ഇന്നും രാവിലേയും ഒന്നും കഴിച്ചില്ല
വാവക്ക് കഞ്ഞി വച്ചു നല്‍കാനേച്ചിയോടു പറഞ്ഞ്
അമ്മ ജോലിക്കു പോയി.
അച്ഛന്‍ ഈയാഴ്ച്ച വന്നിട്ടില്ലല്ലോ.
ഒഴിഞ്ഞ അരിപ്പാത്രത്തില്‍ നിന്ന് കഞ്ഞിയുണ്ടായില്ല
സങ്കടപ്പെട്ട ചേച്ചിയുടെ കണ്ണീര്‍ ഞാനാണ് തുടച്ചുകൊടുത്തത്.
ഇനി പ്രതീക്ഷ
കഞ്ഞി വയ്ക്കുന്ന യശോദേച്ചിയാണ് അമ്മ
കഞ്ഞിപ്പുരയാണു വീട്
സ്കൂളിലേക്കു നടക്കുമ്പോള്‍ കാണുന്നുണ്ട്
കഞ്ഞി വേവുന്നത്
പയര്‍ വറുത്തിടുന്നത്
നിരത്തി വച്ച പ്ലേറ്റുമായി ഞാനങ്ങനെയിരിക്കുന്നത്.
നാലാം പിരീയഡാകുമ്പോഴേക്കും മൂന്നു ചൂരലടി കിട്ടി
കൈ ചുവന്നു തുടുത്തു
എന്നാലും കരഞ്ഞില്ല
വിശപ്പിനേക്കാള്‍ വലിയ വേദനയില്ലല്ലോ.
അടുത്തിരിക്കുന്ന കൂട്ടുകാരെ നോക്കി
മാഷു കാണാതെ സഹനച്ചിരി ചിരിച്ചു
ഇപ്പോള്‍ ഒന്നാം ക്ലാസ്സില്‍ കഞ്ഞി കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ടാവും
രണ്ടും മൂന്നും കഴിഞ്ഞാല്‍ കിട്ടുമല്ലോ കഞ്ഞി.
Generated from archived content: poem1_jan30_12.html Author: jayadevan_sk