ആകെ വിയർത്ത്‌കുളിച്ച് അവശയായി അവൾ സോഫയിൽ വന്നിരുന്നു. മുണ്ടിന്റെ തലപ്പുകൊണ്ട് കഴുത്തും മുഖവും തുടച്ചു. തലയുയർത്തി ചുറ്റുപാടും കണ്ണോടിച്ചു. ജനലുകളിലും തട്ടിലും ആകെ പൊടിയും മാറാലയും ആയിരുന്നു. ആകപ്പാടെ വൃത്തിയായിട്ടുണ്ട് – സ്വയം ആശ്വസിച്ചു. ഈ ചിലന്തികളെക്കൊണ്ടാണ് വലിയ ശല്യം ചൂലെടുത്താൽ അവ ഓടിരക്ഷപ്പെടും. അടുത്തദിവസം വീണ്ടും വലകെട്ടും. ഒന്നിനേയും അടിച്ചുകൊല്ലാൻ തോന്നാറില്ല അതാ കുഴപ്പം.
“നിനക്കെന്താ ശാരീ! എപ്പോഴും വീട് വൃത്തിയാക്കാൽ തന്നെയാണല്ലൊ പണി. ഈ വീടിന്റെ റിപ്പയർവർക്കും പെയിന്റിങ്ങും കഴിഞ്ഞിട്ട് അധികനാളായിട്ടില്ലല്ലൊ. പിന്നെ പഴക്കമുള്ള വീടല്ലെ. നീ ഇങ്ങിനെയൊന്നും അദ്ധ്വാനിക്കേണ്ട. വല്ല അസുഖവും വന്നാൽ ആരാ ഒരു തുണ!!”
“പക്ഷേ മോൻ പറഞ്ഞത് കേട്ടില്ലേ! ഇവിടെ ചിലരൊക്കെ വരുന്നുണ്ടെന്ന്.
”അതിനെന്താ? അവർ വരട്ടെ. പോകട്ടെ.“
”ഇത് നല്ല തമാശ. ഇവിടെ അധികമാരും വരാറില്ലല്ലൊ എനിക്കാണെങ്കിൽ വയ്യാതായി. ആരെങ്കിലും വരുമ്പോൾ നമുക്കതൊരു സന്തോഷമല്ലെ. ഇവിടെ വന്നകാലം മുതൽ എല്ലാ ജോലിയും ഞാൻ തന്നെയല്ലെ ചെയ്യാറ്. ഇപ്പോൾ അതൊരു ശീലമായി. വെറുതെ ഇരിക്കാനാ വിഷമം.“
”നിനക്ക് അലർജിയും ശ്വാസംമുട്ടലും വരാറുള്ളത് നീ മറന്നോ? അന്നത്തെ പ്രായമല്ല നമുക്കിപ്പോൾ. കാലം നമ്മളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ആട്ടെ, അവർ വരുന്നത് എന്തിനാണെന്ന് നിനക്കറിയ്വോ?
‘ഇല്ലാ. എന്തിനാ? മോനും കൂട്ടുകാരുമല്ലെ. നമ്മെ കാണാനായിരിക്കും.’
“അതേ….. നമ്മളേം കാണം നമ്മുടെ വീടും കാണും. അവന്റെ ഫ്രണ്ട്‌സിനെയൊക്കെ ഈ വീട് കാണിക്കാൻ കൊള്ളില്ലെന്നവൻ പറയാറുണ്ട്. അവന് ഈ വീട് പുതുക്കി പണിയണമെന്നുണ്ട് എന്ന് ഒരിക്കൽ അവൻ പറഞ്ഞിരുന്നു.‘
’നമ്മൾക്കീവീട് തന്നെ ധാരാളം. അവൻ അങ്ങ് സിറ്റിയിലല്ലെ താമസം. ലതയ്‌ക്കും കുട്ടികൾക്കും ഫ്ലാറ്റ് മതി എന്നല്ലെ അന്ന് പറഞ്ഞത്. അവർക്കതല്ലെ സൗകര്യവും.‘
ഇപ്പോൾ നാട്ടിലെ താമസമാണ് അവൾക്കിഷ്‌ടം. അവളുടെ അച്ഛനും ഏട്ടനും വിദേശത്ത്. ഈ വീട് വലുതാക്കിയാൽ എല്ലാവർക്കും കൂടിതാമസിക്കാമല്ലൊ.
