പ്രകൃതിഗ്രന്ഥം

നമ്മൾ ഒരുമിച്ചിരിക്കുമ്പോൾ നീ പലപ്പോഴും എന്നോടു പല സംഗതികളെപ്പറ്റിയും ചോദിക്കാറുണ്ടല്ലോ. ഞാൻ അവയ്‌ക്കു സമാധാനം പറയുവാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്‌. ഇപ്പോൾ നീ മസ്സൂറിയിലും ഞാൻ അലഹബാദിലുമായതുകൊണ്ട്‌ നമുക്ക്‌ അങ്ങനെയുള്ള സംഭാഷണത്തിനു സൗകര്യമില്ല. അതുകൊണ്ട്‌ ഈ ഭൂമിയുടെയും വിഭാഗങ്ങളായ ചെറുതും വലുതുമായ അനേകം രാജ്യങ്ങളുടെയും ചരിത്രം ചെറിയ ഉപന്യാസങ്ങളായി നിനക്ക്‌ എഴുതി അയയ്‌ക്കാമെന്നു ഞാൻ വിചാരിക്കുന്നു. ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടെയും ചരിത്രം കുറച്ചെല്ലാം നീ വായിച്ചിട്ടുണ്ടല്ലോ. ഇംഗ്ലണ്ട്‌ ഒരു ചെറിയ ദ്വീപു മാത്രമാണ്‌. ഇന്ത്യ ഒരു വലിയ രാജ്യമാകുന്നു. നാം ജീവിക്കുന്ന ഈ ലോകത്തിന്റെ ചരിത്രം കുറെയെങ്കിലും അറിയണമെങ്കിൽ അതിലുള്ള എല്ലാ രാജ്യങ്ങളെപ്പറ്റിയും ചിന്തിക്കേണ്ടിവരും. അല്ലാതെ നാം ജനിച്ചുവളർന്ന ഒരു ചെറിയ രാജ്യത്തെപ്പറ്റി മാത്രം ആലോചിച്ചാൽ മതിയാവില്ല.

എന്റെ ഈ കത്തുകളിലൂടെ വളരെയധികം സംഗതികൾ നിന്നെ ധരിപ്പിക്കാൻ സാധിക്കുമോ എന്നു ഞാൻ സംശയിക്കുന്നു. എന്നാൽ ഈ ചുരുങ്ങിയ വിവരങ്ങൾ നിനക്കു രസകരമായിരിക്കുമെന്നും, ലോകം മുഴുവൻ വാസ്‌തവത്തിൽ ഒന്നാണെന്നും അതിലെ നിവാസികൾ നമ്മുടെ സഹോദരങ്ങളാണെന്നും മനസ്സിലാക്കുവാൻ അതു മതിയാകുമെന്നും ഞാൻ വിശ്വസിക്കുന്നു. വലുതാകുമ്പോൾ നീ ഭൂമിയെപ്പറ്റിയും അതിൽ പാർക്കുന്നവരെപ്പറ്റിയും വലിയ പുസ്‌തകങ്ങൾ വായിക്കും. അത്‌ നീ വായിച്ചിരിക്കുവാനിടയുള്ള മറ്റേതു കഥയേക്കാളും നോവലിനേക്കാളും അധികം രസകരമായിരിക്കും.

നമ്മുടെ ഈ ഭൂമി വളരെ വളരെ പഴക്കമുള്ള – അനേക ലക്ഷം വർഷം പഴക്കമുള്ള ഒന്നാണെന്ന്‌ നിനക്കറിയാമല്ലോ. എത്രയോ കാലത്തേക്ക്‌ അതിൽ മനുഷ്യവാസം ഉണ്ടായിരുന്നില്ല. മനുഷ്യർ ഉണ്ടാകുന്നതിനുമുമ്പ്‌ ഇതിൽ ചില ജന്തുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ജന്തുക്കളുടെ കാലത്തിനും മുമ്പ്‌ യാതൊരു ജീവിയും ഇല്ലാത്ത ഒരു കാലവും ഉണ്ടായിരുന്നു.

