ഇന്ദുലേഖ സ്വപ്നമായി
എന്നുമെന്നും കത്തി നില്‍ക്കെ
ചന്തു മേനോന്‍ എയ്ത
ശരക്കൂട്ടിനുള്ളില്‍ പിടയുമ്പോള്‍
ഭൂതകാലം വേട്ടയാടി
ജന്മമോഹം തളര്‍ത്തുമ്പോള്‍
സൂരിനമ്പി കാത്തിരുന്നു
ഗോളാവല്‍കൃത കാലമെത്താന്‍
കാലമെത്ര കഴിഞ്ഞിട്ടും
ഇന്ദുലേഖ മോഹമായി
കരളിങ്കല്‍ തുടിക്കുമ്പോള്‍
ഭാഗ്യപേറ്റന്റ് കൈക്കലാക്കാന്‍
സൂരിനമ്പി കാത്തിരുന്നു
പട്ടുമുണ്ട് വലിച്ചെറിഞ്ഞു
ഉത്തരീയം പട്ടമാക്കി
പല്ലക്കുകള്‍ ചുട്ടെരിച്ചു
പരിവാരകഥകഴിച്ചു
കളിയാട്ട കഥ മറന്നു
ചതുരംഗഭ്രമം മാഞ്ഞു
ദേവഭാഷ ചവര്‍പ്പായ
ശ്ലോകമോഹം കെട്ടടങ്ങി
ഭൂതകാലസ്മൃതിയൊടുക്കി
സൂരിനമ്പി കാത്തിരുന്നു
പോയകാലം ഭോഷകാലം
ജന്മമോഹം കെട്ടകാലം
മാധവന്റെ ലീലകളില്‍
തോറ്റടങ്ങാന്‍ വയ്യിനിയും
കയ്യടക്കാന്‍ സോപ്പുവാങ്ങി
പുഞ്ചിരിക്കാന്‍ പേസ്റ്റ് വാങ്ങി
പുതുക്കാലഷെയര്‍ വാങ്ങി
ക്രഡിറ്റ് കാര്‍ഡും സ്വന്തമാക്കി
സ്വന്തമായി വെബ് തുറന്നു
പന്ത് വാങ്ങി ബാറ്റ് വാങ്ങി
സ്റ്റമ്പൊരുക്കി പിച്ചൊരുക്കി
ഗോളാവല്‍കൃതലീലയാടന്‍
സൂരി നമ്പി കാത്തിരുന്നു
നെഞ്ചിനുള്ളില്‍ കടല്‍ തീര്‍ത്ത
കാല്‍പ്പനിക പ്രണയകാലം
കവിത തോല്‍ക്കും പ്രണയകാലം
കല്ലറയില്‍ നിദ്രകൊള്‍കെ
കാത്തിരിപ്പിന്‍ കാലമറ്റു
ഗോളാവല്‍കൃത കാലമെത്തി
ലോകമൊരു ചന്തയായി
നമ്മളൊക്കെ വില്‍ക്കുവാനും
വാങ്ങുവാനും മാത്രമുള്ള ജന്മമായി
ജീവിതത്തിന്‍ പുസ്തകത്തില്‍
ലാഭനഷ്ടപേജ് മാത്രം
രാജനീതി കാത്തിടേണ്ട
നേതൃനാക്കില്‍ പോലുമിന്ന്
ഗോളകാല പഞ്ചസാര
പിഞ്ചുപൈതല്‍ പോലുമിന്ന്
ലോകബാങ്കിന്‍ ഉണ്ണിയല്ലേ?
ഗാട്ട് ഡങ്കല്‍ വര്‍ത്തമാനം
നാട്ടിലിന്നു പാട്ടുമല്ലേ?
സെന്റെര്‍ കോര്‍ട്ടില്‍ മിന്നിനിറയും
ബോറിസ് ബെക്കര്‍ പോലെയങ്ങ്
പന്തെറിയാന്‍ ചീറിയെത്തും
ഷൊയ്ബ് അക്തര്‍ പോലെയങ്ങ്
റഫ് ആന്റ് ടഫിന്‍ വേഷമോടെ
നൂറു സി. സി ബൈക്കിലേറി
സൂരിനമ്പി പാഞ്ഞു പോയി
ചുണ്ടിനുള്ളില്‍ പോപ് മ്യുസിക്
മെയ്ഡിനിന്ത്യാ പാട്ടുമുണ്ട്
പെപ്സിയുണ്ട് കോളയുണ്ട്
നുണയാനായ് ച്യൂയിംഗമ്മിന്‍
പൊതികള്‍ യഥേഷ്ടമുണ്ട്
സെല്ലുലാറിന്‍ ഫോണുമുണ്ട്
ലോകകപ്പിന്‍ ടിക്കറ്റുണ്ട്
വാതുവെപ്പാന്‍ പൊന്‍പണവും
സൂരി നമ്പി മോഡേണായി
ഒറ്റമോഹം ഒറ്റലക്ഷ്യം
ഒറ്റ സ്വപ്നം ജ്വലിക്കുമ്പോള്‍
ഭാഗ്യപേറ്റന്റ് കൈക്കലാക്കാന്‍
സൂരിനമ്പി പാഞ്ഞുപോയി.
പഞ്ചുമേനോന്‍ ഇന്റെര്‍ നെറ്റിന്‍
വിസ്മയത്തില്‍ മുങ്ങിയപ്പോള്‍
സ്റ്റോക്ക് മാര്‍ക്കറ്റ് വാര്‍ത്തതേടി
കറുത്തേടം കുതിക്കുമ്പോള്‍
പോപ് മ്യൂസിക് ലീലകളില്‍
ചെറുശ്ശേരി അലിയുമ്പോള്‍
മാധവനോ മരക്കൊമ്പില്‍
ദാര്‍ശനികവ്യഥമൂത്ത്
ദറിദ ഫൂക്കോ ബാധയേറ്റ്
ജീവിതത്തിന്‍ ഉത്തരത്തെ
തേടി നിന്നു ചിരിക്കുമ്പോള്‍
ഇന്ദുലേ കാത്തുനിന്നു
സൂരി നമ്പിയെത്തിടാനായ്
പോയകാലം ഭോഷകാലം
ഭോഷകാലം പോയിടട്ടെ
ഉള്ളകാലം സൂരിയൊത്ത്
ഒറ്റമോഹം ഒറ്റസ്വപ്നം
ഒറ്റലക്ഷ്യം സൂരി മാത്രം
ചന്തുമേനോന്‍ തോറ്റു നില്‍ക്കെ
ഇന്ദുലേഖ സ്വന്തമായി
കറുത്തേട മഹാഭാഗ്യം
സൂരിതന്റെ ഭാഗ്യമായി
ഭാഗ്യപേറ്റന്റ് കൈക്കലാക്കി
ലോഡ്സിലേക്ക് പറക്കുമ്പോള്‍
സൂരിനമ്പി വാഴ്ത്തിടുന്നു
പോയകാലം ഭോഷകാലം
ഗോളകാലം ഉദാരകാലം
ഗോളവല്‍കൃത കാലഘട്ടം
എന്നുമെന്നും വാണിടട്ടെ!
ലോകമെല്ലാം ഏറ്റുപാടി
ഗോളകാലം നീളെ വാഴ്ക!
Generated from archived content: poem1_june23_12.html Author: javadackal
Click this button or press Ctrl+G to toggle between Malayalam and English