ഒന്ന്
മരണം സംഭവിക്കുന്നത്
പ്രൈവറ്റ് ബസ്സിന്റെ
വേഗതയിലാണ്…
എപ്പോൾ സംഭവിക്കുമെന്ന്
പറയാൻ കഴിയാത്തതുപോലെ
മത്സരയോട്ടങ്ങളിൽ-
ഏതു സ്‌റ്റോപ്പിൽ നിർത്തും
ഏതു സ്‌റ്റോപ്പിൽ നിർത്തില്ല എന്ന്
ആർക്കും പ്രവചിക്കാൻ കഴിയില്ല.
ചിത്രഗുപ്‌തന്റെ ചീട്ടെഴുത്തുകാരനായ
‘കിളി’യുടെ മണിയടിയനുസരിച്ചായിരിക്കും അത്.
അല്ലെങ്കിൽ, ഡ്രൈവർ യമദേവന്റെ
അപ്പോഴുളള തോന്നൽ പോലിരിക്കും.
എപ്പോൾ വേണമെങ്കിലും സംഭവിക്കാം
മാനത്തെ മഴപോലെ.
രണ്ട്
സ്വർഗ്ഗത്തിലേക്കുളള യാത്ര
സുഖകരമാണ്…
ത്രൂടിക്കറ്റുകൾ മാത്രമടങ്ങിയ
തിരക്കില്ലാത്ത എയർബസ്സുകളിൽ
കുഷ്യൻ സീറ്റിലിരുന്ന്
ഭൂതകാലത്തെ അയവിറയ്‌ക്കുന്ന
വീഡിയോ കാസറ്റിലെ ദൃശ്യങ്ങൾ
കൺനിറഞ്ഞാസ്വദിക്കാം.
മൂന്ന്
നരകത്തിലേക്കുളള യാത്ര
സി.ടി.കുട്ടികളേക്കാളും കഷ്‌ടമാണ്.
ലോറിയിലേറിപോകുന്ന
അറവുമൃഗങ്ങളെപോലെ
ഇഴഞ്ഞിരമ്പിനീങ്ങുന്ന ജാംബവാൻ-
ബസ്സുകളിൽ തിക്കിയും, തിരക്കിയുമാണ് യാത്ര..
നൂൽപ്പാലം…
തിളച്ചെണ്ണ…
ഇങ്ങനെ പല സ്‌റ്റോപ്പുകളും കടന്നാണത്രേ-
നരകത്തിലെത്തുന്നത്.
Generated from archived content: poem_jan4.html Author: jayagopalan_keralassery