ഇന്നു നാനാ തരത്തിലുള്ള ജന്തുക്കളും മനുഷ്യരും നിറഞ്ഞിരിക്കുന്ന ഈ ഭൂമിയിൽ ഒരു കാലത്ത്‌ യാതൊരു ജീവിയും ഇല്ലാതെ കിടന്നിരുന്നുവെന്നു സങ്കല്‌പിക്കുവാൻ പ്രയാസമാണ്‌. എന്നാൽ ഈ ഭൂമി ജന്തുക്കൾക്ക്‌ വസിക്കാൻ പാടില്ലാത്തവിധം അത്ര ചുട്ടുപഴുത്തു കിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നു പ്രകൃതിശാസ്‌ത്രജ്ഞന്മാരും, ഈ മാതിരി വിഷയങ്ങളെക്കുറിച്ചു വളരെ ആലോചിക്കുകയും പഠിക്കുകയും ചെയ്‌തിട്ടുള്ള വിദ്വാന്മാരും പറയുന്നു. അവർ എഴുതിയിട്ടുള്ള പുസ്‌തകങ്ങൾ വായിക്കുകയും പാറകളെയും ജന്തുക്കളുടെ ജീർണാവശിഷ്‌ടങ്ങളെയും പരിശോധിക്കുകയും ചെയ്‌താൽ ഇതു വാസ്‌തവമാണെന്നു നമുക്കുതന്നെ മനസ്സിലാക്കുവാൻ കഴിയും. പുസ്‌തകങ്ങളിൽ നിന്നാണ്‌ നാം ഇപ്പോൾ ചരിത്രം പഠിക്കുന്നത്‌. എന്നാൽ മനുഷ്യർ ഇല്ലാതിരുന്ന പ്രാചീന കാലങ്ങളിൽ പുസ്‌തകങ്ങൾ ഉണ്ടാകുവാൻ തരമില്ലല്ലോ. എന്നാൽപ്പിന്നെ ആ കാലത്ത്‌ എന്തെല്ലാമാണ്‌ സംഭവിച്ചതെന്ന്‌ നമുക്ക്‌ എങ്ങനെ മനസ്സിലാക്കാം? വെറുതെയിരുന്ന്‌ അന്നു നടന്ന സംഭവങ്ങളെല്ലാം സങ്കല്‌പിക്കുവാൻ സാധിക്കുമെങ്കിൽ അതു വളരെ രസകരമായിരിക്കും. എന്തെന്നാൽ, അപ്പോൾ നമ്മുടെ ആവശ്യം പോലെ എന്തും സങ്കല്‌പിക്കാമല്ലോ. ആ സങ്കല്‌പങ്ങൾ ഏറ്റവും മനോഹരങ്ങളായ ഒരു തരം യക്ഷിക്കഥകളായിത്തീരും. എന്നാൽ ആ കഥകൾ നാം കണ്ട കാര്യങ്ങളിൽ അടിസ്‌ഥാനപ്പെട്ടവയല്ലാത്തതുകൊണ്ട്‌ വാസ്‌തവമായിരിക്കണമെന്നില്ല. ആ പ്രാചീനകാലങ്ങളിൽ എഴുതപ്പെട്ട പുസ്‌തകം ഒന്നുമില്ലെങ്കിലും ഭാഗ്യവശാൽ, ഏതാണ്ടു പുസ്‌തകങ്ങളിൽ നിന്നും ഗ്രഹിക്കാവുന്നതുപോലെത്തന്നെ വ്യക്തമായ അനവധി വിവരങ്ങൾ വെളിപ്പെടുത്തുന്ന ചില വസ്‌തുക്കൾ കിടപ്പുണ്ട്‌. ശിലകൾ, പർവ്വതങ്ങൾ, സമുദ്രങ്ങൾ, നക്ഷത്രങ്ങൾ, നദികൾ, മരുഭൂമികൾ, പ്രാചീനജന്തുക്കളുടെ ജീർണാവശിഷ്‌ടങ്ങൾ, എന്നിവ അങ്ങനെയുള്ള വസ്‌തുക്കളാണ്‌. ഇവയും ഇവയെപ്പോലെയുള്ള മറ്റു വസ്‌തുക്കളുമാണ്‌ ഭൂമിയുടെ ആദിമ ചരിത്രം പഠിക്കുവാൻ നമുക്കുള്ള പുസ്‌തകങ്ങൾ. ഈ ചരിത്രം അറിയുവാനുള്ള ശരിയായ വഴി, അതിനെപ്പറ്റി വല്ലവരും എഴുതിയിട്ടുള്ള പുസ്‌തകങ്ങൾ വായിക്കുകയല്ല, പ്രകൃതിയാകുന്ന പുസ്‌തകത്തിൽ നിന്നു നേരിട്ടു പഠിക്കുകയാണ്‌. ശിലകളിൽ നിന്നും മലകളിൽ നിന്നും ഭൂമിയുടെ ആദിമ കഥ നീ വേഗത്തിൽ പഠിച്ചുതടുങ്ങുമെന്നു ഞാൻ വിശ്വസിക്കുന്നു. ഹാ! അതെത്ര മനോഹരമായിരിക്കുമെന്ന്‌ ആലോചിച്ചു നോക്കുക! നിലത്തിലും മലഞ്ചെരുവുകളിലും നീ കാണുന്ന ഓലോ കല്ലു പ്രകൃതിഗ്രന്ഥത്തിലെ ഓരോ ചെറിയ ഏടുകളായിരിക്കാൻ മതി. അതി വായിക്കുവാൻ നിനക്കറിയാമെങ്കിൽ അതിൽ നിന്നു ചില സംഗതികൾ ഗ്രഹിക്കുവാനും