ഞങ്ങൾക്കു കുഴലിൽ ജോലി
എന്നുവച്ചാൽ പൈപ്പിൽ
അകത്തും പുറത്തും.
അകത്തുഞ്ഞങ്ങൾ ഏറ്റുമുട്ടും
ചവിട്ടും എന്തൊരു സുഖ-
മാണെന്നോ അതൊക്കെ
അത്രചെറുതാണ്
അവിടെ
ഞങ്ങളോരോരുത്തരും.
പുറത്തു ഞങ്ങൾക്കു
വെളിച്ചത്തിനോ
കാറ്റിനോ പരാതിയില്ല
വഴിപോക്കരെ കാണാനും
ഞങ്ങളുടെ വൃത്തികേടുകൾ
അവരെ ആകർഷിക്കുന്നതായി
തെറ്റിദ്ധരിക്കാനും
ഒരു പ്രയാസവുമില്ല.
സത്യം പൈപ്പിനു പുറത്ത്
ഞങ്ങളോരോരുത്തരും
അത്രവലിയ ആളാണ്.
അങ്ങനെ പൈപ്പിനുപുറത്ത്
ഞങ്ങൾ ഏറ്റുമുട്ടി.
ഞങ്ങളുടെ ലോകാവസാനം
സൃഷ്‌ടിച്ചു ആ മഹായുദ്ധം.
ഞങ്ങളില്ലാതെയാവുമ്പോൾ
ഞങ്ങൾക്കറിയാമായിരുന്നു
എല്ലാറ്റിനും കാരണം
ഞങ്ങളുടെ തെറ്റിദ്ധാരണ
ആയിരുന്നുവെന്ന്.
പക്ഷേലോകത്തെ ഇതറി-
യിക്കുന്നതിനുമുമ്പ്
കഴിഞ്ഞിരുന്നു ഞങ്ങളുടെ
കഥാവസാനം.
ഞങ്ങളുടെ ഹൃദയം മനസ്സിലാക്കി
പൈപ്പ് ഇങ്ങനെ
പറയുന്നുണ്ടായിരുന്നു.
ഈ തെറ്റിദ്ധാരണയുടെ വേദന-മഹാവേദന
എന്നിലൂടെ പ്രത്യക്ഷപ്പെടും.
എന്നിലെ ചോർച്ചയായി
വിള്ളലായി കാലാകാലങ്ങളിൽ.
Generated from archived content: poem1_mar5_09.html Author: jayachandran_thonnackal