അതിന് കഴിയ്യോ? മോൻ അവളെയും കുട്ടികളേയും ഇങ്ങോട്ടുകൊണ്ടുവരാറേയില്ലല്ലൊ. നമ്മളെ അങ്ങോട്ടും കോണ്ടുപോകാറില്ല. ആ കുട്ടികൾ നമ്മെ അറിയുകപോലുമില്ല. പ്രസവിച്ചപ്പോൾ നാം ആസ്‌പത്രിയിൽ വെച്ച് അവരെ കണ്ടതാണ്. നമ്മളോട് എന്താ അവരിങ്ങനെ?
അവർക്ക് ഒഴിവുകിട്ടാഞ്ഞിട്ടാവും. അവന് എപ്പോഴും തിരക്കല്ലേ. നീ ഇപ്പോൾ അതൊന്നും ഓർത്ത് വിഷമിക്കേണ്ട വാ നമുക്ക് ചായ കഴിക്കാം.
ഇഡലിയും പൂവൻ പഴവും കൊണ്ടുവച്ചിട്ട് ശാരിപറഞ്ഞു. നമ്മുടെ പറമ്പിൽ നിന്ന് മൂന്നുദിവസം മുമ്പല്ലെ കുലവെട്ടിക്കൊണ്ടു വന്നത്! നന്നായി പഴുത്തിരിക്കുന്നു.
ചായ കുടികഴിഞ്ഞ് അയാൾ ബെഡ്‌റൂമിലേക്ക് പോയി. കൂടെ അവളും. ഓർമ്മകൾ പുറകോട്ടു പോയി. അയാൾ പറഞ്ഞു.” ശാരീ! നമ്മുടെ എല്ലാ സ്വപ്‌നങ്ങളും പൂവണിഞ്ഞതിവിടെയാണ്. നമ്മുടെ ആദ്യരാത്രി ഈ മുറിയിലായിരുന്നു. എന്റെ അമ്മയാണ് ഈ മുറി ഒരുക്കിയത്. മുല്ലപ്പൂവും ചന്ദനത്തിരിയും നിലവിളക്കും പാലും പഴവും……. അങ്ങിനെ എന്തെല്ലാം. ആ വെളിച്ചത്തിൽ നിന്റെ സൗന്ദര്യം ഇന്നത്തേതിന്റെ ഇരട്ടിയായിരുന്നു. എല്ലാം മറന്ന് നാം ഇവിടെവച്ച് ഒന്നായി. നിന്റെ ലജ്ജയാർന്ന മുഖം ഒരു ക്യാമറയിലെന്നപോലെ മനസിൽ മായാതെ കിടക്കുന്നു. ആ രാത്രി നീ ഓർക്കുന്നുണ്ടോ.?
’ഒന്നും മറന്നിട്ടില്ല‘ അവളുടെ മുഖത്തെ നാണം നിറഞ്ഞ ചിരി അയാൾ ശ്രദ്ധിച്ചു. ’നമ്മുടെ മോന്റെ തൊട്ടിൽ അതാ മുകളിൽ ഞാന്നുകിടക്കുന്നു. പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിച്ചതല്ലെ. ഇന്നതൊരു സ്വപ്‌നക്കൂടാണ്.‘
’അന്നത്തെ സുഗന്ധം ഇപ്പോഴും ഇവിടെ തങ്ങിനിൽക്കുന്നപോലെ. ആ സമയത്തെ നിന്റെ പേടിയും പരിഭ്രമവും ഒക്കെ ഓർക്കുമ്പോൾ ചിരിവരുന്നു. പിറ്റേന്ന് അമ്മാവതിലിൽ തട്ടി വിളിച്ചപ്പോഴാണ് നാം ഉണർന്നതു തന്നെ.‘
’എല്ലാം മധുരിക്കുന്ന ഓർമ്മകൾ!!‘ അയാൾ പറഞ്ഞു.