സാധിച്ചേക്കും. ഹിന്ദി, ഉർദു, ഇംഗ്ലീഷ്‌ – ഇങ്ങനെയുള്ള ഏതു ഭാഷയും വായിക്കാറാകണമെങ്കിൽ ആ ഭാഷയിലെ അക്ഷരമാല ആദ്യമായി പഠിക്കണം. അതുപോലെത്തന്നെ കല്ലുകളും പാറകളുമാകുന്ന ഗ്രന്ഥങ്ങളിൽ നിന്നു പ്രകൃതി ചരിത്രം വായിക്കണമെങ്കിൽ പ്രകൃതിഭാഷയിലെ അക്ഷരമാല പഠിക്കണം. ഈ പ്രകൃതിഭാഷ അല്‌പാല്‌പം വായിക്കുവാൻ നിനക്ക്‌ ഒരുപക്ഷേ, ഇപ്പോൾത്തന്നെ അറിയാം. ഉരുണ്ടതും മിനുമിനുത്തതുമായ ഒരു ചെറിയ ഉരുളൻകല്ലു സൂക്ഷിച്ചുനോക്കുമ്പോൾ അതു നിന്നോടു ചിലതെല്ലാം പറയുന്നില്ലേ? മുനയും മൂലയുമില്ലാതെ അത്‌ ഉരുണ്ടു മാനത്തു മിന്നുന്ന കല്ലായിത്തീർന്നതെങ്ങനെ? ഒരു വലിയ കല്ലു ചെറുകഷണങ്ങളാക്കി പൊട്ടിച്ചാൽ അതിന്റെ ഓരോ കഷണവും പരുപരുത്തതും മുനയും മൂലയുമുള്ളതുമായിരിക്കും. അത്‌ ഒരിക്കലും ഉരുണ്ടുമിനുത്ത ഒരു കല്ലായിരിക്കില്ല. ആ കല്ല്‌ ഇങ്ങനെ ഉരുണ്ട്‌ മിനുത്തുമിന്നുന്നതായിത്തീർന്നത്‌ എങ്ങനെയാണ്‌? നോക്കിക്കാണുവാൻ കണ്ണും കേൾക്കുവാൻ ചെവിയും നിനക്കുണ്ടെങ്കിൽ ആ കല്ല്‌ അതിന്റെ കഥ നിന്നോടു പറയും പണ്ടുപണ്ട്‌ – വളരെക്കാലം മുമ്പ്‌ – അതും ഒരു വലിയ പാറയിൽനിന്നോ ഒരു വലിയ കല്ലിൽനിന്നോ പൊട്ടിച്ചെടുക്കപ്പെട്ട ചെറുകഷണം പോലെ, വളരെ മുനകളും മൂലകളുമുള്ള ഒരു കല്‌ക്കഷണമായിരുന്നു എന്ന്‌ അതു നിന്നോടു പറയും. അത്‌ ഏതോ മലഞ്ചെരുവിൽ കിടന്നിരുന്നതാവാം. അവിടെ മഴ പെയ്‌ത്‌ ആ വെള്ളത്തിൽ അതു താഴ്‌വരയിലേക്ക്‌ ഒലിച്ചു പോന്നു. പിന്നെ ഒരു മലയരുവിയിലൂടെ ഒലിച്ചൊലിച്ച്‌ ഒരു ചെറിയ നദിയിൽ ചാടി. ചെറിയ നദി അതിനെ ഒരു വിലിയ നദിയിലെത്തിച്ചു. ഈ കാലത്തെല്ലാം അത്‌ നദിയുടെ അടിയിലൂടെ ഉരുളുകയായിരുന്നു. അങ്ങനെ അതിന്റെ മുനകൾ തേഞ്ഞുപോവുകയും പരുപരുത്ത പുറം മിനുസവും മിന്നിച്ചയുള്ളതാവുകയും ചെയ്‌തു. ഇപ്രകാരമാണ്‌ പരുപരുത്ത പാറക്കഷണം നീ കാണുന്ന വിധത്തിലായത്‌. നദി എങ്ങനെയോ ഇട്ടേച്ചുപോയ കല്ലാണ്‌ നീ കണ്ടത്‌. നദിയിൽത്തന്നെ ഒലിച്ചുപൊയ്‌ക്കൊണ്ടിരുന്നെങ്കിൽ അതു ചെറുതായിച്ചെറുതായി ഒടുവിൽ ഒരു മണൽത്തരിയായിത്തീരുകയും കടൽക്കരയിലെ സഹോദരങ്ങളോടൊത്ത്‌ കൊച്ചുകുട്ടികൾ കളിക്കുവാനും മണൽ മാളിക പണിയുവാനും ഉപയോഗിക്കുന്ന മണൽപ്പുറമായിത്തീരുകയും ചെയ്യുമായിരുന്നു. ഒരു ചെറിയ കൽക്കഷണത്തിന്‌ ഇത്രയെല്ലാം പറയുവാൻ കഴിയുന്ന സ്‌ഥിതിക്ക്‌, പാറകളിൽ നിന്നും പർവതങ്ങളിൽ നിന്നും നാം കാണുന്ന മറ്റനേകം വസ്‌തുക്കളിൽ നിന്നുമെല്ലാം നമുക്ക്‌ എത്രയധികം സംഗതികൾ ഗ്രഹിക്കുവാൻ കഴിയും.!

(ഒരച്ഛൻ മകൾക്കയച്ച കത്തുകൾ)

Generated from archived content: essay1_oct10_09.html Author: javaharlal_nehru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here