ബാല്യം

വീപ്പകൾക്കുളളിലും കുമിൾച്ചെടിക്കിടയിലും

സൈക്കിൾ തൻ ചുറ്റുകൾക്കിടയിലും

ചെലവിട്ടിരുന്നൊരിക്കൽ ഞാനെൻ

സുതാര്യമാം ബാല്യകാലം.

ഇലകൾക്കിടയിലൂടന്നു ഞാനോടുമ്പോൾ

വഴികൾ തരളവും ആത്മാവ്‌ മൃദുലവുമായിരുന്നു

രാജവാഴ്‌ചതൻ കൊമ്പുകളിലൂടെ

കാറ്റ്‌ കൊമ്പുകളെയുയർത്തിടുമ്പോൾ

സന്തോഷ നിമിഷങ്ങൾതൻ വീഴ്‌ചകൾ

ചോരതൻ, വിലാപത്തിൽ

താളനിബദ്ധമല്ലാത്തൊരു

നൃത്തമായ്‌ മാറിയിരുന്നു.

ഉപയോഗശൂന്യമാം വസ്‌തുക്കൾ തൻ

ശവസംസ്‌ക്കാരമായതു മാറി.

ഇലകൾ കൊഴിഞ്ഞതാം മരങ്ങളും

പൂക്കളും ചില വാക്കുകളും

കൊണ്ടു തീർത്തതാമൊരു

ശവസംസ്‌ക്കാരം.

ശവംതീനി റഷ്യയാൽ നിർവ്വഹിച്ചൊ-

രനാവശ്യ വസ്‌തുതൻ ശവസംസ്‌ക്കാരം.

പരമാവബോധത്തിൻ വെളളക്കെട്ടുകളാൽ

പതിനൊന്നു വർഷങ്ങൾതൻ കാലുകൾ

നിശ്ശബ്‌ദമാമൊരു കപ്പൽഛേദത്തിൻ

ഭീതിദമാം പലായനമായി മാറി.

ഒരു പൂവിനെ നോക്കി എന്നിലേക്കുതന്നെ

പലായനം ചെയ്യുന്ന ഞാൻ!

നക്ഷത്രങ്ങളില്ലാത്തൊരു നിഴലിന്നശ്രദ്ധ!

ഞാനെന്നിണയോടൊപ്പം മുഖാമുഖം

കൈകാലുകൾ പിണഞ്ഞ്‌

നരകഭീതിയോടെ-

യേശുവിനെയും കന്യാമറിയത്തെയും

വാഴ്‌ത്തിക്കൊണ്ട്‌-നോക്കൂ! എൻ ദുരന്തം!

മണിക്കൂറുകൾ തൻ കഠാരയെന്നെപ്പിളർത്തി

വിദൂരതയിൽ-സ്വർഗ്ഗകവാടത്തി-

ലെൻ ശബ്‌ദമുയർന്നു പൊങ്ങി.

പാപത്തിൽ മുങ്ങിയൊരെൻ കരങ്ങളും!

ഈ നിമിഷത്തിൽ മരുഭൂമിയിലെ

ചെന്നായ്‌ക്കളവർ തൻ സ്വർഗ്ഗസംഗീത-

ത്താലെന്നെയാക്രമിച്ചവശനാക്കി

വിശുദ്ധരാം പാവനചരിതരാം

നക്ഷത്രങ്ങൾക്കു വായിക്കാനായ്‌

ഞാനെൻ മനസാക്ഷിതൻ

ചിത്രലിപി എഴുതിയുണ്ടാക്കി.

Generated from archived content: rojelio2.html Author: jamini-kumarapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here