വാപ്നാമാഖക്ഷി

ആകാശവിതാനങ്ങള്‍ക്കപ്പുറത്ത് ഭൂമിയുടെ ഗുരുത്വാകര്‍ഷണങ്ങള്‍ മറികടന്ന് ഒരപ്പൂപ്പന്‍ താടിപോലെ അയാള്‍ പറന്നുയരുകയാണ്. തുനിഹാര്‍ദ്രമായ മഹാശൈത്യതിലും കമ്പളമില്ലാതെ തണുത്ത് വിറച്ചു ഉയരങ്ങളിലേയ്ക്ക് ഉയര്‍ന്നുകൊണ്ടെയിരിയ്ക്കുന്നു. പത്തടി പൊക്കമുള്ള മരം കയറാനോ അഞ്ചടി ആഴമുള്ള നീര്‍ക്കുണ്ടില്‍ ഇറങ്ങാനോ മഹാഭയം കാണിച്ചിരുന്ന പേടിതൂറിയാന് കോസല രാമന്‍ എന്നാ സച്ചരിതനായ രാമന്‍.പുറംതോടില്ലാത്ത ദൃഡമായ ഒരു തമോഗോളത്തില്‍ പെട്ടന്നാണ് അയാള്‍ ചെന്നുപെട്ടത് . ശ്വാസാവകാശം പോലും നിക്ഷേധിയ്ക്കപ്പെട്ടു നിമിഷങ്ങള്‍ അളക്കാനാവാതെ അയാള്‍ വീര്‍പ്പുമുട്ടി.സകല ശക്തികളുമുപയോഗിച്ച് ആ വര്‍ത്തുളഭിത്തികള്‍ ഭേദിയ്ക്കാന്‍ അയാള്‍ നടത്തിയ ശ്രമങ്ങളെല്ലാം തന്നെ വിഫലമായി.പേശികള്‍ വലിഞ്ഞു മുറുകി, ചലന ഞരമ്പുകള്‍ മരവിച്ച് അയാള്‍ ബോധരഹിതനായി.

എപ്പോഴോ തീവ്രമായ വേദനയോടെ ആ വര്‍ത്തുളഭിത്തികള്‍ ഭേദിക്കപ്പെട്ടു അയാള്‍ സ്വതന്ത്രനായി.ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ രാമന്‍ പൊട്ടിക്കരഞ്ഞു.വൈശ്വികരശ്മികള്‍ കണ്ണുകളെ കുത്തിനോവിപ്പിച്ചു. അവ്യക്തമായ കുറേ മനുഷ്യരൂപങ്ങള്‍ തനിയ്ക്ക് ചുറ്റും നോക്കി നില്ക്കുന്നു.അയാള്‍ സൂക്ഷിച്ചു നോക്കി അതെ മനുഷ്യരൂപങ്ങള്‍ തന്നെയാണ്.

താനെവിടയോ അപരിചിതമായ ദേശത്ത് എത്തിചേര്‍ന്നിരിയ്ക്കുകയാണ്.തീര്‍ത്തും സ്വപ്നരാജ്യം! മനസിലേയ്ക്ക് ഒന്നും കടന്നു വരുന്നില്ല, തല മടക്കുകളില്‍ മറവി കുടിയിരിയ്ക്കുന്നു.ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല.എപ്പോഴോ ഒരു തരി ഓര്‍മശക്തി മടങ്ങി വന്നു.

ചേമന്തി മാലകള്‍ കൊണ്ടലങ്കരിച്ച ഒരു കതിര്‍മണ്ഡപം കാണുന്നുണ്ട് …..അച്ഛന്‍ അമ്മ സഹോദരിമാര്‍ ബന്ധുക്കള്‍ വേണ്ടപ്പെട്ടവര്‍…എല്ലാവരെയും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്, പക്ഷെ രാമന്‍? കോസല രാമനെ എങ്ങനെ കാണാനാ അയാള്‍ ഒരുകൂട്ടം കൂട്ടുകാരുടെ കസൃതി ചോദ്യങ്ങള്‍ക്ക് നടുവിലാണ്. രാമന്റെ വിവാഹമാണ്.

