ഉമിനീർ ശാകുന്തളം

അച്ഛന്‌ പണിഷ്‌മെന്റ്‌ ട്രാൻസ്‌ഫറുമായി രാമപുരത്തേക്ക്‌ വീട്‌ മാറിയപ്പോൾ സേതുമാധവനുവേണ്ടി കരയാനും കാത്തിരിക്കാനും ഒരു ദേവിയുണ്ടായിരുന്നു. (ഓമനക്കുട്ടനെ മത്ത്‌പിടിപ്പിച്ച മോഹൻലാൽ ചിത്രമായ കിരീടം) ഈയുള്ളവന്‌ വേണ്ടി വേദനിക്കാനൊരു ദേവി എന്നാ ഉണ്ടാവുക? തുരുമ്പു പിടിച്ച മേശമേലിരുന്ന്‌ സിനിമാ ഭ്രാന്തനായ ഓമനക്കുട്ടൻ അങ്ങനെ പലതും ചിന്തിച്ചു. താൻ ജനിച്ച ശേഷം ഇതെത്രാമത്തെ വീടുമാറ്റമാണ്‌. സ്വാഭിപ്രായസ്ഥൈര്യവും സ്വന്തം വീടുമില്ലാത്ത അച്ഛന്റെ മകനായിപ്പോയതുകൊണ്ടല്ലേ ഇങ്ങനെ പലവട്ടം ഓമനക്കുട്ടന്‌ ചിന്തിക്കേണ്ടിവന്നത്‌.

തദ്ദേശവും കളിക്കൂട്ടുകാരും…. എന്തിന്‌ അവിടത്തെ പ്രാണവായുപോലും അയാൾക്ക്‌ നഷ്‌ടപ്പെടുകയാണ്‌. ഓമനക്കുട്ടന്റെ ജീവിതം പോലെതന്നെ കട കടാ ശബ്‌ദത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്‌ ‘മാതാവ്‌’ എന്നപേരുള്ള മാറ്റഡോർ വണ്ടി. ഉള്ളിൽ ഡ്രൈവറും ഉടമസ്‌ഥനുമായ ബേബിച്ചായനും മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഈപ്പൻ കിളിയും വഴികാട്ടിയായി ബ്രോക്കർ പരമശിവവും. പിന്നിൽ ചില്ല്‌ പൊട്ടിയ ഒരലമാരയും തേയ്‌മാനം വന്ന മൂന്നാല്‌ ഇരുമ്പുകസേരകളും മടക്കാവുന്ന രണ്ട്‌ കട്ടിലുകളും ഒരു കെൽട്രോൺ ടെലിവിഷനും അല്ലറ ചില്ലറ അടുക്കള സാമാനങ്ങളും പിന്നെ ഓമനക്കുട്ടൻ ചാരിയിരിക്കുന്ന തുരുമ്പുമേശയും.

ശങ്കാലുവായി അച്ഛൻ മോഹനചന്ദ്രൻ പിള്ളയും, വിമനസ്‌കയായി അമ്മ ആനന്ദവല്ലിയും ജാംബവാന്റെ കാലത്തെ കവിളൊട്ടി മുഖമുന്തിയ സ്‌കൂട്ടറിൽ അയാളിരിക്കുന്ന വാഹനത്തിന്‌ അകമ്പടിയെന്നോളം പിന്നാലെതന്നെയുണ്ട്‌.