മോൻ ജനിച്ചപ്പോൾ ഏറ്റവും അധികം സന്തോഷിച്ചത് അമ്മയാണ്. അവന്റെ പേരിടലും ചോറൂണും എല്ലാം അമ്മ പറഞ്ഞപോലെ നടത്തി. അവനിൽ പ്രത്യേക ഒരു ഐശ്വര്യമുണ്ട്. സൂര്യന്റെ പേർ വേണം എന്നു പറഞ്ഞ് രവി എന്ന് പേരിട്ടു. വൈക്കത്ത്‌പോയി ചോറുകൊടുത്ത് ചോറ്റാനിക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ പോയി തിരിച്ചെത്തിയപ്പോഴേക്കും അമ്മ തളർന്നു. കുറച്ചുനാൾ കിടന്നു. താമസിയാതെ മരിക്കുകയും ചെയ്‌തു. ആ ഓർമ്മ മനസ്സിനെ ഇപ്പോഴും വേട്ടയാടുന്നു.
പിന്നെ മോന്റെ വളർച്ച, ആരോഗ്യം, പഠിപ്പ് എന്നിവയിൽ ശ്രദ്ധിക്കാൻ തനിക്ക് കുറെനാൾ ലീവെടുക്കേണ്ടിവന്നു. തന്റെ ചെറിയ ശമ്പളംകൊണ്ട് ശാരി എല്ലാം ഭംഗിയായി നടത്തി. എല്ലാ സമ്പാദ്യവും മകനുവേണ്ടി ചില വഴിച്ചു. റാങ്കോടെതന്നെ എഞ്ചിനീയറിംഗ് പാസ്സായി. ജോലിയായി. സർവ്വത്ര തിരക്കായി. വീട്ടിലേക്ക് വരവ് കുറഞ്ഞു. ഒരു കൺസ്‌ട്രക്‌ഷൻ കമ്പനിതന്നെ ഇപ്പോൾ സ്വന്തം.
അവന്റെ വളർച്ചയിൽ സന്തോഷിച്ചും അഭിമാനിച്ചും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി. അവനിഷ്‌ടപ്പെട്ട പെൺകുട്ടിയുമായുള്ള വിവാഹവും നടത്തിക്കൊടുത്തു.
പിന്നീടാണ് മനസ്സിലായത് അവൻ വിചാരിച്ചതിനേക്കാളും വളരെ കൂടുതൽ വളർന്നു എന്ന്. സ്വന്തം വീട് അവന് അന്യമായി. അവനും ഭാര്യയും കുട്ടികളും തീരെ വരാതായി. വല്ലപ്പോഴും അവൻ മാത്രം കാറിൽ വരും. ശരിക്കൊന്നു കാണാനോ സംസാരിക്കാനോ ഇടകിട്ടില്ല. ഉടനെ പോകും.
താനും ശാരിയും എല്ലാം ഉൾക്കൊള്ളാനും സഹിക്കാനും പഠിച്ചു കഴിഞ്ഞു. അവന്റെ വളർച്ച തങ്ങളെ തളർത്താതിരിക്കട്ടെ.
അയാൾ മുറ്റത്തേക്കിറങ്ങി. സ്വയം നട്ടുവളർത്തിയ മാവും പ്ലാവും പുളിയും മുരിങ്ങയും എല്ലാം തന്നെ ഫലങ്ങൾ പേറി ഇളംകാറ്റിലാടി രസിച്ചുനിൽക്കുന്നു. പല വാഴകളും കുലച്ച് ഭൂമിയെ നമസ്‌കരിക്കാൻ തയ്യാറായി നിൽപ്പാണ്. അണ്ണാൻമാരും കിളികളും ബഹളംവെക്കുന്നു. എല്ലാം സന്തോഷം തരുന്ന കാഴ്‌ചകൾ.
