ഇന്ത്യൻ കോൺസുലേറ്റും പനോരമ ഇന്ത്യയും സംയുക്‌തമായി നടത്തിയ സ്വാതന്ത്ര്യദിന പരേഡ് അക്ഷരാർത്ഥത്തിൽ ടൊറോന്റോയെ പ്രകമ്പനം കൊളളിച്ചു. 10 ന് രാവിലെ 10 മണിക്ക് ഇൻഡ്യൻ കോൺസുലേറ്റ് ജനറൽ സതീഷ് സി മേത്ത ഇന്ത്യൻ ദേശീയപതാക ഉയർത്തി ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു. മിനിസ്‌റ്റർ ഓഫ് സ്‌മോൾ ബിസിനസ് ഹരീന്ദർ ഠാക്കൂർ, വിദ്യാഭ്യാസമന്ത്രി കാതലീൻ വേയ്‌ൻ തുടങ്ങി നിരവധി മന്ത്രിമാരും എം.പി.പി മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് ഈ വർഷവും കനേഡിയൻ മലയാളി അസോസിയേഷൻ പരേഡിൽ പങ്കെടുത്തു. ആയിരങ്ങൾ പങ്കെടുത്ത പരേഡിന് ഈ വർഷം ഏറ്റവും മുന്നിൽ നിന്നുകൊണ്ട് നേതൃത്വം നൽകാനുളള ഭാഗ്യവും കനേഡിയൻ മലയാളികൾക്ക് ലഭിച്ചു. കേരളത്തിന്റെ പരേഡിൽ ഗാന്ധിജിയായി വേഷമിട്ട വിൽസൺ ജോസഫും ഇന്ത്യൻ പ്രസിഡന്റ് പ്രതിഭാ പട്ടേലായി വേഷമിട്ട ജെന്നിഫർ പ്രസാദും പ്രത്യേക പ്രശംസ ഏറ്റുവാങ്ങി. കനേഡിയൻ മലയാളി അസോസിയേഷനുവേണ്ടി നൃത്ത കലാകേന്ദ്ര ഡാൻഡ് അക്കാദമിയും നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസും അവതരിപ്പിച്ച ഭരതനാട്യവും മോഹിനിയാട്ടവും ഫ്യൂഷൻ ഡാൻസുകളും മികവിൽ വേറിട്ടുനിന്നു. എല്ലാം കൊണ്ടും കേരളത്തിന്റെ യശസ്സ് കാനഡായിൽ ഉയർത്തിക്കാട്ടാൻ ഈ സ്വാതന്ത്ര്യദിന പരേഡ് വഴിതെളിച്ചു. കൂടുതൽ ചിത്രങ്ങൾക്ക് www.canadianmalayalee.org സന്ദർശിക്കുക.
Generated from archived content: news_aug13_08.html Author: jaison_mathew_kanada