ഉയർന്നതാം പാലത്തിൻ മദ്ധ്യത്തി-
ലൂടൊരോർമ്മതൻ പ്രകാശധാര കടന്നിടുന്നു
നക്ഷത്രങ്ങളിലേയ്‌ക്കുളള ദൂരമിപ്പോഴ-
തിന്നസ്വസ്ഥത കുറച്ചിടുന്നു.
അവളും തെരുവുമാപ്പൂന്തോട്ടവും
മനം മയക്കുവാറുളെളാരാ-
കൊഴുന്തിൻ സുഗന്ധവുമിപ്പോൾ
മനസ്സിന്റെ മുറ്റത്തു ജ്വലിച്ചിടുന്നു.
ഇന്നുമാപ്പക്ഷിതൻ ചുണ്ടിൽ
റോസും മാംസളത്വവും
അതിന്റെ കൺകളിൽ നിഴലിക്കു-
മൊരാകാശ നീലിമയും തുടുത്തു നില്പൂ!
ചേളിലയിൽ നിന്നും പൊട്ടിമുളച്ചതാം
സംഗീതമിപ്പോഴതിൻ കൂട്ടിലേയ്‌ക്കും
പിന്നെ ശിഖരങ്ങളിലേക്കു-
മൊപ്പം വ്യാപിച്ചിടുന്നു.
ഞാൻ വിളിച്ചു കൂവി-തുടരുക!
കൈയുയർത്തിപ്പറയണോ എന്നൊ-
രാശങ്കയാൽ ഞാനുഴറി-അല്ലെങ്കിൽ
കൈ ചലിക്കാനാവാതെയായി.
നിഴൽ വന്നു ചിറകുകൾ ചെറുതായ് നിവർന്നു
ഒരു തിരയുയർന്നു-എന്റെയുളളിലെ
കാറ്റിലൊരു പ്രഭാതം പതഞ്ഞുപൊങ്ങി.
പേൾ ലീഫെവിടെ? ആ ഗാനമെവിടെ?
റോസാപ്പൂക്കളെവിടെ?
പകൽ സ്വപ്നം മാഞ്ഞു-ഇപ്പോഴെന്നി-
ലേയ്‌ക്കു പടരുന്നൊരിരുട്ടുമാത്രം
കനത്തു കറുത്തതാം നിശ്ശബ്‌ദത മാത്രം!
ഞാനെൻ വിലാപങ്ങൾതൻ വിത്തുകൾ
ഭ്രാന്തമായ് വിതച്ചു കൊണ്ടോടി.
ഭീതിദമാം കാറ്റിന്റെ വംശം
പതഞ്ഞു പൊങ്ങിയുയർന്നു.
ആ കാറ്റിന്റെ ഗതിയിലെൻ മിഴികളും
പതാകയിൽ കരങ്ങളും നട്ടിരുന്നു.
എന്റെയുളളിലെ നക്ഷത്രം മന്ത്രിച്ചു
നീ തുടർന്നു പോകൂ!
Generated from archived content: rojelio1.html Author: jamini-kumarapuram
Click this button or press Ctrl+G to toggle between Malayalam and English