ചികിത്സകള്‍

അന്നു പുലര്‍ച്ചെ തൂവുകയായി
ചെമ്പനിനീരിന്‍ സൗഗന്ധം
പൂന്തോട്ടത്തില്‍ പ്രണയവസന്തം
വന്നെതിരേല്ക്കും നേരത്തായ്
വീട്ടു കടായയ്ക്കപ്പുറമാരോ
കൊട്ടി വിളിപ്പതു കേള്‍പ്പു ഞാന്‍.
‘എന്താ എന്തിനു വന്നൂ താങ്കള്‍-
ക്കെന്താണിപ്പോളാവശ്യം ?’
‘വൈദ്യന്‍ വാഴും വീടിവിടാണോ
വരുവേന്‍ ഞങ്ങള്‍ തമിഴന്മാര്‍.’
‘ഏതൊരു വൈദ്യന്‍ ? അങ്ങേ വീട്ടില്‍
പാണ്ടികളാരോ പാര്‍ക്കുന്നു.’

പൊന്തകള്‍ കാടുകള്‍ നായേം പൂച്ചേം
താമസമാക്കിയ വീടതിലായ്
നാലോ അഞ്ചോ മാസം മുമ്പായ്
തമിഴര്‍ പലരും താമസമായ്
ഓരികള്‍ പൂച്ചകള്‍ കടിപിടികൂടിയ
രാവും പകലും മാറുന്നു
പകരം തമിഴില്‍ കശപിശ കൂടും
പുകിലേ നിത്യം കേള്‍ക്കുന്നൂ.

പൈക്കള്‍ കോഴികള്‍ പന്നികളെല്ലാം
മേയ്ക്കുവതവരുടെ തൊഴിലായി
പശുവിന്‍ കറവും പാല്‍ വില്പനയും
പശി മാറ്റാന്‍ പല പണിയായി

കാറും ബൈക്കും വന്നു നിറഞ്ഞു
കുറിയും തറിയും പലതായി
കടവും കൊള്ളപ്പലിശയുമങ്ങനെ
അടിയും പിടിയും പല മട്ടായ്
പന്നികള്‍ കാട്ടിലൊളിച്ചു, കോഴികള്‍
വന്നവര്‍ ഭക്ഷണമാകുന്നു
കണ്ണിയില്‍ തലയും ചേര്‍ത്തു പശുക്കള്‍
കണ്ണീരാര്‍ന്നു കിടക്കുന്നു
കാറും ബൈക്കും മഴയും വെയിലും
കേറി തുരുമ്പായ്ത്തീരുന്നു
തമിഴര്‍ പലരും പലവഴിയായി
തമിഴും പേശിപ്പോകുന്നു
പൂജ മുടങ്ങിയ ക്ഷേത്രം പോലെ
വീടതു കാടു പിടിയ്ക്കുന്നു.

ഒന്നോ രണ്ടോ മാസം മുമ്പേ
വന്നൂ പാണ്ടികള്‍ പിന്നേയും
ഒന്നൊരു വൈദ്യന്‍ ? രോഗികളങ്ങനെ
വന്നാനാഴ്ചയ്ക്കൊരു നാളില്‍.

കാടുപിടിച്ചു കിടക്കും മണ്ണില്‍
നേടാമെന്തു വിതച്ചാലും

(വൈദ്യം, മന്ത്രം, ദൈവം പലതും വേതനമേറും തൊഴിലത്രേ !)

ജയചന്ദ്രന്‍ പൂക്കരത്തറ

കോലൊളമ്പ് പി ഒ

എടപ്പാള്‍ – 679576

മലപ്പുറം ജില്ല

mob – 9744283321

Generated from archived content: poem1_dec29_12.html Author: jayachandran_pookara_thara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English