എല്ലാവരുടെയും ശ്രദ്ധ രാമന്റെ മേലായപ്പോള്‍, ചിരന്തനമായ നാണം ഒളിച്ചുവയ്ക്കാന്‍ രാമനുമായില്ല.അയാള്‍ നന്നേ വിയര്‍ത്തു. നാവുകൊണ്ട് പലവട്ടം ചുണ്ട് നനച്ചു.താലമേന്തിയ പെണ്‍കൊടികള്‍ക്ക് നടുവിലായി തന്റെ ചീമാട്ടിയാവാന്‍ പോകുന്ന സുന്ദരി നാണവതിയായി വന്നു നിന്നു. രാമന്റെ ഹൃദയമിടിപ്പും കൂട്ടുകാരുടെ കയ്യടിയും നാദസ്വര മേളങ്ങള്‍ക്ക് കൊഴുപ്പേകി.എങ്ങനെയോക്കെയോ ചടങ്ങുകള്‍ അവസാനിപ്പിച്ചു കോസല രാമന്‍ നെടുവീപ്പിട്ടു.

രാമന്റെ കണ്ണുകളിലേയ്ക്ക് പ്രകാശ രശ്മികള്‍ തരിച്ചുകയറി. അതെ താനേതോ സ്വപ്നരാജ്യത്താണ് .അയാള്‍ ചുറ്റിലും കണ്ണോടിച്ചു. പല രൂപത്തിലും ഭാവത്തിലുമുള്ള ആളുകള്‍.മഹാഭാഗ്യമെന്നോളം മലയാളിയെന്ന് തോന്നിയ്ക്കുന്ന ഒരു താടിക്കാരാന്‍ രാമനെ ദയനീയ ഭാവത്തില്‍ നോക്കി.

ചേട്ടാ….

അയാള്‍ രാമനെ ഗൌനിയ്ക്കാതെ മുഖം തിരിച്ചു.

ചേട്ടാ…ഇതേതാ സ്ഥലം?

ശക് വാപ്നാവോം കി ശകള്‍ കെ

അല്ല ചേട്ടാ ഇതേതാ ഭാഷ?

വാപ്നാമാഖക്ഷി !

എന്നെ പരിഭ്രാന്തനാക്കാതെ നിങ്ങള്‍ തെളിച്ച് പറയൂ സഹോദരാ.

കോസല രാമന് പഠിപ്പും ലോകവിവരവും നന്നേ കുറവാണ്. പക്ഷെ ഈ ലോകത്ത് എവിടെയായാലും ഒരു മലയാളിയെ കണ്ടാല്‍ തിരിച്ചറിയാനുള്ള കഴിവുണ്ട് എന്നാണ് വിശ്വാസം. മലയാളമല്ലാതെ മറ്റൊരു ഭാഷയും വശവുമില്ല.

ബാശ് ശകാം നബുര്യ ബാരാ ബോന്‍മാ നമാശെ

ചുറ്റിലും സ്‌നേഹിയ്ക്കാന്‍ മാത്രമറിയാവുന്ന ഒരു ജനസഞ്ചയത്തില്‍ നിന്നും എത്തിപ്പെട്ടത് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ദേശത്താണോ ? ഈശ്വരനെയോര്‍ത്തു എന്നോടോരല്പ്പം കാരുണ്യം കാണിയ്ക്കണം.

നിങ്ങളെന്തിനാ ആത്മഹത്യ ചെയ്തത് ?

ആത്മഹത്യ? ഒരു കൊടുങ്കാറ്റ് പോലെ ആ ചോദ്യം കോസല രാമനെ തകര്‍ത്തു കളഞ്ഞു.

സഹോദരാ നിങ്ങളാദ്യം മറ്റേതോ ഭാഷയില്‍ എന്നെ പരിഹസിച്ചു.ഇപ്പോള്‍ ഭയപ്പെടുത്തുകയാണോ?

സൌമ്യതയോടെ താടിക്കാരാന്‍ മറുപടി നല്കി.