ഒട്ടും ശബ്‌ദമില്ലാതെ വലിയ ഒരു ലക്ഷ്വറികാർ മുറ്റത്ത് വന്നു നിന്നു. മകൻ രവിയാണ്. പഴയ ഭംഗിക്കും തേജസിനും ഒട്ടും കുറവില്ല. വന്ന ഉടനെ അവൻ പറഞ്ഞു. ഈ വീടൊന്നു പുതുക്കി പണിയണമെന്നുണ്ട്. അതിന് ഈ സൈറ്റ് നോക്കാൻ രണ്ടിപേർ വൈകിട്ട് വരും. ലതയ്‌ക്കും കുട്ടികൾക്കും ഇപ്പോൾ നാട്ടിൽ താമസിക്കാനാണിഷ്‌ടം. ഇവിടെ സൗകര്യവും കുറവല്ലെ. ഉടനെ പണിതുടങ്ങണമെന്നുണ്ട്.
’ഉം‘ അച്ഛൻ ഒന്നുമൂളി.
മകൻ അകത്തുപോയി അമ്മയെ വിളിച്ചു. അമ്മ വിളികേട്ട് കൈതുടച്ചുകൊണ്ട് വേഗത്തിൽ വന്നു. എന്താ മോനെ! ലതയേയും കുട്ടികളെയും കൊണ്ടുവന്നിട്ടുണ്ടോ? എല്ലാവർക്കും സുഖമല്ലെ. എത്രനാളായി നിന്നെ ഒന്നു കണ്ടിട്ട്.
’ആർക്കും കുഴപ്പമൊന്നുമില്ല. ഈ വീട് ഒന്നു വലുതാക്കി പുതുക്കി പണിയണം. പണി കഴിഞ്ഞാൽ അവർ ഇങ്ങോട്ടു വരും.‘
’അത് നല്ല കാര്യമല്ലേ. ഞങ്ങൾക്ക് വയസ്സായി. ലതയും കുട്ടികളും വന്നാൽ സന്തോഷമാണ്.‘
’അമ്മെ, ഈ വീട് പൊളിക്കണം.‘
’അപ്പോൾ ഞങ്ങൾ?‘
’സിറ്റിയിൽ ഒരു സ്‌ഥലം ഏർപ്പാടാക്കിയിട്ടുണ്ട്. അങ്ങോട്ടുമാറാം.‘
’ഫ്ലാറ്റിലാണോ?‘
’അല്ല വേറെ സ്‌ഥലമാണ്.‘
’അവിടെ ഞങ്ങൾ തനിച്ച്…… “ ‘ഒന്നും പേടിക്കേണ്ട. നിങ്ങളുടെയൊക്കെ പ്രായക്കാർ താമസിക്കുന്ന സ്‌ഥലമാണ്. ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല. ഒരു ജോലിയും ചെയ്യേണ്ട. പരമസുഖമാണ്. നമുക്ക് നാളെത്തന്നെ അങ്ങോട്ടുമാറാം.
ആ മുഖം വാടുന്നതും ആ കണ്ണുകളിൽ കണ്ണുനീർ നിറയുന്നതും ആ മനസ്സുതേങ്ങുന്നതും മകൻ കണ്ടില്ലെന്നു നടിച്ച് തിരിഞ്ഞു പറുത്തു കടന്നു.
പുറത്ത് എല്ലാം കേട്ടുകൊണ്ട് അച്ഛൻ നില്‌പുണ്ടായിരുന്നു.
’എപ്പോൾ പണി തുടങ്ങും‘ അച്ഛൻ ചോദിച്ചു.
’എത്രയും വേഗം പറ്റിയാൽ നാളെത്തന്നെ.‘ ഒരു ഉളുപ്പുമില്ലാതെ മകന്റെ മറുപടി. അച്ഛൻ സ്‌തബ്‌ധനായിനിന്നുപോയി. മകൻ പെട്ടെന്ന് കാറിൽ കയറിപോകുകയും ചെയ്‌തു.
ശാരി ചുമരിൽ പിടിച്ച് പതുക്കെ നടന്ന് റൂമിലെത്തി. കട്ടിലിൽ കിടന്നു തേങ്ങിക്കരഞ്ഞു.
’ശാരീ, എന്തുപറ്റി?‘ അച്ഛൻ ഓടിയെത്തി. ഒന്നുമില്ല തലകറങ്ങുന്നു.’ അച്ഛൻ അല്‌പം വെള്ളം മുഖത്ത് തളിച്ചു അല്‌പം കുടിക്കാനും കൊടുത്തു.