സ്‌ഥിരമായുള്ള വീടുമാറ്റം അമ്മയുടെ അലച്ചിലുകൾ എല്ലാം പരിഹരിക്കാൻ ഓമനക്കുട്ടന്‌ കഴിയുമെന്നാണ്‌ ജോത്സ്യർ ഐരാണിക്കര അയ്യപ്പപണിക്കർ കവിടി നിരത്തി പ്രവചിച്ചത്‌. വിദ്യാഭ്യാസ ജീവിതത്തിൽ അയാളുടേതായി അവശേഷിക്കുന്നത്‌ കുറേ പരാജയ ഫലങ്ങളും ട്രാൻസ്‌ഫർ സർട്ടിഫിക്കെറ്റുകളും മാത്രം. എന്തായാലെന്താ, അങ്ങ്‌…. സ്വർണം വിളയുന്ന ദുബായിയിൽ പ്രിയപ്പെട്ട ചെറിയച്ഛൻ പ്രേമചന്ദ്രൻ പിള്ള തനിക്ക്‌ വേണ്ടി അന്തസുള്ളൊരു ജോലി ഉറപ്പാക്കിവച്ചിരിക്കയല്ലേ. വിസ കയ്യിൽ കിട്ടേണ്ട താമസം താനീ കാടും പടലും പിടിച്ച ദൈവത്തിന്റെ നാട്ടിൽ നിന്നും പറപറക്കില്ലേ…. അങ്ങകലെ തേനൂറും സ്വാദുള്ള ഈന്തപ്പഴത്തിന്റെ നാട്ടിലേയ്‌ക്ക്‌.

കുണ്ടും കുഴിയും കാട്ട്‌ ചെടികളും മുളളുവേലികളും കൊണ്ടലങ്കരിച്ച താഴാമ്പു മണമുള്ള ഒരിടവഴിയിലേയ്‌ക്ക്‌ വണ്ടി തിരിഞ്ഞു. പരിക്കുകളൊന്നും പറ്റാതെ ഒരു വിധം ഇറങ്ങിച്ചെന്നത്‌ പരിഷ്‌കാരങ്ങളൊന്നുമില്ലാത്ത ഒരു കവലയിലാണ്‌. താങ്ങുവേരിന്റെ സഹായമില്ലാതെ തലയുയർത്തി നിൽക്കുന്ന ഒരാൽമരവും അതിന്റെ ചോട്ടിൽ ഊന്നുവടികളുമായി ചില കിളവന്മാരും…. പുത്തൻ താമസക്കാരെ അവർ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.

കവലതിരിഞ്ഞ്‌ വലത്‌ വശത്തായി ഭംഗിയുള്ളൊരു കെട്ടിടത്തിന്‌ മുൻപിൽ വണ്ടി ബ്രേക്കിട്ട്‌ ബ്രോക്കർ പരമശിവം ചാടിയിറങ്ങി. ഓമനക്കുട്ടന്റെ സ്വപ്‌നത്തിലെ അതേ വീട്‌. പൂമുഖവും, ചിത്രത്തൂണുകളും, കിളിവാതിലുകളുമൊക്കെയായി പുരാതന വാസ്‌തുവിദ്യയെ അനുസ്‌മരിപ്പിക്കുന്ന സുന്ദരസൗധം. വാടകക്കാണെങ്കിലെന്താ രാജാവായി വാഴാമല്ലോ. സന്തോഷം കൊണ്ട്‌ അച്ഛന്‌ കെട്ടിപ്പിടിച്ചൊരു ചക്കരമുത്തം സമ്മാനിക്കാൻ അയാൾ വണ്ടിയിൽ നിന്നും കുതിച്ചുചാടി.

ശകാര ശബ്‌ദത്തോടെ പരമശിവം അലറി. അതേ… ഇത്‌ ഹൗസോണറുടെ വീടാ….. താക്കോലും വാങ്ങി ഞാനുടനെ വരാം. നമ്മുടേത്‌ പത്തടി അപ്പുറത്താ.‘

പറഞ്ഞത്‌ പത്തടിയാണെങ്കിലും അരമുക്കാൽ മൈലകലെയായിരുന്നു മോഹനചന്ദ്രൻ പിള്ളക്കായി പറഞ്ഞുവച്ച വീട്‌. സാമനങ്ങളൊക്കെ ഇറക്കിക്കഴിഞ്ഞപ്പോഴേയ്‌ക്കും ഓമനക്കുട്ടൻ വിയർത്ത്‌ കുളിച്ചുപോയി. അച്ഛനും പരമശിവനും കൂടി എന്തൊക്കെയോ കുശുകുശുക്കുകയും തർക്കിക്കുകയും ചെയ്‌ത്‌ നൂറിന്റെ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി പരമിശിവം എല്ലാവരോടും യാത്ര പറഞ്ഞു.

