ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാ മനുഷ്യരും തത്വചിന്തകരാണ്.
വരുംവരായ്കകളുടെ കൂട്ടലുകള്‍ കിഴിയ്ക്കലുകള്‍
സമയത്തിന്റെ അളന്നുമുറിയ്ക്കലുകള്‍
അസ്ഥിവാരമിളകുന്നതിന്റെ നിശബ്ദമായ നിരാശകള്‍
അവരുടെ നാടുവഴിയൊരു നദി വരുന്നതിന്റെ പ്രതീക്ഷകള്‍
ഇങ്ങനെയിങ്ങനെ
മൗനത്തിന്റെ ചിത്രങ്ങള്‍ വരയ്ക്കുന്ന എത്രയെത്രപേരാണ് ഓരോ ബസിലും!
എന്നാല്‍
ഓരോ മണിമുഴങ്ങുമ്പോഴും അവര്‍ തനിമയില്‍നിന്ന് തന്റേതല്ലായ്മയിലേക്കിറങ്ങുന്നു.
ഓരോ കാത്തിരിപ്പുകേന്ദ്രങ്ങള്‍ കഴിയുമ്പോഴും അവര്‍
താനല്ലാതാകുന്നതിന്റെ ദൗര്‍ബല്യത്തിലേക്കു നിലയ്ക്കുന്നു.
ബസുകളിലിരിക്കുമ്പോള്‍ മനുഷ്യര്‍ ഭൂമിയിലല്ല
അവര്‍ അതില്‍നിന്നും ഒരു ചക്രമെങ്കിലും അകലെയുള്ള അഭയഗ്രഹത്തിലാണ് !
Generated from archived content: poem2_se24_11.html Author: jayadevan_sk