‘നീ കൂടുതൽ ജോലി ചെയ്യരുതെന്ന് ഞാൻ പറഞ്ഞതല്ലേ.
’സാരമില്ല. എല്ലാം നമ്മുടെ മോന് വേണ്ടിയല്ലെ.‘
’നമ്മളെങ്ങോട്ടാ പോവുക?‘
നമ്മുടെ മോൻ കണ്ടുവച്ചസ്‌ഥലമല്ലേ സ്‌നേഹഭവൻ.
നമ്മുടെ പ്രായക്കാർ ധാരാളം കാണും അവിടെ.
നമുക്കും എന്നും പരസ്‌പരം കാണാം.
’എന്നും കാണാൻ പറ്റ്വോ?‘
’പിന്നെന്താ! നമ്മുടെ മോൻ നമുക്ക് നല്ല സ്‌ഥലമേ കണ്ടു വക്കൂ. നമ്മളല്ലെ അവനെ വളർത്തി വലിയ ആളാക്കിയത്!
ഒരു തേങ്ങലോടെ അമ്മ പറഞ്ഞു. നമ്മുടെ ആത്മാക്കൾ ഇവിടെയാണ്. ഇവിടം വിട്ടു പോവാൻ താന്നുന്നില്ല. അച്ഛൻ വീണ്ടും അമ്മയെ സമാധാനിപ്പിച്ചു.
ഇവിടെ സ്‌ഥരിമായിട്ട് ആരുമില്ല. നാമെല്ലാവരും തന്നെ എല്ലാം ഇട്ടെറിഞ്ഞ് ഒരു നാൾ പോകേണ്ടവരാണ്. അല്‌പം നേരത്തേ പോയാൽ അത്രയും നല്ലത്. അച്ഛന്റേയും തൊണ്ടയിടറുന്നത് അമ്മ ശ്രദ്ധിച്ചു.
‘എന്നാലും നമ്മുടെ മോൻ…..’ വാക്കുകൾ പുറത്തുവരുന്നില്ല. അയാൾ സൂക്ഷിച്ചുനോക്കി. ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടല്ലൊ.
‘ഞാൻ മരുന്നുവാങ്ങി ഇപ്പൊവരാം’.
വേണ്ട എന്ന് ആഗ്യംകാണിച്ചു. ആ കൈകൊണ്ട് അച്ഛന്റെ കൈ മുറുകെപിടിച്ചു. അച്ഛൻ കട്ടിലിൽ ഇരുന്നു. അല്‌പം വെള്ളം വായിലിറ്റിച്ചുകൊടുത്തു. ആ കണ്ണുകൾ വിടർത്തി ചുറ്റുപാടും നോക്കി വീടിനോട് യാത്രപറയുന്നപോലെ. ശ്വാസം ക്രമേണ മന്ദഗതിയിലായി. ആ ശരീരം നിശ്ചലമായി.
എന്താണ് ചെയ്യേണ്ടതെന്നറിയാതെ അയാൾ കുഴങ്ങി. സഹിക്കുവാനാവാത്ത മനോവേദന അയാളേയും പിടികൂടി. മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി അയാൾ മനസ്സിനെ നിയന്ത്രിച്ചുകൊണ്ടിരുന്നു.
അതാ നേരത്തെ വന്നകാർ വീണ്ടും മുറ്റത്ത്. മകനും വേറെ രണ്ടുപേരും ഇറങ്ങിവരുന്നു. അച്ഛൻ വാതിൽക്കൽ തന്നെ നിന്നു. വന്ന ഉടനെ മകൻ പറഞ്ഞു. പല പ്രോജക്‌റ്റുകളും ഉള്ളതിനാൽ ഇവിടത്തെ പണിപെട്ടെന്ന് തുടങ്ങണം. ഇവർക്ക് ഈ വീടും ചുറ്റുപാടും ഒക്കെ കാണണം.‘ അച്ഛൻ ഒന്നും മിണ്ടാതെ അവിടെത്തന്നെ നിന്നു.
’അമ്മ എവിടെ?”