അവരുടെ സ്വകാര്യ സല്ലാപം ഓമനക്കുട്ടനെ കൂടുതൽ ആശങ്കാകുലനാക്കി. ആത്മഹത്യ, ദുർമരണം എന്നീ ദുഷ്‌കർമങ്ങൾ നടന്ന വീടുകളോടാണ്‌ അച്ഛൻ മോഹനചന്ദ്രൻ പിള്ളയ്‌ക്ക്‌ ഭ്രമം. കുറഞ്ഞ വാടകക്ക്‌ കൂടുതൽ സൗകര്യത്തോടെ കഴിയമല്ലോ എന്ന മതക്കാരനാണ്‌ പിള്ള. പോരത്തതിന്‌ അന്ധവിശ്വാസങ്ങളിൽ മതിപ്പില്ലാത്ത അവിഭക്ത കമ്മ്യൂണിസ്‌റ്റ്‌കാരനും.

തീരെ ചെറുതും വലുതുമായ രണ്ട്‌ മുറികളുണ്ടായിരുന്നു ആ വീടിന്‌. അടുക്കളയും ചായ്‌പ്പും ഓട്‌ മേഞ്ഞതായിരുന്നു. എല്ലാമൊന്ന്‌ ഒരുവിധം ചിട്ടപ്പെടുത്തിയപ്പോഴേയ്‌ക്കും പാതിരാത്രിയായിരുന്നു….. ആനന്ദവല്ലിയുടെ തലയിണപ്പോര്‌ തുടങ്ങിക്കഴിഞ്ഞു. വ്യക്തമായ കാഴ്‌ചപ്പാടുകളില്ലാത്ത ഒരു ഭർത്താവിന്റെ നിസ്സഹായതയോടെ മോഹനചന്ദ്രൻ പിള്ള പല്ലുകടിച്ചു. സത്യത്തിൽ വിവാഹശേഷം ഇതെത്രാമത്തെ വീട്‌മാറ്റമാണെന്ന്‌ പിള്ളയ്‌ക്ക്‌ തെല്ലും തിട്ടമില്ല. ചെക്കന്‌ പതിനെട്ടു കഴിഞ്ഞാൽ പത്തു നാൾക്കകം പറത്താമെന്ന ഭർതൃസഹോദരന്റെ നിറമുള്ള വാഗ്‌ദാനം. ആകെ കൈയ്യിലുണ്ടായിരുന്ന സ്വർണവളകൾ നഷ്‌ടപ്പെടുത്തി പാസ്‌പോർട്ടെടുത്തിട്ട്‌ കൊല്ലം നാലാവുന്നു. മോഹങ്ങൾ വിളമ്പിക്കൊടുത്ത്‌ പഠനമോ തൊഴിലോ ചെയ്യിക്കാതെ മകനെ കുഴിമടിയനാക്കുന്നു. മോഹനൻ പിള്ളയുടെ കൂർക്കംവലിക്ക്‌ മുൻപിൽ ആനന്ദവല്ലിയുടെ ശകാര ശരങ്ങൾ മുനയൊടിഞ്ഞു.

മോഹനചന്ദ്രൻ പിള്ളയ്‌ക്ക്‌ ബോസ്‌ സ്‌നേഹത്തോടെ സമ്മാനിച്ച മൊബൈൽ ഫോണിന്റെ ദയനീയമായ കരച്ചിൽ കേട്ടുകൊണ്ടാണ്‌ ഓമനക്കുട്ടൻ ഞെട്ടിയുണർന്നത്‌. ദുബായിയിലെത്തിയാൽ പിന്നെ സ്വച്ഛന്ദമായി ഇങ്ങനെ കിടന്നുറങ്ങാൻ കഴിയില്ലല്ലോ. അവിടെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്‌ മാനായിട്ടാ ജോലി. ദിവസവും എത്രയെത്ര ഭംഗിയുള്ള മുഖങ്ങൾ കാണാം. ഇവിടെ തലക്കനവുമായി പ്രത്യക്ഷപ്പെടാറുള്ള വെള്ളിത്തിരയിലെ താരങ്ങൾ അവിടെ നമ്മോടൊപ്പം സംസാരിക്കും ഡിന്നൽ കഴിയ്‌ക്കും…. എത്ര മധുരമായ അനുഭവങ്ങളായിരിക്കും. ഇതുവരെ ചേക്കേറിയ ഇടങ്ങളിലെല്ലാം പരിഹാസപാത്രമായിരുന്നു. ഇനിയത്‌ സംഭവിക്കരുത്‌, കുലീനനും, മിതഭാഷിയുമായിരിക്കണം.