ദുര്‍ബലചിത്തര്‍ സ്വയം ജീവനൊടുക്കി എത്തിച്ചേരുന്ന ആത്മാക്കളുടെ ഇടമാണിവിടം. ഇവിടെ മനുഷ്യഭാഷ പരസ്പരം സംസാരിയ്ക്കുന്നത് നിയമലംഘനമാണ്. ഇവിടെ നമുക്ക് പരസ്പരം സംസാരിയ്ക്കാനുള്ള ഭാഷയാണ് വാപ്നാമാഖക്ഷി അഥവാ ആത്മനാഗരി.ഞാനിപ്പോള്‍ നിങ്ങളോട് മനുഷ്യഭാഷയില്‍ സംസാരിച്ചതിന് എനിയ്ക്ക് കിട്ടാന്‍ പോകുന്നത് വലിയ ശിക്ഷയാണ്.എനിയ്ക്ക് ഒരു പുനര്‍ജന്മമുണ്ടെങ്കില്‍ സംസാരശേഷി നിക്ഷേധിയ്ക്കപ്പെട്ട ഒരു പറവയായോ മൃഗമായോ ഞാന്‍ മാറിയേക്കും.അതല്ല എനിയ്ക്ക് വിധിച്ചിരിയ്ക്കുന്നത് മനുഷ്യജന്മാമാണെങ്കില്‍ ഞാന്‍ മൂകനാകി പിറവിയെടുക്കും.ഇവിടെ എനിയ്ക്ക് എന്നെയോ നിങ്ങള്‍ക്ക് നിങ്ങളെയോ കാണാന്‍ സാധിയ്ക്കില്ല.മനുഷ്യജന്മത്തില്‍ നമ്മള്‍ ചെയ്ത് തീര്‍ത്ത പാപങ്ങള്‍ ഓര്‍ത്തെടുത്ത് പ്രായശ്ചിത്തം ചെയ്യാന്‍ വേണ്ടിമാത്രമാണ് മനുഷ്യഭാഷ നമ്മളില്‍ അവശേഷിപ്പിയ്ക്കുന്നത്. ഞാന്‍ എന്റെ ആത്മാവിനോട് വഞ്ചന കാട്ടിയിരിയ്ക്കുന്നു. ഇനി എന്നോട് ഒന്നും ചോദിയ്ക്കരുത്.

ക്ഷമിയ്ക്കൂ ,ഞാന്‍ കോസല രാമന്‍ ഗുരുവായൂരിനടുത്ത് കൂനംമൂച്ചിയിലെ ഒരു സാധാരണക്കാരന്‍. താങ്കള്‍?

ഞാന്‍…..ഒരു മേഘഗര്‍ജ്ജനം പോലെ ആ താടിക്കാരാന്‍ അപ്രത്യക്ഷനായി .തന്നോട് കാണിച്ച കാരുണ്യത്തിനു അയാള്‍ക്ക് വലിയ ശിക്ഷ ലഭിച്ചിരിയ്ക്കുന്നു.മഹാ കഷ്ടം! നെരിപ്പോടില്‍ എരിയുന്ന ഹൃദയവും തീച്ചൂളയില്‍ പൊള്ളുന്ന വേദനയുമായി രാമന്‍ ബോധരഹിതനായി.

സംഭാഷണചതുരനല്ലാത്ത രാമന്‍ ആദ്യവും അവസാനവുമായിട്ടാണ് ഒരു പെണ്ണ് കാണലിനു ചെന്നെത്തിയത്. നിലാവിന്റെ നിറമുള്ളവള്‍ ചന്ദ്രിക.ആദ്യ നോട്ടത്തില്‍ തന്നെ ഇഷ്ടമായി.ബിരുദധാരിണിയായ ചന്ദ്രികയോട് രാമന്‍ പറഞ്ഞു, രണ്ടാം വട്ടം കഷ്ടിച്ച് പത്തു പാസായവനാണ് ഈ ഞാന്‍.കുട്ടിയുടെ ഭാവയ്ക്ക് നിരക്കാത്ത ആളാണ് ഞാനെകില്‍ തുറന്നു പറയണം.കൂനംമൂച്ചിയില്‍ സ്വന്തമായി ഒരു ചെറിയ പലചരക്ക് പീടിക നടത്തുകയാണ് ഞാന്‍.

സര്ഗാത്മകവൈഭവങ്ങളോ ആകര്‍ഷണവാക്ചാതുര്യമോ ഇല്ലെന്നിരിയ്‌ക്കെ രാമനിലെ സ്‌നേഹിയ്ക്കാനറിയുന്ന മനസ് ചന്ദ്രികയ്ക്ക് നന്നേ പിടിച്ചു.

പിന്നെന്തിനാ ഞാന്‍ ആത്മഹത്യ ചെയ്തത്? ആഹ്‌ളാദഭരിതമായ ഇന്നലകളില്‍ നിന്നും നഷ്ടസര്‍വസ്വനായി ഞാന്‍ ഇവിടെത്തിയത് എന്തിനാണ്?ചുറ്റിലും നിരാശ ബാധിച്ച കുറേ പ്രേതാത്മാക്കള്‍. അവരിലൊരാളായി ഞാനും അലയുന്നു.ഓര്‍മമടക്കുകളില്‍ നിന്നും പലതും പലതും ഓര്‍ത്തെടുക്കാന്‍ അയാള്‍ ശ്രമിച്ചു.