അച്ഛൻ മറുപടി പറഞ്ഞില്ല. മകനും കൂട്ടുകാരും അകത്തുകടക്കാൻ ശ്രമിച്ചപ്പോൾ അച്ഛൻ തടഞ്ഞു.
‘നീ മാത്രം കടന്നാൽ മതി.’
‘ഇല്ല. നിങ്ങൾ പോരൂ. അച്ഛന് പ്രായത്തിന്റെ വാശിയും ഓർമ്മക്കുറവും ഒക്കെയുണ്ട്.’
മകൻ അമ്മേ! അമ്മേ! എന്ന് വിളിച്ചുകൊണ്ട് എല്ലായിടത്തും നടന്നു.
‘അതാ, അമ്മ…. ബെഡ്‌റൂമിൽ ഉണ്ടല്ലൊ!!!
എന്താ അമ്മെ, ഈ സമയത്ത് ഒരു ഉറക്കം?
മകൻ അടുത്തുചെന്നു. കൈപിടിച്ച് എഴുന്നേൽപിക്കാൻ നോക്കി. ഇല്ല. അനക്കമില്ല. എല്ലാം കഴിഞ്ഞിരിക്കുന്നു.
കൂടെവന്നവരോട് മകൻ പറഞ്ഞു നിങ്ങൾ തൽക്കാലം പൊയ്‌ക്കോളു. എല്ലാം പിന്നെയാകട്ടെ. അവർ തിരിച്ചുപോയി.
മകൻ സംസ്‌കാരത്തിനുള്ള ഏർപ്പാടുകൾ തുടങ്ങി. മുറ്റത്ത് ഒരു ആമ്പുലൻസ് വന്നുനിന്നു.
അച്ഛൻ പറഞ്ഞു. ’അവളെ ഇവിടത്തെ മണ്ണിൽ തന്നെ വക്കണം.‘
’വേണ്ട പൊതു ശ്‌മശാനമാണ് നല്ലത്. അങ്ങോട്ടു കൊണ്ടുപോകാം.! അച്ഛൻ തടഞ്ഞില്ല.
ദേഷ്യവും സങ്കടവും സഹിച്ച് അച്ഛൻ ആ കസേരയിലിരുന്നു. ആംബുലൻസ് പതുക്കെ നീങ്ങി.
എല്ലാം കഴിഞ്ഞ് ആളൊഴിഞ്ഞപ്പോൾ ഒരു തുണ്ടു കടലാസിൽ അച്ഛൻ കുറിച്ചു “എന്നെ അന്വേഷിക്കേണ്ട മോന്റെ വീടു പണി നടക്കട്ടെ.”
പിറ്റെദിവസം മകനും കൂട്ടുകാരും എത്തി വാതിൽ തുറന്നപ്പോൾ ആ കസേരയിൽ കണ്ട കുറിപ്പ് മകൻ വായിച്ചു. വർദ്ധിച്ച ഉത്തരവാദിത്വത്തോടെ, ഉത്സാഹത്തോടെതന്നെ മകൻ പറഞ്ഞു. എല്ലാപ്രശ്‌നങ്ങളും തീർന്നിരിക്കുന്നു. പണി ഇന്നുതന്നെ തുടങ്ങാം. കൂട്ടുകാർ ചുറ്റുപാടുകൾ പരിശോധിക്കാനിറങ്ങി.
പൊന്നുമോൻ അല്‌പസമയം അച്ഛന്റെ കസേരയിൽ ഇരുന്നു. ഛെ? ഇത്രയും എക്‌സൈറ്റഡ് ആകേണ്ടായിരുന്നു. സ്വല്‌പനേരം കണ്ണടച്ച് മനസ്സിനെ ശാന്തമാക്കി. ഹൃദയത്തിലെവിടെയോ എന്തോ തുറക്കുന്ന പോലെ ആ കണ്ണുകളിൽ നിന്നും ഒരിറ്റു കണ്ണുനീർ അടർന്നു വീണു. സന്തോഷത്തിന്റെയോ….. അതോ …. ദുഃഖത്തിന്റെയോ……
Generated from archived content: story1_nov15_10.html Author: janaki_menon