ജനാലയുടെ പൊട്ടിപ്പൊളിഞ്ഞ വിടവിലൂടെ പ്രകാശം ഓമനക്കുട്ടനെ മാടിവിളിച്ചു. അയാൾ ജനാല തുറന്ന്‌ കോട്ടുവായിട്ട്‌ കണികണ്ടത്‌ തുമ്പപ്പൂവിന്റെ നിറമുള്ള ഒരു കൊച്ചു സുന്ദരിയെ. താൻ കണ്ടിട്ടുള്ള സിനിമകളിലോ സീരിയലുകളിലേയോ പോലെയായിരുന്നില്ല, കവിളത്തും ചുണ്ടത്തും ചായം പുരട്ടാതെ തന്നെ അവളെത്ര സുന്ദരിയാണ്‌. അലങ്കാരങ്ങൾ കൊണ്ട്‌ സമ്പന്നമായ ഒരു കവിത വിരിയാനില്ലാത്തതിനാൽ അയാളാ പെൺകൊടിയ്‌ക്കൊരു പേരിട്ടു ’മഞ്ഞക്കിളി‘.

ദുബായിയിലേയ്‌ക്ക്‌ പറക്കുംവരെ നേരമ്പോക്കിനൊരു കൊച്ചുപ്രേമം അത്രയേ അയാളും ഉദ്ദേശിച്ചിരുന്നുള്ളു. എന്നാൽ ചുരുങ്ങിയ രണ്ട്‌നാൾ കൊണ്ടുതന്നെ ആ മഞ്ഞക്കിളി ഓമനക്കുട്ടന്റെ ഹൃദയത്തിൽ കൂടുകെട്ടിക്കളഞ്ഞു. തൊട്ടടുത്തുള്ള പശുവുള്ള വീട്ടിൽ പാലിനായിട്ടാണ്‌ അവളെത്തുന്നത്‌. ഇനി പേരറിയണം, മനസ്‌ തുറക്കണം. ഈ ഓമനക്കുട്ടനെന്ന പരിഷ്‌കാരമില്ലാത്ത പേര്‌ കേൾക്കുമ്പോൾ അതോർക്കുമ്പോൾ ധർമസങ്കടവും. ഇഷ്‌ട താരങ്ങളായ ലാലേട്ടനോ, ദിലീപോ ഈ പേരിലൊന്ന്‌ നടിച്ചിരുന്നെങ്കിൽ…. അതുവരെ കാത്തിരിക്കാനും കഴിയില്ലല്ലോ ഈശ്വരാ…

അന്വേഷണത്തിന്റെ മൂന്നാംനാൾ സന്തോഷമുള്ള ആ സത്യം അയാളറിഞ്ഞു. തന്റേത്‌ പോലെ പരിഷ്‌കാരമില്ലാത്ത പേരാണ്‌ അവളുടേതും, ഓമനക്കുട്ടനും ശകുന്തളയും…. എന്താ ചേർച്ച. സ്‌നേഹിച്ച്‌ കൊതിതീരും മുൻപേ താൻ ദുബായിലേയ്‌ക്ക്‌ പറക്കും അതറിയുമ്പോൾ അവളെത്രമാത്രം വേദനിക്കും. എല്ലാം നമുക്ക്‌ സുഖമായി ജീവിക്കാൻ വേണ്ടിയല്ലേ. പാവം വിരഹോൽക്കണ്‌ഠിത, വിരഹവേദനയാൽ പരവശയായ നായിക. നീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന സന്തോഷാശ്രു , അയാളുടെ മനസിൽ ഒരായിരം പൂത്തിരി വിരിഞ്ഞു.

