കരിവണ്ട്‌

ഭൃംഗം

അല്ലയോ ചിത്രശലഭമേ ആരും കൊതിച്ച്‌ പോകുന്ന നിന്റെ സൗന്ദര്യം, സാമീപ്യം, നയനസുഭഗമായ വർണഭംഗി! നീയെത്ര ഭാഗ്യവതിയാണ്‌. നീ ചെയ്യുന്ന അതേ പ്രവൃത്തികൾ എത്രയോ ഗൗരവത്തോടെ ഞാനും നിർവഹിക്കുന്നു. അതും നിസ്വാർത്ഥ സേവനം.

പൂവിന്റെയുള്ളിൽ ഒളിച്ചുവച്ചിരിക്കുന്ന മധുരമാണ്‌ തേൻ അതെത്രയോ നുകർന്നിരിക്കുന്നു. പക്ഷേ…. നിറവോടെ ചിരിതൂകിനിൽക്കുന്ന പുഷ്‌പങ്ങൾ എന്റെ സ്‌പർശന മാത്രയിൽ ഒളിമങ്ങുന്നു. കരിവണ്ടായി പിറന്നതു കൊണ്ട്‌ മാത്രം ഞാൻ നികൃഷ്‌ടനായോ? ഇല്ല; ഒരിക്കലുമില്ല. എത്രയോ കവി ഹൃദയങ്ങളിലൂടെയും സാഹിത്യമസ്‌തിഷ്‌കങ്ങളിലൂടെയും എനിക്കും അംഗീകാരവും ചമൽക്കാര ഭംഗിയും ലഭിച്ചിരിക്കുന്നു.

എങ്കിലും…. ഈ പരോക്ഷ സ്‌ഥാനം തരുന്നവരാരും തന്നെ പ്രത്യക്ഷത്തിൽ എന്നെയൊന്ന്‌ സ്‌നേഹിക്കാനോ സ്‌പർശിക്കാനോ മടി കാണിക്കുന്നു. പ്രിയപ്പെട്ടവർക്ക്‌ സമ്മാനിക്കാനായി മനസിനുള്ളിൽ ഒളിച്ച്‌ വച്ചിരിക്കുന്ന മധുരമാണ്‌ സ്‌നേഹം; ആ മധുരം നുകരാൻ ഭാഗ്യം നിക്ഷേധിക്കപ്പെട്ടവനാണോ ഞാൻ?

എന്റെ പൂർവികർ ആരോ ചെയ്‌ത്‌ തീർത്ത പാപങ്ങളുടെ ഫലമെന്നോളം നിരപരാധിയായ എന്നെ അയിത്തം കൽപിച്ച്‌ മാറ്റി നിർത്തുന്നത്‌ അനീതിയല്ലേ? പരസ്‌പരം സ്‌നേഹിക്കുക എന്നത്‌ പ്രകൃതി നിയമമാണ്‌ അതനുസരിച്ചെങ്കിലും ഏതെങ്കിലുമൊരു പരമാണുവിനുള്ളിൽ എന്നോട്‌ തോന്നിയേക്കാവുന്ന ഒരിറ്റ്‌ സ്‌നേഹം സ്വപ്‌നം കണ്ട്‌ കഴിയുന്ന ഈ കരിവണ്ടിന്‌ സമസ്‌ത സൗന്ദര്യങ്ങളുടേയും ഉപമയായ ഈ ശലഭസുന്ദരിയെ സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടാവുമോ? അതിനായി ഈ മനസ്സിൽ കനവുണ്ടാവണം. രൂപവതി നിൻ മനക്കണ്ണാടിയിലെ രസത്തകിടിൽ ഒരു പ്രതിബിംബമാകാൻ കഴിയാനാവാതെ ഞാൻ വീർപ്പുമുട്ടുകയാണ്‌.

ശലഭം

പ്രിയപ്പെട്ട അളി ചേട്ടന്‌,

താങ്കളുടെ കരുത്തും കാര്യപ്രാപ്‌തിയും മനോവിശാലതയും എനിക്ക്‌ ഉൾക്കൊള്ളാനാവുന്നുണ്ട്‌. എന്റെ മനസിൽ താങ്കൾക്കൊരു മഹനീയ സ്‌ഥാനമുണ്ട്‌. താങ്കൾ എന്നോട്‌ കാട്ടുന്ന വിരസമായ ശൃംഗാര ചേഷ്‌ടകളിൽ ഞാനങ്ങേയറ്റം ദുഃഖിക്കുന്നു, പകരം ഒരു സഹോദരന്റേതായ സ്‌നേഹവും സംരക്ഷണവും ഞാൻ പ്രതീക്ഷിച്ചുകൊള്ളട്ടെ. മനസ്‌ ചിതറാതെ നിരാശനാവാതെ താങ്കളെ എനിക്കെന്നും കാണണം. ഇനിയുമിനിയും ഇത്തരം വ്യർത്ഥമായ വാക്കുകളിലൂടെ ഈ ചെറിയ മനസിനെ നോവിക്കില്ല എന്നെനിക്ക്‌ ഉറപ്പു തരണം…..എന്ന്‌ വിനീത സഹോദരി.

പൂവ്‌

പ്രേമ സുരഭിലനായ ഭൃംഗ ശ്രീമാൻ,

രസാനുഭവ ശീതളമായ താങ്കളുടെ ഹൃദയത്തിലേക്ക്‌ ഉഷ്‌ണമുള്ള ഉല്‌ക്കകളെ ക്ഷണിച്ചു വരുത്തരുത്‌. അനുചിതമായ വികാരങ്ങൾക്ക്‌ നങ്കൂരമിടാൻ താങ്കൾക്ക്‌ കഴിയണം.

ക്ഷണഭംഗുരകളായ പൂവിനോ പൂമ്പാറ്റക്കോ സ്വന്തമല്ലാത്ത ശക്തിയും ശൗര്യവുമുള്ള താങ്കൾ ഭ്രാന്തചിത്തനാവുന്നത്‌ തീർത്തും ദുഃഖകരമാണ്‌. ആവാച്യമായ കറുപ്പഴകിന്റെ പെരുഞ്ചന്തം പേറുന്ന താങ്കൾ അപകർഷത എന്ന അടികാണാ ഗർത്തത്തിലേക്ക്‌ നിലം പതിക്കരുത്‌. ലോലഹൃദയനായ അങ്ങ്‌ പരിഹാസപാത്രമാവാതെ ഭഗ്നോത്സാഹനാവാതെ നരച്ച്‌ നിറം വറ്റിയ സ്വപ്‌നങ്ങൾക്ക്‌ വിടചൊല്ലി മുന്നോട്ട്‌ പറക്കൂ….. അവിടെ പനിനീർപ്പൂ സഞ്ചയത്തിൽ താങ്കളെ അനവരതം സ്‌നേഹിക്കാനും പൂജിക്കാനുമൊക്കെയായി ഒരു ഭൃഗ സുന്ദരി കാത്തിരിക്കുകയാണ്‌.

Generated from archived content: story1_jun19_10.html Author: jayachandran_tatvamasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English