വിത്തുകൾ

അനുഭവങ്ങൾ വന്ധ്യമാകുമ്പോഴാണ്‌

കവിതകൾ ഉടലെടുക്കാത്തത്‌

ശ്യാമരജനികളുടെയും തുഷാരസായാഹ്നങ്ങ-

ളുടെയും ഇടയിൽ നിന്നും

ശിരസ്സിൽ കറുത്ത തുണി വരിഞ്ഞു

മുറുക്കിവന്ന അജ്ഞാത കർഷകൻ

എന്നോടൊരിക്കൽ പറഞ്ഞു

‘കവിതകൾ മനസ്സിൽ ഉണ്ടാവണമെങ്കിൽ

കടുത്ത വേനലിലും മഴയിലും

ചെളി നിറഞ്ഞ വയലിലും

നീ എന്നും നടക്കണം.

ലോകഘടികാര സ്‌പന്ദനം നിന്റെ

ഹൃദയത്തിൻ ചുവരിൽത്തട്ടി മുഴങ്ങണം.

ഒടുവിൽ നീയതിൽ അലിഞ്ഞു ചേർന്നു-

ചിന്തയുടെ പുതിയ ചാലുകൾ കീറണം.

ചിന്തയുടെ ചമതകളിൽ അഗ്നിയാളിപ്പടരു-

മ്പോഴാണ്‌ കവിതകൾ ഉയിർകൊളളുന്നത്‌.

ഒരുവേള, അവനെന്റെ ഹൃദയത്തിനരികിലെ-

ത്തി പറഞ്ഞു നാടായനാടൊക്കെ

പ്രളയം, എൻ കരത്തിൽ ഒരു പിടി

വിത്തുണ്ട്‌, ഇതു നിൻ ഹൃത്തിൽ

പാകി കിളിർപ്പിക്കൂ.’

ഗ്രീഷ്‌മമെന്നും പുലരുന്ന എൻ ഹൃത്തിൽ

എങ്ങനെ ഈ വിത്തു കിളിർക്കുമെന്നു നിനയ്‌ക്കേ

ഒരു നേർത്ത ചിരിയോടെ അയാളുരിയാടി

‘നിൻ സ്‌നേഹത്തിൻ സാന്ദ്രത ചുരത്തുന്ന

പാഴ്‌പുല്ലല്ല ഇത്‌.

ചുട്ടുപൊളളുന്ന മരുവിന്റെ മാറിൽ

ഒരു കുഞ്ഞു നിഴലിന്റെ ശീതളം

വിരിക്കുവാൻ തുടിക്കുന്ന വിത്തുകളാണിത്‌.

ഊഷരഭൂമികൾ തേടി നെടുനാളായി

ഞാൻ അലഞ്ഞു.

ഇതു നിൻ കൈവശമിരിക്കട്ടെ,

നീ ഈ വിത്തുകൾ പാകൂ’

ചിന്തതൻ സായാഹ്നവേളയിൽ

ഞാനെൻ ഹൃത്തിലാ വിത്തുകൾ പാകി.

പകലോന്റെ തീർത്ഥജലം അറിയാതെ

വീണെന്റെ വിത്തുകൾ മുളച്ചു.

കാലമേറെ കഴിഞ്ഞപ്പോൾ എനിക്കു

മനസ്സിലായി, കർഷകൻ തന്ന വിത്തുകൾ

മുളച്ചതാണെന്റെ കവിതകൾ.

Generated from archived content: vithukal.html Author: jayachandran_kaithavana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here