കവലയിലെ ആൽമരച്ചോട്ടിൽ ഒത്തുചേരാറുള്ള വൃദ്ധരോടൊപ്പം അയാളും ഇടം കണ്ടെത്തി. അതുവഴിയാണ്‌ തന്റെ പന്ത്രണ്ടാം ക്ലാസുകാരി ശകുന്തള സ്‌കൂൾ കഴിഞ്ഞു മടങ്ങിവരുന്നത്‌. സായാഹ്‌നത്തിലുള്ള സ്‌ഥരിമായ കാത്തിരിപ്പ്‌ പലരിലും ജിജ്ഞാസയുണർത്തിക്കഴിഞ്ഞു. ആരെയാ ഇങ്ങനെ കാത്തിരിക്കുന്നത്‌? ചോദ്യത്തിന്റെ ആവർത്തനവിരസത ഒടുവിൽ ശല്യമായിത്തീർന്നു. വൃശ്ചികക്കുളിരിൽ ഇലകൾ കൊഴിഞ്ഞു തുടങ്ങിയതോടെ, കാത്തിരിപ്പുകാരുടെ എണ്ണം കുറഞ്ഞു. എന്നിട്ടും ഓമനക്കുട്ടന്റെ കാത്തിരിപ്പിന്‌ അറുതി വന്നില്ല. തന്റെ ശകുന്തളയോട്‌ എന്തെങ്കിലും മിണ്ടാനുള്ള ധൈര്യത്തിനായി അയാൾ പ്രാർത്ഥിച്ചു. അവൾ അതുവഴി പോയിക്കഴിഞ്ഞാലും മറ്റാരെയോ പ്രതീക്ഷിക്കുന്നത്‌ പോലെ നടിക്കുമായിരുന്നു. ഇരുട്ട്‌ വീഴുമ്പോൾ ശകുന്തളയെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായി നടക്കുക പതിവാക്കി.

പരസ്‌പരം കണ്ടിഷ്‌ടമായിട്ട്‌ മാസം ഒന്നു കഴിഞ്ഞു. ഇതുവരെ ഒന്നു മിണ്ടാൻ കൂടി താല്‌പര്യം കാണിക്കാത്തതിൽ നന്നേ പരിഭവമുണ്ടാകും. താനൊരു ഗൗരവക്കാരനാണെന്നും, ഇത്തരം പ്രലോഭനങ്ങളിലൊന്നും തന്നെ വഴുതി വീഴാത്ത അചഞ്ചലനാണെന്നും മനസിലാക്കുമ്പോൾ അവളുടെ കുട്ടേട്ടനോട്‌ അവൾക്കുള്ള സ്‌നേഹവും മതിപ്പും ഇരട്ടിയാവും, ആ ഗ്രാമത്തിലെ ഒത്തുചേരലിന്റെ മഹോത്സവമായ എള്ളുവിളാകം പുലിത്തക്കാവിലെ പൂരത്തെ ഗ്രാമവാസികൾ സാനന്ദം വരവേറ്റുകഴിഞ്ഞു. താൽക്കാലികമായി വച്ചുപിടിപ്പിച്ച തെരുവുവാണിഭങ്ങളും, കളിക്കോപ്പുകളും, മുടിപ്പുരയും, അനുഷ്‌ഠാന കലകളും തയ്യാറായിക്കഴിഞ്ഞു. കഥയിലെ രാജകുമാരിയും ഗോപകുമാരനും അവിടെവച്ച്‌ ഒന്നാവും. ആ ഹൃദയസരസിൽ അനുരാഗത്തിന്റെ നിറദീപം തെളിയിക്കാനായി അയാൾ കാത്തിരുന്നു.