ആറാംതരത്തില്‍ പഠിയ്ക്കുമ്പോഴാണ് അമ്മയോടൊപ്പം വെങ്കിടങ്ങിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവേ ഒരു പട്ടി ഓടിച്ചിട്ട് കടിച്ചത്.പിന്നീട് ഏതൊരു പട്ടിയെ കണ്ടാലും ഓടിച്ചിട്ട് കല്ലെറിയാന്‍ ശീലിച്ചു. സ്‌കൂളില്‍ നിന്നും കിട്ടുന്ന ഉപ്പ്മാവ് മിച്ചം വരുന്നത്, കൂട്ടുകാരനോടൊപ്പം ചേര്‍ന്ന് കുപ്പിച്ചില്ലുകള്‍ പൊട്ടിച്ചു ഉപ്പ്മാവിനുള്ളില്‍ ഒളിപ്പിച്ചു കാക്കകള്‍ക്ക് എറിഞ്ഞു കൊടുക്കുമായിരുന്നു.അന്തരീക്ഷത്തില്‍ വച്ചുതന്നെ ഉപ്പുമാവു ഉരുളകള്‍ വായിലാക്കി മരണവെപ്രാളം കാട്ടുന്ന കാക്കകളെ കണ്ടു കയ്യടിച്ചു സന്തോഷം പങ്കിട്ടിരുന്നു.ഒരു പക്ഷേ തല്ലുകൊള്ളാന്‍ വിധിയ്ക്കപ്പെട്ട നായയായോ ഏറു കൊള്ളാന്‍ വിധിയ്ക്കപ്പെട്ട കാകനായോ താന്‍ വീണ്ടും ജനിച്ചേക്കാം.

വാപ്നാമാഖക്ഷി സ്വായത്തമാക്കിയ രാമന്‍ സഹ ആത്മാക്കളില്‍ നിന്നും പലതും ഹൃദിസ്ഥമാക്കി.ഈശ്വരന്‍ ജീവജാലങ്ങള്‍ക്ക് നല്കുന്ന ഏറ്റവും ശ്രേഷ്ഠമായ ജന്മമാണ് മനുഷ്യജന്മം.അത് നമ്മള്‍ എത്രത്തോളം ദുരുപയോഗം ചെയ്യുന്നു.അതിന്റെ മഹത്വം മനസിലാക്കാതെ എത്ര അഹങ്കരിയ്ക്കുന്നു.പരസ്പരം കടിച്ചുകീറി മൃഗങ്ങളായും,ഉള്‍ക്കട വികാരധീനരായും,സ്വേശ്ചാധിപഥികളായും,കോമാളിയായും അങ്ങനെ പല വേക്ഷങ്ങളില്‍ ആടി തകര്‍ക്കുന്നു.ചുരുക്കം ചിലര്‍ മാത്രം നന്മയുടെ പ്രതീകമാകുന്നു.

ജീവിച്ചിരുന്ന കാലമത്രയും ചപലചിത്തനായി ജീവിച്ചവനാണ് കോസല രാമന്‍.ഒരു ബസ്സിലോ ആട്ടോ റിക്ഷയിലോ കയറിയാല്‍ ലക്ഷ്യത്തിലെത്തും വരെ അപകടഭയം അയാളിലുണ്ടായിരുന്നു.ഒരു കത്തിയോ കോടാലിയോ വെട്ടുകത്തിയോ കയ്യിലെടുത്താല്‍ ജോലി കഴിയുംവരെ മുറിവേല്‍ക്കുമെന്ന ആശങ്ക.തത്ത്വത്തില്‍ ഇല്ലാരോഗഭീരു!

തന്നെക്കാള്‍ വ്യക്തിപ്രഭാവവും സമര്‍ത്ഥ്യവുമുള്ള ചന്ദ്രികയെ സ്വന്തമാക്കിയ കാലം മുതല്‍ എന്തെന്നില്ലാത്ത ആത്മവിശ്വാസവും സ്വാഭിപ്രായസ്ഥൈര്യവും അയാള്‍ക്കുണ്ടായിരുന്നു.

ഒന്നുമുതല്‍ പത്തുവരെ ഒപ്പം പഠിച്ച സമ്പത്തെന്ന സുഹൃത്തിന് കാര്‍ത്തികയെ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു ചന്ദ്രികയുടെ ആഭരണങ്ങള്‍ ബാങ്ക് ലോക്കറിലെന്ന വ്യാജേന സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ വച്ച് പണം കൈപ്പറ്റിയത്.നമ്മളെന്ത് ചെയ്യുമ്പോഴും ഇവിടെ മണ്ണിനും മരത്തിനും ചുവരുകള്‍ക്കുമെല്ലാം കണ്ണുകളും കാതുകളും ഉണ്ടെന്ന് മനസിലാക്കാന്‍ രാമന് കഴിയാതെ പോയി.

