ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർവരെ നാട്ടിലെങ്ങും ഇരുട്ടുപരന്നു. ഏകദേശം ഒമ്പതാം മണിക്കൂറിൽ യേശു ഉറക്കെ നിലവിളിച്ചു. “ഏലി, ഏലി, ലമാ സബക്‌താനി….എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്താണ് എന്നെ കൈവിട്ടത്.”
(മത്തായിഃ27ഃ45-46)
ക്രൂശിതനായി മരണത്തിന്റെ നീറ്റലിൽ പുളയുമ്പോൾ ദൈവപുത്രന്റെ ഹൃദയത്തിൽനിന്നും വിതുമ്പി ഉണർന്ന വാക്കുകളാണിവ. ദൈവപുത്രനെന്ന മഹത്തായ അധികാരം കൈവശമിരുന്നിട്ടും ക്രിസ്തു എന്തുകൊണ്ട് കരയുന്നു എന്നത് എന്നും നിലനില്‌ക്കുന്ന ചോദ്യമാണ്. പീഡനാനുഭവം ലോകത്തിന്റെ രക്ഷയുടെ വഴിമാത്രമല്ലെന്നും അത് ചില മുന്നറിയിപ്പുകളാണെന്നും ക്രിസ്‌തു നമ്മെ ഇതിലൂടെ അറിയിക്കുന്നു. ഉയിർപ്പ് എന്നത് മനുഷ്യന് ജീവിതത്തിന്റെ പൊരുളിലേക്കുളള യാത്രയുടെ വഴിയായും വ്യാഖ്യാനിക്കാം. ക്രിസ്‌തു തന്റെ മരണത്തിലൂടെയും ഉയിർപ്പിലൂടെയും മുന്നോട്ടുവച്ച പാഠം ദൈവത്തിലേക്കുളള വഴി മാത്രമല്ല, ജീവിതത്തിലേയ്‌ക്കുളള വഴികൂടിയാണ്. നീ മരണത്തെ ഭയപ്പെടേണ്ടതില്ലെന്നും, മരണത്തേക്കാൾ ദുഷ്‌ക്കരമാണ് ജീവിതമെന്നും നമുക്ക് തിരിച്ചറിയാൻ കഴിയുന്നു. കാരണം ജീവിതം ദൈവത്തിലേയ്‌ക്കുളള കഠിനവഴി തന്നെ. ഇവിടെ പിഴയ്‌ക്കുന്നവൻ ദൈവത്തെ അറിയില്ലെന്ന ധ്വനിയും ഉണ്ട്. ജീവിതത്തിന്റെ പീഡനങ്ങളെ നിങ്ങൾ അതിജീവിച്ചാൽ ഉയിർപ്പിന്റെ അഥവാ ദൈവസാന്നിധ്യത്തിന്റെ ശാന്തത മനുഷ്യനനുഭവിക്കാം എന്നതാണ് ക്രിസ്‌തു നല്‌കുന്ന പാഠം; മനുഷ്യജീവിതം എന്തെന്നാൽ നന്മതിന്മകളുടെ സംഘർഷത്താൽ ഏറെ സങ്കീർണ്ണപ്പെട്ട ഒന്നത്രെ. ഇവിടെ ദൈവത്തെ&നന്മയെ അറിയുക ഏറ്റവും ക്ലേശകരം. ദൈവത്തെ, നന്മയെ അറിയുവാനുളള പീഡനങ്ങൾ ഏൽക്കുകയെന്നത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ജീവിതാനുഭവമാകുന്നു.
ലോകത്തെ മുഴുവൻ മനുഷ്യരുടേയും പാപങ്ങളേറ്റു വാങ്ങി സ്വയം ശിക്ഷിച്ച് ക്രൂശിലേറ്റപ്പെട്ട ക്രിസ്‌തു മാനവരാശിക്ക് നല്‌കിയത് ഏറ്റവും വലിയൊരു ശിക്ഷയും ഉണർവ്വിലേക്കുളള പാതയുമാണ്. തിന്മകളാൽ പാപിയായ ഒരുവന് ക്രിസ്‌തുവിന്റെ പീഡനാനുഭവം തനിക്കുതന്നെ ലഭിച്ച ശിക്ഷയായി മാറുന്നതും ഇതാകാം, ഉയിർപ്പാകട്ടെ വെളിച്ചത്തിലേക്കുളള വഴിയും. മെൽഗിബ്‌സന്റെ ക്രിസ്‌തുവിന്റെ പീഡനകാലം വിവരിക്കുന്ന ചലച്ചിത്രം കണ്ട് മാനസാന്തരപ്പെട്ട് കുറ്റസമ്മതം നടത്തിയ യുവാവിന്റെ കഥ ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. ഉയിർപ്പ് മരണശേഷമല്ലെന്നും അത് ജീവിതത്തിൽ തന്നെ വേണമെന്നുമുളള സൂചനയും പലപ്പോഴും ക്രിസ്‌തു നമുക്ക് നല്‌കുന്നുണ്ട്.
ദൈവപുത്രനെന്ന കാഴ്‌ചയിൽ ക്രിസ്‌തുവിനെ ചർച്ചചെയ്യുകയും, അവൻ താനനുഭവിക്കാൻ പോകുന്ന പീഡനവും ഉയിർപ്പും മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന് കരുതുകയും ചെയ്യുന്നത് ഏറെ അപക്വമായ ചിന്തയാണ്. ഇവിടെ ക്രൂശിലേറ്റപ്പെട്ട ക്രിസ്‌തുവിനെന്ത് വില? അതിനാൽ മരണംവരെ അവൻ മനുഷ്യനും ഉയിർപ്പിനുശേഷം ദൈവവുമായി മാറി എന്നു കരുതുന്നതാകും ഉത്തമം. കാരണം ദൈവം അനുഭവിച്ച പീഡനം നാടകവും മനുഷ്യൻ അനുഭവിച്ച പീഡനം ജീവിതവുമാകുന്നു എന്നേ കരുതുവാൻ കഴിയൂ.
ജീവിതത്തിലെ ഉയിർപ്പിനെയാണ് മരണത്താൽ ക്രിസ്‌തു നടത്തിയ ഉയിർപ്പ് പിന്താങ്ങുന്നത്.
Generated from archived content: essay-april6.html Author: james-aluva