കസവുടുപ്പും പാവാടയുമണിഞ്ഞ ശകുന്തളയ്‌ക്ക്‌ എന്നത്തേക്കാളും ചന്തം കൂടുതലുള്ളതായി അയാൾക്ക്‌ തോന്നി. ആദ്യമായി മനസുതുറക്കുമ്പോൾ സമ്മാനിക്കാനായി കുറേ കുപ്പിവളകൾ കരുതിവച്ചിരുന്നു. അവരുടെ ശ്രദ്ധയിൽപ്പെടാതെ തൊട്ടടുത്ത്‌ മാറിനിന്ന്‌ അയാളുടെ പ്രതീക്ഷയിലെ രൂപ ലാവണ്യത്തെ ആപാദചൂഢം ആസ്വദിക്കുകയായിരുന്നു.

ഒരു കൊടുങ്കാറ്റ്‌ പോലെ ഒരു പറ്റം അലമ്പാർ അതുവഴി കോലാഹലവുമായി കടന്നു പോയി. ഇത്തവണ പൂവാലന്‌മാർ ഇമ്മിണി കൂടുതലാണേ…. ആരോ കമന്റടിച്ചു. ശകുന്തളയുടെ മാതാവ്‌ തിരിഞ്ഞടിച്ചു; ഓ ഇവരെ ഇത്തരം വിശേഷങ്ങളിൽ മാത്രം സഹിച്ചാമതിയല്ലോ. ആ കവലയിൽ കൂടാറുള്ള കിളവവൻമാരെയാണൽ സഹിക്കാനേ പറ്റാത്തത്‌, തുപ്പലൊഴുക്കികൾ! പോരാത്തതിന്‌ ഒരു വായിനോക്കിചെക്കനും വന്നുകൂടിട്ടുണ്ട്‌; വൃത്തികെട്ടവൻ.

അവരുടെ വാക്കുകൾ സുനാമിത്തിരമാലകൾ പോലെ ഓമനക്കുട്ടന്റെ മാന്യതകളെ മൊത്തമായി വിഴുങ്ങിക്കളഞ്ഞു.

മറുപടിയെന്നോളം കരുണാർദ്രമായി ശകുന്തള പറഞ്ഞു. അങ്ങനെ പറയരുത്‌ അയാളൊരു പാവമാണ്‌.

സാന്ത്വനത്തിന്റെ കുളിരുള്ള ഒരിളംകാറ്റ്‌ അയാളെ മെല്ലത്തലോടി. അതെ! തന്റെ കാതലിയ്‌ക്ക്‌ തന്നോടുള്ള പ്രേമത്തിന്റെ അഗാധമായ അടിവേരുകളെ പിഴുതെറിയാൽ ഒരു കാട്രിനയ്‌ക്കും കഴിയില്ല.

നീയാ ചെക്കനെ അറിയുമോ? അവളുടെ മറുപടിക്കായി അയാൾ കാതോർത്തു.

അറിയും, മേ​‍േൽക്കരയിലെ കൂട്ടുപലിശേടെ വീട്ടിൽ പുതുതായി വന്ന വാടകക്കാരൻ അങ്കിളിന്റെ മോനാ. ആ ചെക്കനൊരു മന്ദബുദ്ധിയെന്നാ കേട്ടത്‌. പാവം ആ മുഖം കണ്ടാലറിയില്ലേ?

ഓമനക്കുട്ടന്റെ ചങ്കിലെന്നോളം ഉത്സവപ്പറമ്പിൽ നിന്നും ഇടിനാദത്തോടെ കതിനകൾ തെരുതെരെ പൊട്ടി. ആഴ്‌വാഞ്ചേരി തമ്പ്രാക്കളിലും അയ്യൻ പുലയനിലും ആദിത്യനിലും അണുകൃമിയിലുമുണ്ടെന്ന്‌ മഹാകവി പാടിയ തീവ്രമായ പ്രണയം തിരിച്ചറിയാൻ കൂടി കഴിവില്ലാത്ത ആ ജനസഞ്ചയത്തിൽ നിന്നും, ചെറിയച്ഛന്റെ ദുബായി ലക്ഷ്യമാക്കി അയാൾ നടന്നു നീങ്ങി.

Generated from archived content: story1_mar14_11.html Author: jayachandran_tatvamasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here