കാര്യങ്ങള്‍ എത്ര പെട്ടന്നാണ് എല്ലാവരും അറിഞ്ഞത്! ചന്ദ്രികയുടെ ഡൈവോഴ്‌സ് നോട്ടീസ് എത്തിയ ദിവസം ആ വീട്, മരണവീട് പോലെയായിരുന്നു.

ആയിരം വട്ടം മാമ്പഴത്തിനായി കല്ലെറിഞ്ഞ ഒളോര്‍ മാവില്‍ വലിഞ്ഞു കയറിയപ്പോഴും മാവിന്‍ ചില്ലയില്‍ കയര്‍ വരിഞ്ഞുകെട്ടിയപ്പോഴും എന്തെന്നില്ലാത്ത ധൈര്യമായിരുന്നു കോസല രാമന്. കഴുത്തില്‍ കുരിക്കിട്ടു താഴേയ്ക്ക് ചാടും മുന്‍പ് അയാള്‍ ഒന്നോര്‍ത്തു ആയിയന്നൂര്‍ അമ്പലക്കുളത്തില്‍ മുങ്ങിമരിച്ച മുരളിയും,മലമ്പനി വന്ന് മരിച്ച ശരവണനും,വാഹനാപകടത്തില്‍ മരണമടഞ്ഞ സലീമും,തന്റെ ആത്മാവിനെ സ്വീകരിയ്ക്കാന്‍ താലവുമായി കാത്തിരിയ്ക്കുമെന്ന്. ഒരിയ്ക്കലുമിനി ചന്ദ്രികയേയും,പിറക്കാനിരിയ്ക്കുന്ന തന്റെ കുഞ്ഞിനേയും കാണാന്‍ കഴിയില്ലല്ലോ?ആ കണ്ണുകളില്‍ നിന്നും തോരാമഴ പെയ്തു. ഈ ശക്തിഹീനനായ പാപിയോടു പൊറുക്കണം.നൂറു വട്ടം മാപ്പാക്കണം.

സ്വാഭാവിക മരണം വരിച്ചെത്തിയവര്‍ക്ക് കാകന്മാരായി വിശേഷനാളുകളില്‍ ബന്ധുക്കളെ കാണാന്‍ ഭാഗ്യമുണ്ടാത്രേ! അതിനും ഈ കോസല രാമന് ഭാഗ്യമില്ലല്ലോ.നഷ്ടങ്ങളെ പുഞ്ചിരിയോടെ നേരിടാനുള്ള മനസ്സും അയാള്ക്കില്ലാതെ പോയി.

ഒരുനാള്‍ ശവം കരിയുന്ന തീക്ഷ്ണഗന്ധം അയാളുടെ മൂക്കുകളിലേയ്ക്ക് തരിച്ചു കയറി.പേശികള്‍ വലിഞ്ഞ് മുറുകി.അയാളുടെ ആത്മാവ് ഭൂമിയിലേയ്ക്ക് നിലം പതിച്ചു.കത്തിയെരിയുന്ന ആ ചിതയിലേയ്ക്ക് ആ ആത്മാവ് അലിഞ്ഞു ചേര്‍ന്ന്.

കോസല രാമന് പുനര്‍ജ്ജന്മം ലഭിച്ചിരിയ്ക്കുന്നു.

പ്രതീക്ഷകള്‍ക്കപ്പുറത്ത് ഒരു പുഴുവായി പിറക്കാനുള്ള ഭാഗ്യമാണ് രാമന് ലഭിച്ചത്. അയാള്‍ ചെയ്ത നന്മകള്‍ പരിഗണിച്ചാവാം ഈശ്വരന്‍ ആ പുഴുവിന് ഭംഗിയുള്ള രണ്ടു ചിറകുകള്‍ സമ്മാനിച്ചു.പൂക്കളുടെ വര്‍ണ്ണവും സുഗന്ധവും തേനിന്റെ മാധുര്യവുമെല്ലാം ആ ജന്മത്തിന്റെ സുകൃതമായി മാറി. ആ ക്ഷണികമായ ജന്മം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അത് ഒരു ബാലന്റെ പുസ്തകത്താളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടു.

ആകാശവിതാനങ്ങള്‍ക്കപ്പുറത്ത് ഭൂമിയുടെ ഗുരുത്വാകര്‍ഷണങ്ങള്‍ മറികടന്ന് ഒരപ്പൂപ്പന്‍ താടിപോലെ ആ ആത്മാവ് പറന്നുയരുകയാണ്. മറ്റൊരു ജന്മം തേടി.

Generated from archived content: story1_apr2_14.html Author: jayachandran_tatvamasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here