്ല നാളുകളായിരുന്നു. ദൈവം തന്നെ കനിഞ്ഞനുഗ്രഹിക്കുകയാണെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍.

ആലസ്യം പൂണ്ടു നഗ്നയായി തന്‍റെ മാറില്‍ പറ്റിചേര്‍ന്ന് പാറു കിടക്കുമ്പോള്‍ അവളുടെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചിട്ടു താന്‍ പറയും.

‘പാറു…. നീന്‍റെ ശരീരത്തിനാകെ പനിനീര്‍ പൂവിന്‍റെ വാസനയാണല്ലോ?’

അതു കേള്‍ക്കുമ്പോള്‍ അവള്‍ കൂടുതല്‍ നാണിച്ചു തന്‍റെ മാറിലേക്ക് കൂടുതല്‍ ചുരുണ്ടു കൂടും. ശരിയായിരുന്നു. അതോ തനിക്കു വെറുതെ തോന്നുന്നതോ?. അവളുടെ ശരീരത്തിനു പനിനീര്‍ പൂവിന്‍റെ ഗന്ധം തന്നെയായിരുന്നു. അതു താന്‍ മതിവരുവോളം ആസ്വദിച്ചു.

കല്യാണം കഴിഞ്ഞിട്ടും അവള്‍ കൂലിപ്പണിക്കു പോകുന്നത് നിര്‍ത്തിയിരുന്നില്ല. ദാമു എതിര്‍ത്തതുമില്ല. ഒരു ദിവസം മണല്‍ തലചുമടായി കൊണ്ടുപോകുമ്പോള്‍ പാറു തന്‍റെ കടയിലേക്ക് കയറി വന്നു. കടയിലേക്ക് കയറിയതും തന്‍റെ കൈകളിലേക്ക് കുഴഞ്ഞ് വീണതും ഒരുമിച്ചായിരുന്നു. പിന്നീടവള്‍ അതില്‍ നിന്നും മുക്തയായിട്ടില്ല. കുടിലിന്‍റെ മരകട്ടിലില്‍ ഒരു ജീവജഡം കണക്കെ നിശ്ചലായി അവള്‍ കിടന്നു.

ചികില്‍സകള്‍ നോക്കിയെങ്കിലും ഫലപ്രാപ്തി ഉണ്ടായില്ല.

അങ്ങാടിയിലെ ആശുപത്രിയില്‍ കിടത്തി ചികില്‍സിക്കുന്നതാകും നല്ലതെന്നു നാട്ടുവൈദ്യന്‍ പറഞ്ഞപ്പോള്‍ താന്‍ വേണ്ടന്നു പറഞ്ഞു.

‘അതിനു മാത്രം പണമില്ല… നമുക്കത് താങ്ങാനാവില്ല എന്നും പറഞ്ഞു’

പണമില്ലാത്തത് തന്നെയാണോ തന്നെ അന്നങ്ങനെ പറയിപ്പിച്ചത്? അതോ അവളുടെ ശരീരത്തില്‍ നിന്നും വമിക്കുന്ന ഗന്ധത്തിന് പനിനീര്‍ പൂവിന്‍റെ വാസന നഷ്ടപ്പെട്ടത് കൊണ്ടോ?എന്തായിരുന്നു തന്‍റെ മനസിലപ്പോള്‍?വിവേകം നഷ്ടപ്പെട്ടവനെപ്പോലെ, അവളോടു താന്‍ ദേഷ്യം കാണിച്ചതെന്തിനായിരുന്നു?സഹതാപത്തിന്‍റെ ഒരു കണിക പോലും നിശ്ചലയായി കിടക്കുന്ന അവളുടെ നേര്‍ക്ക് നല്‍ക്കാന്‍ തനിക്കു കഴിയാഞ്ഞതെന്തേ? ആ ചേതനയറ്റ കിടപ്പില്‍ അവളുടെ കണ്ണില്‍ നിന്നും പൊടിഞ്ഞ കണ്ണീരിന് എന്തു കൊണ്ട് തന്‍റെ മനസ്സലിയിക്കാന്‍ സാധിച്ചില്ല?ക്രൂരനാണ് താന്‍ മഹാക്രൂരന്‍.

പാറുവിനെയും വയസ്സായ തള്ളയെയും ദാരിദ്ര്യത്തിന്‍റെ കൊടും കയത്തിലേക്ക് തളിവിട്ടു താന്‍ അവിടെ നിന്നും ഇറങ്ങി പോന്നു. പിന്നീടങ്ങോട്ട് തിരിഞു നോക്കുക ഉണ്ടായില്ല. പനിനീര്‍ പൂവിന്‍റെ ഗന്ധം അന്വേഷിച്ചു താന്‍ വീണ്ടും അലയാന്‍ തുടങ്ങി. അന്യനാട്ടില്‍ നിന്നും ഒരു സുന്ദരിയെ കണ്ടെത്തി താന്‍ വീണ്ടും വിവാഹം കഴിച്ചു. പുതുപെണ്ണിന്റെ പണ്ടവും പണവും കൊണ്ട് താന്‍ കട മോടിപിടിപ്പിച്ചു, അവിടെ തന്നെ താമസമാരംഭിച്ചു. എങ്കിലും പുതുപെണ്ണിന്റെ ശരീരത്തില്‍ നിന്നും പനിനീര്‍ പൂവിന്‍റെ ഗന്ധം പ്രവഹിച്ചില്ല.

ചിലപ്പോഴൊക്കെ താന്‍ അനാഥപ്രേതം പോലെ ഒറ്റപ്പെട്ടു കിടക്കുന്ന കുന്നിന്മുകളിലുള്ള പാറുവിന്‍റെ കുടിലിലേക്ക് നോക്കും. അതിന്‍റെ മുമ്പില്‍ കുഞ്ഞികുട്ടികള്‍ പിച്ച വെച്ചൂ നടക്കാന്‍ യത്നിക്കുന്നത് പോലെ ഒരു രൂപം ശ്രമിക്കുന്നത് ഞാന്‍ കണ്ടു. അതു പാറുവായിരുന്നു. ഇടക്കിടക്ക് നടക്കാന്‍ വയ്യാതെ നിലത്തു വീഴും പിന്നേയും എഴുന്നേല്‍ക്കും. ആ സാഹസം കണ്ടും തന്‍റെ മനസലിഞ്ഞില്ല. എങ്കിലും കാലം കടന്നു പോകുന്നതിന്നനുസരിച്ചു അവള്‍ കൂടുതല്‍ സുഖം പ്രാപിച്ചു വരുന്നത് താന്‍ കണ്ടു. ഒരു ദിവസം പാറു തന്‍റെ കടക്കു മുന്നില്‍ വന്നു. കടയില്‍ നില്‍ക്കുന്ന എന്നെയും എന്‍റെ ചാരത്തു നില്‍ക്കുന്ന സാവിത്രിയേയും അവള്‍ മാറി മാറി നോക്കി. അവളുടെ കണ്ണില്‍ നിന്നും പൊടിഞ്ഞ കണ്ണുനീര് താന്‍ കണ്ടില്ലെന്നു നടിച്ചു. അവള്‍ ഒന്നും പറയാതെ, ചേതനയറ്റവളെ പോലെ ഞങ്ങള്‍ രണ്ടുപേരെയും നോക്കി കുറച്ചു നേരം അങ്ങനെ നിന്നു. പാറുവിന്‍റെ കണ്ണില്‍ നിന്നും പൊടിഞ്ഞ കണ്ണുനീര്‍ ശക്തി പ്രാപിച്ചു കൊണ്ട് ധാരയായി ഒഴുകാന്‍ തുടങ്ങി. വാപൊത്തി കരഞ്ഞു കൊണ്ട് അവള്‍ കുടിലിലേക്ക് ഓടി. ഓട്ടത്തിനിടയില്‍ അവളുടെ ബ്ലൌസിന് കുറുകെ ഉണ്ടായിരുന്ന തോര്‍ത്തുമുണ്ട് അഴിഞ്ഞു വീണത് അവള്‍ ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ മന:പൂര്‍വം കാര്യമാക്കിയില്ല. ഇന്ന് ദാമു തനിച്ചാണ്. പാറുവിന്‍റെ സങ്കടം കണ്ടു മനസലിഞ്ഞ സാവിത്രി അവനെ ഉപേക്ഷിച്ചു പോയിരിക്കുന്നു.

ഒരിക്കല്‍ കുന്നിന്‍ മുകളിലേക്കു കയറിപ്പോകുന്ന വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച പുരുഷനെ ദാമു ശ്രദ്ധിച്ചു. ആ ദൂരത്തിലും ഒരു ഉള്‍കിടിലത്തോടെ ദാമു തിരിച്ചറിഞ്ഞു.

മധു!!

അങ്ങാടിയില്‍ മുതലാളിമാര്‍ക്ക് പെണ്ണു കൂട്ടികൊടുക്കുന്നവന്‍.

അവന്‍ എന്തിന് പാറുവിന്‍റെ അടുത്തേക്ക്……..?

തടയണമെന്നുണ്ട്. പക്ഷേ കാല് നിലത്തുറച്ചത് പോലെ അനങ്ങുന്നില്ല.

പിന്നീടങ്ങോട്ടുള്ള രാത്രികളില്‍ താന്‍ പാറുവിന്‍റെ വീട്ടിലേക്ക് കയറിപ്പോകുന്ന അതിഥികളെ കണ്ടു. കുടിലിന്‍റെ വാതില്‍ തുറന്നു പാറു അവരെ സ്വാഗതം ചെയ്യുന്നതും,വാതിലുകള്‍ അടയുന്നതും ഒരു വേദനയോടെ താന്‍ കണ്ടു.

‘വൈകിപ്പോയി… ദാമുവേട്ടന്‍ ഒരുപാട് വൈകിപ്പോയിരിക്കുന്നു’.

പാറുവിന്‍റെ വാക്കുകള്‍ വീണ്ടും വീണ്ടും കാതുകളില്‍ മുഴങ്ങുന്നു. ഭ്രമം ബാധിച്ചവനെ പോലെ ദാമു കടയ്ക്ക് മുന്നില്‍ കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നു,ഇടയിക്ക് വാവിട്ടു കരഞ്ഞു.

പാറുവിന്‍റെ കുടിലിലേക്ക് ഒഴുകിയെത്തുന്ന രാത്രിയുടെ മണം പേറുന്ന തണുത്ത കാറ്റ് അവളുടെ കാതുകളില്‍ മന്ത്രികുന്നുണ്ടാകാം.

‘ പാറു നീന്‍റെ ശരീരത്തിനു പനിനീര്‍ പൂവിന്‍റെ വാസനയല്ലോ??’

Generated from archived content: story1_feb7_14.html Author: jayakrishnan_mv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here